To listen you must install Flash Player.

Monday, 23 June 2014


ഒന്നും കഴിക്കാത്ത ഹീരാമനേക്‌

സി.പി. ബിജു


ഹീരാരത്തന്‍ മനേക് ഒരു പ്രതിഭാസമാണ്. നമ്മുടെ സാമാന്യബുദ്ധിക്കും യുക്തിക്കും അത്രയെളുപ്പം ഉള്‍ക്കൊ ള്ളാന്‍ കഴിയാത്ത ഒരു വിശേഷ പ്രതിഭാസം. അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ അതിനെ എച്ച്.ആര്‍.എം പ്രതിഭാസം (HRM phenomenon) എന്നു വിളിക്കുന്നു. എച്ച്.ആര്‍.എം. എന്നാല്‍ ഹീരാ രത്തന്‍ മനേക്.

ജീവിക്കാന്‍ ഭക്ഷണം ആവശ്യമില്ല എന്നു വാദിക്കുന്നു അദ്ദേഹം. സ്വന്തം ജീവിതം കൊണ്ട് അതു തെളിയിക്കുകയും ചെയ്യുന്നു. ഹീരാരത്തന്‍ നമ്മള്‍ കഴിക്കുന്നതരം ഖരരൂപത്തിലുള്ള ആഹാരം കഴിക്കുന്ന ഏര്‍പ്പാട് നിര്‍ത്തിയിട്ട് ഒന്‍പതു വര്‍ഷം കഴിഞ്ഞു. പച്ചവെള്ളം, ഇളനീര്, മോര്, ചായ, കരിമ്പിന്‍നീര് എന്നിവ മാത്രമാണ് ഇപ്പോള്‍ കഴിക്കുന്നത്. ഇതിനിടെ പലപ്പോഴും വെള്ളം മാത്രം കുടിച്ച് മാസങ്ങള്‍ നീളുന്ന ഉപവാസവും.

സൂര്യനില്‍ നിന്നു നേരിട്ട് ഊര്‍ജം സ്വീകരിക്കാന്‍ കഴിയും എന്നതാണ് ഹീരാരത്തന്‍ മനേകിന്റെ സിദ്ധാന്തം. ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഊര്‍ജം മതിയാകുമത്രെ. ഊര്‍ജം ഇങ്ങനെ കിട്ടുന്നതിനാല്‍ ഭക്ഷണം കഴിക്കേണ്ടിവരുന്നതേയില്ല. ശരീരത്തിന് ഊര്‍ജം ആവശ്യമായി വരുമ്പോഴാണല്ലോ ഭക്ഷണം കഴിക്കണം എന്ന തോന്നലും വിശപ്പും ഉണ്ടാകുന്നത്. ഊര്‍ജം നേരിട്ടു സ്വീകരിക്കുമ്പോള്‍ പിന്നെ ഭക്ഷണത്തോടു താത്പര്യമോ വിശപ്പോ ഉണ്ടാവുകയില്ല. ഇത് ഉപവാസമല്ല. ഉപവാസത്തില്‍ വിശപ്പും ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവുമൊക്കെയുണ്ടാകും. മനഃപൂര്‍വം അതിനെ കീഴടക്കുകയാണ് ചെയ്യുന്നത്.

സൂര്യോദയത്തിനു ശേഷവും അസ്തമയത്തിനു തൊട്ടുമുമ്പും ഉള്ള ഒരുമണിക്കൂറോളം നേരത്ത് സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തുകയില്ല. ഈ സമയങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത് നല്ലതാണ്. മാനസികമായ തയ്യാറെടുപ്പോടെ എല്ലാ ദിവസവും ചിട്ടയോടെ ഇങ്ങനെ സൂര്യനെ നോക്കുമ്പോള്‍ ക്രമേണ സൗരോര്‍ജം നേരിട്ടു സ്വീകരിക്കാനുള്ള കഴിവ് കണ്ണുകള്‍ക്കുണ്ടാകുമെന്ന് ഹീരാരത്തന്‍ പറയുന്നു. തലച്ചോറിന്റെ ഭാഗം തന്നെയാണു കണ്ണുകള്‍. അവിടെയെത്തുന്ന ഊര്‍ജം ക്രമേണ തലച്ചോറിലേക്കും എത്തും. നാം കഴിക്കുന്ന ആഹാരത്തില്‍നിന്ന് ലഭിക്കുന്ന ഊര്‍ജത്തില്‍ ബഹുഭൂരിഭാഗവും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനായാണ് വിനിയോഗിക്കുന്നത്. അല്ലെങ്കില്‍ തലച്ചോറിന്റെ നിര്‍ദേശപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്.

സൂര്യനില്‍നിന്ന് ഊര്‍ജം സ്വീകരിക്കുന്ന തന്റെ പദ്ധതിയെ സൂര്യനമസ്‌കാരം എന്നാണ് ഹീരാരത്തന്‍ വിശേഷിപ്പിക്കുന്നത്, അല്ലെങ്കില്‍ സൂര്യദര്‍ശനം (sun gazing). ആദ്യദിവസങ്ങളില്‍ ഏതാനും സെക്കന്റു നേരമേ സൂര്യനെ നോക്കാനാവൂ. ക്രമേണ സമയം കൂട്ടിക്കൊണ്ടുവരുന്നു. മൂന്നുമാസം കൊണ്ട് 10-15 മിനിട്ടു വരെ സൂര്യദര്‍ശനം സാധിക്കും. 9-10 മാസം കൊണ്ട് മുക്കാല്‍ മണിക്കൂര്‍ വരെയാക്കാനാവും. കണ്ണില്‍നിന്ന് തലച്ചോറിലേക്കുള്ള നാഡികളുടെ ഓരോ കോശത്തെയും ക്രമേണ ഉത്തേജിപ്പിച്ചു കൊണ്ടു മാത്രമേ തലച്ചോറിലേക്കുള്ള ഊര്‍ജപ്രവാഹം സാധിക്കുകയുള്ളൂ. തലച്ചോറ് ഊര്‍ജം സ്വീകരിച്ചുതുടങ്ങുന്നതോടെ ഭക്ഷണം ആവശ്യമില്ലാതായിത്തുടങ്ങും. ഇതാണ് ഹീരാരത്തന്‍ മനേകിന്റെ സൗരസിദ്ധാന്തം.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഏതാണ്ടെല്ലാ രാജ്യത്തെയും പ്രാചീന ജനസമൂഹങ്ങള്‍ സൂര്യനെയാണ് ആരാധിച്ചിരുന്നത്. അക്കാലത്തുതന്നെ നിലനിന്നിരുന്നതാണ് ഈ 'സൂര്യനമസ്‌കാര' രീതി. സംന്യാസികളും സൂര്യനെ ഉപാസിക്കുന്നവരുമൊക്കെയായി നൂറുകണക്കിനാളുകള്‍ ഇപ്പോഴും ഇങ്ങനെ ജീവിക്കുന്നുണ്ടെന്ന് ഹീരാരത്തന്‍ പറയുന്നു. അവരൊക്കെ ഇത് ദിവ്യസിദ്ധിയാണ്, അല്ലെങ്കില്‍ ദൈവാനുഗ്രഹമാണ് എന്നു ധരിച്ചിരുന്നു. ആധ്യാത്മികതയുടെ ഒരു തലം ഉണ്ടെങ്കിലും തന്റെ സൗരോര്‍ജ സിദ്ധാന്തം തികച്ചും ശാസ്ത്രീയമാണെന്ന് ഹീരാരത്തന്‍. ആര്‍ക്കുവേണമെങ്കിലും പരീക്ഷിക്കാവുന്നതും ശാസ്ത്രീയമായി വിശകലനം ചെയ്യാവുന്നതുമാണിത്. 2000 ജന വരി ഒന്നുമുതല്‍ 411 ദിവസം നീണ്ട ഉപവാസത്തിലൂടെ അദ്ദേഹമിതു തെളിയിച്ചിട്ടുമുണ്ട്. അ ക്കാലത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരന്തരം നിരീക്ഷിച്ചിരുന്നു.

ഒരുനൂറ്റാണ്ടുമുമ്പ് കച്ചവടത്തിനായി ഗുജറാത്തില്‍ നിന്ന് കോഴിക്കോട്ടെത്തിയതാണ് ഇദ്ദേഹത്തിന്റെ പിതാമഹന്‍. ഹീരാരത്തന്‍ മനേക് പിറന്നുവളര്‍ന്നത് കോഴിക്കോട്ടുതന്നെ. ഇപ്പോള്‍ വയസ്സ് 66. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയെങ്കിലും വ്യാപാരരംഗത്താണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.

ജൈനമതത്തില്‍ സാധാരണമായ ഉപവാസങ്ങളൊക്കെ അനുഷ്ഠിക്കാറുണ്ട് എന്നതിനപ്പുറം ഇത്തരം കാര്യങ്ങള്‍ക്ക് അദ്ദേഹം ഏറെ പ്രാധാന്യം കല്പിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ്, ലോകത്തെമ്പാടും നിലനിന്നിരുന്ന സൂര്യാരാധനാ സമ്പ്രദായങ്ങളെക്കുറിച്ച് പഠിച്ചുതുടങ്ങിയത്. യൂറോപ്പിലും ഏഷ്യയിലുമൊക്കെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും സൂര്യാരാധന നിലനിന്നിരുന്നു. സൂര്യനില്‍ നിന്ന് ഊര്‍ജം നേരിട്ടു സ്വീകരിച്ചിരുന്ന സം ന്യാസിമാരെക്കുറിച്ചും മറ്റും പഠിച്ചു. പ്രശസ്ത മായ സൂര്യകാലടി മനയിലെ ഒരംഗം അറുപതു വര്‍ഷത്തോളം പാനീയങ്ങള്‍ മാത്രം കഴിച്ചു ജീവിച്ചിരുന്നതായി ഹീരാരത്തന്‍ പറയുന്നു. ഇത് ഒരത്ഭുതശക്തിയല്ല എന്നു തെളിയിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി ഏതുതരം ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കും സ്വന്തം ശരീരം വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറാണ്.

സൂര്യനില്‍ നിന്ന് നേരിട്ട് ഊര്‍ജം സ്വീകരിക്കാനുള്ള ലളിതമായ കര്‍മപദ്ധതി പരിശീലിപ്പിക്കാനായാല്‍ ലോകത്തുനിന്ന് പട്ടിണി നിര്‍മാര്‍ജനം ചെയ്യാനാവുമെന്ന് ഹീരാരത്തന്‍. മനുഷ്യന്റെ ശാസ്ത്രീയ മുന്നേറ്റങ്ങളില്‍ നല്ലൊരുപങ്കും അനാവശ്യമായിരുന്നു എന്നും അവ വിശ്വശാന്തിയിലേക്കല്ല, മറിച്ച് യുദ്ധങ്ങളിലേക്കാണ് നയിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭക്ഷണവും വിസര്‍ജനവും വലിയ പ്രശ്‌നമാണ്. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഹീരാരത്തന്റേത് എന്നു മനസ്സിലാക്കിയാണ് അമേരിക്കയിലെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ 'നാസ' അദ്ദേഹത്തെ തേടിയെത്തിയത്. ഭക്ഷണം ഇല്ലാത്തതുകൊണ്ടുതന്നെ അദ്ദേഹത്തിനു വിസര്‍ജനവും പ്രശ്‌നമല്ല. മോര് കൂടുതല്‍ കഴിച്ചാല്‍ ആ ദിവസങ്ങളില്‍ അപൂര്‍വമായി മലശോധനയുണ്ടാകും. അതൊഴിച്ചാല്‍ ഹീരാരത്തന്‍ അക്ഷരാര്‍ഥത്തില്‍ നിര്‍'മല'നാണ്.

അമേരിക്കയിലെ പ്രഗല്ഭ ന്യൂറോളജിസ്റ്റ് ജോര്‍ജ് ബ്രെയ്‌ന്യാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തിലാണ് ഹീരാരത്തന്‍ പ്രതിഭാസത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടക്കുന്നത്. ഇതിനായി ഇപ്പോള്‍ ഒരു വര്‍ഷത്തി ലേറെയായി അദ്ദേഹം കൂടുതല്‍ സമയവും അമേരിക്കയിലാണ്. അമേരിക്കക്കാര്‍ നല്ലതാണെന്നു പറഞ്ഞാലേ തന്റെ ജീവിതരീതിയെ നാട്ടുകാര്‍ അംഗീകരിക്കുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നു! ആധുനിക ശാസ്ത്രത്തിന്റെ അംഗീകാരത്തിനും പരീക്ഷണങ്ങള്‍ക്കുമായി സ്വന്തം ജീവിതം സമര്‍പ്പിച്ചു കാത്തിരിക്കുകയാണ് ഹീരാരത്തന്‍ .
(ആരോഗ്യവും ഭക്ഷണക്രമവും എന്ന പുസ്തകത്തില്‍ നിന്ന്)

0 comments:

Post a Comment