To listen you must install Flash Player.

Showing posts with label Informations. Show all posts
Showing posts with label Informations. Show all posts

Sunday, 2 November 2014

എന്തുകൊണ്ട് ലൈംഗികാതിക്രമങ്ങള്‍ സംഭവിക്കുന്നു?
ഡോ. രജനി ടി.ജി.

എന്തുകൊണ്ടാണ് ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നത്? ഒറ്റവാക്കില്‍ ഉത്തരം പറയുക പ്രയാസമാണ്. ലൈംഗികതയെപ്പോലെത്തന്നെ ലൈംഗികാതിക്രമങ്ങളും സാമൂഹികവും, മാനസികവും, സാംസ്‌കാരികപരവുമായ ഘടകങ്ങളില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. ഒരൊറ്റ സിദ്ധാന്തംകൊണ്ട് ലൈംഗികപീഡനങ്ങളെ വിവരിക്കുക സാധ്യമല്ല. അതിനാല്‍ കാരണങ്ങളെ പൊതുവേ സാമൂഹികകാരണങ്ങള്‍, മാനസികഘടകങ്ങള്‍, വ്യക്തിത്വസവിശേഷതകള്‍, സാംസ്‌കാരികപരമായ ഘടകങ്ങള്‍, ടെക്‌നോളജിയിലുള്ള വളര്‍ച്ചകള്‍ എന്നിങ്ങനെ തരംതിരിക്കാം.

'ലൈംഗികാതിക്രമങ്ങള്‍: ഒരു മനഃശാസ്ത്ര വിശകലനം' വാങ്ങാം

1. സാമൂഹികകാരണങ്ങള്‍ (Social view points)
ലൈംഗികതയെക്കുറിച്ചുള്ള സാമൂഹികമായ വിശ്വാസങ്ങള്‍, കാഴ്ചപ്പാടുകള്‍, പൂര്‍ത്തീകരണത്തെക്കുറിച്ചുള്ള ധാരണകള്‍, സ്ത്രീപുരുഷ അസമത്വം, കലാപങ്ങള്‍, താഴ്ന്ന നിലയിലുള്ള ജീവിതസാഹചര്യങ്ങള്‍, റേപ്പിനെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ തുടങ്ങിയവ സാമൂഹികകാരണങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇനി ഇവയോരോന്നിനെയും കുറിച്ച് വിശദമായി വിവരിക്കാം.
ഒരാളുടെ ലൈംഗികതയില്‍ അയാളുടെ സാമൂഹികചുറ്റുപാടുകളും വിശ്വാസങ്ങളും സ്വാധീനം ചെലുത്തുന്നുണ്ട്. ഉദാഹരണത്തിന് വിവാഹത്തിനു മുന്‍പ് ലൈംഗികബന്ധം പാടില്ലായെന്നും ഭാര്യയോടോ ഭര്‍ത്താവിനോടോ മാത്രമേ ലൈംഗികബന്ധം പുലര്‍ത്തുവാന്‍ പാടുള്ളൂവെന്നും ഇന്ത്യന്‍സമൂഹം വിശ്വസിക്കുന്നു. ഇത്തരം വിശ്വാസങ്ങള്‍ ഒരാളുടെ ലൈംഗികതാത്പര്യങ്ങളെ സ്വാധീനിക്കുന്നു. ഇങ്ങനെയുള്ള വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരില്‍ വിവാഹത്തിനു മുന്‍പുള്ള ലൈംഗികബന്ധങ്ങളോ വിവാഹേതരബന്ധങ്ങളോ ഭയം, കുറ്റബോധം, നാണക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുവാന്‍ കാരണമാവുന്നു. ചിലര്‍ ഇത്തരത്തിലുള്ള സാമൂഹികകാഴ്ചപ്പാടുകളോട് നീരസം പ്രകടിപ്പിക്കുകയോ അത്തരം നിബന്ധനകളില്‍ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. അങ്ങനെയുള്ളവരില്‍ സാമൂഹികചട്ടക്കൂടിനു പുറത്തുചാടാനുള്ള വെമ്പല്‍ അധികമായിരിക്കും.
 
തന്മൂലം സാമൂഹികാംഗീകാരം ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ള ബന്ധങ്ങളില്‍ ചെന്നു ചാടുവാനുള്ള പ്രവണതയും കൂടിയിരിക്കും. ഇവരില്‍ ലൈംഗികകാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള താത്പര്യം പ്രകടമാക്കുവാനുള്ള സാധ്യതയും ഉണ്ടായിരിക്കും.

പുരുഷന്റെ ലൈംഗികതൃഷ്ണയെക്കുറിച്ചും പൂര്‍ത്തീകരണത്തെക്കുറിച്ചുമുള്ള സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാട് പീഡനങ്ങള്‍ക്കു കാരണമാവുന്നുവെന്ന് കണക്കാക്കപ്പെടുന്നു. സ്ത്രീയെക്കാള്‍ പുരുഷന് ശാരീരികശക്തിയുണ്ടെന്നും, പുരുഷനാണ് ലൈംഗികവേഴ്ചയ്ക്ക് മുന്‍കൈയെടുക്കേണ്ടതെന്നും, സ്ത്രീ പുരുഷന് ഭോഗിക്കാനുള്ളതാണെന്നുമുള്ള വിശ്വാസങ്ങള്‍ ഇതില്‍ ചിലതാണ്. കൗമാരത്തില്‍ മുളപൊട്ടുന്ന ലൈംഗികവികാരങ്ങള്‍ക്കൊപ്പം ഓരോ സമൂഹത്തില്‍ നിലനില്ക്കുന്ന ഇത്തരത്തിലുള്ള കാഴ്ചപ്പാടുകളും മനസ്സിലുറയ്ക്കപ്പെടുന്നു. പുരുഷന്റെ വരുതിക്ക് നില്‌ക്കേണ്ടവളും ഭോഗിക്കപ്പെടേണ്ടവളുമാണ് സ്ത്രീയെന്നു വിശ്വസിക്കുന്നവര്‍, ലൈംഗികത തെറ്റായ രീതിയില്‍ പ്രകടപ്പിക്കുവാനുള്ള സാധ്യത ഏറെയാണ്.

പുരുഷന്റെ ലൈംഗികത എങ്ങനെയാണ് സാമൂഹികവത്കരിക്കപ്പെട്ടിരിക്കുന്നത് (Socialism) എന്നതിനനുസരിച്ചാണ് അവന്‍ ലൈംഗികത പ്രകടിപ്പിക്കുന്നതെന്ന ഒരു വാദഗതിയും നിലവിലുണ്ട്. ലൈംഗികതയില്‍ മുന്‍കൈയെടുക്കേണ്ടതും താത്പര്യം കാണിക്കേണ്ടതും ആണുങ്ങളാണെന്നും, സ്ത്രീകള്‍ സ്വയംനിയന്ത്രിക്കേണ്ടതും ആണുങ്ങളോട് പരിധികള്‍ വെക്കേണ്ടതുമാണെന്നും പൊതുവേ കരുതപ്പെടുന്നു. ഈ വിശ്വാസങ്ങള്‍ ടിവി, സിനിമ, അശ്ലീലചിത്രങ്ങള്‍ തുടങ്ങിയവയിലൂടെ പ്രചാരം നേടുന്നു. കല്യാണം കഴിക്കുന്നതിനു മുന്‍പ് നായകന്‍ ചുംബിക്കാനൊരുങ്ങുമ്പോള്‍ നായിക കുതറിയോടുന്നതും മണിയറയില്‍ പുരുഷന്‍ മുന്‍കൈയെടുക്കുന്നതും ഇന്ത്യന്‍സിനിമകളില്‍ സാധാരണമാണല്ലോ. ഇത് നേരത്തേ സൂചിപ്പിച്ച വിശ്വാസങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ചില അശ്ലീലചിത്രങ്ങളില്‍ സ്ത്രീകളെ ബലാത്കാരം ചെയ്യാന്‍ ശ്രമിക്കുന്നതായും ആദ്യം വിരോധം പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ പിന്നീട് സഹകരിക്കുകയും രതിമൂര്‍ച്ഛ അനുഭവിക്കുന്നതുമായി ചിത്രീകരിക്കാറുണ്ട്. ഇത്തരം ദൃശ്യങ്ങളിലൂടെ സ്ത്രീയില്‍ മേധാവിത്വം സ്ഥാപിക്കുന്നതും ആക്രമിക്കുന്നതും പുരുഷന്റെ വീരത്വമായി പ്രഖ്യാപിക്കുന്നു. ഇതും ബലാത്കാരം ചെയ്യാനുള്ള വാസനയെ പ്രോത്സാഹിപ്പിക്കുന്നു. മാത്രവുമല്ല സ്ത്രീ ആദ്യം എതിര്‍ക്കുമെങ്കിലും പിന്നീട് സഹകരിച്ചുകൊള്ളുമെന്നും സന്തോഷിക്കുമെന്നുമുള്ള തെറ്റായ ധാരണ വളര്‍ത്തുവാനും ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ കാരണമാവുന്നു.
ലൈംഗികപീഡനങ്ങള്‍ക്കു കാരണം സമൂഹത്തില്‍ നിലനില്ക്കുന്ന സ്ത്രീ-പുരുഷ അസമത്വം (Gender Inequality) മൂലമാണെന്നും പുരുഷന്റെ മേല്‍ക്കോയ്മ (Superiority) കൊണ്ടാണെന്നും വാദഗതികള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഒരാളില്‍ മേല്‍ക്കോയ്മ നേടുവാനും അധികാരം സ്ഥാപിച്ചെടുക്കുവാനുമാണ് (Power establishment) ബലാത്കാരം ചെയ്യുന്നതെന്നും നിരീക്ഷിക്കപ്പെടുന്നു. ഉദാഹരണത്തിന് ഒരു വ്യക്തിയില്‍ പലതരത്തിലുള്ള (മാനസികമോ ശാരീരികമോ) ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരിക്കുകയും തന്മൂലം താന്‍ മറ്റുള്ളവരെക്കാള്‍ മോശക്കാരനാണെന്ന ചിന്ത അയാളില്‍ രൂഢമാവുകയും ചെയ്യുന്നു. മനോരോഗം, അംഗവൈകല്യം തുടങ്ങിയവ ഉള്ളവരില്‍ ഇത്തരത്തിലുള്ള അപകര്‍ഷബോധം കാണാവുന്നതാണ്. ആത്മവിശ്വാസമില്ലായ്മയും ആത്മാഭിമാനക്കുറവുമെല്ലാം മറികടക്കുവാനും മറ്റൊരാളില്‍ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുവാനുമുള്ള അവസരമായാണ് ബലാത്സംഗത്തെ ഇത്തരം വൈകല്യമുള്ളവര്‍ വിലയിരുത്തുന്നത്. ഇരയെ സംതൃപ്തിപ്പെടുത്തിയെന്നും, ഇണചേരല്‍ ആസ്വദിച്ചെന്നുമുള്ള തോന്നല്‍ ഇത്തരക്കാരിലുണ്ടാകാം. നല്ലൊരു ശതമാനം ബലാത്കാരങ്ങളും അധികാരം സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് നടക്കുന്നതെന്ന് കരുതപ്പെടുന്നു.

ഫെമിനിസ്റ്റ് വാദഗതി അനുസരിച്ച് സ്ത്രീകളെ പേടിപ്പിച്ചുനിര്‍ത്തുവാനും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുവാനുമുള്ള ആഗ്രഹത്തിന്റെ ഒരു പ്രതിഫലനമാണ് ബലാത്കാരമെന്നത്. പുരുഷമേധാവിത്വവും അധികാരവും കൂടുതലായി അംഗീകരിക്കുന്ന സമൂഹത്തില്‍ ബലാത്സംഗങ്ങള്‍ വര്‍ധിച്ച തോതില്‍ കണ്ടുവരുന്നു. സ്ത്രീ സാമ്പത്തികമായും മാനസികമായും പുരുഷന് ഏറെ വിധേയയായി നില്ക്കുന്ന സമൂഹത്തില്‍ പുരുഷന്റെ മേല്‍ക്കോയ്മ അധികമായിരിക്കും. സ്ത്രീ തന്റെ തണലില്‍ ജീവിക്കേണ്ടവളാണെന്നും തന്നെ അനുസരിക്കേണ്ടവളാണെന്നുമുള്ള തോന്നല്‍ ആണിലും, പുരുഷനു കീഴ്‌പ്പെട്ട് ജീവിക്കേണ്ടവളാണ് താനെന്ന് സ്ത്രീയും വിചാരിക്കുന്നു. ഇവിടെ മാനസികമായ ഒരു കീഴ്‌പ്പെടലാണ് സംഭവിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ സ്ത്രീ വെറുമൊരു ഉപഭോഗവസ്തു മാത്രമാണ്.

സമൂഹത്തില്‍ നിലനില്ക്കുന്ന കലാപങ്ങളുടെയും അതിക്രമങ്ങളുടെയും ഒരുത്പന്നമാണ് ലൈംഗികപീഡനങ്ങളെന്ന് ഒരുകൂട്ടര്‍ വിശ്വസിക്കുന്നു. ചിലപ്പോഴൊക്കെ വ്യക്തിയോടോ, സമൂഹത്തിനോടോ അമിതമായുണ്ടാകുന്ന കോപം ബലാത്കാരങ്ങള്‍ക്ക് കാരണമാവാറുണ്ട്. ഇതിനെ Anger rape അഥവാ Corrective rape എന്നു പറയുന്നു.
ഇരയോട് അതിരുകവിഞ്ഞ കോപം ഉണ്ടാവുകയും ആ വ്യക്തിയെ തോല്പിക്കുവാനും വേദനിപ്പിക്കുവാനും ബലാത്സംഗം ചെയ്യുന്നതാണ് ഏറ്റവും ഉത്തമമാര്‍ഗമെന്ന് പീഡകന്‍ വിശ്വസിക്കുന്നു. ശാരീരികമായി ക്ഷതമേല്പിക്കല്‍ ഇത്തരം പീഡനങ്ങളില്‍ അധികമായിരിക്കും.

ദാരിദ്ര്യവും താഴ്ന്ന വരുമാനവും ജീവിതസാഹചര്യങ്ങളും ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമാവാറുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദാരിദ്ര്യത്തില്‍ വളര്‍ന്ന കുട്ടികളില്‍ അക്രമവാസന പൊതുവേ ഏറിയിരിക്കും. തങ്ങള്‍ക്കു ലഭിക്കാത്ത സ്‌നേഹം, ജീവിതസാഹചര്യങ്ങള്‍ തുടങ്ങിയവ സമ്പന്നരോടും സമൂഹത്തിനോട് പൊതുവായും ദേഷ്യത്തിനും പകയ്ക്കും കാരണമാവുന്നു. മുതിരുമ്പോള്‍ ഇത്തരം വികാരങ്ങള്‍ പീഡനത്തിലേക്കു വഴിമാറുന്നു. ചെറുപ്പകാലത്തിലുണ്ടാകുന്ന ലൈംഗിക പീഡനങ്ങള്‍, മാനസികമായോ ശാരീരികമായോ ഉണ്ടാകുന്ന പീഡനങ്ങള്‍ തുടങ്ങിയവ ലൈംഗികാതിക്രമങ്ങള്‍ക്കുള്ള വാസന അധികമാക്കുന്നു. പീഡിപ്പിക്കുന്നവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇത്തരം കയ്പുനിറഞ്ഞ ബാല്യമുണ്ടാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. റാഗിങ്ങിന് വിധേയമായവരില്‍ കാണപ്പെടുന്ന ഒരു ചിന്താഗതിയാണ് ഇത്തരക്കാര്‍ക്ക് ഉണ്ടാവുക. താനനുഭവിച്ചത് മറ്റൊരാളുംകൂടി അനുഭവിക്കണമെന്ന തോന്നലും വാശിയും മറ്റൊരാളെ പീഡിപ്പിക്കുന്നതിന് കാരണമാവുന്നു.

സോഷ്യല്‍ ലേണിങ് തിയറി (Social Learning Theory) അനുസരിച്ച് ലൈംഗികാതിക്രമങ്ങള്‍ സമൂഹത്തില്‍നിന്ന് അനുകരണം വഴിയും, സമൂഹത്തില്‍ നിലനില്ക്കുന്ന ചില മിഥ്യാധാരണകളില്‍നിന്നും ആര്‍ജിച്ചെടുത്തവയാണെന്നാണ്. ലൈംഗികസ്വഭാവങ്ങള്‍ ഒരു പരിധിവരെ മനുഷ്യര്‍ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്, സാധാരണമായതും അസാധാരണമായതും. ചില സന്ദര്‍ഭങ്ങളില്‍ ഒരു മാനഭംഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടാല്‍ (ഉദാ: ബസ്സില്‍വെച്ച് മാനഭംഗം ചെയ്യുന്നത്) അതേ തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു കാണാം. അനുകരണമാവാം ഇതിനു കാരണം. പീഡനത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും സമൂഹം ഈ വിഷയങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. സ്ത്രീകളാണ് റേപ്പിന് കാരണക്കാരെന്നും, അവരുടെ വസ്ത്രങ്ങളോ, സ്വഭാവങ്ങളോ ബലാത്കാരത്തെ ക്ഷണിച്ചുവരുത്തിയതാണെന്നും, മുറിവുകളോ ചതവുകളോ ഇല്ലാത്തത് അവര്‍ സഹകരിച്ചുവെന്നതിന് തെളിവാണെന്നതുമായ മിഥ്യാധാരണകള്‍ സമൂഹത്തില്‍ നിലനില്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ധാരണകളും ബലാത്കാരങ്ങളെ വര്‍ധിപ്പിക്കുന്നു.

2. മാനസികഘടകങ്ങള്‍(Psychological Factors)

ലൈംഗികമായി മറ്റൊരാളെ പീഡിപ്പിക്കുന്നതില്‍ ആനന്ദവും സംതൃപ്തിയും ഉണ്ടാകുന്നയാളുകളില്‍ പ്രത്യേകതരം മനോവ്യാപാരങ്ങളും ചിന്താഗതികളും ഉണ്ടായിരിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇക്കൂട്ടര്‍ക്ക് മനോരോഗമോ, മനോവൈകല്യങ്ങളോ, വ്യക്തിത്വത്തിലെ അപാകതകളോ (Personality disorders) രോഗങ്ങളോ ഉണ്ടായിരിക്കാമെന്നതാണ്. വളരെയധികം അക്രമവാസനയും അനന്തരഫലങ്ങളെക്കുറിച്ച് ആലോചിക്കാതെ പ്രവൃത്തികളിലേര്‍പ്പെടുന്നതും ഇക്കൂട്ടരില്‍ സാധാരണമാണ്. വൈകാരികമായ ബന്ധങ്ങളിലെ തകര്‍ച്ചയും മറ്റുള്ളവരുമായി ഒത്തുപോകുവാന്‍ കഴിയാത്തതും ഇത്തരക്കാരുടെ പ്രത്യേകതയാണ്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കുവാനോ, വേറൊരാളുടെ ഭാഗത്തുനിന്ന് കാര്യങ്ങള്‍ നോക്കിക്കാണുവാനുള്ള കഴിവോ ഇവര്‍ക്ക് കുറവായിരിക്കും. താനെന്തെങ്കിലും തെറ്റു ചെയ്തുവെന്നോ, തന്റെ പ്രവൃത്തിമൂലം ഇരയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നോ ഇവര്‍ ചിന്തിക്കാറില്ല. ഇത്തരം കാര്യങ്ങള്‍ പൂര്‍ണമായും നിഷേധിക്കുവാനായിരിക്കും ഇവര്‍ താത്പര്യപ്പെടുക. ലൈംഗികമായി മറ്റുള്ളവരെ പീഡിപ്പിക്കുന്നതായുള്ള മനോകല്പനകളില്‍ ഇവര്‍ താത്പര്യം കാണിക്കാറുണ്ടെന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

അമര്‍ത്തിവെച്ച ലൈംഗികവികാരങ്ങള്‍, ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള അവസരമില്ലായ്മകള്‍ തുടങ്ങിയവ ബലാത്കാരങ്ങള്‍ക്ക് വഴിതെളിയിക്കുന്നു. പക്ഷേ, പീഡിപ്പിക്കുന്നവരില്‍ ലൈംഗികവാഞ്ഛകളെക്കാളും കീഴടക്കാനുള്ള ത്വരയാണ് സാധാരണയായി മുന്നിട്ടുനില്ക്കാറുള്ളത്.

സ്ത്രീകളോട് പൊതുവേ വെച്ചുപുലര്‍ത്തുന്ന ദേഷ്യവും പകയും പീഡനങ്ങള്‍ക്ക് കാരണമാവാറുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് ഒരു സ്ത്രീയെ കീഴ്‌പ്പെടുത്തി, ദേഷ്യം പ്രകടിപ്പിക്കാനുള്ള മാര്‍ഗമാണ് റേപ്പെന്നത്. ചിലര്‍ക്ക് തന്റെ പുരുഷത്വത്തെക്കുറിച്ചുള്ള അതിരുകടന്ന മിഥ്യാധാരണകള്‍ റേപ്പ് ചെയ്യുവാന്‍ പ്രചോദനമാകുന്നു. സ്ത്രീകളുടെ വസ്ത്രധാരണരീതിയോ, ചേഷ്ടകളോ തന്നോട് ലൈംഗികബന്ധം പുലര്‍ത്താന്‍ താത്പര്യപ്പെടുന്നുവെന്നതിനുള്ള സൂചനകളായി ഇക്കൂട്ടര്‍ തെറ്റിദ്ധരിക്കുന്നു. യൗവനത്തിന് വളരെ മുന്‍പുള്ള ലൈംഗികബന്ധങ്ങളും ലൈംഗികചൂഷണങ്ങളും, മുതിരുമ്പോള്‍ മറ്റുള്ളവരെ പീഡിപ്പിക്കാനുള്ള താത്പര്യത്തെ ജനിപ്പിക്കാറുണ്ട്. സ്വയംനിയന്ത്രണം നഷ്ടമാവുന്നതും സാമൂഹികമായ അതിരുകള്‍ കാത്തുസൂക്ഷിക്കുവാന്‍ കഴിയാത്തതും ലൈംഗികതയോടുള്ള അമിതമായ അഭിനിവേശവും ഇങ്ങനെയുള്ളവരില്‍ സാധാരണമാണ്.

3. വ്യക്തിത്വത്തിലെ സവിശേഷതകള്‍
പീഡിപ്പിക്കുന്നയാളുകള്‍ക്ക് പലതരം മനോവൈകല്യങ്ങളും വ്യക്തിത്വത്തില്‍ അപാകതകളും കണ്ടുവരാറുണ്ട്. മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തല്‍ (Sadism) സമൂഹത്തിന് എതിരായുള്ള കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രവണതകള്‍ (അിശേീെരശമഹ), മറ്റുള്ളവരുടെ വേദന മനസ്സിലാക്കുവാനോ സഹാനുഭൂതി പ്രകടിപ്പിക്കുവാനോ കഴിയാതിരിക്കല്‍ തുടങ്ങിയവ ഇവരുടെ പ്രത്യേകതകളാണ്. സാഡിസ്റ്റുകള്‍ അഥവാ മറ്റുള്ളവരുടെ വേദനയില്‍ ആനന്ദം കണ്ടെത്തുന്നവര്‍ ബലാത്കാരം ചെയ്യുന്നത് പലപ്പോഴും കാര്യമായ പ്ലാനോടുകൂടിയായിരിക്കും. ഇരയെ കൊല്ലുവാനുള്ള സാധ്യതയും അധികമായിരിക്കും.

മദ്യവും മയക്കുമരുന്നും ലൈംഗികപീഡനങ്ങളെ കൂട്ടുമെന്നൊരു കാഴ്ചപ്പാട് നിലനില്ക്കുന്നുണ്ട്. മനോവൈകല്യമുള്ളവര്‍ ലഹരിക്കടിമപ്പെടുമ്പോള്‍ അക്രമവാസനയും മറ്റുള്ളവരുടെമേല്‍ അധീശത്വം നേടുവാനുള്ള താത്പര്യവും വര്‍ധിക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമാകുന്നതോടെ ഇവര്‍ ലൈംഗികാക്രമണത്തിനു മുതിരുന്നു. പീഡനം നടത്തുമ്പോള്‍, അന്‍പതു മുതല്‍ അറുപതു ശതമാനം പീഡകരും മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മദ്യം ഉപയോഗിക്കുമ്പോള്‍ സ്വയംനിയന്ത്രിക്കുവാനുള്ള കഴിവ് നഷ്ടമാവുന്നു (Disinhibition). ഇത് പീഡനത്തിന് കാരണമാവുന്നു. എങ്കിലും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവര്‍ എല്ലാവരും ലൈംഗികപീഡനം നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.

4. സാംസ്‌കാരികഘടകങ്ങളും മൂല്യങ്ങളും (Cultural factors and Values)

ലൈംഗികതയില്‍, അതതു രാജ്യങ്ങളില്‍ അനുഷ്ഠിക്കുന്ന ആചാരങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. ഉദാഹരണത്തിന് ഇന്ത്യയില്‍, വിദ്യാഭ്യാസകാലത്ത്, പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് ലൈംഗികബന്ധം പുലര്‍ത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. പഠനകാലത്ത് ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ടതാണെന്ന മൂല്യമാണ് പണ്ടുമുതലേ നാം കുട്ടികളെ പഠിപ്പിക്കുന്നത്. അതുപോലെ വിവാഹത്തിനുമുന്‍പ് പെണ്‍കുട്ടി കന്യകയായിരിക്കണമെന്ന ചിന്താഗതിയും ശക്തമാണ്. അതാണ് കന്യാദാനം എന്ന ചടങ്ങ് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ ലൈംഗികതൃഷ്ണയെ നിയന്ത്രിക്കുവാനുള്ള പ്രേരണ ചെലുത്തുന്നു.

ചില രാജ്യങ്ങളില്‍ സെക്‌സിനെക്കുറിച്ച് മറ്റുള്ളവരുടെ മുന്‍പില്‍വെച്ച് സംസാരിക്കുന്നതുപോലും നിഷിദ്ധമാണ്. ഈയടുത്തകാലംവരെ ഇന്ത്യയിലും സെക്‌സിനെക്കുറിച്ച് സംസാരിക്കുവാനും ലൈംഗികപീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന് സമ്മതിക്കാനുമുള്ള വിമുഖത പ്രകടമായിരുന്നു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഒരു ദേശീയസെമിനാറില്‍ ഞാന്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഇതൊക്കെ നമ്മുടെ നാട്ടില്‍ അപൂര്‍വമായേ നടക്കുന്നുള്ളുവെന്നും വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടി എന്തിനാണ് ഇതിനെക്കുറിച്ച് സംസാരിക്കുന്നതെന്നുമുള്ള അഭിപ്രായങ്ങള്‍ രഹസ്യമായിട്ടെങ്കിലും അന്ന് ഉയര്‍ന്നുവന്നിരുന്നു. സെക്‌സിനെക്കുറിച്ചുള്ള ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടുകളുടെ പ്രതിഫലനങ്ങളാണ് ഇതൊക്കെ.

ചില സമൂഹങ്ങളില്‍ ആണിനും പെണ്ണിനും അടുത്തിടപഴകുവാനോ സംസാരിക്കുവാനോ ഇന്നും അനുവാദമില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി സ്‌കൂളുകളും ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ നിലനില്ക്കുന്നുണ്ട്. ഇത് എതിര്‍ലിംഗത്തില്‍പ്പെട്ടവരെ മനസ്സിലാക്കുവാനും ഇടപഴകാനുമുള്ള സാഹചര്യങ്ങളെ കുറയ്ക്കുകയും വികലമായ കാഴ്ചപ്പാടുകളോടെ വളരുവാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ ചിലപ്പോള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വഴിതെളിയിച്ചേക്കാം.

5. ടെക്‌നോളജിയുടെ വളര്‍ച്ചയും ലൈംഗികാതിക്രമങ്ങളും

ടെക്‌നോളജിയിലെ പുരോഗതികള്‍ പ്രത്യേകിച്ചും ഇന്റര്‍നെറ്റിന്റെ വ്യാപകമായ ഉപയോഗം അറിവിന്റെ ലോകത്ത് വമ്പിച്ച കുതിച്ചുചാട്ടങ്ങള്‍ക്ക് വഴിയൊരുക്കി. ഒരു വിരല്‍ത്തുമ്പിന്റെ ചലനം അറിവിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു. അറിവ് ആരുടേയും കുത്തകയല്ല എന്ന തിരിച്ചറിവ് വളര്‍ന്നുവന്നു. പക്ഷേ, ഈ വിപ്ലവം ദോഷകരമായ പലതിനും വഴിതെളിയിക്കുകയും ചെയ്തു. ഒരു പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ കൗമാരക്കാര്‍ സെക്‌സിനെക്കുറിച്ച് മനസ്സിലാക്കിയത് പുസ്തകങ്ങളിലൂടെയും കൂട്ടുകാരുമായി സംശയങ്ങള്‍ പങ്കുവെച്ചുമാണ്. വിവാഹശേഷമാണ് പലരും ലൈംഗികബന്ധം പുലര്‍ത്തിയതും, അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതും. പക്ഷേ, ഇന്നിപ്പോള്‍ കൗമാരക്കാരും ചെറിയ കുട്ടികള്‍പോലും സെക്‌സ് എന്താണെന്ന് മനസ്സിലാക്കുന്നതിനു മുന്‍പുതന്നെ സെക്‌സ് വീഡിയോകളും ചിത്രങ്ങളും കാണുന്നു. ഭൂരിഭാഗം അശ്ലീലചിത്രങ്ങളും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതും വികലമായ ഭാവനയോടുകൂടിയതുമാണ്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ ലൈംഗികതയെക്കുറിച്ച് തെറ്റായ ധാരണകള്‍ ഉണ്ടാവുകയും കണ്ടതെല്ലാം അനുകരിക്കാനുള്ള താത്പര്യം ജനിക്കുകയും ചെയ്യുന്നു. സെക്‌സിനോടു ബന്ധപ്പെട്ട മൂല്യങ്ങള്‍ മനസ്സിലാക്കാതെ അതു വെറുമൊരു ശാരീരികപ്രക്രിയ എന്ന നിലയിലേക്ക് അധഃപതിക്കുന്നു. കുട്ടികളുടെ നേര്‍ക്കുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുവാന്‍ അശ്ലീലചിത്ര(Pornography)ങ്ങളുടെ അതിപ്രസരം ഒരു പരിധിവരെ കാരണമായിട്ടുണ്ട്.

എന്തുകൊണ്ട് ലൈംഗികാതിക്രമങ്ങള്‍ സംഭവിക്കുന്നുവെന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചാണ് ഇതുവരെ ചര്‍ച്ചചെയ്തത്. ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ ഒരൊറ്റ സിദ്ധാന്തംകൊണ്ടോ, ഘടകംകൊണ്ടോ ഇതിനെ പൂര്‍ണമായി മനസ്സിലാക്കുവാന്‍ കഴിയുകയില്ല.
സമഗ്രമായ വിശകലനങ്ങളും ശാസ്ത്രീയപഠനങ്ങളും ഇനിയും ആവശ്യമാണ്.

(ലൈംഗികാതിക്രമങ്ങള്‍: ഒരു മനഃശാസ്ത്ര വിശകലനം എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം

Friday, 31 October 2014

ആണുങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്,,,,...
സന്തുഷ്ടമായ ദാമ്പത്യജീവിതം ആഗ്രഹിക്കുന്ന ഭര്‍ത്താക്കന്മാര്‍ എപ്പോഴും അവരുടെ വായടച്ചുെവക്കുകയും ചെക്ക് ബുക്ക് തുറന്നുെവക്കുകയും വേണം.
-
ഗ്രൗഷോ മാര്‍ക്‌സ്.

സ്ത്രീപുരുഷന്മാര്‍ പരസ്പരം ഇടപഴകുമ്പോഴും ആശയവിനിമയം നടത്തുമ്പോഴും ധാരാളം ധാരണപ്പിശകുകള്‍ ഉയര്‍ന്നുവരാറുണ്ട്. അവയില്‍ സര്‍വസാധാരണമായവ ഏതെല്ലാമാണ്?
എന്തുകൊണ്ടാണ് അത്തരം തെറ്റിദ്ധാരണകള്‍ ഉടലെടുക്കുന്നത്.
അവ ഒഴിവാക്കി ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ പെരുമാറ്റത്തില്‍ നാമെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?
ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. ആദ്യമായി ഈ വിഷയത്തെ പുരുഷന്റെ കാഴ്ചപ്പാടിലൂടെ നമുക്കു പരിശോധിക്കാം.
സാമീപ്യമെന്ന അനിവാര്യത.
നിങ്ങള്‍ നിങ്ങളുടെ ജീവിതസഖിയെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നു. നിങ്ങള്‍ പരസ്പരം വിശ്വസിക്കുന്നു. പങ്കുെവക്കുന്നു. അവള്‍ക്കുവേണ്ടി, അവളെ സന്തോഷിപ്പിക്കാന്‍, നിങ്ങള്‍ക്ക് ചെയ്യാനാവുന്നതെല്ലാം നിങ്ങള്‍ ചെയ്യുന്നു. ഇത്രയെല്ലാം ചെയ്തിട്ടും അവളെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്കാവുന്നില്ലെന്ന തോന്നല്‍ വല്ലപ്പോഴും നിങ്ങളെ അലട്ടാറുണ്ടോ? സായാഹ്നങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം കമ്പനി കൂടുന്നതിലോ കുറച്ച് ഏറെസമയം ക്ലബ്ബുകളിലും മറ്റും ചെലവഴിക്കുന്നതിലോ അവള്‍ അസഹിഷ്ണുത പ്രകടിപ്പിക്കാറുണ്ടോ?
സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും കാര്യത്തില്‍ അസാധാരണമാംവണ്ണം സ്വാര്‍ഥിയാണ് അവളെന്ന് രഹസ്യമായെങ്കിലും നിങ്ങള്‍ പരിതപിക്കാറുണ്ടോ?
ഈ ചോദ്യങ്ങള്‍ക്ക് 'അതേ' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങളുടേതു മാത്രമല്ലെന്ന് നിങ്ങള്‍ക്ക് ആശ്വസിക്കാം. മറ്റു പല പുരുഷന്മാര്‍ക്കും അഭിമുഖീകരിക്കേണ്ടിവരാറുള്ള പ്രശ്‌നങ്ങളാണിവ. സ്‌നേഹമയിയായ സ്ത്രീ അവളുടെ പുരുഷന്‍ എപ്പോഴും അടുത്തുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ അശേഷം അസ്വാഭാവികതയില്ല.
ഒരു സ്ത്രീയെന്ന നിലയ്ക്കുള്ള അവളുടെ വൈകാരികാവശ്യങ്ങളില്‍ പ്രമുഖമായ ഒന്നാണ് മേല്‍സൂചിപ്പിച്ച 'സ്വാര്‍ഥത.'
മറ്റെന്തു ചുറ്റുപാടുകളുണ്ടായാലും പ്രിയതമയോടൊപ്പം ചെലവഴിക്കാന്‍ അല്പമെങ്കിലും സമയം കണ്ടെത്തുകയെന്നത് പുരുഷന്റെ ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റുന്നതില്‍ ബോധപൂര്‍വമോ അല്ലാതെയോ ഉപേക്ഷവരുത്തുന്ന പുരുഷനെ സ്ത്രീ വെറുക്കുന്നുവെങ്കില്‍ അവളെ അതില്‍ കുറ്റപ്പെടുത്താനാവില്ല.
പെണ്ണുങ്ങളോടും ഭവ്യതയാകാം.
ഭവ്യത സ്ത്രീകളുടെ സ്വാഭാവികപ്രകൃതത്തിന്റെ ഭാഗമാണെന്നും അതിന് ജനിതകപരവും സാമൂഹികവുമായ കാരണങ്ങളുണ്ടെന്നും നമുക്കറിയാം. ഇതേകാരണങ്ങളാല്‍ത്തന്നെ അത്രയും ഭവ്യത കൂടാതെയാണ് നമ്മുടെ നാട്ടുനടപ്പനുസരിച്ച് പുരുഷന്മാര്‍ ഇണകളോട് പെരുമാറാറുള്ളതെന്നും സത്യമാണ്. ഉദാഹരണത്തിന് 'ഒരു കപ്പ് ചായയിങ്ങെടുക്ക്', എന്റെ ഷര്‍ട്ട് ഇന്ന് അലക്കിയിടണം' എന്നിങ്ങനെ ആജ്ഞാരൂപത്തിലാണ് ആണുങ്ങള്‍ സാധാരണയായി അവരുടെ ജീവിതപങ്കാളികളോട് എന്തെങ്കിലും ആവശ്യപ്പെടാറുള്ളത്. മറുത്തൊന്നും പറയാതെ അനുസരിച്ചാല്‍ത്തന്നെയും മിക്ക സ്ത്രീകളും അത്തരം അധികാരസ്വരത്തിലുള്ള പെരുമാറ്റം ഇഷ്ടപ്പെടുന്നില്ലെന്ന രഹസ്യം മിക്ക പുരുഷന്മാരും അറിഞ്ഞുകൊള്ളണമെന്നില്ല. ഈ സമീപനം മാറ്റി സ്ത്രീയോടുള്ള സംസാരത്തില്‍ അല്പം ഭവ്യതയും ആദരവുമെല്ലാം കലര്‍ത്തി പെരുമാറാന്‍ പുരുഷന്‍ തയ്യാറാകുന്നത് സ്ത്രീക്ക് അവളെക്കുറിച്ചുതന്നെയുള്ള മതിപ്പും പുരുഷനോടുള്ള ആദരവും വര്‍ധിപ്പിക്കും.
'ഒരു കപ്പ് ചായയിങ്ങെടുക്ക്' എന്നോ 'എന്റെ ഷര്‍ട്ട് ഇന്ന് അലക്കിയിടണം' എന്നോ പറയുന്നതിനു പകരം 'ഞാനിന്ന് വളരെ ക്ഷീണിതനാണ്. ഒരു കപ്പ് ചായയിങ്ങ് എടുക്കാമോ' എന്നോ 'എന്റെ ഷര്‍ട്ട് ഇന്ന് അലക്കിയിടാനൊക്കുമെങ്കില്‍ നന്നായിരുന്നു' എന്നോ പറയുന്ന രീതിയില്‍ പുരുഷന്റെ ഭാഗത്തുനിന്നുള്ള ഭവ്യതയാര്‍ന്ന സമീപനം പരസ്പരബന്ധത്തില്‍ തീര്‍ച്ചയായും ഗുണകരമായ മാറ്റങ്ങളുണ്ടാക്കും. ജീവിതപങ്കാളിയോട് ഭവ്യതയോടെയും ആദരവോടെയും പെരുമാറുന്നതില്‍ കുറച്ചിലൊന്നുമില്ലെന്നും അവരത് ന്യായമായും അര്‍ഹിക്കുന്നു എന്നുമുള്ള വസ്തുത പുരുഷന്മാര്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മറക്കാനും പൊറുക്കാനും കഴിയാത്തവര്‍?
മറക്കാനും പൊറുക്കാനും പുരുഷനെ അപേക്ഷിച്ച് ഏറെ പ്രയാസമാണ് പെണ്ണുങ്ങള്‍ക്ക്. പുരുഷനോട് ഏതെങ്കിലുമൊരു കാരണത്താല്‍ ഒരിക്കല്‍ വെറുപ്പ് തോന്നിക്കഴിഞ്ഞാല്‍ അത് ഏറെക്കാലം അവര്‍ മനസ്സില്‍ കൊണ്ടുനടക്കും. സ്ത്രീയെ വൈകാരികമായി വ്രണപ്പെടുത്തുന്ന വാക്കുകളോ പ്രവൃത്തികളോ അഭിപ്രായവ്യത്യാസങ്ങളോ പുരുഷന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും കാലത്ത് സംഭവിച്ചാല്‍ പുരുഷന്‍ അതു മറന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും വീണ്ടുമൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്ത്രീ അതെടുത്തിട്ട് പുരുഷനെ അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ അപൂര്‍വമല്ല. സ്ത്രീപ്രകൃതത്തെക്കുറിച്ചുള്ള ഈ അറിവ് പുരുഷനു രണ്ടു വിധത്തില്‍ ഉപയോഗപ്പെടുത്താം. ഒന്നാമതായി വഴക്കുണ്ടാകുമ്പോള്‍ ഇണയുടെ ഹൃദയത്തെ ആഴത്തില്‍ മുറിപ്പെടുത്താനിടയുള്ള കടുത്ത പദപ്രയോഗങ്ങളും അധിക്ഷേപങ്ങളുമെല്ലാം പരമാവധി നിയന്ത്രിക്കാന്‍ സ്വയം പ്രേരണ ചെലുത്താം. രണ്ടാമതായി സ്ത്രീയില്‍നിന്ന് പഴയ കണക്കുതീര്‍ക്കല്‍ ഏതു സമയത്തുമുണ്ടാകാമെന്ന പ്രതീക്ഷയില്‍ ജാഗ്രത പുലര്‍ത്തുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യാം.
ധൈര്യപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക.
പുരുഷന്മാരെക്കാള്‍ വളരെ വൈകാരികത മുറ്റിയ രീതിയിലാണ് സാധാരണയായി സ്ത്രീകള്‍ സംസാരിക്കാറുള്ളതെന്നു നാം കണ്ടുകഴിഞ്ഞു. ഈ വിധത്തിലുള്ള സ്ത്രീയുടെ സംസാരം അവള്‍ വൈകാരികമായ ഒരുതരം അരക്ഷിതാവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കയാണെന്ന തോന്നലാണ് പുരുഷനില്‍ ഉളവാക്കുക. സ്ത്രീപ്രകൃതത്തെ പൊതുവില്‍ പരിഗണിക്കുമ്പോള്‍ ആ തോന്നലില്‍ കുറെ ശരിയുണ്ടെന്ന വസ്തുത സമ്മതിക്കാതെ തരമില്ല. സുരക്ഷിതത്വബോധത്തിന്റെ അഭാവംമൂലം ഉണ്ടാകാനിടയുള്ള വൈകാരികപ്രശ്‌നങ്ങളില്‍നിന്നും രക്ഷനേടാന്‍ സ്ത്രീ,പുരുഷനില്‍നിന്ന് ഇടയ്ക്കിടെ അവളെ ധൈര്യം പകരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള വാക്കുകളും പെരുമാറ്റങ്ങളും പ്രതീക്ഷിക്കും. അതുകൊണ്ട് പുരുഷന്‍ പതിവു കാര്യമാത്രപ്രസക്ത ശൈലിയില്‍നിന്നും വിട്ടുമാറി വല്ലപ്പോഴുമെങ്കിലും വികാരത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുന്നത് അവന്‍ തന്റെ ഉള്ളറിഞ്ഞ് പെരുമാറാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ സ്ത്രീയില്‍ ഉണര്‍ത്തും. അതവള്‍ക്ക് ഏറെ സംതൃപ്തിയും സമാധാനവും നല്കുകയും ചെയ്യും. തന്റെ ഇണയ്ക്കു നല്കാവുന്ന ഏറ്റവും മികച്ച സ്‌നേഹോപഹാരങ്ങളിലൊന്ന് അവള്‍ക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യുന്ന വിധത്തിലുള്ള പെരുമാറ്റമാണെന്ന കാര്യം പുരുഷന്‍ എപ്പോഴും ഓര്‍മിക്കണം.
കുറ്റപ്പെടുത്തലുകള്‍ അവസാനിപ്പിക്കാം.
ജീവിതം, സുഖദുഃഖസമ്മിശ്രമാണ്. സന്തോഷകരവും അല്ലാത്തവയുമായ മാനസിക- ശാരീരിക അവസ്ഥകളെ നമുക്ക് മാറിമാറി അഭിമുഖീകരിക്കേണ്ടതായി വരും. ഇതില്‍ അസുഖകരങ്ങളായ സംഗതികളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയോ അത്തരം അവസ്ഥകളെ നിങ്ങളെ ഓര്‍മിപ്പിക്കുകയോ ചെയ്യുന്നവരെ കുറ്റപ്പെടുത്താനുള്ള ഒരു പ്രവണത നിങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമാണോ?
ആണെന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍ ഈ ദൗര്‍ബല്യം നിങ്ങളുടേതു മാത്രമല്ലെന്നു നിങ്ങള്‍ക്കു സമാധാനിക്കാം. സ്ത്രീ പലപ്പോഴും ഇത്തരം അസുഖകരങ്ങളായ അവസ്ഥകളിലേക്ക് പുരുഷന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടിരിക്കും. പുരുഷന്‍ അതിനെക്കുറിച്ച് സ്ത്രീയെ കുറ്റപ്പെടുത്തുകയും ചെയ്യും. എന്നാല്‍, സ്ത്രീ ഈ വിഷയത്തില്‍ പുരുഷന്റെ കുറ്റപ്പെടുത്തല്‍ അര്‍ഹിക്കുന്നുണ്ടോ എന്ന് പുരുഷന്‍ ചിന്തിക്കേണ്ടതുണ്ട്. അവള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് അവളുടെ വികാരങ്ങളും ആശങ്കകളും ഇണയുമായി പങ്കുെവക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി മാത്രമായിരിക്കുമെങ്കിലും തന്റെ സ്വസ്ഥതയെ നശിപ്പിക്കുകയെന്ന ലക്ഷ്യമാണ് അതിനു പിന്നിലെന്ന് പുരുഷന്‍ തെറ്റിദ്ധരിക്കുന്നു. സ്ത്രീയുടെ ഈവിധമുള്ള പെരുമാറ്റങ്ങള്‍ ഫലത്തില്‍ പുരുഷന്റെ സ്വസ്ഥത നശിപ്പിക്കാറുണ്ടെന്നത് ശരിതന്നെ. എന്നിരുന്നാലും അവളെ അക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതിനു പകരം സ്ത്രീ ബോധപൂര്‍വം അതാഗ്രഹിക്കാനിടയില്ലെന്ന് സ്വയം ബോധ്യപ്പെടുത്തുകയും അവളുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്ന വിധത്തില്‍ പ്രതികരിക്കുകയുമാണ് പുരുഷന്‍ ചെയ്യേണ്ടത്.
അസ്വസ്ഥതയുളവാക്കുന്ന വികാരങ്ങളെ തന്നിലേക്കുതന്നെ ഒതുക്കി അടച്ചുപൂട്ടിെവക്കുന്ന പുരുഷസ്വഭാവം വാസ്തവത്തില്‍ ഒരുതരം ഒളിച്ചോട്ടമാണ്. താത്കാലികമായി അതു ഗുണം ചെയ്‌തേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതു വളരെ ദോഷകരമായി ഭവിക്കുമെന്നതു തീര്‍ച്ചയാണ്.
===================
പി.കെ.എ. റഷീദ്‌
(സംതൃപ്തമായ സ്ത്രീപുരുഷബന്ധങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Wednesday, 8 October 2014

ബാങ്കിന്റെ സേവനത്തില്‍ പരാതിയുണ്ടോ ? പരിഹാരം ഉറപ്പാക്കാം, ചെലവില്ലാതെ
Posted on: 08 Oct 2014

എസ് രാജ്യശ്രീ

അനാവശ്യമായി വായ്പ നിഷേധിച്ചു, അധിക പലിശ ഈടാക്കി, വലിയ തുക പ്രോസസിങ് ഫീസായി ഈടാക്കി, തെറ്റായ നിക്ഷേപപദ്ധതികള്‍ക്കായി അനാവശ്യമായി അക്കൗണ്ടിലെ പണം ദുരുപയോഗം ചെയ്തു എന്നുവേണ്ട ബാങ്കുകളെ കുറിച്ച് ഇന്ന് ജനങ്ങള്‍ക്ക് പരാതികളെ പറയാനുള്ളൂ.

എന്നാല്‍ ഇന്ന് ഒരു വ്യക്തിക്കും സ്വന്തം ജീവിതത്തില്‍ നിന്ന് ബാങ്കിനെ ഒഴിച്ചു നിര്‍ത്താനാകുമാകില്ല. നിക്ഷേപിക്കാനും വായ്പയെടുക്കാനും മാത്രമല്ല, വിവിധ തരം പണമിടപാടുകള്‍ക്കെല്ലാം ഇന്ന് ബാങ്കിനെ ആശ്രയിച്ചേ മതിയാകൂ. മല്‍സരം കൂടിയതോടെ മോഹനവാഗ്ദാനങ്ങളുമായി ബാങ്കുകള്‍ നമ്മുടെ വീട്ടുപടിക്കലെത്തുന്നു. നിങ്ങള്‍ അവരുടെ കസ്റ്റമറാകുന്നതു വരെ പ്രലോഭനങ്ങളുമായി അവര്‍ ഒപ്പമുണ്ടാകും. കസ്റ്റമറായി കഴിഞ്ഞാല്‍ തീര്‍ന്നു. പിന്നെ നമുക്കൊരു പരാതിയുണ്ടായാല്‍ കേള്‍ക്കാന്‍ പോലും ആരും ഉണ്ടാകില്ല. ബാങ്കില്‍ കയറിയിറങ്ങി മടുത്താലും നിങ്ങളുടെ പരാതിക്ക് പരിഹാരം കാണാനാകില്ല.

ഇന്ന് ബഹുഭൂരിപക്ഷം ഇടപാടുകാര്‍ക്കും ബാങ്കിനെ സംബന്ധിച്ച് പല വിധ പരാതികളുണ്ട്. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ കൂടി വന്നതോടെ സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കും ബാങ്ക് ഇടപാടുകള്‍ ഒഴിച്ചു നിര്‍ത്തനാകാത്ത സ്ഥിതിയാണിപ്പോള്‍. അതനുസരിച്ച് ബാങ്കുകളെ കുറിച്ചുള്ള പരാതികളും പെരുകയാണ്. ബാങ്ക് അധികൃതരെ സമീപിച്ച് പരാതിപ്പെടാലും കയറിയിറങ്ങി ചെരുപ്പു തേയുമെന്നല്ലാതെ വലിയ ഫലമൊന്നുമില്ല എന്നതാണ് മിക്കവരുടേയും അനുഭവം. ധനനഷ്ടം, മാനനഷ്ടം, സമയനഷ്ടം എന്നിവയെല്ലാം സഹിച്ച് ഒരു കൂട്ടര്‍ മിണ്ടാതിരിക്കും. മറ്റൊരു കൂട്ടരാകട്ടെ ഉപഭോക്തൃകോടതിയില്‍ കേസുമായി അലയും. ഇവര്‍ക്ക് വലിയ തുക ചെലവാക്കേണ്ടിയും വരും.
 
എന്നാല്‍ അറിയുക ബാങ്കിനെ കുറിച്ച് നിങ്ങള്‍ക്കുള്ള പരാതികള്‍ക്ക് ചെലവൊന്നും ഇല്ലാതെ സമയബന്ധിതമായി പരിഹാരം കാണാന്‍ കഴിയും. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ബാങ്കിംങ് ഓംബുഡ്‌സ്മാന് പരാതിനല്‍കുക. സേവനത്തിലെ പോരായ്മയുടെ പേരില്‍ പത്തു ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിന് ഉത്തരവിടാനുള്ള അധികാരം ഓംബുഡ്‌സ്മാനുണ്ട്. അതിനു പുറമെ ഉപഭോക്താവിനുണ്ടാകുന്ന മാനസികവിഷമം, ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് ഒരു ലക്ഷം വരെ പിഴ വിധിക്കാനും ഓംബുഡ്‌സ്മാന് കഴിയും. കോടതിയുടെ പരിഗണനയില്‍ വന്ന പരാതികള്‍ ഓംബുഡ്‌സ്മാന്‍ സ്വീകരിക്കില്ല. അതേസമയം ഓംബുഡ്‌സ്മാന്റെ ഉത്തരവില്‍ തൃപ്തിയില്ലെങ്കില്‍ പരാതിക്കാരന് ഉപഭോക്തൃ കോടതിയെ സമീപിക്കാം.
 
വിദേശ ബാങ്കുകള്‍, പൊതു സ്വകാര്യബാങ്കുകള്‍, സഹകരണബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ എന്നിവയടക്കം എല്ലാത്തരം ബാങ്കുകളെ സംബന്ധിച്ച ഏതുതരം പരാതികളും ഓംബുഡ്‌സ്മാന്‍ പരിഗണിക്കും. ബാങ്കിന്റെ ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന റീജിയണിലെ ഓംബുഡ്‌സ്മാനു വേണം പരാതി നല്‍കാന്‍. കേരളത്തിലെ ഉപഭോക്താക്കള്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് പരാതി നല്‍കേണ്ടത്. വെള്ള പേപ്പറില്‍ പരാതി എഴുതി നേരിട്ട് നല്‍കുകയോ പോസ്റ്റിലയയ്ക്കുകയോ ചെയ്യാം. ആര്‍ബിഐയുടെ ബാങ്കിങ് ഓബുഡ്‌സ്മാന്‍ സ്‌കീം എന്ന സെറ്റ് വഴി നിശ്ചിത അപേക്ഷാ ഫോമില്‍ ഓണ്‍ ലൈനായും പരാതി നല്‍കാം.
 
എന്നാല്‍ പരാതിയുമായി ഓംബുഡ്‌സ്മാനെ സമീപിക്കും മുമ്പ് ഒരു കാര്യം ചെയ്തിരിക്കണം. എന്തു പരാതിയായാലും അത് ആദ്യം ബാങ്കിന്റെ മേലധികാരിയ്ക്ക് നല്‍കണം. ഈ പരാതിക്ക് മറുപടി കിട്ടാതിരിക്കുകയോ കിട്ടിയ മറുപടിയില്‍ തൃപ്തിയില്ലാതിരിക്കുകയോ ചെയ്താല്‍ മാത്രമേ ഓംബുഡ്‌സ്മാന്റെ അടുത്തേയ്ക്ക് പോകാവൂ. ബാങ്കിന് പരാതി നല്‍കാതെ നേരിട്ട് സമീപിച്ചാല്‍ ഓംബുഡ്‌സ്മാന്‍ നിങ്ങളുടെ പരാതി സ്വീകരിക്കില്ല.

അറിയുക പണചെലവില്ലാതെ , നിശ്ചിത സമയപരിധിക്കുള്ളില്‍ പരിഹാരംനേടാനുള്ള മാര്‍ഗമാണിത്.
 
Banking Ombudsman
 
C/o Reserve Bank of India
Bakery Junction
Thiruvananthapuram-695 033
Tel.No.0471-2326852
/2332723/2323959
Fax No.0471-2321625

rajyasreesajeev@gmail.com

Tuesday, 23 September 2014

കുട്ടിക്കുറുമ്പുകളോടെതിരിടുമ്പോള്‍

അടീലും മീതെ ഒരൊടീല്ല്യ!”
കുശുമ്പുകള്‍ കാണിച്ചുകൊണ്ടേയിരിക്കുന്ന കുട്ടിയെ എങ്ങിനെ പാഠംപഠിപ്പിക്കാം എന്നതിനെപ്പറ്റി ഒരു എം.ടി.ക്കഥയിലെ മുത്തശ്ശി ആവര്‍ത്തിച്ചുമുറുമുറുക്കുന്ന ഉപദേശമാണ് മുകളില്‍ക്കൊടുത്തത്. അടിച്ചുവളര്‍ത്തിയാലേ കുട്ടികള്‍ നന്നാവൂ എന്നത് പേരന്‍റിങ്ങിനെക്കുറിച്ചുള്ള നമ്മുടെ നാട്ടറിവുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. “അടികിട്ടാ മാട് പണിയില്ല; അടികിട്ടാക്കുട്ടി പഠിക്കില്ല” എന്ന ലൈനിലുള്ള അനേകം പഴഞ്ചൊല്ലുകളും നമുക്കു സ്വന്തമായുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ആധുനികമനശാസ്ത്രത്തിന്‍റെ വീക്ഷണം ഇങ്ങിനെയല്ല.
ശിക്ഷകളുടെ പരിമിതികള്‍
ദുഷ്പെരുമാറ്റങ്ങളെ തല്‍ക്കാലത്തേക്ക് അമര്‍ച്ചചെയ്യാന്‍ മാത്രമാണ് അടി പോലുള്ള ശിക്ഷകള്‍ക്കാവുന്നത്. ശിക്ഷകള്‍ കൊണ്ടു മാത്രം സ്വഭാവരീതികളില്‍ ശാശ്വത മാറ്റങ്ങള്‍ ഉളവാക്കാനോ നല്ല മറുശീലങ്ങള്‍ രൂപപ്പെടുത്താനോ ആവില്ല എന്ന് ഗവേഷണങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നിരന്തരം ശിക്ഷിക്കുമ്പോള്‍ കുട്ടി നമ്മോട് അവഗണന കാണിക്കാനും വൈകാരികമായി അകലാനും തുടങ്ങുകയും, അങ്ങിനെ കുട്ടിയുടെ സ്വഭാവരൂപീകരണത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ നമുക്കുള്ള സാദ്ധ്യതകള്‍ എന്നത്തേക്കുമായി ഇല്ലാതാവുകയും ചെയ്യാം. ശിക്ഷാവേളകളില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധയും സമയവും കുട്ടിക്കു കിട്ടുന്നത് എങ്കില്‍ വളഞ്ഞ വഴിക്കാണെങ്കിലും കിട്ടുന്ന ആ ഒരു പരിഗണന ശിക്ഷയുടെ വേദനക്കും മുകളില്‍ കുട്ടി ഇഷ്ടപ്പെടുകയും, അങ്ങിനെ നമ്മുടെ ശിക്ഷ ഫലത്തില്‍ കുട്ടിക്ക് ദുസ്സ്വഭാവങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രചോദനമായി ഭവിക്കുകയും ചെയ്യാം. കുരുത്തക്കേടുകള്‍ കാണുമ്പോഴൊക്കെ നാം വടിയെടുക്കുന്നത് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തമമാര്‍ഗം അക്രമമാണ് എന്ന ധാരണ കുട്ടിയില്‍ വളര്‍ത്തുകയുമാവാം — കഠോരശിക്ഷകള്‍ കിട്ടി വളര്‍ന്നുവരുന്നവര്‍ അക്രമപ്രിയരായിത്തീരുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
അപ്പോള്‍പ്പിന്നെ കുട്ടികളെ നേരെയാക്കാന്‍ നമുക്കു ചെയ്യാനായി എന്താണു ബാക്കിയുള്ളത്?
ആദ്യം, പ്രധാനപ്പെട്ട നാലു സാങ്കേതികപദങ്ങളെ പരിചയപ്പെടാം.
ആവനാഴിയിലെ മറ്റായുധങ്ങള്‍
കുട്ടികളോടു നാമെടുക്കുന്ന നടപടികളെ അവ പെരുമാറ്റങ്ങളെ ദൃഢപ്പെടുത്തുകയാണോ ദുര്‍ബലമാക്കുകയാണോ ചെയ്യുക എന്നതിന്‍റെ അടിസ്ഥാനത്തില്‍ യഥാക്രമം “പ്രോത്സാഹിപ്പിക്കലുകള്‍” എന്നും “നിരുത്സാഹപ്പെടുത്തലുകള്‍” എന്നും വിളിക്കാം. പ്രശംസ, സമ്മാനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കലുകളുടെയും, അടി, പരിഹാസം തുടങ്ങിയവ പൊതുവെ നിരുത്സാഹപ്പെടുത്തലുകളുടെയും ഉദാഹരണങ്ങളാണ്. ഈ രണ്ടു ലക്ഷ്യങ്ങളും നേടാന്‍ നമുക്കുപയോഗിക്കാനുള്ളത് രണ്ടു രീതികളാണ്: ഒന്ന്, നിലവിലില്ലാത്ത ഒരു കാര്യം പുതുതായി മുന്നോട്ടുവെക്കുക. രണ്ട്, ലഭ്യമായിട്ടുള്ള ഒരു കാര്യം എടുത്തുകളയുക. ഇങ്ങിനെ നോക്കുമ്പോള്‍ നമ്മുടെ കൈവശമുള്ളത് ആകെ നാലുതരം ആയുധങ്ങളാണ്:
1.    മുന്നോട്ടുവെച്ചുള്ള പ്രോത്സാഹിപ്പിക്കലുകള്‍
2.    എടുത്തുകളഞ്ഞുള്ള പ്രോത്സാഹിപ്പിക്കലുകള്‍
3.    മുന്നോട്ടുവെച്ചുള്ള നിരുത്സാഹപ്പെടുത്തലുകള്‍
4.    എടുത്തുകളഞ്ഞുള്ള നിരുത്സാഹപ്പെടുത്തലുകള്‍
ഇനി, ഇവയോരോന്നിനെയും പറ്റി കൂടുതലറിയാം.
മുന്നോട്ടുവെച്ചുള്ള പ്രോത്സാഹിപ്പിക്കലുകള്‍
നല്ല പെരുമാറ്റങ്ങള്‍ക്കു പകരം കുട്ടിക്കിഷ്ടമുള്ള വല്ലതും കൊടുക്കുന്നതിനെയാണ് ഈ പേരു വിളിക്കുന്നത്. ഇങ്ങിനെ കൊടുക്കപ്പെടുന്ന കാര്യങ്ങള്‍ “പ്രേരകങ്ങള്‍” എന്നറിയപ്പെടുന്നു. ഹോംവര്‍ക്ക് ചെയ്തുതീര്‍ക്കുമ്പോള്‍ പകരം ഒരു ചോക്ക്ലേറ്റ് കൊടുക്കുന്നത് ഈ രീതിക്കുദാഹരണമാണ്. ചോക്ക്ലേറ്റ് എന്ന പ്രേരകം മുന്നോട്ടുവെച്ച് ഹോംവര്‍ക്ക് മുഴുമിപ്പിക്കുക എന്ന പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇവിടെച്ചെയ്യുന്നത്.
എടുത്തുകളഞ്ഞുള്ള പ്രോത്സാഹിപ്പിക്കലുകള്‍
ഉചിതമായ പെരുമാറ്റങ്ങള്‍ക്കു പ്രതിഫലമായി ഇഷ്ടമില്ലാത്ത എന്തിനെയെങ്കിലും ഒഴിവാക്കിക്കൊടുക്കുന്നതിനെയാണ് ഇങ്ങിനെ വിളിക്കുന്നത്. ക്ലാസില്‍ വെച്ച് ജിതിന്‍ കണക്കുചെയ്യാന്‍ മടി കാണിക്കുമ്പോള്‍ അവനതു ചെയ്തുതീരുംവരെ അദ്ധ്യാപകന്‍ അവന്‍റെ അടുത്തുതന്നെ നില്‍ക്കുന്നു എങ്കില്‍ അദ്ദേഹത്തെ ഒഴിവാക്കാനായി അവന്‍ അതു വേഗം ചെയ്തുതീര്‍ത്തേക്കാം. അദ്ധ്യാപകന്‍റെ സൂക്ഷ്മനിരീക്ഷണം എന്ന അസ്വാരസ്യം എടുത്തുകളഞ്ഞ് കണക്കുചെയ്യുക എന്ന പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇവിടെ നടന്നത്. വിരുന്നുകാരുടെ മുമ്പില്‍ നല്ല കുട്ടിയായിരിക്കുന്നതിനു പകരം മുറി വൃത്തിയാക്കുന്നതില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുമ്പോഴും, ആഹാരം മുഴുവന്‍ കഴിച്ചാലേ ഊണ്‍മേശക്കു മുമ്പില്‍ നിന്നെഴുന്നേല്‍ക്കാവൂ എന്നു കല്‍പിക്കുമ്പോഴും പ്രാവര്‍ത്തികമാകുന്നത് ഇതേ തത്വമാണ്.
മുന്നോട്ടുവെച്ചോ എടുത്തുകളഞ്ഞോ ഉള്ള പ്രോത്സാഹിപ്പിക്കലുകള്‍ വഴി ചിലപ്പോഴെങ്കിലും നാം സ്വയമറിയാതെ ദുശ്ശീലങ്ങളെ ദൃഢപ്പെടുത്തിക്കളയുകയും ചെയ്യാം. (ബോക്സ് കാണുക.)
ദുശ്ശീലങ്ങള്‍ക്കു വളംവെക്കാതിരിക്കാം
കളി നിര്‍ത്തി ഉറങ്ങാനാവശ്യപ്പെടുമ്പോള്‍ കുട്ടി ചിണുങ്ങാന്‍ തുടങ്ങുന്നു എന്നും, അപ്പോള്‍ നാം തീരുമാനം മാറ്റി കുറച്ചുനേരം കൂടി കളിക്കാന്‍ സമ്മതിക്കുന്നു എന്നും വെക്കുക. ചിണുങ്ങുക എന്ന പെരുമാറ്റത്തിനു പകരം കളിക്കാനനുവദിക്കുക എന്ന പ്രേരകം കൊടുക്കുകയാണ് നാം ചെയ്തത്. ഭാവിയിലും ചിണുങ്ങി കാര്യസാദ്ധ്യം നടത്താന്‍ ഇത് കുട്ടിക്കു പ്രചോദനമാകും.
ദുഷ്പെരുമാറ്റങ്ങളില്‍ നിന്നു പിന്മാറാന്‍ സമ്മാനങ്ങള്‍ മുന്നോട്ടുവെക്കുന്നതും ആത്യന്തികമായി വിപരീതഫലമാണ് ഉളവാക്കുക. കരച്ചില്‍ നിര്‍ത്തിയാല്‍ മിട്ടായി തരാം എന്നു പറയുമ്പോള്‍ ഭാവിയില്‍ കരച്ചില്‍ ആവര്‍ത്തിക്കാനുള്ള സാദ്ധ്യത കൂട്ടുകയാണ് നാം ചെയ്യുന്നത്.
കുട്ടി സ്കൂള്‍വിട്ടുവരുന്നതും നാം നിത്യവും പരാതിപ്പെട്ടി തുറക്കുന്നു എങ്കില്‍ അതില്‍നിന്നു മുക്തി കിട്ടാനായി കുട്ടി പുറത്തെവിടെയെങ്കിലും സമയം പോക്കാന്‍ തുടങ്ങാം. പരാതിപറച്ചില്‍ എന്ന അസ്വാരസ്യമൊരുക്കി അതില്‍നിന്നു രക്ഷ കൊടുക്കുന്ന പുറത്തുപോവല്‍ എന്ന പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് നാമിവിടെച്ചെയ്യുന്നത്.
മുന്നോട്ടുവെച്ചുള്ള നിരുത്സാഹപ്പെടുത്തലുകള്‍
അനിഷ്ടകാര്യങ്ങളെ രംഗത്തിറക്കി കാമ്യമല്ലാത്ത പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്ന രീതിയാണിത്. വീട്ടിലാകെ പാഞ്ഞുനടക്കുന്നതിനിടയില്‍ ഒരു പൂപ്പാത്രം പൊട്ടിക്കുന്ന രാജുവിന് അവന്‍റെയച്ഛന്‍ നല്ല അടികൊടുക്കുന്നു എന്നിരിക്കട്ടെ. അടി എന്ന ശിക്ഷ മുന്നോട്ടുവെച്ച് അലക്ഷ്യമായി ഓടിനടന്ന് പ്രശ്നങ്ങളുണ്ടാക്കുക എന്ന ശീലത്തെ നിരുത്സാഹപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.
എടുത്തുകളഞ്ഞുള്ള നിരുത്സാഹപ്പെടുത്തലുകള്‍
ഇഷ്ടകാര്യങ്ങള്‍ വിലക്കി ദുഷ്പെരുമാറ്റങ്ങളുടെ ആവര്‍ത്തനം തടയുകയാണ് ഇവിടെ നടക്കുന്നത്. പലതവണ തടഞ്ഞിട്ടും ക്ലാസില്‍ കൊച്ചുവര്‍ത്തമാനം തുടരുന്ന ആരിഫയെ ടീച്ചര്‍ പിറ്റേന്നത്തെ ക്ലാസ്ടൂറില്‍ നിന്ന് പുറത്താക്കുമ്പോള്‍ പ്രാവര്‍ത്തികമാകുന്നത് ഈ രീതിയാണ്. ക്ലാസ്ടൂര്‍ എന്ന കാര്യം എടുത്തുകളഞ്ഞ് ക്ലാസില്‍ സംസാരിക്കുക എന്ന ദുസ്വഭാവത്തെ നിരുത്സാഹപ്പെടുത്താനാണ് ടീച്ചര്‍ ശ്രമിക്കുന്നത്. ചീത്തവാക്കുപയോഗിച്ചാല്‍ പോക്കറ്റ്മണി വെട്ടിക്കുറക്കുക, പ്രാര്‍ത്ഥനക്കു കൂടിയില്ലെങ്കില്‍ ടിവി കാണാന്‍ സമ്മതിക്കാതിരിക്കുക എന്നിവ മറ്റുദാഹരണങ്ങളാണ്.
reinforcement_schedules_20140830-021618_1.JPGചിത്രം 1: നാല് ഇടപെടല്‍ രീതികളുടെ താരതമ്യവും സംഗ്രഹവും
അടിയിലും മീതെയുള്ള ഒടി
ഈ നാലു രീതികളില്‍ ഏറ്റവും ഫലം കുറവും പാര്‍ശ്വഫലങ്ങള്‍ കൂടുതലും അടി പോലുള്ള മുന്നോട്ടുവെച്ചുള്ള നിരുത്സാഹപ്പെടുത്തലുകള്‍ക്കു തന്നെയാണ്. അതികഠിനമായ ശിക്ഷകള്‍ക്ക് അവ നല്‍കുന്നവരുടെ സാന്നിദ്ധ്യത്തില്‍ ദുശ്ശീലങ്ങളെ നിയന്ത്രിച്ചുനിര്‍ത്താനായേക്കാം എന്ന നല്ലവാക്കു മാത്രമേ ഗവേഷകര്‍ക്ക് ഇവയെപ്പറ്റിപ്പറയാനുള്ളൂ. എടുത്തുകളഞ്ഞുള്ള പ്രോത്സാഹിപ്പിക്കലുകള്‍, എടുത്തുകളഞ്ഞുള്ള നിരുത്സാഹപ്പെടുത്തലുകള്‍ എന്നിവയുടെയും കാര്യശേഷി പരിമിതമാണ്. കാമ്യമല്ലാത്ത സ്വഭാവങ്ങളെ ഉന്മൂലനം ചെയ്യാനും മാതൃകാപരമായ മറുശീലങ്ങളെ പകരംസൃഷ്ടിക്കാനും ഏറ്റവുമുത്തമം മുന്നോട്ടുവെച്ചുള്ള പ്രോത്സാഹിപ്പിക്കലുകള്‍ ആണ്.
പ്രോത്സാഹിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
ഏതൊക്കെ പെരുമാറ്റങ്ങള്‍ക്കാണ് പ്രേരകങ്ങള്‍ കിട്ടുക എന്നു വ്യക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. “ഉണ്ണാനിരിക്കുമ്പോള്‍ വൃത്തികേടു കാണിക്കരുത്” എന്നതു പോലുള്ള കൃത്യതയില്ലാത്ത വാചകങ്ങളല്ല, “കസേരയില്‍ ഇളകിക്കളിക്കരുത്”, “ആഹാരത്തില്‍ വെറുതെ കയ്യിട്ടിളക്കരുത്” എന്നിങ്ങനെയുള്ള സ്പഷ്ടമായ നിര്‍ദ്ദേശങ്ങളാണ് ഉപയോഗിക്കേണ്ടത്. കുട്ടി തക്ക രീതിയില്‍ പെരുമാറിയാല്‍ പ്രേരകങ്ങള്‍ കൊടുക്കുന്നതില്‍ മുടക്കമോ താമസമോ വരുത്തരുത്. പുതിയ പെരുമാറ്റം ഒരു ശീലമായിത്തുടങ്ങിയാല്‍ പ്രേരകങ്ങള്‍ നല്‍കുന്നത് ഇടക്കു മാത്രമാക്കുകയും പതിയെ അതും നിര്‍ത്തലാക്കുകയും ചെയ്യാം.
പ്രേരകങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍
കുട്ടിയുടെ പ്രായത്തിനും താല്‍പര്യങ്ങള്‍ക്കും യോജിച്ചതും കുട്ടിക്ക് എപ്പോഴും കിട്ടിക്കൊണ്ടിരിക്കാത്തതുമായ കാര്യങ്ങളാണ് ഉപയോഗിക്കേണ്ടത്. ഭക്ഷണസാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള അനുവാദം, തീരുമാനങ്ങള്‍ സ്വന്തമായെടുക്കാനുള്ള സ്വാതന്ത്യ്രം തുടങ്ങിയവ നല്ല പ്രേരകങ്ങളാണ്. ഒന്നിലധികം പ്രേരകങ്ങള്‍ ഒന്നിച്ചുപയോഗിക്കുന്നതും, അവ തെരഞ്ഞെടുക്കാന്‍ കുട്ടിക്ക് അവസരം കൊടുക്കുന്നതും, ആവര്‍ത്തനവിരസതയൊഴിവാക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. പ്രേരകങ്ങളായി നിശ്ചയിച്ച കാര്യങ്ങള്‍ കുട്ടിക്ക് വെറുതേതന്നെ കിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യമുണ്ടാകരുത്. ഉദാഹരണത്തിന്, മുറിയിലെ സാധനങ്ങള്‍ അടുക്കിയൊതുക്കി വെച്ചാല്‍ ഗെയിംകളിക്കാന്‍ സമ്മതിക്കാം എന്നു പ്രഖ്യാപിച്ചിട്ട്‌ വേണ്ടപ്പോഴെല്ലാം ഗെയിംകളിക്കാനുള്ള അവസരം തുറന്നിടരുത്.
സമ്മാനക്കരാര്‍ എന്ന വിദ്യ
സാരമായ പെരുമാറ്റപ്രശ്നങ്ങളുള്ളവര്‍ക്ക് സമ്മാനക്കരാറുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. നിശ്ചിത കാര്യങ്ങള്‍ ചെയ്യുന്നതിന് പോയിന്‍റുകള്‍ കൊടുക്കുകയും, അവ ഒരു പരിധിയില്‍ക്കവിഞ്ഞാല്‍ പകരം പ്രേരകങ്ങള്‍ നല്‍കുകയുമാണ് ഇവിടെച്ചെയ്യുന്നത്. ഉദാഹരണത്തിന്, ഓരോ ദിവസവും സമയത്തെഴുന്നേല്‍ക്കുന്നതിന് ഒരു മാര്‍ക്കും, അനിയനെ ഉപദ്രവിക്കാതിരിക്കുന്നതിന് രണ്ടു മാര്‍ക്കും, വായിക്കുന്ന ഓരോ അരമണിക്കൂറിനും അര മാര്‍ക്കു വീതവും കൊടുക്കാം. എന്നിട്ട് മൂന്നര മാര്‍ക്കെങ്കിലും കിട്ടുന്ന ദിവസങ്ങളില്‍ അര മണിക്കൂര്‍ ടിവി കാണിക്കാമെന്നും ആഴ്ചയില്‍ ഇരുപത്തിയഞ്ച് പോയിന്‍റുകളെങ്കിലും കിട്ടിയാല്‍ ഫ്രൂട്ട്സലാഡ് കഴിപ്പിക്കാമെന്നും വാക്കുനല്‍കാം. (ഈ ഉദാഹരണത്തിന്‍റെ കരാര്‍രൂപം ചിത്രം 2-ലും, സെറോക്സ്‌ ചെയ്തുപയോഗിക്കാവുന്ന ഒരു മാതൃക ഡൌണ്‍ലോഡ് ചെയ്യാനായി ഇവിടെയും കൊടുത്തിരിക്കുന്നു.) എല്ലാ പെരുമാറ്റങ്ങളെയും ഒന്നിച്ചുള്‍ക്കൊള്ളിക്കാതെ അത്യാവശ്യമുള്ളതും എളുപ്പം ചെയ്യാവുന്നതുമായവയെ ആദ്യം എടുക്കാം. അവ ഒരു ശീലമായിക്കഴിഞ്ഞാല്‍ അവയെയൊഴിവാക്കി അടുത്തവ കയറ്റാം.
reinforcements_chart_20140830-022435_1.JPGചിത്രം 2: സമ്മാനക്കരാറിന്‍റെ മാതൃക
പ്രശംസ ഒരു ചെറിയ കാര്യമല്ല
പ്രേരകം എന്ന നിലക്ക് പ്രശംസ ഏറെ ഫലപ്രദമാണ്. മേമ്പൊടിക്ക് പ്രശംസയും പ്രോത്സാഹനവചനങ്ങളും കൂടി ചേര്‍ക്കുന്നത് മറ്റു പ്രേരകങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഒരേ പ്രശംസാവാചകങ്ങളും അനുബന്ധസ്പര്‍ശങ്ങളും തന്നെ ആവര്‍ത്തിച്ചുപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
പ്രശംസ അമിതമായാലും പ്രശ്നമാണ്. ഇടക്കെപ്പോഴെങ്കിലും മാത്രം പുറത്തെടുക്കുമ്പോഴാണ് പ്രശംസക്കു വീര്യം കിട്ടുന്നത്. ശരിതെറ്റുകളെക്കുറിച്ചുള്ള സ്വന്തം ധാരണകളെ അവഗണിച്ച് കുട്ടി മറ്റുള്ളവരുടെയഭിപ്രായങ്ങള്‍ക്ക് അനാവശ്യ പ്രാധാന്യം കല്‍പിക്കുന്ന അവസ്ഥയുണ്ടാക്കി അമിതപ്രശംസ വിപരീതഫലം സൃഷ്ടിക്കുകയും ചെയ്യാം.
രണ്ടു തെറ്റിദ്ധാരണകള്‍
പ്രേരകങ്ങള്‍ ഒരുതരം കൈക്കൂലിയാണ് എന്നു കരുതുന്നവരുണ്ട്. എന്നാല്‍ നമ്മുടേതു മാത്രമായ ആവശ്യങ്ങള്‍ വഴിവിട്ടു നടത്തിത്തരുന്നതിനു കൊടുക്കുന്ന സമ്മാനങ്ങളെയേ കൈക്കൂലി എന്നു വിശേഷിപ്പിക്കാനാവൂ. നല്ല ശീലങ്ങള്‍ സ്വായത്തമാക്കുന്നതു കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമുക്കല്ല, കുട്ടിക്കു തന്നെയാണ് കൂടുതല്‍ പ്രയോജനം എന്നതിനാല്‍ അവയെ പ്രോത്സാഹിപ്പിക്കാനായി പ്രശംസയോ ചെറിയ സമ്മാനങ്ങളോ നല്‍കുന്നതിനെ കൈക്കൂലി എന്നു വിളിക്കാനാവില്ല.
നിരന്തരം പ്രേരകങ്ങള്‍ കൊടുക്കുന്നത് കുട്ടികളെ വഷളാക്കും എന്നു വിശ്വസിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇവിടെ നാമുപയോഗിക്കുന്നത് വിലപിടിച്ച സമ്മാനങ്ങളൊന്നുമല്ല. കുട്ടി തക്ക ശീലങ്ങള്‍ സ്വാംശീകരിച്ചു കഴിഞ്ഞാല്‍ പ്രേരകങ്ങള്‍ ക്രമേണ പിന്‍വലിക്കപ്പെടുന്നുമുണ്ട്.
ഇല്ലാശീലങ്ങള്‍ നട്ടുവളര്‍ത്താം
നല്ല ചെയ്തികളെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല, പുത്തന്‍പതിവുകള്‍ രൂപപ്പെടുത്താനും പാഴ്ഗുണങ്ങളെ പിഴുതുകളയാനും ഒക്കെ പ്രേരകങ്ങളെ ഉപയോഗപ്പെടുത്താം.
അറിവില്ലായ്മയോ പരിചയക്കുറവോ മൂലം നിലവില്‍ കുട്ടി ഒട്ടുമേ പ്രകടിപ്പിക്കുന്നില്ലാത്ത ശീലങ്ങളെ പ്രേരകങ്ങള്‍ വെച്ചു മാത്രം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞേക്കില്ല — കാര്യം ഒന്നു ചെയ്തുകിട്ടിയാല്‍ മാത്രമാണല്ലോ പ്രേരകങ്ങള്‍ക്കു പ്രസക്തിയുള്ളത്. കുട്ടിക്ക് തക്കതായ പരിശീലനങ്ങള്‍ കൊടുക്കുകയാണ് ഇവിടെ നമുക്കാദ്യം ചെയ്യാനുള്ളത്. ഉദാഹരണത്തിന്, കുട്ടിയെക്കൊണ്ട് സ്വന്തം മുറി വൃത്തിയാക്കിക്കണം എന്നുള്ളപ്പോള്‍ “ആദ്യം കളിപ്പാട്ടങ്ങള്‍ പെറുക്കിയെടുത്ത് ഷെല്‍ഫില്‍ അടുക്കിയൊതുക്കി വെക്കണം...” എന്നതുപോലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, ഒരു കളിപ്പാട്ടമെടുത്ത് അലമാരയില്‍ സ്വയം വെച്ച് മാതൃക കാണിച്ചുകൊടുക്കുക തുടങ്ങിയവ പരിഗണിക്കാവുന്നതാണ്. കുട്ടി യഥാവിധി ചെയ്തുതുടങ്ങിയാല്‍ പ്രേരകങ്ങളെ രംഗത്തിറക്കാം.
നടപ്പുരീതിയില്‍ നിന്ന് ഏറെ അന്തരമുണ്ട് അഭിലഷണീയ രീതിക്ക് എങ്കില്‍ അതു പൂര്‍ണമായും സ്വായത്തമാക്കിക്കഴിഞ്ഞേ പ്രേരകങ്ങള്‍ തരൂ എന്നു വാശിപിടിക്കരുത്. മറിച്ച് പടിപടിയായ ചെറിയ മാറ്റങ്ങളെയും പ്രേരകങ്ങള്‍ കൊണ്ടു പ്രോത്സാഹിപ്പിക്കാം. ഉദാഹരണത്തിന്, ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം, അതും വെറും പത്തോ പതിനഞ്ചോ മിനിട്ടു വീതം, മാത്രമേ കുട്ടി പഠിക്കാനിരിക്കുന്നുള്ളൂ എങ്കില്‍ അവിടെ “ഏഴുദിവസവും ഒരു മണിക്കൂര്‍ വീതം പഠിച്ചാല്‍ പ്രേരകങ്ങള്‍ തരാം” എന്നപോലുള്ള വാഗ്ദാനങ്ങള്‍ ഫലംകണ്ടേക്കില്ല. പകരം, തുടക്കത്തില്‍ ആഴ്ചയില്‍ നാലു ദിവസമെങ്കിലും ഒരിരുപതു മിനിട്ടുവെച്ച് പഠിക്കുന്നതിനും പ്രേരകങ്ങള്‍ കൊടുക്കാം. എന്നിട്ട് ഇതൊരു ശീലമായിത്തുടങ്ങിയാല്‍ പതിയെ കൂടുതല്‍ ദിവസങ്ങള്‍, കൂടുതല്‍ നേരം പഠിക്കണമെന്ന നിബന്ധനകള്‍ രംഗത്തിറക്കാം.
ചെയ്യാന്‍ മടിക്കുന്ന പ്രവൃത്തിക്ക് പല ഘട്ടങ്ങളുണ്ട് എങ്കില്‍ അതില്‍ ചിലതെങ്കിലും ചെയ്യാന്‍ തയ്യാറായാലും പ്രേരകങ്ങള്‍ കൊടുക്കാം. ഉദാഹരണത്തിന്, ഹോംവര്‍ക്ക് ചെയ്യുക എന്നതിന് ക്ലാസ്സില്‍പ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക, ആവശ്യമായ പുസ്തകങ്ങള്‍ വീട്ടില്‍ക്കൊണ്ടുവരിക, ഹോംവര്‍ക്ക് ചെയ്യാന്‍ ഇരിക്കുക, അത് മുഴുമിപ്പിക്കുക, ആവശ്യമെങ്കില്‍ മാതാപിതാക്കളെക്കാണിച്ച് തെറ്റുകള്‍ തിരുത്തുക, തിരിച്ച് പുസ്തകം ക്ലാസില്‍ക്കൊണ്ടുപോവുക എന്നിങ്ങനെ പല ഘട്ടങ്ങളുണ്ട്. ഹോംവര്‍ക്ക് ബാലികേറാമലയായ ഒരു കുട്ടി ഇതില്‍നിന്ന് ഒന്നോ രണ്ടോ കാര്യങ്ങള്‍ പുതുതായിച്ചെയ്യാന്‍ തുടങ്ങിയാല്‍ത്തന്നെ പ്രേരകങ്ങള്‍ നല്‍കാം. എന്നിട്ട്, അവ ഒരു ശീലമായിക്കഴിഞ്ഞാല്‍, ഒന്നൊന്നായി ബാക്കി ഘട്ടങ്ങളും കൂടിച്ചെയ്യാന്‍ നിഷ്കര്‍ഷിക്കാം.
ദുശ്ശീലങ്ങള്‍ക്കുള്ള പ്രേരകങ്ങള്‍
പ്രേരകങ്ങള്‍ മുന്നോട്ടുവെച്ച് ദുശ്ശീലങ്ങളെ നശിപ്പിക്കാനുപയോഗിക്കാവുന്ന ചില രീതികളിതാ —
1.    ദുശ്ശീലത്തെ അടക്കിനിര്‍ത്തുന്നതിന് പ്രേരകങ്ങള്‍ കൊടുക്കാം. ഉദാഹരണത്തിന്, പിടിവാശിക്കാര്‍ക്ക് നിശ്ചിതസമയം വാശികാണിക്കാതിരിക്കുന്നതിന് പ്രേരകങ്ങള്‍ നല്‍കാം.
2.    നല്ല മറുശീലങ്ങള്‍ പ്രകടിപ്പിക്കുന്നതിന് പ്രേരകങ്ങള്‍ കൊടുക്കാം. ഉദാഹരണത്തിന്, അനിയത്തിയുമായി എപ്പോഴും വഴക്കിടുന്നയാള്‍ അതുനിര്‍ത്തി ഒരു പ്രശ്നവുമുണ്ടാക്കാതെ കളിക്കാന്‍ തുടങ്ങിയാല്‍ പ്രേരകങ്ങള്‍ നല്‍കാം. ഈ രീതി ശിക്ഷകളെക്കാള്‍ ഫലപ്രദമാണ് എന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.
3.    ദുശ്ശീലത്തിനു പകരമായി അതേ ഫലമുള്ള നല്ല പെരുമാറ്റങ്ങള്‍ കൈക്കൊണ്ടാല്‍ പ്രേരകങ്ങള്‍ കൊടുക്കാം. ഉദാഹരണത്തിന്, ശ്രദ്ധ പിടിച്ചുപറ്റാനായി ഒച്ചവെക്കുകയോ ഇടക്കുകയറിപ്പറയുകയോ ചെയ്താല്‍ അവഗണിച്ച്, മാന്യമായ രീതികളുപയോഗിക്കുമ്പോള്‍ കാതുകൊടുക്കുകയും പ്രേരകങ്ങള്‍ നല്‍കുകയും ചെയ്യാം.
4.    പഴയതിലും കുറച്ചു തവണ മാത്രം ദുശ്ശീലം പ്രകടിപ്പിക്കുന്നതിന് പ്രേരകങ്ങള്‍ നല്‍കാം. ഉദാഹരണത്തിന്, ദിവസത്തില്‍ പത്തുപ്രാവശ്യമൊക്കെ ചീത്തവാക്കുകള്‍ പയറ്റുന്നവര്‍ക്ക് ആദ്യം അത് അഞ്ചായിക്കുറക്കുന്നതിന് പ്രേരകങ്ങള്‍ കൊടുക്കാം.
5.    ദുശ്ശീലത്തിന്‍റെ കാഠിന്യം കുറക്കുന്നതിന് പ്രേരകങ്ങള്‍ നല്‍കാം. ഉദാഹരണത്തിന്, ദേഷ്യം വരുമ്പോള്‍ സാധനങ്ങള്‍ നശിപ്പിക്കുകയും സ്വയം ഉപദ്രവിക്കുകയും അസഭ്യം പുലമ്പുകയുമൊക്കെച്ചെയ്യുന്നവര്‍ക്ക് ഇക്കൂട്ടത്തില്‍ ഏതെങ്കിലും ഒന്നു നിയന്ത്രിക്കുന്നതിന് പ്രേരകങ്ങള്‍ കൊടുക്കാം.
ദുഷ്പെരുമാറ്റം കൊണ്ട് കുട്ടിക്കു കിട്ടുന്ന ഗുണങ്ങളെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന്, ചേട്ടന്‍ ഉപദ്രവിക്കുമ്പോഴെല്ലാം അനിയത്തി അവന്‍റെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിക്കൊടുക്കുന്നു എങ്കില്‍ ആ രീതി മാറ്റാന്‍ അനിയത്തിയെ ഉപദേശിക്കാവുന്നതാണ്.
മുന്‍കരുതലുകളും പ്രസക്തമാണ്
പ്രേരകങ്ങളും ശിക്ഷകളും നല്‍കപ്പെടുന്നത് പെരുമാറ്റങ്ങള്‍ക്കു ശേഷമാണ്. എന്നാല്‍ ചിലപ്പോള്‍ നാം ശ്രദ്ധചെലുത്തേണ്ടത് പെരുമാറ്റങ്ങള്‍ക്കു മുന്നോടിയായി നടക്കുന്ന കാര്യങ്ങളിലാവാം. ഉദാഹരണത്തിന്, അച്ഛനമ്മമാരുടെ അടിപിടികളും കണ്ട് സ്കൂളിലേക്കു പോവുന്ന കുട്ടി തല്‍ഫലമായി അവിടെ ശ്രദ്ധക്കുറവോ മുന്‍ശുണ്‍ഠിയോ പ്രകടമാക്കിയാല്‍ പരിഹാരം പ്രേരകങ്ങളോ ശിക്ഷകളോ അല്ല, മറിച്ച് അച്ഛനമ്മമാരുടെ സ്വയംതിരുത്തല്‍ ആണ്. ഇത്തരം ബാഹ്യകാരണങ്ങള്‍ക്കു പുറമെ ഉറക്കച്ചടവ്, വിശപ്പ്‌, മനോവിഷമങ്ങള്‍ തുടങ്ങിയ ആന്തരികഘടകങ്ങളും ഈ വിധം പ്രകോപനഹേതുവാകാം. ഇത്തരം സ്വാധീനങ്ങളെക്കുറിച്ചുള്ള ബോദ്ധ്യം സൂക്ഷിക്കുന്നതും തക്ക മുന്‍കരുതലുകള്‍ എടുക്കുന്നതും ദുഷ്പെരുമാറ്റങ്ങളുടെ ആവര്‍ത്തനം തടയാന്‍ മാത്രമല്ല, സദ്ഗുണങ്ങള്‍ ഉളവാക്കിയെടുക്കാനും കൈത്താങ്ങാവും. ഉദാഹരണത്തിന്, എന്തെങ്കിലും ആജ്ഞാപിക്കുമ്പോള്‍ ശൈലി (പരുഷമാണോ അതോ മയത്തിലാണോ, ഓപ്ഷനുകള്‍ കൊടുക്കുന്നുണ്ടോ അതോ അക്ഷരംപ്രതി അനുസരിക്കാനാണോ), സാഹചര്യം (കുട്ടി ബോറടിച്ചിരിക്കുകയാണോ അതോ ഇഷ്ടസീരിയല്‍ കാണുകയോ മറ്റോ ആണോ) തുടങ്ങിയവയില്‍ ശ്രദ്ധചെലുത്തുന്നത് മറുപടി അനുകൂലമാവാനുള്ള സാദ്ധ്യതയേറ്റും.
അവഗണനയും ഒരു മരുന്നാണ്
കടുത്ത പെരുമാറ്റവൈകല്യങ്ങളുള്ള കുട്ടികളുടെ വീടുകളില്‍ അവരുടെ നല്ല ചെയ്തികള്‍ അവഗണിക്കപ്പെടുന്നു എന്നതിനു പുറമെ കുരുത്തക്കേടുകള്‍ക്കു യഥേഷ്ടം ശ്രദ്ധകിട്ടുന്നുവെന്ന പ്രശ്നവും ഉണ്ട് എന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ളവര്‍ കണ്ണു കൊടുക്കാതിരുന്നാല്‍ത്തന്നെ പല ദുസ്സ്വഭാവങ്ങളും നേര്‍ത്തില്ലാതാവും. ഏതേതാളുകളുടെ സാന്നിദ്ധ്യത്തിലാണ് കുട്ടി കുറുമ്പുകള്‍ കാണിക്കുന്നത് എന്നു കണ്ടുപിടിക്കുന്നത് ആരുടെ ശ്രദ്ധയാണ് പ്രചോദനമായി ഭവിക്കുന്നത് എന്നു തിരിച്ചറിയാനും തക്ക നടപടികള്‍ സ്വീകരിക്കാനും സഹായിക്കും.
അവഗണനയുടെ ഗുണഫലങ്ങള്‍ പക്ഷേ അല്‍പം പതുക്കെയേ ദൃശ്യമാവൂ. നാം പിന്‍വലിക്കുന്ന ശ്രദ്ധ തിരിച്ചുപിടിക്കാനായി കുട്ടി ആദ്യമൊക്കെ കൂടുതല്‍ വികൃതികള്‍ കാണിച്ചുനോക്കുകയും ചെയ്യാം — ആ നേരങ്ങളില്‍ നാം അറിയാതെ പോലും ഒന്നു ശ്രദ്ധിച്ചുപോവുന്നത് പ്രശ്നം പഴയതിലും വഷളാക്കും എന്ന് പ്രത്യേകം ഓര്‍ക്കണം.
അനുസരണക്കേടിനു പിഴയിടാം
എടുത്തുകളഞ്ഞുള്ള നിരുത്സാഹപ്പെടുത്തലുകള്‍ക്ക് ദുശ്ശീലങ്ങളെത്തടയുന്നതില്‍ ഒരു താല്‍ക്കാലികാശ്വാസം തരാനാവും. ഉദാഹരണത്തിന് നിശ്ചിതസമയത്ത് വീട്ടില്‍ തിരിച്ചെത്താതെ കളിച്ചുനടന്ന കുട്ടിയെ അന്നു വൈകുന്നേരം ടിവി കാണാന്‍ സമ്മതിക്കാതിരിക്കാം. വലുതോ ഏറെ നിരാശപ്പെടുത്തുന്നതോ ആയ കാര്യങ്ങളായിരിക്കണം ഇങ്ങിനെ എടുത്തുകളയുന്നത് എന്നില്ല — അഞ്ചോ പത്തോ മിനുട്ട് ഒരു മുറിയിലോ കസേരയിലോ ഒതുങ്ങിയിരിക്കാന്‍ നിര്‍ബന്ധിക്കുക, സമ്മാനക്കരാറില്‍ക്കിട്ടിയ പോയിന്‍റുകളില്‍നിന്ന് നിശ്ചിതയെണ്ണം കുറയ്ക്കുക തുടങ്ങിയ പിഴകളും ഫലപ്രദം തന്നെയാണ്. ദുസ്സ്വഭാവങ്ങള്‍ തലപൊക്കുമ്പോഴെല്ലാം മുടങ്ങാതെ, അവിളംബം ഈ രീതി ഉപയോഗിക്കുക എന്നതാണു പ്രധാനം. ഒപ്പം നല്ല മറുശീലങ്ങള്‍ക്ക് പ്രേരകങ്ങള്‍ കൊടുക്കുന്നതും ഗുണംചെയ്യും.
അടിയും മറ്റു ശിക്ഷകളും
മുന്നോട്ടുവെച്ചുള്ള നിരുത്സാഹപ്പെടുത്തലുകള്‍ എന്ന വിഭാഗത്തില്‍ വരുന്നത് അടി പോലുള്ള ശിക്ഷാവിധികള്‍ തന്നെയാണ്. ചിലയവസരങ്ങളില്‍ ഇവക്കും പ്രസക്തിയുണ്ട്. പ്രേരകങ്ങളിലൂടെ ഒരു നല്ല ശീലം വളര്‍ത്തിയെടുക്കുന്നതിനിടയില്‍ നേര്‍വിപരീതമായ തരത്തില്‍ പ്രവര്‍ത്തിച്ചാലും, കുട്ടിക്കുതന്നെയോ മറ്റുള്ളവര്‍ക്കോ പരിക്കേല്‍ക്കാവുന്ന രീതിയില്‍ പെരുമാറുമ്പോഴും ഒക്കെ ലഘുവായ ശിക്ഷകള്‍ പരിഗണിക്കാവുന്നതാണ്. എന്നാല്‍ ശിക്ഷകള്‍ കൈക്കൊള്ളുമ്പോള്‍ നാം ചില കാര്യങ്ങള്‍ മനസ്സിരുത്തേണ്ടതുണ്ട്:
·         ശിക്ഷാവിധികള്‍ പൊതുവെ ഉപയോഗിക്കപ്പെടാറുള്ളത് പാഠം പഠിപ്പിക്കുക, പകരം വീട്ടുക, പശ്ചാത്താപം ജനിപ്പിക്കുക, വേദനയുളവാക്കുക, കരയിക്കുക എന്നൊക്കെയുള്ള ഉദ്ദേശങ്ങളോടെയാണ്. കുട്ടിയുടെ “കുറ്റ”ത്തിന് തത്തുല്യം എന്നു നാം നിശ്ചയിക്കുന്നത്ര കാഠിന്യമുള്ള ശിക്ഷകളാവാം നാമൊരുക്കുന്നതും. എന്നാല്‍ ദുഷ്പെരുമാറ്റങ്ങളെ ദുര്‍ബലപ്പെടുത്തുക എന്നതു മാത്രമായിരിക്കണം ശിക്ഷകളുടെ ലക്‌ഷ്യം എന്നും, അതിനുതക്ക കാഠിന്യമേ ശിക്ഷാമുറകള്‍ക്കു പാടുള്ളൂ എന്നും ആണ് വിദഗ്ദ്ധമതം.
·         അടിച്ചാലോ ശാസിച്ചാലോ ഒക്കെ മാത്രമേ ശിക്ഷയാവൂ എന്നില്ല. വീട്ടുഭാഗങ്ങള്‍ വൃത്തിയാക്കുക പോലുള്ള കുട്ടിക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യിക്കുന്നതും ഫലപ്രദമാണ്.
·         കൂടുതല്‍ നേരം ഹോംവര്‍ക്ക് ചെയ്യിക്കുക, ബന്ധുവീടുകളില്‍ പോവുന്നതു വിലക്കുക തുടങ്ങിയ ശിക്ഷാനടപടികള്‍ ചിലര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പഠനവും ബന്ധങ്ങളും പോലുള്ള കുട്ടികള്‍ പ്രാധാന്യവും ബഹുമാനവും കല്‍പിക്കേണ്ടതായ കാര്യങ്ങളെ ശിക്ഷാവിധികളില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാവും നല്ലത്.
·         ശിക്ഷകളിലൂടെ നാം ഉന്നംവെക്കുന്നത് കുട്ടിയുടെ സ്വഭാവരൂപീകരണമാണോ അതോ നമ്മുടെതന്നെ മനസ്സമാധാനമാണോ എന്നതും പ്രസക്തമാണ്. സ്വന്തം കോപം ശമിപ്പിക്കുക, സ്വന്തം മുഖം രക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ശിക്ഷകള്‍ പയറ്റുന്നത് കാലക്രമത്തില്‍ അവയുടെ കാഠിന്യം കൂടാനും മുമ്പുനിരത്തിയ പാര്‍ശ്വഫലങ്ങള്‍ തലപൊക്കാനും ഇടവരുത്താം.
ചില അബദ്ധധാരണകള്‍ 
·         തീവ്രമായ ശിക്ഷകള്‍ ലഘുശിക്ഷകളെക്കാള്‍ ഫലം ചെയ്യും.
·         ചെറിയ ശിക്ഷകള്‍ അടിയറവു പറയുന്നേടത്ത് കൊടുംശിക്ഷകള്‍ വിജയിക്കും.
·         കുട്ടി കരഞ്ഞാലേ ഒരു ശിക്ഷ വിജയിച്ചു എന്നു പറയാനാവൂ.
ശിക്ഷകള്‍ ഫലവത്താകാന്‍
ദുശ്ശീലങ്ങള്‍ തലപൊക്കുമ്പോഴെല്ലാം മുടങ്ങാതെ, താമസംവിനാ പ്രയോഗിച്ചാലേ ശിക്ഷാരീതികള്‍ ഫലംചെയ്യൂ. ഒപ്പംതന്നെ എങ്ങനെ നന്നായി പെരുമാറാമായിരുന്നു എന്നു പറഞ്ഞുകൊടുക്കുന്നതും പിന്നീട് അപ്രകാരം പെരുമാറുമ്പോള്‍ പ്രേരകങ്ങള്‍ നല്‍കുന്നതും ഗുണകരമാകും.
ഒരു ശിക്ഷ ഫലപ്രദമാണോ എന്നു നിശ്ചയിക്കുമ്പോള്‍ ദുശ്ശീലത്തെ കുട്ടി തല്‍ക്കാലത്തേക്കു നിയന്ത്രിക്കുന്നുണ്ടോ എന്നതല്ല, പിന്നീടാവര്‍ത്തിക്കുന്നുണ്ടോ എന്നതാണു കണക്കിലെടുക്കേണ്ടത്. ഉദാഹരണത്തിന്, തെറി മുഴക്കുന്ന കുട്ടി ഒരടി കിട്ടുമ്പോള്‍ ഉടന്‍ വായടക്കുന്നു എന്നിരിക്കട്ടെ. പക്ഷേ അല്‍പനേരം കഴിഞ്ഞ് തെറിവിളി വീണ്ടും തുടങ്ങുകയാണെങ്കില്‍ അതിനര്‍ത്ഥം ആ അടി ഫലംചെയ്തില്ല എന്നാണ്. ഒരു ശിക്ഷ ഏശിയില്ലെങ്കില്‍ അതിന്‍റെ കാഠിന്യമോ ദൈര്‍ഘ്യമോ കൂട്ടിയതുകൊണ്ടു കാര്യമില്ല — മറ്റൊരു നടപടിയിലേക്കു കടക്കുകയോ ഒപ്പം പ്രേരകങ്ങളും കൂടി ഉപയോഗിക്കുകയോ ആണു വേണ്ടത്.
(2014 ആഗസ്റ്റ് ലക്കം അവര്‍ കിഡ്സ്‌ മാസികയില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
2
1
2
3
4
5
6
7
8

9കുട്ടിക്കുറുമ്പുകളോടെതിരിടുമ്പോള്‍
http://mind.in/images/easyblog_images/637/2e1ax_origami_entry_behavior_modification_malayalam.jpg

കടപ്പാട്----------------MIND
2
1
2
3
4
5
6
7
8
9