To listen you must install Flash Player.

Saturday, 23 May 2015






സ്ത്രീകള്‍ ഒന്ന് മനസ്സിലാക്കണം, നിങ്ങളില്‍ ഒരുപാട് പോരായ്മകള്‍ ഇപ്പോഴും ഉണ്ട്... ഇന്ന് ഗള്‍ഫിലുള്ള നിങ്ങളുടെ ഭര്‍ത്താവ് അവന്‍ എത്ര കഴിവുള്ളവന്‍ ആണെങ്കിലും അല്ലെങ്കിലും അതെന്‍റെ ഭര്‍ത്താവാണ് അല്ലെങ്കില്‍ അത് എന്‍റെ കുഞ്ഞിന്‍റെ പിതാവാണ് എന്ന് നിങ്ങള്‍ ആദ്യം കരുതുക....ഗള്‍ഫിലും മറ്റു വിദേശ രാജ്യങ്ങളിലും ഒരുപാട് ഭര്‍ത്താക്കന്മാരെ ദിനംപ്രതി കാണാറുണ്ട് ....അവരില്‍ മിക്കവരും ഭാര്യമാരെ ജീവന് തുല്യം സ്നേഹിക്കുന്നവരും ആണ്... എന്നാല്‍ ഇന്നും ആ ഒരു സ്നേഹം അവര്‍ക്ക്‌ തിരിച്ച് നല്‍കുന്ന ഭാര്യമാര്‍ ഇന്ന് കേരളത്തില്‍ എത്രയുണ്ട് ???...

അതിരാവിലെ ജോലിക്ക് പോയി പാതിരാത്രിയില്‍ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്ന് കിട്ടിയ സമയംകൊണ്ട് വീട്ടിലേക്ക്‌ ഒന്ന് വിളിക്കുമ്പോള്‍ സന്തോഷത്തോടെ നല്ല നാല് വാചകം പറയുന്ന ഭാര്യമാര്‍ ഇന്ന് ആരെങ്കിലും ഉണ്ടോ?... പോട്ടെ.. ഇനി കഴിഞ്ഞത് കഴിഞ്ഞു... പാസ്റ്റ് ഈസ്‌ പാസ്റ്റ്.... ഇനിയെങ്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ഒന്ന് മനസ്സിരുത്തി വായിച്ച് അതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞാല്‍ ഇന്നുള്ള എണ്‍പത് ശതമാനം ജീവിതവും സന്തോഷകരം ആകും എന്നുള്ളത് നിസ്സംശയം പറയാന്‍ കഴിയും......

നല്ല ഭാര്യയാവാന്‍ പത്ത്‌ വഴികള്‍....
***********************************

1. നിങ്ങളുടെ ഭര്‍ത്താവ് സ്ഥിരമായി നിങ്ങളെ ഫോണ്‍ ചെയ്യുന്ന ആളാണെങ്കില്‍ സംസാരിക്കുന്ന സമയങ്ങളില്‍ കുറച്ച് ബഹുമാനമൊക്കെയാവാം. എന്‍റെ ഭര്‍ത്താവല്ലേ, എന്നെ അറിയുന്ന ആളല്ലേ, പിന്നെ ഞാനെന്തിന് അത് പ്രകടിപ്പിക്കണം എന്നൊക്കെ നിങ്ങള്‍ക്ക്‌ തോന്നിയിട്ടുണ്ടങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി..എപ്പോഴും ഒന്ന് ചിന്തിക്കുക സ്നേഹം,ബഹുമാനം എന്നിവയൊക്കെ കൊടുത്താലേ അത് തിരിച്ച് പ്രതീക്ഷിക്കാന്‍ തരമുള്ളൂ...അത് ഇനി നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഭര്‍ത്താവായാലും ഇനി വീട്ടില്‌ നിങ്ങളൊക്കെ കാവലിന് നിര്‍ത്തുന്ന ശ്വാനനായാലും....

2. അദ്യേഹം നിങ്ങളോട് സംസാരിക്കുന്ന വേളയില്‍ ആ ശബ്ദം പ്രത്യേകം നിരീക്ഷിക്കുക.... കാരണം ജോലിയിലുള്ള ഭാരം മൂലമോ അതുമല്ലെങ്കില്‍ നിങ്ങളെയെല്ലാം വിട്ടുപിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയിലോ ചിലപ്പോള്‍ സങ്കടം ഉണ്ടാകാം അതുമല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താല്‍ സന്തോഷവാനും ആയിരിക്കാം...അങ്ങിനെയാണെങ്കില്‍ അവസരത്തിനൊത്ത് സംസാരിക്കാന്‍ ശ്രദ്ധിക്കുക... ഉദാഹരണത്തിന് വിഷമത്തില്‍ നില്‍ക്കുന്ന ആളോട് '' നിങ്ങള്‍ക്ക്‌ ഞങ്ങളെക്കുറിച്ച് വല്ല ഓര്‍മ്മയുമുണ്ടോ മനുഷ്യാ???..നിങ്ങളെന്താ കാശ് അയക്കാത്തത്??...'' എന്നീ രീതിയില്‍ ഒന്നും പറയാതെ ''നോക്കൂ നിങ്ങള്‍ വിഷമിക്കരുത് , കൂടെ ഞാന്‍ ഇല്ലേ'' എന്നൊന്നു പറഞ്ഞ് നോക്കൂ... മതി , അതുമതി അതുവരെ ആദ്യേഹത്തിന് ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പമ്പകടക്കുന്നത് നിങ്ങള്‍ക്ക്‌ കാണാം....

3. നിങ്ങള്‍ ചെയ്യുന്നതോ അതുമല്ലെങ്കില്‍ ചെയ്യേണ്ടതോ ആയ കാര്യങ്ങള്‍ വീട്ടിലെ കുടുംബനാഥനായ ആദ്യേഹത്തിനോടു അഭിപ്രായം ചോദിച്ചത്കൊണ്ട് മാനംപൊട്ടി വീഴുകയൊന്നും ഇല്ല.... കാരണം ഇത്തരം അഭിപ്രായം ചോദിക്കുന്നതിലൂടെ നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളില്‍ പ്രത്യേക ഇഷ്ടവും ബഹുമാനവും ഇരട്ടിക്കാനേ ഇടയാക്കൂ..... അതുപോലെത്തന്നെ ആദ്യേഹത്തോടു അഭിപ്രായം ചോദിക്കാതെ നിങ്ങള്‍ ഒരു മാറ്റങ്ങളും ജീവിതത്തിലും കുടുംബത്തിലും വരുത്താന്‍ പാടില്ല.....

4. പല ഭര്‍ത്താക്കന്മാരും പലവിധം ആണ്... ചിലര്‍ ഉപദേശിക്കാന്‍ താല്പര്യം എപ്പോഴും പ്രകടിപ്പിക്കും.. മറ്റുചിലര്‍ കുറ്റപ്പെടുത്താന്‍ മേനക്കെടുന്നവരായിരിക്കാം... ഇവിടെയാണ് ഒരു യഥാര്‍ത്ഥ ഭാര്യയുടെ കഴിവ് നിങ്ങള്‍ തെളിയിക്കേണ്ടത്... കാരണം ഇന്ന് കേരളത്തിലെ സ്ത്രീകള്‍ക്ക് ഇല്ലാത്ത ഒരു കഴിവാണ് കേള്‍വിക്കുറവ്... ഒരു നല്ല ഭാര്യയുടെ ശരിയായ ഗുണം ആണ് നല്ല കേള്‍വിക്കാരിയാവുന്നത്... ഈയൊരു മനോഭാവം നിങ്ങള്‍ ജീവിതത്തില്‍വച്ച് പുലര്‍ത്താന്‍ ശ്രമിക്കൂ, എന്നാല്‍ ജീവിതം പാതി വിജയിച്ചു.......

5. ഭര്‍ത്താവിന്‍റെ മുന്നില്‍ വാചാലയാവാം, അതും നല്ല ഗുണം ആണ്.... എന്നാല്‍ അതിനും ഉണ്ടല്ലോ ഒരു പരിധി.... നമ്മുടെ കുടുംബജീവിതത്തില്‍ കല്ലുകടികള്‍ ഉണ്ടാകുന്ന ഒരു പ്രശ്നങ്ങളെക്കുറിച്ചും ഭര്‍ത്താവിന് മുന്നില്‍ വാചാലയാവാന്‍ പാടുള്ളതല്ല.... ഉദാഹരണത്തിനു മക്കളുടെ പഠനത്തെക്കുറിച്ചോ അതുമല്ലങ്കില്‍ മക്കളിലെ വികൃതികളെക്കുറിച്ച് വാചാലയാവുന്നതോ ഒരിക്കലും ഒരു ഭര്‍ത്താവും കുറ്റപ്പെടുത്തില്ല.. അതിന് പകരമായി ഭര്‍ത്താവിന്‍റെ കഴിവുകുറവുകള്‍ ഭര്‍ത്താവിന് മുന്നില്‍ വച്ച് വിളമ്പിയാല്‍ കുടുംബം എളുപ്പം നമുക്ക്‌ കട്ടപ്പുറത്ത് ഇരുത്താം.....

6. ചില ഭര്‍ത്താക്കന്‍മ്മാര്‍ മുന്‍ശുന്ടി ഉള്ളവരാകാം...അങ്ങനെയുള്ളവരെ അടക്കാന്‍ ഇന്നത്തെക്കാലത്ത് ഒരു പ്രയാസവുമില്ല... അത്തരം ആളുകള്‍ ദേഷ്യം വന്ന് എന്തെങ്കിലും പറഞ്ഞാലും സ്വയം ക്ഷമിച്ച് കേള്‍ക്കാന്‍ ശ്രമിക്കുക.. കാറും കോളും അടങ്ങി ഇത്തരം ആളുകള്‍ വീണ്ടും ക്ഷമചോദിക്കാന്‍ തിരിച്ച് നിങ്ങളെത്തന്നെ വിളിക്കും..അത് തീര്‍ച്ച... കണവന്‍ സൈലന്‍റ് ആയ സമയത്ത്‌ നിങ്ങള്‍ വൈലന്റ്റ്‌ ആകാതിരിക്കാന്‍ ശ്രമിക്കുക അപ്പോള്‍ ... '' ആ സമയത്ത്‌ ചിരിച്ച്കൊണ്ട് 'എനിക്കറിയാം എന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്നോട് ദേഷ്യപ്പെട്ടത്' എന്നോ അതുമല്ലെങ്കില്‍ 'ഈ മുന്‍ശുണ്ടിക്കാരനെ എനിക്ക് ഇപ്പഴും ഇഷ്ടമാണ്' എന്ന് വെറുതേയെങ്കിലും തട്ടിവിടാന്‍ ശ്രമിച്ച് നോക്കൂ.. പിന്നെ പുള്ളിക്കാരന്‍ ജീവിതത്തില്‍ ചൂടാവുന്ന പല സ്ഥലങ്ങളിലും തണുപ്പന്‍ പ്രതികരണത്തിലേക്ക് സ്വമേധയാ മാറാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്ക്‌ ഫീല്‍ ചെയ്യും.....

7. പ്രശ്നങ്ങള്‍ ഇല്ലാത്ത ജീവിതങ്ങള്‍ ഒരിക്കലും എവിടെയും നമുക്ക്‌ കാണാന്‍ സാധിക്കില്ല... നോക്കൂ നമ്മള്‍ എപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നതും ഇപ്പോള്‍ ചെയ്യുന്നതും ആയ ഒരു പ്രവര്‍ത്തിയാണ് ഭര്‍ത്താവിന്റെ ആളുകളുടെ കുറ്റങ്ങളും കുറവുകളും ഭര്‍ത്താവിന് മുന്‍പില്‍ നിരത്തുകയും തന്മൂലം അതുമൂലം ഉണ്ടാകുന്ന അവഹേളനങ്ങളും.... നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ ഇതൊരു ശരിയായ രീതിയാണെന്ന്.... നോക്കൂ നിങ്ങള്‍ ഇപ്പോഴും അറിയാത്ത മറ്റൊന്നുണ്ട് നിങ്ങളെ കാണുന്നതിന് മുന്‍പ്‌ ഇത്രയും കാലം കൂടെക്കഴിഞ്ഞിരുന്ന വ്യക്തികളെക്കുറിച്ച് ഇത്തരം അപവാദം പറയുന്നതിലൂടെ നിങ്ങളുടെ ഭര്‍ത്താവിന് മുന്നില്‍ നിങ്ങളുടെ വില ഇടിയുകയാണ് സത്യത്തില്‍ ഇവിടെ ഉണ്ടാക്കുന്നത്... ചിന്തിക്കുക ഇന്ന് തെറ്റുകളും കുറ്റങ്ങളും ഇല്ലാത്തവര്‍ ഭൂമിയില്‍ ഇല്ല... പരസ്പരം മനസ്സിലാക്കി തെറ്റുകള്‍ പൊറുത്ത്കൊടുത്ത്‌ നല്ലരീതിയില്‍ ഇനിയെങ്കിലും ജീവിക്കാന്‍ ശ്രമിക്കുക.....

8. നിങ്ങള്‍ എന്തോക്കെയാണോ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് അതെല്ലാം നിങ്ങളുടെ ഭര്‍ത്താവിന്റെ പരിധിക്കുള്ളില്‍ വരുന്നതാണെന്ന് സ്വയം വിലയിരുത്തുക... നിങ്ങള്‍ക്ക്‌ മാസം ഭര്‍ത്താവ് അയച്ച് തരുന്ന ധനത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് ആഗ്രഹിക്കുക... ദൂര്ത്ത് ഒഴിവാക്കാന്‍ എപ്പോഴും ശ്രമിക്കുക.....

9. ഇനി നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട് നിങ്ങളുടെ ജീവിതത്തില്‍.... ഒരിക്കലും ഭര്‍ത്താവിന്‍റെ മുന്നില്‍ നിങ്ങള്‍ പരപുരുഷന്‍മ്മാരെക്കുറിച്ച് പുകഴ്ത്തിപ്പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക... കാരണം ഇന്ന് ഒരു ഭര്‍ത്താവും ഇഷ്ടപ്പെടാന്‍ താല്പര്യം ഇല്ലാത്ത ഒന്നാണത്‌...ആര് എന്ത് എത്ര വലിയവന്‍ ആയിക്കോട്ടെ നിങ്ങളുടെ ഭര്‍ത്താവിനോളം ഒരിക്കലും നിങ്ങളെ കെയര്‍ ചെയ്യാന്‍ കഴിയില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും....

10. കുടുംബം എന്ന സ്വര്‍ഗ്ഗത്തിന് മാറ്റുരക്കുന്നത് ഭാര്യമാരുടെ ശരിയായ പ്രവര്‍ത്തനവും അതില്‍ അവര്‍ക്കുള്ള നല്ല പങ്കും സഹകരണവും ആണ്....മക്കളെ ശരിയായ രീതിയില്‍ വളര്‍ത്തുകയും ഭര്‍ത്താവിന്‍റെ ദീര്‍ഘായുസ്സ്ന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു ഭാര്യയാണ് നിങ്ങളെങ്കില്‍ അതില്‍പരം ഒരു നല്ല കുടുംബം വേറെയില്ല എന്നുതന്നെ പറയാം...നരകം ആക്കുന്ന ഒരു പ്രവര്‍ത്തിയോ മറ്റോ ഉണ്ടാക്കാതിരിക്കാന്‍ എപ്പോഴും ശ്രമിക്കുക. മനുഷ്യജന്മം എന്ന ഇത്രയും നല്ലൊരു ജന്മംകൊണ്ട് വേരിട്ടരീതിയിലുള്ള ഒരു കുടുംബജീവിതം നയിച്ച് സമൂഹത്തിന് മുന്‍പില്‍ ഒരു മാതൃകയാകാന്‍ എപ്പോഴും ശ്രമിക്കുക.....

Monday, 11 May 2015



എൽ.പി. ജി... നിങ്ങൾ അറിയേണ്ടത്.
..
കടപ്പാട് : Muhammed Shan Sharafudeen Palodan
_______________________________________
പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.
എൽ.പി.ജി. യുടെ അലക്ഷ്യമായ ഉപയോഗം മൂലം ഒരു കുടുംബം കൂടി അഗ്നിക്ക് ഇരയായി എന്ന നൊമ്പരപ്പെടുത്തുന്ന വേദനയിൽ നിന്നാണ് എൽ.പി.ജി.യെ കുറിച്ച് ഇപ്പോൾ നിങ്ങളോട് സംസാരിക്കാൻ ഞാൻ (Muhammed Shan)തയാറാകുന്നത്..
ഞാൻ ഒരു എച്ച്.എസ്.സി (ഹെൽത്ത് സേഫ്റ്റി ആൻ്റ് എൻവിയോൺമെൻ്റ് ) പ്രൊഫഷണൽ ആയത് കൊണ്ട് തന്നെ ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കുകയും അത് നിത്യജീവിതത്തിൽ പകർത്തുകയും ചെയ്യാം...
പ്രിയമുള്ളവരെ എൽ.പി.ജി. അല്ലെങ്കിൽ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന വളരെയതികം അപകടകാരിയായ ഈ വാതകത്തെ കുറിച്ചുള്ള അറിവ് നമ്മളിൽ പലർക്കും പരിമിതമാണ്..
എൽ.പി.ജി. പ്രധാനമായും നാം ഉപയോഗിക്കുന്നത് പാചകം
ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് എൽ.പി.ജിയെ നമ്മൾ പാചകവാതകം എന്ന് വിളിക്കുന്നതും..
പ്രിയപ്പെട്ടവരെ ഏകദേശം നമ്മുടെ മുട്ടോളം ഉയരത്തിൽ ചുവന്ന സിലിണ്ടറുകളിലായി നമ്മുടെ വീട്ടിലേക്ക് എത്തുന്ന എൽ.പി.ജിക്ക് ഒരു നിമിഷം കൊണ്ട് നമ്മുടെ കുടുംബത്തെ മുഴുവൻ ചുട്ട് ചാമ്പലാക്കാനുള്ള ശക്തിയുണ്ട് എന്ന് പറഞ്ഞാൽ എൽ.പി.ജി യുമായി അടുത്തിടപഴകുന്ന വീട്ടമ്മമാർക്കും എൽ.പി.ജിയെ കുറിച്ച് അറിയാത്ത സാധാരണക്കാർക്കും അതൊരു കള്ളമായോ അല്ലെങ്കിൽ പേടിപ്പിക്കലായോ അതുമല്ലെങ്കിൽ പൊലിപ്പിച്ചു പറയാലായോ ഒക്കെ തോന്നാം.. പക്ഷേ കൂട്ടുകാരേ അത് സത്യമാണ്. ആ ചെറിയ സിലിണ്ടറിൽ നിറച്ചിരിക്കുന്ന 25 മുതൽ 30 ലിറ്റർ വരെയുള്ള എൽ.പി.ജി മതി നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവും ജീവനും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ..
എൽ.പി.ജി ലീക്ക്‌ ആയിക്കഴിഞ്ഞാൽ എങ്ങനെയാണ് അത് അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് എന്നും ഇത്രയും വലിയ അപകടം ക്ഷണിച്ച് വരുത്താൻ എൽ.പി.ജി എങ്ങിനെയാണ് കാരണമാകുന്നത് എന്നുമാണ് ആദ്യം പറയുന്നത്..
പ്രിയമുള്ളവരെ എൽ.പി.ജി.ക്ക് അന്തരീക്ഷവായുവിനെക്കാൾ സാന്ദ്രത അല്ലെങ്കിൽ ഭാരം കൂടുതലാണ്. അത് കൊണ്ട് തന്നെ എൽ.പി.ജി ലീക്കായി കഴിഞ്ഞാൽ ആ വാതകത്തിന് അന്തരീക്ഷവായുവുമായി പെട്ടെന്ന് കലരാനോ വളരെവേഗം അന്തരീക്ഷവുമായി ലയിച്ച് ചേരാനോ കഴിയില്ല. ആയതിനാൽ സ്വാഭാവികമായും ന്യൂട്ടൻ്റെ ഗുരുത്വാകർഷണ നിയമത്തിൽ പറയുന്നതനുസരിച്ച് അന്തരീക്ഷ വായുവിനെക്കാൾ എൽ.പി.ജിക്ക് ഭാരം കൂടുതൽ ആയത് കൊണ്ട് തന്നെ എൽ.പി.ജി ഒരു നിശ്ചിത ഉയരത്തിൽ നമ്മുടെ ഭൂ ഉപരിതലത്തോട് ചേർന്ന് കിടക്കുകയാണ് ചെയ്യാറ്..
ലീക്കാവുന്ന എൽ.പി.ജി യുടെ അളവും കാറ്റിൻ്റെ ഗതിയും അനുസരിച്ചിരിക്കും എൽ.പി.ജി യുടെ അന്തരീക്ഷ വ്യാപനം.. അതായത് എൽ.പി.ജി ലീക്ക് ആയ സ്ഥലത്തെ കാറ്റിൻ്റെ ഗതി തെക്കോട്ട് ആണ് എങ്കിൽ എൽ.പി.ജി തെക്കോട്ട് വ്യാപിക്കാൻ തുടങ്ങും അതല്ല മറിച്ച് കിഴക്കോട്ടാണെങ്കിൽ അങ്ങോട്ടും..
ഇത്രയും പറഞ്ഞത് തുറസായ സ്ഥലത്ത് ഗ്യാസ് ലീക്കായാൽ ഉള്ള കാര്യമാണ്. പക്ഷേ നമ്മുടെ വീടുകളിലെ അടച്ചിട്ട അടുക്കളകളിലെ സ്ഥിതി വളരെ അപകടം പിടിച്ച അവസ്ഥയാണ്.
നമ്മുടെ അടുക്കളകളിൽ എൽ.പി.ജി. ലീക്കായാൽ അത് ഒരിക്കലും അന്തരീക്ഷവായുവുമായി ലയിച്ച് ചേരുകയോ അല്ലെങ്കിൽ മേൽ പറഞ്ഞത് പോലെ പുറത്തേക്ക് വ്യാപിക്കുകയോ ഇല്ല. കാരണം അടച്ചിട്ട നമ്മുടെ അടുക്കളകളിൽ വേണ്ടത്ര വായുസഞ്ചാരം ഇല്ല എന്നുള്ളത് തന്നെയാണ്..
വായു സഞ്ചാരം ഇല്ലാത്തത് കൊണ്ടും മേൽ പറഞ്ഞത് പോലെ എൽ.പി.ജിക്ക് സാന്ദ്രത അന്തരീക്ഷവായുവിനെക്കാൾ കൂടുതൽ ആയത് കൊണ്ടും എൽ.പി.ജി തറയോട് ചേർന്ന് ഒരു നിശ്ചിത ഉയരത്തിൽ അടിഞ്ഞ് കൂടി കിടക്കുകയാണ് ചെയ്യുന്നത്..(അളവ് കൂടുന്നതിനനുസരിച്ച് വ്യാപ്തിയിലും വ്യത്യാസം ഉണ്ടാകും) ആ സമയം ഉണ്ടാകുന്ന ഒരു ചെറിയ സ്പാർക്ക് പോലും വലിയ അപകടത്തിന് വഴിയൊരുക്കും എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക..
ഇനി എങ്ങനെയാണ് എൽ.പി.ജി ലീക്കായ സ്ഥലത്ത് ഫയർ അല്ലെങ്കിൽ തീ ഉണ്ടാകുന്നത് എന്നും അതിൻ്റെ ശാസ്ത്രീയ വശം എന്തെന്നും നോക്കാം..
ഒരു ഫയർ അല്ലെങ്കിൽ തീ ഉണ്ടാകണമെങ്കിൽ മൂന്ന് കാര്യങ്ങളാണ് വേണ്ടത്..
1, കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജൻ
2, ഫ്യുവൽ അല്ലെങ്കിൽ ഇന്തനം
3, ഹീറ്റ് അല്ലെങ്കിൽ ചൂട്
ഈ മൂന്ന് കാര്യങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ഒരുമിച്ച് ചേരുമ്പോഴാണ് തീ ഉണ്ടാകുന്നത്.. അല്ലാത്ത പക്ഷം നമുക്ക് തീ ഉണ്ടാകാൻ കഴിയുകയേ ഇല്ല.
ഈ മൂന്ന് കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നിനെ ഒഴിവാക്കുമ്പോഴാണ് സാധാരയായി തീ കെടുന്നത്... അതിനായി സ്മൂതറിംഗ്, സ്റ്റാർവേഷൻ തുടങ്ങിയ വിവിധ രീതികൾ വിവിധ തരത്തിലുള്ള ഫയറുകൾ ഉണ്ടാകുമ്പോൾ ഫയർഫോഴ്സ് ടീം ഉപയോഗിക്കാറുണ്ട്.
നമുക്ക് എൽ.പി.ജിയിലേക്ക് തന്നെ തിരികെ വരാം.
സാധാരണ ഈ പറഞ്ഞ മൂന്ന് കാര്യങ്ങളാണ് ഫയർ ഉണ്ടാകാൻ കാരണമാകുന്നത് എന്നിരിക്കെ എൽ.പി.ജി ലീക്കായ സ്ഥലത്ത് മേൽ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ രണ്ടെണ്ണം എപ്പോഴും ഉണ്ടായിരിക്കും..
ഒന്ന് അന്തരീക്ഷവായുവായ ഓക്സിജൻ.
രണ്ടാമതായി ഫ്യുവൽ അതായത് ഇന്തനം. ആ ഇന്തനമാണ് അവിടെ നിറഞ്ഞു നിൽക്കുന്ന എൽ.പി.ജി..
ഇനി തീ ഉണ്ടാകണമെങ്കിൽ അവിടെ വേണ്ടത് ഹീറ്റ് അല്ലെങ്കിൽ ചൂട് ആണ്..
എൽ.പി.ജി എന്നത് വളരെയതികം കത്താൻ താൽപര്യം കാണിക്കുന്ന ഒരു ഇന്തനം (വാതകം) ആയത് കൊണ്ട് തന്നെ ഒരു സ്പോടനത്തോടെ എൽ.പി.ജി കത്തിത്തീരാൻ അവിടെ വേണ്ട ചൂടിൻ്റെ അളവ് വളരെ കുറവ് മതിയാകും.. അതായത് നമ്മൾ നടക്കുമ്പോൾ കല്ലുകൾ തമ്മിൽ ഉരഞ്ഞ് ഉണ്ടാകുന്ന ചെറിയൊരു സ്പാർക്ക് പോലും മതിയാകും എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തമായി ഭവിക്കാൻ...
ഇനി എന്ത് കൊണ്ടാണ് എൽ.പി.ജി ഒരു വൻ സപോടനത്തോട് കൂടി ഇത്ര ഭീകരമായി കത്തിപ്പടരുന്നത് എന്ന് നോക്കാം..
നമ്മൾ ഒരു സ്ഥലത്ത് കുറച്ച് പച്ചിലകളും മറ്റൊരു സ്ഥലത്ത് കുറച്ച് ഉണങ്ങിയ ഇലകളും കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ചാൽ വളരെ വേഗം കത്തിപ്പടരുന്നത് ഉണങ്ങിയ ഇലകൾ ആയിരിക്കും എന്നതിൽ സംശയമില്ല.. കാരണം ഉണങ്ങിയ ഇലകൾക്ക് കത്താനുള്ള ടെൻ്റൻസി വളരെയതികം കൂടുതലാണ്.. അത് പോലെ കത്താൻ വളരെയതികം ടെൻ്റൻസി കൂടുതൽ ഉള്ള വാതകമാണ് എൽ.പി.ജി. കൂടാതെ എൽ.പി.ജി. തിങ്ങിക്കിടക്കുന്നത് കൊണ്ടും എൽ.പി.ജി യുടെ ഓരോ കണികയ്ക്കും കത്താനുള്ള ശേഷി ഒരുപോലെ ആയത് കൊണ്ടും കത്തുന്ന സമയം എൽ.പി.ജി പെട്ടെന്ന് ഒരുമിച്ച് കത്തിത്തീരാനുള്ള ടെൻ്റൻസി കാണിക്കുകയും വലിയ സ്പോടനത്തോട് കൂടി കത്തിയമരുകയും ചെയ്യും..
ഇനി എൽ.പി.ജിയെ കുറിച്ച് നിലനിൽക്കുന്ന ഒരു തെറ്റായ ധാരണയാണ് ചൂണ്ടിക്കാണിക്കുന്നത്.
പലരും പറഞ്ഞ് കേൾക്കുന്നുണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്ന്..!! അതൊരു തെറ്റായ വാതമാണ്. കാരണം സിലിണ്ടർ പൊട്ടിത്തെറിക്കുക എന്നത് അപൂർവ്വത്തിൽ അപൂർവ്വമാണ്.. !
എൽ.പി.ജി അപകടം സംഭവിച്ച വീടുകളിൽ പോയിട്ടുള്ളവർക്ക് അറിയാം സിലിണ്ടർ അവിടെ തന്നെ ഉണ്ടാകും പൊട്ടിത്തെറിക്കാതെ തന്നെ. പലരും സംശയവും ഉന്നയിച്ചേക്കാം എന്താണിങ്ങനെ എന്ന്.
പ്രിയപ്പെട്ടവരെ കത്തി തീരുന്നത് സിലിണ്ടറിന് പുറത്ത് ലീക്കായി വ്യാപിച്ച് കിടക്കുന്ന എൽ.പി.ജി ആണ്..!! സിലിണ്ടറിനുള്ളിൽ ഓക്സിജൻ കടക്കാതെ ഭദ്രമായി ആവരണം ചെയ്തിട്ടുള്ളത് കൊണ്ടും. ഒരു തീപ്പൊരി പോലും അകത്തേക്ക് കടക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ടും സിലിണ്ടർ പൊട്ടിത്തെറിക്കുകയില്ല.
അപൂർവ്വ സമയങ്ങളിൽ സിലിണ്ടറിൽ നിന്ന് അടുപ്പിലേക്ക് വരുന്ന ട്യൂബിൽ തീ പിടിക്കുകയോ അത് ഉള്ളിലേക്ക് കടക്കുകയോ ചെയ്താൽ ചിലപ്പോൾ പൊട്ടിത്തെറിച്ചെന്ന് വരാം.
അതും അപൂർവ്വമായേ സംഭവിക്കാറുള്ളു. കാരണം എൽ.പി.ജി ശക്തിയായി പുറത്തേക്ക് പ്രവഹിക്കുകയാണെങ്കിൽ തീ അകത്തേക്ക് കടക്കാൻ സാധ്യത വളരെ കുറവാണ്.
പകരം എവിടെ വെച്ചാണോ പുറത്തേക്ക് വരുന്ന എൽ.പി.ജി ഓക്സിജനുമായി സംബർഗത്തിൽ ഏർപ്പെടുന്നത് അവിടം മുതൽ തീ ചീറി കത്തുകയാണ് ചെയ്യാറ്. അതും സിലിണ്ടറിലെ എൽ.പി.ജി തീരും വരെ.
നമ്മുടെ ഗ്യാസ് അടുപ്പ് പ്രവർത്തിക്കുന്ന തത്വവും അതാണ്.
ഇനി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കാൻ മറ്റൊരു പോസിബിലിറ്റി കൂടി ഉണ്ട്. അതായത് എൽ.പി.ജി അപകടം സംഭവിച്ച് തീ കത്തിക്കൊണ്ടിരിക്കുന്ന സമയം സിലിണ്ടറിന് അടുത്തുള്ള ഏതെങ്കിലും ഒരു വസ്തുവിന് തീ പിടിച്ച് അത് ശക്തിയായി കത്തുകയാണെങ്കിൽ സിലിണ്ടറിനുളളിൽ നിറച്ചിരിക്കുന്ന എൽ.പി.ജി ദ്രാവക രൂപത്തിൽ ആയതിനാൽ ഉള്ളിലെ എൽ.പി.ജി ഈ തീയുടെ ചൂടേറ്റ് ബോയിലാകാൻ തുടങ്ങും അങ്ങനെ എൽ.പി.ജി ബോയിൽ ആകുമ്പോൾ സിലിണ്ടറിനുളളിലെ പ്രഷർ വർദ്ധിക്കുകയും ശക്തിയായി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്യും..
ഇനിഎൽ.പി.ജി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പറയട്ടെ...
1, എൽ.പി.ജി സിലിണ്ടർ എപ്പോഴും തുറന്ന സ്ഥലത്തും ഗ്യാസ് അടുപ്പ് എപ്പോഴും അടഞ്ഞ സ്ഥലത്തും സൂക്ഷിക്കുക. കാരണം ജനലിൻ്റെ അരുകിലോ, വാതിലൻ്റെ അരുകിലോ ഒക്കെ ഗ്യാമ്പ് അടുപ്പ് സൂക്ഷിച്ചാൽ നമ്മുടെ ശ്രദ്ധ മാറുമ്പോൾ കാറ്റടിച്ച് അടുപ്പ് അണയാൻ സാധ്യത ഉണ്ട്. അങ്ങനെ അണഞ്ഞാൽ എൽ.പി.ജി ലീക്കാകാൻ തുടങ്ങും അല്പo കഴിഞ്ഞ് അടുപ്പ് അണഞ്ഞത് ശ്രദ്ധയിൽ പെട്ട് നമ്മളത് വീണ്ടും അലക്ഷ്യമായി കത്തിക്കാൻ ശ്രമിച്ചാൽ വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
2, അടുപ്പ് കത്തിക്കാൻ പോകുന്നതിന് മുമ്പ് സിലിണ്ടറിൽ നിന്നും അടുപ്പിലേക്ക് വരുന്ന ട്യൂബ് കൃത്യമായും പരിശോദിച്ചിരിക്കണം.. പൊട്ടലോ, മുറിവോ ഇല്ലെന്ന് ഉറപ്പു വരുത്തിയിരിക്കണം..
3, അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാൻ തുടങ്ങിയാൽ സെക്കൻ്റുകൾക്കകം തന്നെ ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിച്ചിരിക്കണം.. വൈകുന്ന ഒരോ നിമിഷവും നിങ്ങൾ അപകടം ക്ഷണിച്ച് വരുത്തുകയാണ്.
4, എൽ.പി.ജി യുടെ ഉപയോഗം കഴിഞ്ഞ് ഉടൻ തന്നെ സിലിണ്ടറിലെ വാൾവ് അടച്ചിരിക്കണം. ഒരിക്കലും അടുപ്പിൻ്റെ നോബ് മാത്രം അടച്ച് നിങ്ങൾ തിരക്കുള്ളവരായി മാറുകയോ എളുപ്പം കാണിക്കുകയോ ചെയ്യരുത്. ഏതെങ്കിലും സാഹചര്യത്തിൽ ട്യൂബിന് പൊട്ടൽ വരുകയോ റെഗുലേറ്റർ ലീക്ക് ഉണ്ടാവുകയോ ചെയ്താൽ വൻ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ട്..
5, എൽ.പി.ജി ഉപയോഗിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് എൽ.പി.ജി യുടെ അപകട സാധ്യതയെ കുറിച്ചുള്ള ചെറിയ അറിവെങ്കിലും ഉണ്ടായിരിക്കണം...
ഇനി നിങ്ങളുടെ വീടുകളിൽ എൽ.പി.ജി ലീക്കായി എന്ന് ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായും ചെയ്യേണ്ട കുറച്ച് കാര്യങ്ങളാണ് പറയുന്നത്.. ശ്രദ്ധിക്കുക..
1, എൽ.പി.ജി ലീക്ക് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഒരിക്കലും നിങ്ങൾ പാനിക് ആകരുത്. ആദ്യമായി എത്രയും വേഗം സിലിണ്ടറിലെ വാൾവ് ഓഫ് ചെയ്യാൻ ശ്രമിക്കുക.. അതികമായുള്ള പേടി നിങ്ങൾക്ക് അപകടം ക്ഷണിച്ച് വരുത്തും..
2, എൽ.പി.ജി ലീക്കായത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കത് നിയന്ത്രിക്കാൻ കഴിയാത്തതിലും അപ്പുറമാണ് എങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ഫോൺ എടുത്ത് ആ പ്രദേശത്ത് നിന്നും അകലേക്ക് മാറി നിന്ന് ഫയർ ആൻ് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുക. (നമ്പർ -101)
3, എൽ.പി.ജി ലീക്കായി എന്ന് തോന്നി കഴിഞ്ഞാൽ ആ സ്ഥലത്തെ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനോ അല്ലെങ്കിൽ സ്വിച്ചുകൾ ഓൺ ചെയ്യാനോ ഓൺ ആയി കിടക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്യാനോ പാടില്ല.. പകരം മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഇലക്ട്രിസിറ്റി തടയാൻ ശ്രമിക്കുക.. കാരണം സ്വിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു നീല വെട്ടം നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും ആ ചെറിയ സ്പാർക്ക് മതിയാകും തിങ്ങി നിൽക്കുന്ന എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തം വിതക്കാൻ..
4, എൽ.പി.ജി ലീക്കായ റൂമിലെ അല്ലെങ്കിൽ കിച്ചനിലെ ജനാലകളും വാതിലുകളും സാവദാനത്തിൽ തുറന്നിട്ട് റൂമിൽ വായുസഞ്ചാരം പരമാവതി കൂട്ടാൻ ശ്രമിക്കുക..
5, എൽ.പി.ജി ലീക്ക് ആയ സ്ഥലത്ത് കൂടി വേഗതയിൽ ഓടാനോ നടക്കാനോ ശ്രമിക്കരുത്..
6, എൽ.പി.ജി ലീക്ക് ആയ റൂമിൻ്റെ തറയിൽ വെള്ളം ഒഴിച്ചിടാനോ അല്ലെങ്കിൽ നനഞ്ഞ ചാക്കുകളോ തുണികളോ വിരിച്ചിടാനോ ശ്രദ്ധിക്കുന്നത് നന്നായിരിക്കും...
7, അടുത്തടുത്ത് വീടുകൾ ഉണ്ടെങ്കിൽ അവരോട് വിവരം അറിയിച്ച ശേഷം അടുപ്പുകൾ ഓഫ് ചെയ്യാനും ഇലക്ട്രിസിറ്റി കട്ട് ചെയ്യാനും ആവശ്യപ്പെടുക..
8, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ചെയ്ത് കഴിഞ്ഞ ശേഷം ഫയർ ഫോൾസ് വരുന്നത് വരെ കഴിയുന്നതും ദൂരത്തേക്ക് മാറി നിൽക്കുക..
9, ഫയർ ആൻ്റ് റെസ്ക്യൂ വരുമ്പോൾ കൃത്യമായി വീടിൻ്റെ രീതിയും റൂമുകളുടെ സ്ഥാനവും എൽ.പി.ജി ലീക്ക് ആയ സ്ഥലവും വ്യക്തമായി കാണിച്ച് കൊടുക്കുക.
10, ഇനി ഒരു എൽ.പി.ജി ടാങ്കർ മറിഞ്ഞ് എൽ പി.ജി ലീക്ക് ആയ ഒരു സ്ഥലത്താണ് നിങ്ങൾ ഉള്ളതെങ്കിൽ ഒരു നിമിഷം പോലും പാഴാക്കാതെ എത്രയും പെട്ടെന്ന് ഒരു കിലോമീറ്റർ അകലെയെങ്കിലും മാറി നിൽക്കുക. ഒരിക്കലും ടാങ്കറിനടുത്തേക്ക് പോകാൻ ശ്രമിക്കരുത്. കാരണം നിങ്ങൾക്കവിടെ ഒന്നും ചെയ്യാനില്ല. സ്വന്തം ജീവൻ രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അപ്പോൾ നിങ്ങൾക്കുണ്ടാകാൻ പാടുള്ളു. കഴിയുമെങ്കിൽ കൂടെ നിൽക്കുന്നവരെ കൂടി കൂട്ടി എത്രയും വേഗം ഒരു കിലോമീറ്റർ അകലെയെങ്കിലും എത്തി സെയ്ഫ് സോണിൽ സ്ഥാനം പിടിക്കുക...
എൻ്റെ അറിവിൻ്റെ പരിമിതിയിൽ നിന്ന് കൊണ്ട് ഞാൻ ഇത്രയും കാര്യങ്ങൾ നിങ്ങളുമായി ഷെയർ ചെയ്തു.. വായിച്ച ശേഷം കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.. കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്...
ഇതിൽ കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ അവരുടെ അറിവുകൾ കൂടി രേഖപ്പെടുത്തുക..
ഇനിയും എന്തെങ്കിലും സംശയം ഉള്ളവർ ചോദിക്കുക.. അറിയുന്നത് ആണെങ്കിൽ തീർച്ചയായും പറഞ്ഞ് തരാൻ ശ്രമിക്കും...
ഇനിയും ഒരു ദുരന്തം കൂടി ഉണ്ടാകാൻ ഇട വരാതിരിക്കട്ടെ..