To listen you must install Flash Player.

Sunday, 22 September 2013


നൂറു യൂണിറ്റ് വൈദ്യുതി സ്വന്തമാക്കുന്ന വിധം


. അല്പം ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ വൈദ്യുതി ബില്ലിന്റെ ഷോക്കില്‍ നിന്നു രക്ഷപ്പെടാം.

അനാവശ്യമായി തെളിഞ്ഞുനില്‍ക്കുന്ന ലൈറ്റുകള്‍. ഓഫീസിലേക്കു പുറപ്പെടും മുമ്പ് ഒരു ഷര്‍ട്ടുമായി തേപ്പുപെട്ടി ഓടുന്ന വീട്ടുകാര്‍, സാധനങ്ങള്‍ കുത്തിനിറച്ച് ശ്വാസം മുട്ടുന്ന ഫ്രിഡ്ജുകള്‍, കാണികള്‍ ആരുമില്ലെങ്കിലും അവിരാമമായി പാടിത്തകര്‍ക്കുന്ന ടിവി... പല വീട്ടിലും ഇതൊരു നിത്യക്കാഴ്ചയാണ്.
അല്പം ശ്രദ്ധയോടെയും വിവേകത്തോടെയും ഉപയോഗിച്ചാല്‍ പാഴാകുന്ന വൈദ്യുതി മിച്ചംപിടിക്കാം.
നൂറു യൂണിറ്റ് വൈദ്യുതി സ്വന്തമാക്കുന്ന വിധം

സാധാരണ കുടുംബത്തില്‍ രണ്ടുമാസംകൊണ്ട് നൂറു യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ ചില പൊടിക്കൈകള്‍ മാത്രം ഉപയോഗിച്ചാല്‍ മതി.

1) ഫ്രിഡ്ജ് തരും ഇരുപതു യൂണിറ്റ് വൈദ്യുതി

വൈകിട്ട് ആറുമണി മുതല്‍ പത്തുവരെ ഫ്രിഡ്ജ് ഉറപ്പായും ഓഫ് ചെയ്തിടണം. ഇത് വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടാക്കും. ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുളള ആഹാരസാധനങ്ങള്‍ക്ക് കേടുവരില്ല. അതിനു പുറമെ കൂടുതല്‍ തവണ ഫ്രിഡ്ജ് തുറന്ന് അടയ്ക്കുന്നത് വൈദ്യുതി നഷ്ടത്തിനിടയാക്കും. ഈ കരുതലിലൂടെ മാത്രം ഒരു സാധാരണ കുടുംബത്തിന് ഇരുപതു യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും. മാത്രമല്ല ഈ സംവിധാനം ഫ്രിഡ്ജിന്റെ ആയുസ് വര്‍ധിപ്പിക്കുകയും ചെയ്യും. ഫ്രിഡ്ജ് പത്തുമണിക്ക് ഓണാക്കാന്‍ മറന്നുപോകും എന്നു പേടിയുള്ളവര്‍ക്ക് മൊബൈലില്‍ അലാറം സെറ്റുചെയ്യാവുന്നതാണ്.

ഫ്രിഡ്ജില്‍ ആഹാരസാധനങ്ങള്‍ തരം തിരിച്ച് തണുപ്പിന്റെ ഏറ്റക്കുറച്ചിലുകള്‍ വേണ്ടതനുസരിച്ച് തട്ടുകളായി തിരിക്കുക. വലിയ കറിച്ചട്ടികള്‍ ഫ്രിഡ്ജില്‍ കുത്തിനിറയ്ക്കാതെ, കറികള്‍ ചെറിയ ബൌളുകളിലായി ക്രമീകരിക്കുക. ഫ്രഡ്ജുകള്‍ യഥാസമയം ഡിഫ്രോസ്റ് ചെയ്യുന്നതിലും ശ്രദ്ധിക്കണം.

2) എയര്‍കണ്ടീഷ്ണറെ തൊടുമ്പോള്‍ പേടിക്കണം

വീടുകളിലെ കറന്റുതീനിയാണ് എയര്‍കണ്ടീഷ്ണര്‍. ഒരു ടണ്ണിന്റെ എസി ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതി ചെലവാകും. അതിനാല്‍ എസി ഉപയോഗത്തില്‍ വളരെയേറെ കരുതല്‍ വേണം. എസി ഉപയോഗിക്കുന്നതിനു മുമ്പുതന്നെ ജനാലകള്‍ തുറന്ന് മുറിക്കുള്ളിലെ ചൂടുവായു പുറത്തുകളയണം. മുറിയില്‍നിന്നും തണുപ്പു പുറത്തുപോകുന്ന ദ്വാരങ്ങള്‍ അടയ്ക്കുക. മുറി നന്നായി തണുത്തതിനുശേഷം ഫാന്‍ ഉപയോഗിക്കുക. ഇത്തരം ശ്രദ്ധയിലൂടെ ഇരുപതു യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും. സൂര്യപ്രകാശം നേരിട്ടുവീഴാത്ത ഇടത്തുവേണം എയര്‍കണ്ടീഷ്ണര്‍ ഘടിപ്പിക്കാനും.

3) എപ്പോഴും ലൈറ്റുകള്‍ തെളിയേണ്ട

എല്ലാ വീട്ടിലും ഏറ്റവുമധികം അശ്രദ്ധ ലൈറ്റുകള്‍ ഓഫ് ചെയ്യുന്ന കാര്യത്തിലാണ്. ആളില്ലാതെയും അനാവശ്യമായും ലൈറ്റുകള്‍ തെളിച്ചിടുന്നത് പലരുടെയും ശീലമാണ്. ബാത്ത്റൂമുകളിലെ ലൈറ്റുകള്‍ പലപ്പോഴും പകല്‍നേരം മുഴുവന്‍ തെളിഞ്ഞുനില്‍ക്കും. തുടരെ തുടരെ ലൈറ്റുകള്‍ തെളിക്കുകയും അണയ്ക്കുകയും ചെയ്യുന്നതും വൈദ്യുതി നഷ്ടത്തിന് ഇടയാക്കും. ലൈറ്റുകള്‍ വിവേകത്തോടെ ഉപയോഗിച്ചാല്‍ മാത്രം ഇരുപതു യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.

4) ഫാനില്‍ നിന്ന് അഞ്ചു യൂണിറ്റ് വൈദ്യുതി

ഫാനുകളുടെ ഉപയോഗത്തിലും ശ്രദ്ധ ആവശ്യമാണ്. ഒരു സാധാരണ കുടുംബത്തില്‍ മൂന്നുഫാനുകള്‍ നിത്യവും കറങ്ങിക്കൊണ്ടിരിക്കുന്നവയാണ്. മുറിയില്‍ നിന്നു പുറത്തുപോകുമ്പോള്‍ ഫാന്‍ ഓഫ് ചെയ്തുവെന്ന് ഉറപ്പുവരുത്തുക. പഴയ ഫാനുകള്‍, ഭാരം കൂടിയ ഫാനുകള്‍ എന്നിവയെല്ലാം അമിതമായി വൈദ്യുതി ഉപയോഗിക്കുന്നു. ഫാനിന്റെ ഇലക്ട്രോണിക് റെഗുലേറ്ററുകള്‍ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കും. സ്പീഡ് കുറച്ചാല്‍ വൈദ്യുതി ലാഭിക്കാം.ഇതിലൂടെയും അഞ്ചു യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.

5) ഇസ്തിരിയിടാം, ബുദ്ധിപൂര്‍വം

ഓട്ടോമാറ്റിക് ഇസ്തിരിപ്പെട്ടി ഉപയോഗിക്കുക. തുണികളെല്ലാം പലപ്പോഴായി ഇസ്തിരിയിടാതെ ഒന്നിച്ച് ഇസ്തിരിയിടുക. ഇസ്തിരിയിടുന്നതിനായി വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയം ഒഴിവാക്കുക. ഇതിലൂടെ പത്തു യൂണിറ്റ് വൈദ്യുതി ലാഭിക്കാവുന്നതാണ്.

6) മിക്സി ഓവര്‍ ലോഡ് ആവേണ്ട

മിക്സി ഉപയോഗിക്കുമ്പോള്‍ സമയം ലാഭിക്കുന്നതിനായി ശേഷിയിലുമധികം സാധനങ്ങള്‍ കുത്തിനിറയ്ക്കും. ഇത് വൈദ്യുത ചാര്‍ജ് വര്‍ധിപ്പിക്കുന്നു എന്നുമാത്രമല്ല മിക്സിയുടെ ആയുസ് കുറയ്ക്കുകയും ചെയ്യുന്നു. അരയ്ക്കുമ്പോള്‍ ആവശ്യത്തിന് വെള്ളമൊഴിക്കണം. യഥാസമയം ബെയറിംഗ് ലൂബ്രിക്കേറ്റ് ചെയ്യുക. മിക്സിയുടെ കാര്യക്ഷമമായ വിനിമയത്തിലൂടെ അഞ്ചു യൂണിറ്റ് വൈദ്യുതി ലാഭിക്കാനാവും.

7) ടിവി ആവശ്യത്തിനു മാത്രം

ആവശ്യമുള്ളപ്പോഴും കാണാന്‍ ആളുള്ളപ്പോഴും മാത്രം ടിവി ഓണ്‍ ചെയ്യുക. പലപ്പോഴും അടുക്കള ജോലികള്‍ ചെയ്യുമ്പോഴും ടിവി ഓണ്‍ചെയ്ത് ശബ്ദം കേള്‍ക്കുന്നത് സ്ത്രീകളുടെ ശീലമാണ്. ഇത് ഒഴിവാക്കുക. റിമോട്ടില്‍ മാത്രം ടിവി ഓഫ് ചെയ്യാതെ സ്വിച്ച് ഓഫ് ചെയ്യുന്നത് ശീലമാക്കുക.

8) വാഷിംഗ് മെഷീന് ആയുസ് നല്‍കാം

വാഷിംഗ് മെഷീന്‍ നിര്‍ദ്ദിഷ്ട ശേഷിയില്‍ മാത്രം ഉപയോഗിക്കുക. തുണികള്‍ കുത്തിനിറയ്ക്കുന്നത് വൈദ്യുതി ഉപയോഗം വര്‍ധിപ്പിക്കും. വാഷിംഗ് മെഷീന്റെ ആയുസ് കുറയ്ക്കും. വേനല്‍ക്കാലങ്ങളില്‍ ഡ്രയര്‍ ഒഴിവാക്കുക. അത്യാവശ്യമാണെങ്കില്‍ മാത്രം ഡ്രയര്‍ ഉപയോഗിക്കുക. ടോപ്പ് ഓപ്പണ്‍ വാഷിംഗ് മെഷീനെക്കാള്‍ നല്ലത് ഫ്രണ്ട് ഓപ്പണ്‍ വാഷിംഗ് മെഷീനുകളാണ്.

9) അരി കുതിര്‍ത്ത് അരയ്ക്കുക

ഗ്രൈന്‍ഡര്‍ ഉപയോഗിക്കുമ്പോള്‍ അരിയും ഉഴുന്നും 2 മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം മാത്രം ആട്ടുക. എളുപ്പം അരഞ്ഞുകിട്ടുന്നതുകൊണ്ട് 15 ശതമാനം ഊര്‍ജം ലാഭിക്കാം.

10) കംപ്യൂട്ടറിന് സ്റാന്‍ഡ് ബൈ വേണ്ട

കമ്പ്യൂട്ടര്‍ ഉപയോഗം കഴിഞ്ഞാല്‍ സ്റാന്റ് ബൈയില്‍ ഇടാതെ ഷട്ട് ഡൌണ്‍ ചെയ്യുക. ചാര്‍ജറുകള്‍ ഉപയോഗിക്കാത്തപ്പോള്‍ പ്ളഗില്‍ കുത്തിയിടരുത്. അതുപോലെ ചാര്‍ജര്‍ വെറുതെ കുത്തിവയ്ക്കരുത്, വൈദ്യുതി നഷ്ടമാവും.

മിക്സി, വാഷിംഗ് മെഷീന്‍, ഗ്രൈന്‍ഡര്‍, ടി.വി എന്നിയുടെ വിവേകപൂര്‍ണമായ ഉപയോഗത്തിലൂടെ ഇരുപതു യൂണിറ്റു വൈദ്യുതി ലാഭിക്കാനാവും.

വൈദ്യുതി ലാഭിക്കാന്‍ ഇനിയും മാര്‍ഗങ്ങള്‍

സീറോ വാട്ട് ബള്‍ബുകള്‍ യഥാര്‍ത്ഥത്തില്‍ 15 വാട്ട് ആണ്. ഇതിനു പകരം ഒരു വാട്ടിന്റെ എല്‍ഇഡി ലാമ്പുകള്‍ ഉപയോഗിക്കുക.

ടെലിവിഷന്‍ 100 വാട്ടിന്റെ ആണെങ്കില്‍ അതിനോടൊപ്പം ഇടുന്ന ഫാന്‍, ലൈറ്റ്, ഇവയെല്ലാം കൂടി ഇരുന്നൂറോ അതിലധികമോ വാട്ടിന്റെ വൈദ്യുതിച്ചെലവ് ഉണ്ടാകും. ടിവി മുറിയിലെ ലൈറ്റ് 8 വാട്ട് സിഎഫ്എല്‍ ആക്കാം. ഇതു കാരണം റേഡിയേഷന്‍ കുറയും. കണ്ണിനും ആരോഗ്യത്തിനും ഇതു നല്ലതാണ്.

പല ഉപകരണങ്ങളുടേയും സന്ധ്യാ സമയങ്ങളിലുള്ള ഉപയോഗം കുറക്കുക. പകല്‍ സമയം മുക്കാല്‍ യൂണിറ്റ് കൊണ്ട് പമ്പു ചെയ്യുന്ന വെള്ളം സന്ധ്യാസമയത്ത് പമ്പു ചെയ്യാന്‍ ഒരു യൂണിറ്റ് വൈദ്യുതി വരെ ചെലവാകും. ഹീറ്റര്‍, മിക്സി, തേപ്പുപെട്ടി, ഓവന്‍, ഗ്രൈന്‍ഡര്‍ തുടങ്ങിയവയ്ക്ക് എല്ലാം ഇതു ബാധകമാണ്.

ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കണം. കൂടുതല്‍ സ്റാറുകളുള്ള ഉപകരണങ്ങള്‍ കൂടുതല്‍ ലാഭം നല്‍കും.

വയറിംഗ് പ്രശ്നങ്ങള്‍ ഒഴിവാക്കാം

വൈദ്യുതീകരണത്തിനായി വീട് വയറിംഗ് നടത്തുമ്പോള്‍ ഗുണമേന്മയുള്ള ഉപകരണങ്ങളും സാധനസാമഗ്രികളും മാത്രം ഉപയോഗിക്കുക. വയറിംഗ് ജോലികള്‍ ലൈസന്‍സുള്ള വയര്‍മാന്‍മാരെകൊണ്ടു മാത്രം ചെയ്യിക്കുക. വീട് വയറിംഗ് ചെയ്യുമ്പോള്‍ നിയമാനുസൃതമായ എര്‍ത്തിംഗ് കൃത്യമായി ചെയ്യുക. ഇതിനായി രണ്ടര മീറ്റര്‍ നീളമുള്ള ചുരുങ്ങിയത് 2ജിഐ പൈപ്പുകളെങ്കിലും തമ്മില്‍ തമ്മില്‍ അഞ്ചുമീറ്റര്‍ അകലത്തില്‍ കുഴിയെടുത്ത് സ്ഥാപിക്കണം. കെട്ടിടത്തില്‍ നിന്ന് കുറഞ്ഞത് ഒന്നരമീറ്റര്‍ ഈ പൈപ്പുകള്‍ക്ക് അകലമുണ്ടായിരിക്കണം. വയറിംഗ് മൂലമുള്ള ലീക്കേജ് തടയാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി) മെയിന്‍ സ്വിച്ചിനോടു ചേര്‍ന്ന് സ്ഥാപിക്കുക.

വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ എളുപ്പവഴികള്‍

പകല്‍ സമയം ലൈറ്റും ഫാനും ഉപയോഗിക്കേണ്ടിവരാത്തവിധം വീടിന് ആവശ്യത്തിന് ജനലുകളും വാതിലുകളും ഉണ്ടായിരിക്കണം.

*സാധാരണ ബള്‍ബുകള്‍ക്കു പകരം സിഎഫ്എല്‍, എല്‍ഇഡി ലാമ്പുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കുക. അതു തന്നെ സ്ളിം ട്യൂബാക്കിയാല്‍ കൂടുതല്‍ ലാഭിക്കാം. ട്യൂബ് ലൈറ്റുകളില്‍ ഇലക്ട്രോണിക് ചോക്ക് ഉപയോഗിക്കുക.

*കൂടുതല്‍ ഉപയോഗിക്കുന്ന അടുക്കള, പൂമുഖം, സന്ദര്‍ശകമുറി എന്നിവിടങ്ങളില്‍ സിഎഫ്എല്‍ മാത്രം ഉപയോഗിക്കുക.

*രാത്രി മുഴുവന്‍ പുറം ലൈറ്റ് ഉപയോഗിക്കുന്നുണ്െടങ്കില്‍ അവിടെ സി.എഫ്.എല്‍ മാത്രം ഉപയോഗിക്കുക.

*ചിത്രങ്ങളില്‍ ചാര്‍ത്തുന്ന ഫാന്‍സി ലൈറ്റുകള്‍ ഒഴിവാക്കുക.

സാധാരണ ബള്‍ബുകളില്‍ 20 ശതമാനം മാത്രമാണ് പ്രകാശമായി ലഭിക്കുന്നത്. ബാക്കി 80 ശതമാനം ചൂടായി മാറുകയാണ്. എന്നാല്‍ സിഎഫ്എല്‍ ഉപയോഗിക്കുമ്പോള്‍ 80 ശതമാനം പ്രകാശമാണ് ലഭ്യമാകുന്നത്. ഒരു 40 വാട്ട് ബള്‍ബിന് തുല്യമാണ് 8 വാട്ടിന്റെ 5 സിഎഫ്എല്‍ ബള്‍ബ്. 40 വാട്ടിന്റെ സാധാരണ ബള്‍ബിനു പകരം 8 വാട്ടിന്റെ സിഎഫ്എല്‍ ഉപയോഗിച്ചാല്‍ ഒരു വര്‍ഷം 215 രൂപയുടെ കുറവു വരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വൈദ്യുതി അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം

*മെയിന്‍ സ്വിച്ച് പ്രവര്‍ത്തനക്ഷമമായി വയ്ക്കുക.

*മെയിന്‍ സ്വിച്ചിലെ ഫ്യൂസിനേക്കാള്‍ ശേഷി കുറഞ്ഞ ഫ്യൂസ് ഉപസര്‍ക്യൂട്ടില്‍ ഉപയോഗിക്കുക.

*ഒരു സര്‍ക്യൂട്ടില്‍ ലൈറ്റ്, ഫാന്‍, പ്ളഗ് മുതലായ പോയിന്റുകള്‍ 10 എണ്ണത്തിലും ലോഡ് 800 വാട്സിലും കവിയരുത്.

*മൂന്ന് പിന്‍ ഉളള പ്ളഗുകള്‍ മാത്ര മേ ഉപയോഗിക്കാവൂ.

*പ്ളഗ് സോക്കറ്റില്‍ ഒരുപകരണം മാത്രം ഘടിപ്പിക്കുക.പ്ളഗ് സോക്കറ്റുകള്‍ക്ക് സ്വിച്ച് ഘടിപ്പിക്കുക.

*ശരിയായ രീതിയില്‍ എര്‍ത്തിംഗ് ചെയ്യുക.

*വൈദ്യുതി വയറിംഗിലോ ഉപകരണങ്ങളിലോ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനു മുമ്പ് വൈദ്യുതിബന്ധം വിച്ഛേദിക്കുക.

*വൈദ്യുതി ഉപകരണങ്ങളുടേയും സുരക്ഷാ ഉപകരണങ്ങളുടേയും ഗുണമേന്മ ഉറപ്പുവരുത്തുക.

*വില കുറഞ്ഞതും താഴ്ന്ന നിലവാരമുള്ളതുമായ വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

*ഐഎസ്ഐ മുദ്രയുള്ളതോ തത്തുല്യമായ നിലവാരമുള്ളതോ ആയ ഉപകരണങ്ങളും സാമഗ്രികളും മാത്രം വയറിംഗിന് ഉപയോഗിക്കുക.

*വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗത്തിന് ശേഷം അവയുടെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കുകയും സോക്കറ്റില്‍ നിന്നും പ്ളഗ് പിന്‍ ഊരി മാറ്റുകയും ചെയ്യുക.

*കേടായ വൈദ്യുതി ഉപകരണങ്ങള്‍ ഉടന്‍ തന്നെ നന്നാക്കുകയോ പകരം മറ്റൊന്ന് ഉപയോഗിക്കുകയോ ചെയ്യുക.

*വൈദ്യുതി വയറിംഗില്‍ എന്തെങ്കിലും മാറ്റം വരുത്തുമ്പോഴും കൂടുതല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കുമ്പോഴും സെക്ഷന്‍ ഓഫീസില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങുക.

*കുട്ടികള്‍ക്ക് കൈയെത്തുംവിധം വൈദ്യുതി സാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്.

*പഴകിയതും ചീത്തയായതുമായ ഉപകരണങ്ങളും വയറുകളും ഉപയോഗിക്കരുത്. ഇലക്ട്രിക് പോസ്റിലോ സ്റേ വയറിലോ ചാരി നില്‍ക്കരുത്. അതില്‍ ചെടി പടരുവാന്‍ അനുവദിക്കരുത്.

*വീടിന്റെ പരിസരത്ത് വളര്‍ത്തുന്ന വൃക്ഷങ്ങളുടെ ശാഖകള്‍ തൊട്ടടുത്തുകൂടി കടന്നുപോകുന്ന വൈദ്യുത കമ്പികളുമായി ബന്ധപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുക.

*കമ്പിവേലിയില്‍ വൈദ്യുതി പ്രവഹിപ്പിക്കരുത്.

*ഫ്യൂസ് മാറ്റിയിടുമ്പോള്‍ ഫ്യൂസ് വയറിനു പകരം ചെമ്പുകമ്പി ഉപയോഗിക്കാതിരിക്കുക.

*പൊട്ടിക്കിടക്കുന്ന വൈദ്യുതികമ്പികളില്‍ തൊടരുത്.

മീറ്ററില്‍ കൃത്രിമം കാണിച്ചാല്‍

വൈദ്യുതി ബില്ലില്‍ കുറവു വരുത്തുന്നതിന് മീറ്ററില്‍ കൃത്രിമം കാണിക്കുകയല്ല മാര്‍ഗം. എന്നാല്‍ പുതിയ ഇലക്ട്രോണിക് മീറ്ററുകളില്‍ കൃത്രിമം തിരിച്ചറിയാനുള്ള സംവിധാനങ്ങളുണ്ട്. മീറ്ററില്‍ മാഗ്നറ്റ് ഘടിപ്പിച്ചിട്ടുണ്െടങ്കില്‍ അത് മീറ്ററില്‍ രേഖപ്പെടുത്തും.

ശിക്ഷാനടപടി

മീറ്ററില്‍ കൃത്രിമം കാണിച്ചാല്‍ ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 2003ലെ സെക്ഷന്‍ 135 പ്രകാരം ശിക്ഷാ വിധേയരാകും. 3 വര്‍ഷം ജാമ്യമില്ലാ തടവും പിഴയും ലഭിച്ചേക്കാം. 1 കിലോവാട്ടിന് 4000 രൂപ തോതില്‍ മോഷണം നടത്തിയ വൈദ്യുതിക്ക് തുല്യമായ കോമ്പൌണ്ടിംഗ് ചാര്‍ജ് നല്‍കിയാല്‍ ജയില്‍ ശിക്ഷ ഒഴിവാക്കാം. ഇത് വീടുകളില്‍ മാത്രം. വ്യാപാരസ്ഥാപനങ്ങളില്‍ 1 കിലോവാട്ടിന് 10,000 രൂപ തോതിലായിരിക്കും പിഴ.

വൈദ്യുതി ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. അനാവശ്യമായ പാഴ്ച്ചെലവുകള്‍ കുറച്ച് നമുക്ക് ഊര്‍ജം സംരക്ഷിക്കാവുന്നതാണ്. ദുരുപയോഗം കുറച്ചാല്‍ വൈദ്യുതി സംരക്ഷിക്കുന്നതിനു പുറമെ വെദ്യുതി നിരക്കും കുറയ്ക്കാമെന്നത് മറക്കാതിരിക്കുക.



കടപ്പാട് ---------M.G University Employees Union 

0 comments:

Post a Comment