To listen you must install Flash Player.

Friday, 21 March 2014


ഔഷധഗുണങ്ങൾ ഈത്തപ്പഴത്തിന്നുണ്ടെന്നറിയുക. ഈത്തപ്പഴം പതിവായി കഴിക്കുക, രോഗങ്ങളെ ചെറുക്കുക.

സ്വർഗത്തിൽ വിശ്വാസികൾക്കായി അല്ലാഹു ഒരുക്കിവെച്ചിരിക്കുന്ന പഴങ്ങളിൽ ഒന്നാകുന്നു ഈത്തപ്പഴം. അതുകൊണ്ടു തന്നെ അത് അനുഗ്രഹീതമായിക്കുന്നു. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: " അവ രണ്ടിലും പഴവർഗങ്ങളുണ്ട്. ഈത്തപ്പനയും ഉറുമാൻ പഴവുമുണ്ട്." (55:68)
ഈത്തപ്പഴത്തെക്കുറിച്ച് കൂടുതലായി അറിഞ്ഞാൽ ഒരുപാട് പ്രത്യേകതകൾ അതിനുള്ളതായി കാണാനാവും. പ്രകൃതിയിലെ ആദികാല സസ്യജാലങ്ങളിലൊരിനമായ ഈത്തപ്പനയിലുണ്ടാവുന്ന് ഈ പഴം സ്വാദിഷ്ഠമാണ്. അതേസമയം പോഷകസമൃദ്ധവും. ഇതിന്റെ ഗുണങ്ങൾ കൂടുതൽ കൂടുതലായി ശാസ്ത്രലോകം മനസ്സിലാക്കിവരുന്നതേയുള്ളൂ. ഔഷധമായും ഭക്ഷ്യപദാർഥമായും ആളുകൾ ഇതുപയോഗിച്ചുകൊണ്ടിരിക്കുന്നു.
സൂറത്തു മർയം 23 മുതൽ 26 വരെയുള്ള സൂക്തങ്ങൾ കാണുക:
" അങ്ങനെ പ്രസവവേദന അവളെ ഒരു ഈത്തപ്പഴമരത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു. അവൾ പറഞ്ഞു: ഞാൻ ഇതിനു മുമ്പു തന്നെ മരിക്കുകയും പാടെ വിസ്തരിച്ച് തള്ളപ്പെട്ടവളാവുകയും ചെയ്തിരുന്നങ്കിൽ എത്ര നന്നായേനേ. അങ്ങനെ അവളുടെ താഴ് ഭാഗത്തുനിന്ന് (ഒരാൾ) അവളെ വിളിച്ചു പറഞ്ഞു: നീ വ്യസനിക്കേണ്ട. നിന്റെ രക്ഷിതാവ് നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. നീ ഈത്തപ്പനയുടെ തടി നിന്റെ അടുക്കലേക്ക് പിടിച്ച് കുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈത്തപഴം വീഴ്ത്തിത്തരുന്നതാണ്‌.. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണ് കുളിർത്തിരിക്കുകയും ചെയ്യുക..."
അല്ലാഹു മർയമിനോട് ഈ പഴം തിന്നുകൊള്ളാൻ കല്പിക്കുന്നതിൽ വലിയ യുക്തി അടങ്ങിയിരിക്കുന്നു. ഗർഭിണികൾക്കും പ്രസവിച്ചവർക്കും അത്യുത്തമമായ ഒരാഹാര പദാർഥമത്രെ ഈത്തപ്പഴം. ഇത് അംഗീകരിക്കപ്പെട്ട ഒരു ശാസ്ത്ര സത്യമാണ്‌. മർയമിന്‌ പ്രസവം ആയാസരഹിതമാക്കാൻ ഈത്തപ്പഴത്തിനു കഴിയുമെന്ന ഒരുദ്ബോധനം കൂടി മേൽ സൂക്തത്തിൽ അടങ്ങിയിട്ടുണ്ട്. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഇതിൽ 60-65 ശതമാനം പഞ്ചസാരയുടെ അംശമുണ്ട്. പ്രസവം കഴിഞ്ഞുടൻ പഴവർഗങ്ങൾ കൊടുക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. പ്രസവം കാരണം ദുർബലമായ ശരീരം ഉത്തേജിപ്പിക്കാനും ഊർജസ്വലമാക്കാനും വേണ്ടിയാണത്രെ ഇത്. നവജാത ശിശുവിനു വേണ്ടത്ര പാലുല്പാദിപ്പിക്കാനും ഇതാവശ്യമാകുന്നു.
പ്രസവംമൂലം നഷ്ടപ്പെടുന്ന രക്തം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ കാരണമാക്കുന്നു. ഈത്തപ്പഴം കഴിക്കുന്നതോടെ ആവശ്യമായ പഞ്ചസാര ശരീരത്തിന്‌ ലഭിക്കുകയും രക്തസമ്മർദം കുറഞ്ഞു പോവുന്നതിനെ തടയുകയും ചെയ്യുന്നു. കൂടിയ കലോറി ഊർജമടങ്ങിയ ഈത്തപ്പഴം, രോഗം കാരണം അവശരായ ആഅളുകൾക്കും തളർച്ച ബാധിച്ചവർക്കും ശക്തി പ്രദാനം ചെയ്യുന്നു.
ശരീരത്തിന്‌ ഉന്മേഷവും ഊർജവും ആരോഗ്യവും പ്രദാനംചെയ്യാൻ കഴിവുള്ള പത്തിൽ കൂടുതൽ മൂലകങ്ങൾ ഊ പഴത്തിലടങ്ങിയിട്ടുണ്ട്. ആധുനിക ശാസ്ത്രജ്ഞന്മാർ, ഈത്തപ്പഴവും വെള്ളവും മാത്രം കഴിച്ച് കൊല്ലങ്ങളോളം ജീവിക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇവരിൽ പ്രഗത്ഭനായ ഡൗസൺ പറയുന്നത്. ഒരു കീറ് ഈത്തപ്പഴവും ഒരു ഗ്ലാസ് പാലും കഴിച്ചാൽ തന്നെ ഒരു മനുഷ്യന്‌ ഒരു ദിവസത്തേക്ക് വേണ്ടതായ പോഷകം മുഴുവൻ ലഭിക്കുമെന്നാണ്‌.
ഇതിലടങ്ങിയിരിക്കുന്ന ഓക്സിടോസിൻ സുഖപ്രസവത്തിന്‌ ഡോക്ടർമാർ നൽകുന്ന ഔഷധത്തിലെ ഒരു പ്രധാന കൂട്ടാണ്‌. സമൃദ്ധമായി പാലുണ്ടാവാനും ഇത് സഹായകമാണ്‌.
ശരീരത്തിലെ ശ്ലേഷ്മഗ്രന്ഥികളുല്പാദിപ്പിക്കുന്ന ഓക്സിടോസിൻ പ്രസവസമയത്ത് ശിശുവിനെ ഗർഭാശയത്തിൽനിന്നു പുറത്ത് കൊണ്ടുവരാൻ ഗർഭപാത്രത്തെ സങ്കോചിപ്പിക്കാൻ സഹായിക്കുന്ന ഹോർമോണാണ്‌.
ശരീരത്തിന്‌ കൂടുതൽ ചാലകശക്തിനൽകുന്നതും എളുപ്പം ദഹനം സംഭവിക്കുന്നതുമായ ഒരു പ്രത്യേകതരം പഞ്ചസാരയാണ്‌ ഈത്തപ്പഴത്തിലടങ്ങിയിട്ടുള്ളത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിപ്പിക്കുന്ന ഗ്ലൂക്കോസ് ഇനത്തില്പ്പെട്ട പഞ്ചസാരയല്ല്ല ഈത്തപ്പഴത്തിലേത്. ഗ്ലൂക്കോസ് പഞ്ചസാരയുടെ തോത് വർധിക്കാനിടയായാൽ അത് കണ്ണിനെയും വൃക്കകളെയും ഹൃദയത്തെയു ധമനികളെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്നു.
ഈത്തപ്പഴത്തിൽ ഒട്ടേറെ വിറ്റാമിനുകളും മൂലകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയാൽ സമൃദ്ധം. സോഡിയം, പൊട്ടാസിയം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഗന്ധകം, ഫോസ്ഫറസ്, ക്ലോറിൻ എന്നീ മൂലകങ്ങളും വിറ്റാമിൻ എ, ബി-1, ബി-3, സി-6 എന്നിവയും അടങ്ങിയിക്കുന്നു.
വിറ്റാമിൻ ബി കൊണ്ട് ധന്യമായ ഫോലിക് അമ്ലം ഇതിലുണ്ട്. ഗർഭിണികൾക്ക് ആവശ്യമായ ഒന്ന്. പുതിയ കോശനിർമിതിക്കും അമിനോ അമ്ലത്തിന്റെ ഉത്പാദനത്തിനും കോശ പുനർനിർമാണത്തിനും അത്യന്താപേക്ഷിതം. ഫോളിക് അമ്ലത്തിന്റെ അളവ് കുറഞ്ഞാൽ വിളർച്ചയാണ്‌ ഫലം. കോശവിഭജനത്തിന്‌ സാധാരണമായും ഗർഭകാലത്ത് പ്രത്യേകിച്ചും ഇത് ആവശ്യം തന്നെ.

ഗർഭകാലത്ത് നിലയ്ക്കാത്ത ഛർദിയുണ്ടാവുന്നുവെങ്കിൽ അത് പൊട്ടാസ്യത്തിന്റെ കുറവുകൊണ്ടാണെന്ന് മനസ്സിലാക്കാം. ഈ മൂലകം ശരീരത്തിൽ ജലസന്തുലനം നിലനിർത്തുന്നു. തലച്ചോറിൽ ജീവ വായു എത്തിച്ച് ശരിയായി ചിന്തിക്കാൻ കളമൊരുക്കുന്നു. ശരീരത്തിലെ ദ്രവങ്ങൾക്ക് ക്ഷാരഗുണം നൽകി മാലിന്യങ്ങളെ പുറന്തള്ളാൻ വൃക്കകളെ കരുത്തുറ്റതാക്കുന്നു. കൂടിയ രക്തസമ്മർദം കുറയ്ക്കുകയും തൊലിക്ക് സൗന്ദര്യവും തിളക്കുകയും നൽകുകയും ചെയ്യുന്നു.
ഇതിലെ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കുന്നു. ഇത് വിളർച്ച വരാതെ കാത്തുസൂക്ഷിക്കുകയും ഗർഭസ്ഥ ശിശുവിന്റെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ദിനേന 15 ഈത്തപ്പഴം പതിവാക്കിയാൽ ഇരുമ്പിന്റെ കുറവുകൊണ്ടുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചു വേവലാതിപ്പെടേണ്ടി വരില്ല. മാനസിക സമ്മർദവും പിരിമുറുക്കവും കുറയ്ക്കും. രണ്ടോ മൂന്നോ ഈത്തപ്പഴം ദിവസവും കഴിച്ചാൽ ഫോസ്ഫറസിന്റെ കുറവ് പരിഹരിക്കാനാവും. ഇത് വൃക്കകളുടെ ശരിയായ പ്രവർത്തനത്തിന്‌ അത്യുത്തമം.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണങ്ങൾ ഈത്തപ്പഴത്തിന്നുണ്ടെന്നറിയുക. ഈത്തപ്പഴം പതിവായി കഴിക്കുക, രോഗങ്ങളെ ചെറുക്കുക



കടപ്പാട്‌------sali ovungal





0 comments:

Post a Comment