കുട്ടികള്‍
വാശികാണിക്കുമ്പോള്‍ ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍ *********************************************************************************
കല്യാണഹാളില്‍
പൊടുന്നനെ ഒരു പിഞ്ചുകുട്ടി അലറിക്കരയാന്‍ തുടങ്ങി. സാധനങ്ങള്‍ വലിച്ചെറിയുന്നു,
കിടന്നുരുളുന്നു... എന്തോ ചെറിയ വാശിയാണ്.
കുട്ടിയുടെ അമ്മ അടുത്തുണ്ടണ്ട്, സങ്കടവും
ദേഷ്യവുമൊക്കെയടക്കി. നമുക്കൊക്കെ പരിചിതമാണ് ഇത്തരം രംഗങ്ങള്‍. വാശിവഴക്കുകള്‍
(temper tantrums) എന്നാണ്
പൊടുന്നനെ, മുന്നാലോചനയില്ലാതുള്ള
ഇത്തരം കോപപ്രകടനങ്ങളെ പറയുന്നത്. ഒന്നു മുതല്‍ നാലുവയസ്സു വരെയാണ് ഈ പ്രവണത
ഏറ്റവുമധികം.
വീട്ടിലെ
പൊരുത്തക്കേടുകള്‍
കുട്ടികള്‍
രണ്ടോമൂന്നോ വയസ്സാവുമ്പോള്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ് കുറേയൊക്കെ
സ്വായത്തമാക്കും. എന്നാല്‍ വികാരവിചാരങ്ങള്‍ ഫലപ്രദമായി പ്രകടിപ്പിക്കാനുള്ള ശേഷി
കൈവരില്ല. ആവശ്യങ്ങളോ വിഷമങ്ങളോ ദേഷ്യമോ ഒക്കെ കൂടെയുള്ളവരോട്
പറഞ്ഞുവ്യക്തമാക്കാനുള്ള കഴിവോ പദസമ്പത്തോ പൂര്‍ണ്ണമായി കൈവശം
വന്നിട്ടുണ്ടാവില്ല. അഭ്യര്‍ത്ഥനകളും പ്രതിഷേധങ്ങളുമൊക്കെ പ്രകടിപ്പിക്കാന്‍ അവര്‍ക്ക്
വാശിവഴക്കുകള്‍ ഉപയോഗിക്കേണ്ടിവരുന്നു.
ചിലതരം സാഹചര്യങ്ങള്‍
വാശിവഴക്കുകള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കൂട്ടുന്നതായി കണ്ടിട്ടുണ്ട്.
വിശക്കുക, ക്ഷീണിക്കുക, മാനസികസമ്മര്‍ദ്ദമുണ്ടാവുക, എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെടുക,
ഇഷ്ടമില്ലാത്തതിന് നിര്‍ബന്ധിക്കപ്പെടുക,
ആവശ്യങ്ങള്‍ നിരസിക്കുക തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ചില കുട്ടികള്‍
ഈയൊരു പ്രവണത കൂടുതലായി പ്രകടിപ്പിക്കാറുണ്ട്. സംസാരശേഷിയെ താറുമാറാക്കുന്നതരം
അസുഖങ്ങളുള്ളവരും, ശാരീരികമോ
മാനസികമോ വൈകാരികമോ ആയ പ്രശ്‌നങ്ങളുള്ളവരും, കളിക്കാനും മറ്റും വേണ്ടത്ര അവസരം കിട്ടാത്തവരും മുന്‍ശുണ്ഠിക്കാരാവുന്നു.
അച്ഛനമ്മമാര്‍ക്കിടയില്‍ പൊരുത്തക്കേടുകളുണ്ടാവുക, അവരിലാര്‍ക്കെങ്കിലും വൈകാരികപ്രശ്‌നങ്ങളുണ്ടാവുക, അവര്‍ സ്ഥിരതയില്ലാതെ പെരുമാറുക, കുട്ടിയുടെ ശാഠ്യങ്ങളോട് ഓരോ നേരത്ത് ഓരോ
രീതിയില്‍ പ്രതികരിക്കുന്നവരാവുക, കുട്ടിക്ക്
അവരുടെ മതിയായ സ്‌നേഹമോ ശ്രദ്ധയോ നല്‍കാതെ പോവുക, കുട്ടിയും സഹോദരങ്ങളും തമ്മില്‍ സ്പര്‍ദ്ധയുണ്ടാവുക
തുടങ്ങിയവയും വാശിവഴക്കുകള്‍ക്കുള്ള സാധ്യത കൂട്ടാറുണ്ട്.
കൂടുതല്‍ മുതിര്‍ന്ന
കുട്ടികള്‍ ശ്രദ്ധ പിടിച്ചുപറ്റുക, കാര്യസാധ്യം
നടത്തുക, പക വീട്ടുക, പ്രതിഷേധമറിയിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ
മനഃപൂര്‍വം തന്നെ ഇത്തരം വഴക്കുകള്‍ പുറത്തെടുക്കാറുണ്ട്.
ചീത്ത പറയേണ്ട
വാശികളുടെ
ദുഷ്ഫലങ്ങള്‍ ലഘൂകരിക്കാനും മുതിരുന്നതിനനുസരിച്ച് കുട്ടി ഇതൊരു ശീലമാക്കുന്നതു
തടയാനും അച്ഛനമ്മമാര്‍ക്ക് ചിലതൊക്കെ ചെയ്യാനാവും.
വഴക്കു
തുടങ്ങുമ്പോള്‍ത്തന്നെ എന്താണ് കാരണങ്ങള്‍ എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക.
(വഴക്കിനു തൊട്ടുമുമ്പുനടന്ന കാര്യങ്ങള്‍ തന്നെയായിരിക്കണം എപ്പോഴും പ്രശ്‌നഹേതു
എന്നില്ല; ആ ദിവസം അതേവരെ നടന്ന
സംഭവങ്ങളോടുള്ള കുട്ടിയുടെ മൊത്ത പ്രതികരണമാവാം ചിലപ്പോള്‍
വഴക്കായിപുറത്തുവരുന്നത്.) വിശപ്പോ ഉറക്കച്ചടവോ ബോറടിയോ പോലെ എളുപ്പത്തില്‍
പരിഹരിക്കാവുന്ന ഏതെങ്കിലും കാരണമാണെങ്കില്‍ സമാധാനമുണ്ടാക്കുക. എന്തെങ്കിലും
ആവശ്യസാധ്യത്തിനു വേണ്ടിയാണ് കുട്ടി കലിതുള്ളുന്നത് എങ്കില്‍ ഒരു കാരണവശാലും
വഴങ്ങിക്കൊടുക്കേണ്ട. അല്ലാത്തപക്ഷം കാര്യങ്ങള്‍ നേടിയെടുക്കാന്‍ വഴക്ക് നല്ല
ഉപാധിയാണ് എന്നു കുട്ടികള്‍ പഠിച്ചെടുക്കാം.
കാരണം കണ്ടെത്തി
കുട്ടിയെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ വഴക്കിന്റെ കാഠിന്യം കുറയ്ക്കാന്‍
നോക്കാം. അപകടകാരികളായേക്കാവുന്ന വസ്തുക്കള്‍ സമീപത്ത് നിന്ന് മാറ്റുക.
വാശിക്കിടയില്‍ കുട്ടിക്കു പരിക്കേല്‍ക്കില്ലെന്ന് ഉറപ്പാക്കുക. കുട്ടിയുടെ ശ്രദ്ധ
മറ്റെന്തിലേക്കെങ്കിലും തിരിച്ചുവിടാന്‍ ശ്രമിക്കുക. ആ സമയത്ത് ഉപദേശിക്കുകയോ
കാര്യം വിശദീകരിക്കുകയോ തര്‍ക്കിക്കുകയോ ചീത്തപറയുകയോ ഒന്നും ചെയ്യാതിരിക്കുന്നതാണ്
നല്ലത്. ചുറ്റുപാടുകള്‍ സുരക്ഷിതമെങ്കില്‍ കുട്ടിയെ കഴിയുന്നത്ര അവഗണിക്കുക.
വഴക്ക് നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു നല്ല ഉപാധിയാണ് എന്ന ധാരണ
കുട്ടിക്കു കിട്ടാതിരിക്കാന്‍ ഇതു സഹായിക്കും. കലി ഒതുക്കി ശാന്തരായാല്‍ മാത്രമേ
നിങ്ങള്‍ എന്തെങ്കിലും ചര്‍ച്ചയ്ക്കുള്ളൂ എന്നു വ്യക്തമാക്കുക. കോപം
നിയന്ത്രിക്കുക. ശബ്ദം ഉയരാതിരിക്കാനും സംയമനം പാലിക്കാനും ശ്രദ്ധിക്കുക.
ആകെയിളകിത്തുള്ളുന്ന കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കരുത്. പ്രശ്‌നങ്ങള്‍
പരിഹരിക്കേണ്ടത് കായികമായാണ് എന്ന ധാരണ കുട്ടിയിലുണ്ടാക്കാന്‍ ഇത് ഇടയാക്കാം.
വഴക്കിനുശേഷം
ബഹളം കഴിഞ്ഞ്
കുട്ടി ശാന്തനായാല്‍ എന്താണ് വഴക്കിനു വഴിവെച്ചത് എന്ന് ചോദിച്ചറിയുക.
അങ്ങനെയൊക്കെപെരുമാറിയത് ശരിയായി എന്ന് തോന്നുന്നുണ്ടോ എന്നാരായുക. അത്തരം
ചെയ്തികള്‍ അനുവദനീയമല്ല എന്ന് വ്യക്തമാക്കാം. ക്ഷമാപണം ആവശ്യപ്പെടുക. ആഗ്രഹങ്ങള്‍
സാധിച്ചെടുക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമൊക്കെ ആരോഗ്യകരമായ മറ്റു
മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്നു വിശദീകരിക്കുക. കാര്യങ്ങളെ മറ്റുള്ളവരുടെ
കാഴ്ചപ്പാടില്‍ നിന്നുകൂടി നോക്കിക്കാണാന്‍ പ്രോത്സാഹിപ്പിക്കുക.
മുളയിലേ നുള്ളാം
വാശിപിടിച്ച് ബഹളം
വെക്കുന്നതിനു മുമ്പ് കുട്ടിയില്‍ പൊതുവേ കാണപ്പെടാറുള്ള മാറ്റങ്ങള്‍
ശ്രദ്ധിക്കുക. പിന്നീടെപ്പോഴെങ്കിലും അത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ തക്ക
നടപടികള്‍ സ്വീകരിച്ച് രംഗം വഷളാവാതെ നോക്കാം. ഉദാഹരണത്തിന് ചുണ്ടുകടിക്കുക,
തുറിച്ചുനോക്കുക, മുഖം ചുവക്കുക തുടങ്ങിയവ ഒരു വാശിവഴക്കിന്റെ
മുന്നോടിയാവാം. കുട്ടി ഇത്തരം ദുഃസൂചനകള്‍ പ്രകടിപ്പിക്കുമ്പോള്‍ വിഷയം
മാറ്റാനോ, പ്രകോപനമുണ്ടായ
സ്ഥലത്തുനിന്ന് കുട്ടിയേയുംകൊണ്ട് വേറെങ്ങോട്ടെങ്കിലും മാറാനോ, മറ്റേതെങ്കിലും രീതിയില്‍ ശ്രദ്ധ
തിരിച്ചുവിടാനോ ശ്രമിക്കുക. നിങ്ങളുടെ ഏതെങ്കിലും പെരുമാറ്റമാണ്
പ്രകോപനഹേതുവായത് എങ്കില്‍ അത് തിരുത്തുക. കുട്ടിയുടെ വാശിവഴക്കുകള്‍ പഴയപടിതന്നെ
തുടരുന്നുവെങ്കില്‍ വിദഗ്ധസഹായം തേടാം. വിഷാദവും പഠനവൈകല്യങ്ങളും പോലുള്ള പ്രശ്‌നങ്ങളുടെ
തുടക്കമണ്ടാ ണോ എന്നറിയാന്‍ ഈ പരിശോധന സഹായിക്കും.
കടപ്പാട്-------ആരോഗ്യമാണ് സമ്പത്ത് -
കടപ്പാട്-------ആരോഗ്യമാണ് സമ്പത്ത് -
0 comments:
Post a Comment