To listen you must install Flash Player.

Thursday, 21 November 2013


മഴക്കാല ആരോഗ്യത്തിന്‌ 75 ഒറ്റമൂലികള്‍


ottamooli
മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം

1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത്ത്‌ ദിവസവും കഴിച്ചാല്‍ സ്‌ഥിരമായുള്ള ജലദോഷം മാറും.
2. തുളസിയിലനീര്‌, ചുവന്നുള്ളിനീര്‌, ചെറുതേന്‍ ഇവ ചേര്‍ത്ത്‌ സേവിക്കുക.
3. തേനില്‍ ഏലക്കായ്‌ ചേര്‍ത്ത്‌ കഴിക്കുക.
4. തുളസിയില, ചുക്ക്‌, തിപ്പലി ഇവയെല്ലാംകൂടി ഇട്ട്‌ കഷായംവച്ച്‌ കൂടെക്കൂടെ കുടിക്കുക.
5. ചൂട്‌ പാലില്‍ ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത്‌ കുടിക്കുക.
6. യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച്‌ ആവിപിടിച്ചാല്‍ മൂക്കടപ്പ്‌, പനി, ജലദോഷം, കഫക്കെട്ട്‌ എന്നിവ മാറാന്‍ സഹായിക്കും.
7. പലതവണ തുളസിക്കാപ്പി കുടിക്കുക.
8. തുണി മഞ്ഞളില്‍ തെറുത്ത്‌ തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാല്‍ മൂക്കടപ്പ്‌ ഉടന്‍ മാറും.
9 മഞ്ഞള്‍ ചേര്‍ത്ത്‌ വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ജലദോഷം കുറയും.
10. കരിഞ്ചീരകം ഒരു നുള്ളെടുത്ത്‌ ഞെരടി മണപ്പിച്ചാല്‍ മൂക്കടപ്പിന്‌ ആശ്വാസം കിട്ടും.

ഛര്‍ദ്ദിയോടുകൂടിയ പനി

11. ഞാവല്‍ തളിര്‌, മാവിന്‍തളിര്‌, പേരാലിന്‍ മൊട്ട്‌, രാമച്ചം എന്നിവ കഷായംവച്ച്‌ തേന്‍ മേമ്പൊടി ചേര്‍ത്തു സേവിക്കുക.

കഫശല്യത്തിന്‌

12. കുരുമുളക്‌, തുളസിയില, വെറ്റില എന്നിവ ചേര്‍ത്ത്‌ കഷായം വച്ച്‌ തേന്‍ ചേര്‍ത്ത്‌ കഴിക്കുക.
13.തേന്‍, ഇഞ്ചിനീര്‌, ഉള്ളിനീര്‌ എന്നിവ യോജിപ്പിച്ച്‌ കഴിക്കുക.
14. ദിവസം മൂന്നോ നാലോ നേരം ആവികൊള്ളുക.
15. ആടലോടകത്തിന്റെ ഇല അരച്ച്‌ നീരെടുത്ത്‌ (ഏകദേശം ഒരു ടീസ്‌പൂണ്‍) അതില്‍ ഒരു കോഴിമുട്ട ഉടച്ചുചേര്‍ത്തു കഴിക്കുക.
16. നാരാങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത്‌ കുടിക്കുക.
17. ഇഞ്ചി ചുട്ട്‌ തൊലികളഞ്ഞ്‌ തിന്നുക.
18. കുരുമുളകുപൊടിയില്‍ തേനോ നെയ്യോ ചേര്‍ത്ത്‌ കഴിക്കുക.
19. അയമോദകം പൊടിച്ച്‌ പഞ്ചസാര ചേര്‍ത്ത്‌ കഴിക്കുക.
20. അയമോദകം ചേര്‍ത്ത വെള്ളംകൊണ്ട്‌ ആവിപിടിക്കുക.

ഒച്ചയടപ്പ്‌

21. ഇഞ്ചിയും ശര്‍ക്കരയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത്‌ കഴിക്കുക.
22. ഇഞ്ചിയും തിപ്പലിയും ഇട്ടു കാച്ചിയ പാല്‍ കുടിക്കുക.
23. വയമ്പ്‌ തേനില്‍ അരച്ച്‌ കഴിക്കുക.
24. ഉപ്പ്‌ ചൂടുവെള്ളത്തില്‍ കലര്‍ത്തി കവിള്‍ക്കൊള്ളുക.
25. ഒരുപിടി കയ്യോന്നി ഒരു ഗ്ലാസ്‌ മോരില്‍ അരച്ചുകലക്കി കുടിക്കുക.
26. മുയല്‍ച്ചെവിയന്‍ അല്‌പം ഉപ്പും വെളുത്തുള്ളിയും ചേര്‍ത്തരച്ച്‌ കണ്‌ഠത്തില്‍ പുരട്ടുക.

കൊതുകുശല്യത്തിന്‌

27. യൂക്കാലിതൈലം ദേഹത്ത്‌ പുരട്ടുക.
28. അല്‌പം ചുവന്നുള്ളിനീര്‌ കിടക്കയ്‌ക്ക് ചുറ്റും തളിക്കുക.
29. കുന്തിരിക്കം പുകയ്‌ക്കുക.
30. കര്‍പ്പൂരം എണ്ണയില്‍ ചാലിച്ച്‌ പുരട്ടിയാല്‍ ഊണുമേശയില്‍ നിന്ന്‌ ഈച്ചകളെ അകറ്റാം.

ചുമ

31. ഒരു ടീസ്‌പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ചേര്‍ത്ത്‌ കഴിക്കുക.
32. വയമ്പ്‌ ചെറുതേനില്‍ അരച്ച്‌ രണ്ടുനേരം സേവിക്കുക.
33. ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച്‌ സമം മലര്‍പ്പൊടിയും കൂട്ടി ആവശ്യത്തിന്‌ പഞ്ചസാരയും ചേര്‍ത്ത്‌ കഴിക്കുക.
34. അഞ്ചുഗ്രാം കായം ചുക്കുവെള്ളത്തില്‍ കലക്കി രണ്ടുനേരം കുടിക്കുക.
35. ഗ്രാമ്പു പൊടിച്ചത്‌ ഒരുനുള്ള്‌ വീതം തേനില്‍ കുഴച്ച്‌ രാവിലെയും വൈകുന്നേരവും കഴിക്കണം.
36. ജാതിക്ക പൊടിച്ച്‌ പഞ്ചസാരയും ചേര്‍ത്ത്‌ കഴിക്കണം.

പനി

37. ജലദോഷപ്പനിയുള്ളവര്‍ ഒരു സ്‌പൂണ്‍ മഞ്ഞളും 5 ഗ്രാമ്പൂവും നന്നായി ചതച്ച്‌ ഒരു ഗ്‌ളാസ്‌ വെള്ളത്തിലിട്ടു തിളപ്പിച്ച്‌ ഒരു ഗ്‌ളാസ്‌ വീതം പലപ്രാവശ്യം കുടിച്ചാല്‍ രണ്ടുദിവസം കൊണ്ട്‌ കാര്യമായ ആശ്വാസം കിട്ടും.
38. ഒരു സ്‌പൂണ്‍ കുരുമുളക്‌ തുളസിയിലച്ചാറില്‍ അരച്ച്‌ മൂന്നുനേരം സേവിക്കുക.
39. ഘനപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്‌. ഉപവാസം പനി അകറ്റാന്‍ സഹായകമാണ്‌.
40. ഇടവിട്ടുണ്ടാകുന്ന പനി അകറ്റാന്‍ തുളസിയിലനീരില്‍ കുരുമുളകുപൊടി ചേര്‍ത്ത്‌ കഴിച്ചാല്‍ മതി.
41. ഇഞ്ചി, ചുവന്നുള്ളി ഇവയുടെ നീരെടുത്ത്‌ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ പനി, ശ്വാസംമുട്ടല്‍, ചുമ എന്നിവ ശമിക്കും.
42. മുത്തങ്ങ അരച്ച്‌ പാലില്‍ ചേര്‍ത്ത്‌ കഴിക്കുന്നത്‌ പനിയും നീര്‍ക്കെട്ടും മാറാന്‍ ഉത്തമമാണ്‌.

മഞ്ഞപ്പിത്തം

43. ഇളനീരില്‍ മാവിന്റെ തളിരില അരച്ചുചേര്‍ത്ത്‌ കഴിക്കുക.
44. നെല്ലിക്ക, കരിമ്പ്‌ ഇവയുടെ നീര്‌ തുല്യമായി ചേര്‍ത്ത്‌ കുടിക്കുക.
45. കരിക്കിന്‍ വെള്ളം ധാരാളമായി കുടിക്കുക.

വയറിളക്കം

46. കടുംചായയില്‍ ചെറുനാരങ്ങാനീര്‌ ചേര്‍ത്ത്‌ കുടിക്കുന്നത്‌ വയറിളക്കത്തെ ശമിപ്പിക്കും.
47. പുളിച്ചമോരിലോ ചൂടുവെള്ളത്തിലോ കറിവേപ്പില അരച്ചുചേര്‍ത്ത്‌ കുടിച്ചാല്‍ വയറുവേദന ശമിക്കും.
48. കൂവളത്തിലയിട്ടു തിളപ്പിച്ചവെള്ളം പതിവായി കുടിച്ചാല്‍ വിട്ടുമാറാത്ത വയറുവേദന മാറും.

വളംകടി

49. മലയിഞ്ചി അരച്ചുപുരട്ടിയാല്‍ വളംകടി ശമിക്കും.
50. കശുമാവിന്‍ തൊലിയിട്ട വെള്ളംകൊണ്ട്‌ കാല്‍ കഴുകുന്നതും കശുവണ്ടിത്തോടിന്റെ കറപുരട്ടുന്നതും വളംകടി മാറാന്‍ ഉത്തമമാണ്‌.
51. മഴക്കാലത്ത്‌ കാല്‍വിരലു കള്‍ക്കിടയില്‍ ഉണ്ടാകുന്ന വളംകടി മാറാന്‍ പച്ചമഞ്ഞളും വേപ്പിലയും പുരട്ടുന്നത്‌ ഏറെ ഫലപ്രദമാണ്‌.

ഛര്‍ദ്ദി

52 കുറുന്തോട്ടി വേരരച്ച്‌ തേനില്‍ സേവിക്കുക.
53 ഉഴുന്നുപരിപ്പ്‌ അരച്ച്‌ ശര്‍ക്കര ചേര്‍ത്ത്‌ കുഴച്ച്‌ സേവിക്കുക.
54 അരി വറുത്ത്‌ കഞ്ഞിവച്ച്‌ കുടിക്കുക.
55 കരിക്കിന്‍വെള്ളം കുടിക്കുക.
56 ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിക്കുക.
57 ഇന്തുപ്പ്‌ അതേ അളവില്‍ നെയ്യ്‌ ചേര്‍ത്ത്‌ കഴിക്കുക.

തലവേദന

58 മല്ലിയില അരച്ച്‌ നെറ്റിയിലിടുക.
59 ചുവന്നതുളസിയിലയുടെ നീരുപിഴിഞ്ഞ്‌ ഇടയ്‌ക്കിടെ നെറ്റിയില്‍ തേയ്‌ക്കുക.
60 കടുപ്പമുള്ള ചായയിലോ കാപ്പിയിലോ ഒരു ടീസ്‌പൂണ്‍ നാരങ്ങാനീര്‌ ചേര്‍ത്തുകുടിക്കുക.
61 പുളിയിലനീരും വെളുത്തുള്ളിനീരും തമ്മില്‍ ചേര്‍ത്തശേഷം അതില്‍ തുണിയോ തൂവാലയോ മുക്കി നെറ്റിയില്‍ പതിച്ചുവയ്‌ക്കുക.
62 ചന്ദനം അരച്ച്‌ നെറ്റിയില്‍ പുരട്ടുക.

ടോണ്‍സിലൈറ്റിസ്‌

63 തേയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പുചേര്‍ത്ത്‌ കവിള്‍ക്കൊള്ളുക.
64 വെളുത്തുള്ളി നന്നായി ചതച്ചശേഷം തൊണ്ടക്കുഴിയില്‍ പുരട്ടുക.

അതിസാരം

65 കറിവേപ്പിന്റെ തളിരില ചവച്ചുതിന്നുക.
66 കുട്ടികളിലെ അതിസാരത്തിന്‌ ഗോതമ്പ്‌ വറുത്തുപൊടിച്ച്‌ ഒരു ടീസ്‌പൂണ്‍ എടുത്ത്‌ പാലില്‍ ചേര്‍ത്ത്‌ കൊടുക്കുക.
67 തിപ്പലിയും കുരുമുളകും ഒരേ അളവില്‍ പൊടിച്ച്‌ തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി കുടിക്കുക.
68 ചെറുചീര അരച്ച്‌ തേനും പഞ്ചസാരയും ചേര്‍ത്ത്‌ കഞ്ഞിവെള്ളത്തില്‍ ചാലിച്ച്‌ കഴിക്കുക.

അരുചി

69 ഇഞ്ചിനീരും നാരങ്ങാനീരും ഒരേ അളവില്‍ എടുത്ത്‌ ഉപ്പുചേര്‍ത്ത്‌ കുറേശ്ശെ കഴിക്കുക.
70 കരിമ്പിന്‍നീരും ഇഞ്ചിനീരും തുല്യഅളവില്‍ കലര്‍ത്തികുടിക്കുക.
71 കറിവേപ്പില അരച്ച്‌ മോരില്‍ കലക്കി കഴിക്കുക.

പേന്‍, ഈര്‌, കായ്‌ എന്നിവ പോകാന്‍

72 തുളസിയിലയും പൂവും ചേര്‍ത്ത്‌ തലമുടിയില്‍ തിരുകി പൊതിഞ്ഞ്‌ തല മൂടിക്കെട്ടിവയ്‌ക്കുക.
73 ഉലുവ പൊടിച്ച്‌ അതുകൊണ്ട്‌ തലകഴുകുക.
74 കറിവേപ്പിന്റെ കുരു ചതച്ചിട്ട്‌ വെളിച്ചെണ്ണ മൂപ്പിച്ച്‌ തലയില്‍ തേയ്‌ക്കുക.
75 ചെറുനാരങ്ങ നടുമുറിച്ച്‌ തലയില്‍ അഞ്ചുമിനിട്ട്‌ നേരം ഉരസി കഴുകുക.

വീട്ടില്‍ ശ്രദ്ധിക്കാം

മഴക്കാലത്ത്‌ കുടിവെള്ള സ്രോതസുകള്‍ മലിനമാകാനുള്ള സാധ്യത ഏറെയാണ്‌. കോളറ, വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങി വലതും ചെറുതുമായ നിരവധി രോഗങ്ങളാണ്‌ ഇതിന്റെ പരിണിതഫലം. ഓആര്‍എസ്‌ പാക്കറ്റുകള്‍ ഓരോ വീട്ടിലും കരുതി വയ്‌ക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ വീട്ടില്‍വച്ചുതന്നെ നിയന്ത്രിക്കാം. തിളപ്പിച്ചാറിയ വെള്ളം വേണം കുടിയ്‌ക്കാന്‍. ചില വൈറസുകള്‍ നശിക്കാന്‍ 20 മിനിറ്റെങ്കിലും വെള്ളം വെട്ടി തിളയ്‌ക്കണം. ഒരിക്കല്‍ തിളപ്പിച്ചു അണുവിമുക്‌തമാക്കിയ വെള്ളം വീണ്ടും മലിനമാകാതെ ശ്രദ്ധിക്കണം. വെള്ളം കയ്യിട്ടു എടുക്കാതെ ഫില്‍ട്ടറിലോ വാവട്ടം കുറഞ്ഞ സംഭരണിയിലോ ഒഴിച്ചു ഉപയോഗിക്കുക. മുന്‍കരുതലുകള്‍ അപ്രാപ്യമാണെങ്കില്‍ ക്ലോറിന്‍ ഗുളികകള്‍ ഉപയോഗിച്ച്‌ ക്ലോറിനേഷന്‍ നടത്തി അണുവിമുക്‌തമാക്കാം. ക്ലോറിന്‍ ഗുളിക നിശ്‌ചിത അളവില്‍ ഒരു ബക്കറ്റ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ മുപ്പതു മിനിറ്റിനുശേഷം ഉപയോഗിക്കുക.

കടപ്പാട്-----മംഗളം


0 comments:

Post a Comment