To listen you must install Flash Player.

Sunday, 22 June 2014


അഴകിന്റെ ആയുര്‍വേദം

അഴകിന്റെ ഒരുപാട് രഹസ്യങ്ങളുണ്ട് ആയുര്‍വേദത്തില്‍. തലമുറകള്‍ കൈമാറിവന്ന ആ ഔഷധക്കൂട്ടുകളെ അടുത്തറിയാം..
ഒന്ന് വീട്ടുമുറ്റത്തേക്കിറങ്ങുകയേ വേണ്ടൂ. ചെമ്പരത്തിച്ചെടി ഒരു പിടി പച്ചിലകള്‍ വെച്ച് നീട്ടും. ചെമ്പരത്തിയിലയും പൂവും കശക്കിപ്പിഴിഞ്ഞാല്‍ അസ്സല്‍ താളിയായി. നല്ല കൊഴുപ്പും തണുപ്പുമുള്ള പച്ചിലനീര്. ഏത് ഷാംപൂവിനോടും കിടപിടിക്കും. ഒട്ടും ചെലവുമില്ല. താളിതേച്ചുള്ള കുളി കഴിഞ്ഞാലോ...പ്രകൃതിയുടെ സൗമ്യസ്പര്‍ശംപോലെ തലയോട്ടിയില്‍ കുളിര്‍മ പടരും.
കടും ചുവപ്പു നിറമുള്ള ചെറിയ പൂക്കള്‍ വിരിയുന്ന ചെമ്പരത്തിയുടെ താളിയാണ് നല്ലത്. ഫ്ലറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ചട്ടിയില്‍ ചെമ്പരത്തി വളര്‍ത്താം. ഷാംപൂ ഉപയോഗിക്കുമ്പോള്‍ അത് ശിരോചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി തലയോട്ടിയിലെ സ്വാഭാവികമായ എണ്ണമയത്തെ തീര്‍ത്തും ഇല്ലാതാക്കും. ഇത് തലയോട്ടി വരളാനും താരനുണ്ടാവാനുമിടയാക്കുന്നു. പച്ചിലത്താളിയാണെങ്കില്‍ തലയോട്ടിയുടെ ഉപരിതലത്തില്‍ മാത്രമേ നില്‍ക്കുന്നുള്ളൂ. മുടിക്ക് തിളക്കവും കറുപ്പും നല്‍കാന്‍ സഹായിക്കുകയും ചെയ്യും. താളി മിക്‌സിയിലിട്ട് അരച്ചെടുക്കരുത്. അരയുമ്പോള്‍ ഉണ്ടാവുന്ന ചൂട് അതിന്റെ സ്വാഭാവികതയെ നശിപ്പിക്കും. ഇലകള്‍ കുറച്ചുനേരം വെള്ളത്തിലിട്ട് വെച്ച് പിഴിഞ്ഞാല്‍ നീര് നന്നായി കിട്ടും. ചീവയ്ക്കാപ്പൊടി, വെള്ളില, കൊട്ടത്തിന്റെ ഇല എന്നിവയും താളിയുണ്ടാക്കാന്‍ നല്ലതാണ്.
എണ്ണ തേച്ചുകുളി
എന്നും രണ്ടുനേരവും കുളിക്കുന്ന ശീലമാണ് മലയാളികളുടെ സൗന്ദര്യരഹസ്യം എന്ന് പറയാറുണ്ട്. വെറും കുളി അല്ല, നല്ലെണ്ണ തേച്ചുള്ള കുളിയാണത്. എണ്ണ തേച്ചുകുളിക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. തണുത്ത എണ്ണ അത്രവേഗം ദേഹത്ത് പിടിക്കില്ല. അതിനാല്‍ ഒഴിഞ്ഞ പാത്രം ചെറുതായി ചൂടാക്കിയെടുക്കുക. തീയണച്ച് പാത്രത്തിലേക്ക് അല്‍പം നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടാറിയാല്‍ 20 മിനുട്ട് ദേഹത്ത് തേച്ച് പിടിപ്പിക്കാം. രാവിലെയുള്ള കുളിയാണ് നല്ലത്. വൈകീട്ടാണെങ്കില്‍ അസ്തമയത്തിനു മുന്‍പ് കുളിക്കണം.
ദേഹത്തും തലമുടിയിലും എണ്ണ പുരട്ടണം. തിളപ്പിച്ച് ജലാംശം നീക്കിയ വെളിച്ചെണ്ണയാണ് തലമുടിക്ക് നല്ലത്. മുടിയിഴകളുടെ ഏറ്റവും അടിഭാഗത്ത് ശിരോചര്‍മത്തിലാണ് എണ്ണ പുരട്ടേണ്ടത്. മുടിയിഴകള്‍ ജീവനില്ലാത്ത കോശങ്ങളായതിനാല്‍ അവയില്‍ എണ്ണ തേച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും കിട്ടില്ല.
ദേഹത്തെ മെഴുക്ക് കളയാന്‍ ചെറുപയര്‍പൊടി ഉപയോഗിക്കാം. സാധാരണ ബാത്തിങ് സോപ്പുകളില്‍ കാസ്റ്റിങ്‌സോഡ അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടും ജൈവമായ പൊടികളാണ് തേച്ചുകുളിക്കാന്‍ നല്ലത്. ചെറുപയര്‍ ഒന്ന് ചൂടാക്കിയെടുക്കുക. അപ്പോള്‍ മിക്‌സിയില്‍ നന്നായി പൊടിക്കാന്‍ കഴിയും. ഈ പൊടി അരിച്ചെടുത്ത് സൂക്ഷിക്കാം. വരണ്ട തൊലിയുള്ളവര്‍ക്ക് കുതിര്‍ത്ത ഉഴുന്ന് അരച്ചത് സോപ്പിനു പകരം ഉപയോഗിക്കാം.
നല്ല നിറം കിട്ടാന്‍
ഗര്‍ഭകാലത്ത് കുങ്കുമപ്പൂ അരച്ച് പാലില്‍ച്ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് നല്ല നിറം ലഭിക്കും എന്ന് പറയാറുണ്ട്. സത്യത്തില്‍ ചര്‍മത്തിന്റെ നിറം പൂര്‍ണമായും പാരമ്പര്യമായി കിട്ടുന്നതാണ്. എങ്കിലും ശുദ്ധമായ കുങ്കുമപ്പൂ 2-4 എണ്ണം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ പാലില്‍ ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ അമ്മയ്ക്കും കുഞ്ഞിനും ചര്‍മത്തിന് ശോഭ വരുമെന്നത് നേരാണ്.
മുഖത്തെ പാടുകള്‍ പോവാനും ചര്‍മം മൃദുവാകാനും വിശേഷപ്പെട്ടതാണ് കുങ്കുമാദിതൈലം. ഇത് വിലകൂടിയ ഒരു തൈലമാണ്
രണ്ടോ മൂന്നോ തുള്ളി കൈവെള്ളയിലെടുത്ത് മുഖത്ത് പുരട്ടിയിടുക. മുക്കാല്‍ മണിക്കൂറിനു ശേഷം നേരിയ ചൂടുവെള്ളത്തില്‍ കഴുകുക.
പ്രകൃതിദത്തമായ ഫലങ്ങള്‍ പലതിനും ഔഷധഗുണമുണ്ട്. പഴസത്ത് നേരിട്ട് ഫെയ്‌സ്പാക്കായി ഉപയോഗിക്കാം. യാതൊരു പാര്‍ശ്വഫലവും ഉണ്ടാവില്ല . തക്കാളിനീരും ചെറുനാരങ്ങാനീരും ഓരോ സ്പൂണ്‍ വീതം എടുത്ത് യോജിപ്പിച്ച് 30 മിനുട്ട് മുഖത്ത് പുരട്ടുക. കഴുകിയാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും. തേനും നാരങ്ങാനീരും ഇതുപോലെ സമം ചേര്‍ത്ത് പുരട്ടാം.
തിളപ്പിക്കാത്ത പാല്‍ 50 മില്ലി എടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കണം. പാല്‍ പിരിയാതിരിക്കാന്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കാം. നേര്‍ത്ത കോട്ടണ്‍ തുണികൊണ്ട് മുഖത്ത് പുരട്ടാം. ചര്‍മം മൃദുവാകാന്‍ യോജിച്ച കൂട്ടാണ് ഇത്. വെള്ളരിക്ക അരച്ചതില്‍ നാരങ്ങാനീര് ചേര്‍ത്ത മിശ്രിതവും ഇതുപോലെ ഫെയ്‌സ്പാക്ക് ഇടാം.
കൈമുട്ട്, കാല്‍മുട്ട് എന്നീ സന്ധികളില്‍ ചര്‍മം ഇരുണ്ടും കടുപ്പമേറിയും കാണാം. ഏലാദിതൈലം,നാല്‍പാമരാദിതൈലം, ദിനേശവല്യാദിതൈലം എന്നിവയില്‍ ഏതെങ്കിലുമൊന്ന് ദേഹത്ത് പുരട്ടുന്നത് ചര്‍മത്തിന്റെ പരുപരുപ്പ് കുറയ്ക്കും.
തണുപ്പ് കൂടുതലുളള കാലാവസ്ഥയില്‍ നല്ലെണ്ണയാണ് ദേഹത്ത് പുരട്ടാന്‍ നല്ലത്. ചര്‍മത്തില്‍ വരള്‍ച്ചയും മൊരിയും ഉണ്ടെങ്കില്‍ പടോലകേരഘൃതം പുരട്ടാം. കൊച്ചുകുട്ടികളില്‍ ഇതിന്റെ ഫലം വേഗം കാണാം. കുളി കഴിഞ്ഞാലും പടോലകേരഘൃതം രണ്ടു തുള്ളി എടുത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ചര്‍മത്തില്‍ എണ്ണയുടെ അംശം നിലനില്‍ക്കാന്‍ ഇത് സഹായിക്കും.
കണ്ണുകള്‍ക്ക് അഞ്ജനം
കണ്ണുകളുടെ ആരോഗ്യത്തിനും ഭംഗിക്കും അഞ്ജനം കൊണ്ട് എഴുതുന്നത് നല്ലതാണ്. കണ്‍മഷി ഉണ്ടാക്കുന്നതിന് പാരമ്പര്യമായി ഒരു നാടന്‍രീതി ഉണ്ട്. അഞ്ജനക്കല്ല് (പച്ചമരുന്നുകടയില്‍ കിട്ടും) മൃദുവായി പൊടിച്ചെടുക്കുക. പൊടി എള്ളെണ്ണയില്‍ കുഴച്ച് കുഴമ്പുപരുവത്തിലാക്കണം. ഒരു ഓട്ടുവിളക്കില്‍ ഈ കുഴമ്പ് തേച്ച് പിടിപ്പിക്കണം. നല്ലെണ്ണയില്‍ നനച്ച തിരി കത്തിച്ച് ഇതിനുനേര്‍ക്ക് കാണിക്കുക. തേച്ച അഞ്ജനക്കുഴമ്പ് നന്നായി കറുത്താല്‍ തണുക്കാന്‍ വെക്കണം. പിന്നീട് ഇത് ചൂരണ്ടിയെടുത്ത് സൂക്ഷിക്കാം. ആവശ്യത്തിന് എടുത്ത് കണ്ണെഴുതാം.
സ്ഥിരമായി കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവര്‍ക്കും രാത്രി ഉറക്കം കുറഞ്ഞവര്‍ക്കും കണ്ണുകള്‍ക്ക് ചുറ്റും കറുത്ത വലയങ്ങള്‍ കാണാറുണ്ട്. തൈരിന്റെ തെളിയില്‍ തൈരിന് മീതെ ഊറിനില്‍ക്കുന്ന വെള്ളം ഏലാദിചൂര്‍ണം യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. ഈ പ്രശ്‌നം കുറയുന്നതു കാണാം. തിളപ്പിക്കാത്ത പാലില്‍ രക്തചന്ദനചൂര്‍ണം ചാലിച്ച് പുരട്ടുന്നതും ചര്‍മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കും.
മഞ്ഞള്‍കാന്തി
ഔഷധഗുണത്തിന് പേര് കേട്ടതാണ് മഞ്ഞള്‍. ബാക്ടീരിയകളെ ചെറുക്കാനുള്ള കഴിവുണ്ട് മഞ്ഞളിന്. എള്ളെണ്ണയില്‍ പച്ചമഞ്ഞള്‍ അരച്ച് ചേര്‍ത്തത് കുട്ടികളുടെ ദേഹത്ത് പുരട്ടുന്നത് നല്ലതാണ്. കൈകാലുകളിലെയും മുഖത്തെയും അനാവശ്യരോമങ്ങള്‍ നീക്കം ചെയ്യാനും മഞ്ഞള്‍ ഉപയോഗിക്കാം. ഗോതമ്പുപൊടിയും മഞ്ഞള്‍പ്പൊടിയും (മഞ്ഞള്‍ക്കഷണങ്ങള്‍ കുതിര്‍ത്ത് അരച്ചെടുത്തത്) സമം അളവിലെടുത്ത് നല്ലെണ്ണയില്‍ യോജിപ്പിക്കുക. മുഖത്ത് അര മണിക്കൂര്‍ നേരമെങ്കിലും പുരട്ടിയിടണം. ഒരാഴ്ച ഇത് തുടര്‍ന്നാല്‍ രോമങ്ങള്‍ കൊഴിഞ്ഞുപോയി ചര്‍മം ഭംഗിയാവും.
പല്ലുകള്‍ക്ക് തിളക്കം

വല്ലാതെ മധുരമുള്ളതൊന്നും പല്ലുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കരുതെന്നാണ് ആയുര്‍വേദം പറയുന്നത്.
പണ്ടുള്ളവര്‍ പഴുത്ത മാവി ലയോ ഉമിക്കരിയോ ആണ് പല്ല് തേക്കാന്‍ ഉപയോഗിച്ചിരുന്നത്. തിരക്കിട്ട ജീവിതത്തിലും അത്തരം പഴയ ശീലങ്ങള്‍ തുടരുന്നവര്‍ അപൂര്‍വമാണിന്ന്.
ദശനകാന്തിപോലുള്ള ചൂര്‍ണങ്ങള്‍ പല്ല് തേയ്ക്കാന്‍ നല്ലതാണ്. പല്ലുകളുടെ ഭംഗിക്കും ആരോഗ്യത്തിനും ഇത്തരം ചൂര്‍ണങ്ങള്‍ ഗുണം ചെയ്യും. വീട്ടില്‍ പൊടിച്ചെടുത്തതൊ വിപണിയില്‍ ലഭ്യമായതൊ ആയ ചൂര്‍ണങ്ങള്‍ തെരഞ്ഞെടുക്കാം. ടൂത്ത്ബ്രഷില്‍ പേസ്റ്റിനു പകരം ചൂര്‍ണം ഉപയോഗിക്കുക. രാസവസ്തുക്കളടങ്ങിയ ടൂത്ത്‌പേസ്റ്റിനേക്കാള്‍ എന്തുകൊണ്ടും നല്ലത് പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ചൂര്‍ണങ്ങള്‍ത്തന്നെ.
വായയുടെ ദുര്‍ഗന്ധം അകറ്റാന്‍ പലതരം മൗത്ത്‌റിഫ്രഷറുകള്‍ ഇന്ന് നാം ഉപയോഗിക്കുന്നു. ഇവയ്ക്ക് പകരം ഏലയ്ക്ക ചവച്ചുനോക്കൂ. ഏലയ്ക്കയുടെ രുചി ഇഷ്ടമല്ലാത്തവര്‍ക്ക് ഗ്രാമ്പൂ എടുക്കാം. തളിര്‍വെറ്റിലയും എലയ്ക്കാത്തരിയും ചേര്‍ത്ത് ചവയ്ക്കുന്നതും പല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കും.

   -kadappad------------Sumesh Ayurveda


0 comments:

Post a Comment