To listen you must install Flash Player.

Friday, 29 August 2014



നിങ്ങള്‍ സ്ഥലം വാങ്ങാന്‍ തിരുമനിച്ചെങ്കില്‍ അതിനു മുന്‍പ് ഇതും വായിച്ചിരിക്കണം



1.  റിയല്‍ എസ്റ്റേറ്റ്‌ ഏജെന്റ്റ് മാര്‍ വഴിയല്ലാതെ സ്ഥലം വാങ്ങുക എന്നുള്ളത് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. ഇവര്‍ക്ക് വില്പനവിലയുടെ ശതമാനമാണ് കമ്മീഷന്‍ എന്നുള്ളത് കൊണ്ട് വില കൂട്ടിയായിരിക്കും നമ്മളെ അറിയിക്കുക. അത് കൊണ്ട് തന്നെ സ്ഥലം കണ്ടു കഴിഞ്ഞാല്‍ വില ഉടമസ്ഥനുമായി നേരിട്ട് സംസാരിച്ചു തീരുമാനിക്കാം എന്ന് ബ്രോക്കറെ ബോധ്യപ്പെടുത്തുക. ഏജെന്റുമായി വിലപേശല്‍ നടത്താതിരിക്കുക. ഉടമസ്ഥന്‍ സ്ഥലത്തില്ലെങ്കില്‍ ഫോണ്‍ നമ്പര്‍ വാങ്ങുക.
2.  ഗ്രാമങ്ങള്‍ ഒഴികെ മിക്ക സ്ഥലങ്ങളിലും സ്ഥലം വാങ്ങുന്ന ആള്‍ ബ്രോക്കര്‍ കമ്മിഷന്‍ കൊടുക്കേണ്ട ആവശ്യമില്ല. അങ്ങനെ കൊടുക്കുന്ന സ്ഥലമാണെങ്കില്‍ എത്ര രൂപയാണ് അയാളുടെ കമ്മീഷന്‍ എന്നോ അല്ലെങ്കില്‍ വിലയുടെ എത്ര ശതമാനമാണ് കമ്മീഷന്‍ എന്നോ ആദ്യം തന്നെ പറഞ്ഞു ഉറപ്പിക്കുക. പലപ്പോഴും വാങ്ങുന്ന ആളോട് ചായക്കാശു മതി എന്ന് പറഞ്ഞു അവസാനം അമേരിക്കയില്‍ പോയി ചായ കുടിച്ചു വരാനുള്ള തുകയായിരിക്കും അവര്‍ ആവശ്യപ്പെടുക.
3  . ആദ്യം തന്നെ സ്ഥലം കുടുംബാന്ഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവരുമായി സന്ദര്‍ശിക്കുക. സ്ഥലം ഇഷ്ടപ്പെട്ടെങ്കില്‍ സ്ഥലത്തിന്റെ അതിരിലുള്ള അയല്‍ക്കാരുമായി കുശലം പറയാന്‍ മടിക്കരുത്. അതിര്‍ത്തി പ്രശ്നങ്ങള്‍, ഏകദേശ വില , സ്ഥലത്തിന്റെയും പരിസരതിന്റെയും മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍, ജലത്തിന്റെ ലഭ്യത, അയല്‍ക്കാരുടെ സ്വഭാവം , എന്ത് കൊണ്ടാണ് ഉടമസ്ഥന്‍ സ്ഥലം വില്‍ക്കുന്നത് എന്നീ കാര്യങ്ങളില്‍ ഒരു പരിധി വരെ ഒരു അറിവ് ലഭിക്കുന്നതിനു ഇത് ഉപകരിക്കും. ഇവരുമായി സംസാരിക്കുമ്പോള്‍ ബ്രോക്കറുടെ സാന്നിധ്യം ഒഴിവാക്കുകയാണ് ഉത്തമം.
4.    വീട് ഉള്ള സ്ഥലമാണെങ്കില്‍ വീട് മുഴുവന്‍ നോക്കി പരിശോധിക്കണം. മഴ ഉള്ള സമയത്ത് നോക്കുകയാണെങ്കില്‍ ചോര്ച്ചയോ , വെള്ളക്കെട്ടോ മറ്റോ ഉണ്ടെങ്കില്‍ മനസിലാക്കാം.
5. വസ്‌തു വാങ്ങുമ്പോള്‍ അത്‌ വില്ക്കുന്നയാളിന്‌ ആ ഭൂമിയില്‍ യഥാര്ത്ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന്‌ ഉറപ്പാക്കണം. സ്ഥലത്തിന്റെ ആധാരം, ലഭ്യമായ മുന്നാധാരങ്ങള്‍ , പട്ടയം, പോകുവരവ് രശീത് , കുടിക്കട സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ ഉടമസ്ഥനില്‍ നിന്നോ ബ്രോക്കര്‍ വഴിയോ വാങ്ങണം. ഇവ ഒരു ആധാരം എഴുത്ത് കാരനെ കൊണ്ടോ വക്കീലിനെ കൊണ്ടോ പരിശോധിപ്പിച്ചു കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ബന്ധപെട്ട സര്‍ക്കാര്‍ ഓഫീസില്‍ നിന്നും കാര്യങ്ങള്‍ നമ്മുക്ക് നേരിട്ട് വെരിഫൈ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ആധാരം, no encumbrance സര്‍ട്ടിഫിക്കറ്റ് എന്നിവ സബ് രെജിസ്റ്റര്‍ ഓഫീസില്‍ നിന്നും, പോക്കുവരവ് ( ഭൂനികുതി അടച്ചത് ) വില്ലേജ് ഓഫീസില്‍ നിന്നും, പട്ടയം സംബന്ധിച്ച് ലാന്‍ഡ്‌ ട്രിബ്യൂണല്‍ ഓഫീസില്‍ നിന്നും സംശയ നിവൃത്തി വരുത്തുകയോ കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയോ ചെയ്യാം.
6  . Encumbrance (കുടിക്കട ) സര്‍ട്ടിഫിക്കറ്റ് ഈ ഭൂമിയുടെ പേരില്‍ എന്തെങ്കിലും വായ്പയോ മറ്റു നിയമപരമായ ബാധ്യതകളോ ഉണ്ടോ എന്നും ഈ വസ്തുവില്‍ എന്തെല്ലാം transaction നടന്നു എന്നും രേഖപ്പെടുത്തിയിരിക്കും. സാധാരണ 13 വര്‍ഷത്തെ വിവരങ്ങളാണ് ഇതില്‍ ഉണ്ടാവുക എങ്കിലും വേണമെങ്കില്‍ നമുക്ക് കഴിഞ്ഞ 30 വര്ഷം വരെയുള്ള ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.
7.   വില്ലേജ് ഓഫീസില്‍ നിന്നും ലൊക്കേഷന്‍ സ്കെച്, പ്ലാന്‍ എന്നിവ വാങ്ങി ഇത് വില്‍ക്കുന്ന ആള്‍ക്ക് കൈവശം ഉള്ള സ്ഥലമാണോ എന്നും പുറമ്പോക്ക് ഒന്നും ഉള്‍പെട്ടിട്ടില്ല എന്നും ഉറപ്പാക്കാവുന്നതാണ്.
8. കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്ന വസ്തുവാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ കോടതിവിധിയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുക.ഇക്കാര്യത്തില്‍ ഒരു അഭിഭാഷകന്റെ ഉപദേശം തേടുന്നത്‌ നന്നായിരിക്കും.കൂട്ടുകുടുമ്പ സ്വത്തില്‍ നിന്നും സ്ഥലം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കുക.
9. പിന്തുടര്‍ച്ച അവകാശമായി ലഭിച്ച ഭൂമി വങ്ങുമ്പോള്‍ പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് കൂടി വാങ്ങണം. വസ്തു പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ ഈ രേഖ കൂടിയേ തീരൂ.
10.    വീട് ഉള്ളതാണെങ്കില്‍ അതിന്റെ വസ്തു നികുതി, കറന്റ്‌ ചാര്‍ജ്, വാട്ടര്‍ ചാര്‍ജ് എന്നിവ കുടിശികയില്ലാതെ അടച്ചിട്ടുണ്ടോ എന്ന് നോക്കണം.
11.    സ്ഥലം wet ലാന്‍ഡ്‌ (കൃഷിഭൂമി) അല്ല എന്നും data ബാങ്കില്‍ ഉള്പെട്ടതല്ല എന്നും വില്ലേജ് ഓഫീസില്‍ നിന്നും ഉറപ്പാക്കുക. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ വീട് വെക്കുന്നത് നിയമവിരുദ്ധമാണ്. വാങ്ങിക്കുന്ന സ്ഥലം, കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുന്നതാണോയെന്ന് കെട്ടിട നിര്‍മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ മുഖേന ഉറപ്പുവരുതതാവുന്നതാണ്.
12   . വസ്തുവിലെ മണ്ണിന്റെ ഉറപ്പ്‌ പരിശോധിച്ച്‌ കെട്ടിടം വെക്കുവാന്‍ അനുയോജ്യമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക.
13.   പ്രസ്തുത സ്ഥലം ടൗണ്‍ പ്ലാനിങ് സ്‌കീമില്‍ ഉള്‍പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ലാന്‍ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അറിയാവുന്നതാണ്. ഇതിന് സ്ഥലം ഉള്‍പ്പെട്ട വില്ലേജും സര്‍വേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം തദ്ദേശ സ്വയംഭരണം സ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്. അത് പോലെ ഗ്രീന്‍ ബെല്‍റ്റ്‌ ആയി പ്രഖ്യാപിച്ച സ്ഥലമാണെങ്കില്‍ കെട്ടിട നിര്‍മ്മാണം സാധിക്കില്ല.
14.   അംഗീകൃത പദ്ധതികള്‍ പ്രകാരം, റോഡ് വീതി കൂട്ടുന്നതിന് പ്ലോട്ടില്‍ നിന്നും സ്ഥലം വിടേണ്ടതുണ്ടെങ്കില്‍ അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താന്‍ സാധിക്കുകയുള്ളൂ. ഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ അറിയാവുന്നതാണ്.
15.   സംരക്ഷിത സ്മാരകങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയവക്ക് ബാധകമാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെങ്കിലും പ്രസ്തുത സ്ഥലത്ത് ബാധകമാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ശാസ്ത്ര സാങ്കേതിക - പരിസ്ഥിതി വകുപ്പില്‍ നിന്നോ അറിയാവുന്നതാണ്.
16 . ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുക.
17. പ്ലോട്ട്‌ തിരിച്ചു വില്‍പന നടത്തുന്നവരുടെ പക്കല്‍ നിന്നും ഭൂമി വാങ്ങുമ്പോള്‍ അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അമ്പതു സെന്റിനു മുകളില്‍ ഒരേ സര്‍വ്വേ നമ്പരിലുള്ള ഭൂമി മുറിച്ച്‌ വില്‍ക്കുമ്പോള്‍ ടൌണ്‍ പ്ലാനിംഗ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി ആവശ്യമാണ്‌. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക.
18. സ്ഥലത്തേക്ക്‌ സ്വകാര്യ വഴിയുണ്ടെങ്കിലത്‌ ആധാരത്തില്‍ കാണിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. വഴി വേറെ സ്ഥലത്ത് കൂടി ആണെങ്കില്‍ ആ സ്ഥലത്തിന്റെ ഉടമസ്ഥനുമായി ചര്‍ച്ച ചെയ്തു വഴി തുടര്‍ന്നും ലഭിക്കും എന്ന് ഉറപ്പു വരുത്തുക. അതുപോലെ തന്നെ നിങ്ങള്‍ വാങ്ങുന്ന സ്ഥലത്തിലൂടെ മറ്റുള്ളവര്‍ക്ക്‌ വഴി അനുവദിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക.
19 . ഏകദേശം എല്ലാ കാര്യങ്ങളും തൃപ്തികരമാണ് എങ്കില്‍ മാത്രം വിലയെ കുറിച്ച് സംസാരിക്കുക. വസ്തുവിന്റെ സമീപ പ്രദേശങ്ങളിലെ വിലയെ കുറിച്ച് ഒരു അന്വേഷണം നടത്തുക. വിലപേശല്‍ ഉടമസ്ഥനുമായി നേരിട്ട് നടത്തുക. വളരെ വില കുറച്ചു ഒരു വസ്തു ഓഫര്‍ ചെയ്യുകയാണെങ്കില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
20.   വില തീരുമാനിച്ചു കഴിഞ്ഞാല്‍ അഡ്വാന്‍സ്‌ തുക കൊടുക്കുന്ന ദിവസം ഉടമസ്ഥനുമായി എഗ്രിമെന്റ് ഉണ്ടാക്കുക. 50 രൂപ പത്രത്തിലാണ് എഗ്രിമെന്റ് എഴുതുക. കൊടുക്കുന്ന അഡ്വാന്‍സ്‌, മൊത്ത വില, മറ്റു കണ്ടിഷന്‍സ്, ആധാരം രജിസ്റ്റര്‍ ചെയ്യുന്ന തിയതി ഇവയെല്ലാം എഗ്രിമെന്റില്‍ ഉണ്ടായിരിക്കണം. എഗ്രിമെന്റ് എഴുതുന്ന സമയം എല്ലാ രേഖകളുടെയും ഒറിജിനല്‍ പരിശോധിച്ച് കുഴപ്പമില്ല എന്ന് ഉറപ്പാക്കണം. അല്‍പ്പം ചിലവു വരുമെങ്കിലും എഗ്രിമെന്റ് രേജിസ്റെര്‍ ചെയ്യുന്നതാണ് നല്ലത്.
21. ഏതെങ്കിലും കാരണവശാല്‍ എഗ്രിമന്റ്‌ സമയത്തിനുള്ളില്‍ വില്‍ക്കുന്ന ആള്‍ക്കോ വാങ്ങുന്ന ആള്‍ക്കോ ആധാരം റെജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാതെ വരികയാണെങ്കില്‍ അക്കാര്യം ഇരുകക്ഷികളും ഒപ്പിട്ട ഒരു എഗ്രിമെന്റുണ്ടാക്കുകയോ പുതിയ ഒരെണ്ണം ഉണ്ടാക്കുകയോ വേണം.എഗ്രിമെന്റില്‍ നിന്നും വില്‍ക്കുന്ന ആള്‍ നല്‍കിയ അഡ്വാന്‍സ്‌ തിരികെതരാതെ പിന്‍ വാങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്‌.
22. സ്ഥലം വാങ്ങുന്നതിന് മുന്‍പ് വസ്തു അളന്നു അതിരുകള്‍ കൃത്യമായി മനസ്സിലാക്കണം. ലൈസെന്‍സ് ഉള്ള സര്‍വെയരെ ഇതിനായി വിളിക്കാം. അളക്കുന്നത് നിലവിലെ ഉടമയുടെ സാന്നിധ്യത്തില്‍ ആവണം . അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥരെ നിങ്ങള്‍ വാങ്ങാനുദ്ധേശിക്കുന്ന വസ്തു അളക്കുന്നതിനു മുമ്പ്‌ അറിയിക്കുക. അതിര്‍ത്തികള്‍ വ്യക്തമാകുന്ന രീതിയില്‍ കാലുകള്‍ നാട്ടുന്നത് നല്ലതാണ്‌.
23. വലിയ തുകക്കുള്ള വസ്തു ആണെങ്കില്‍ വാങ്ങുന്നതിനു മുമ്പ് ഒരു പത്ര പരസ്യം ചെയ്യുന്നത് ഉത്തമമാണ്. ഇന്ന സ്ഥലം ഞാന്‍ വാങ്ങുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണം എന്നതായിരിക്കണം പരസ്യം.
24. സ്ഥലത്തിന്റെ ഉടമ വിദേശത്ത് ആണെങ്കില്‍ അദ്ദേഹം പവര്‍ ഓഫ് അറ്റോര്‍ണി (മുക്ത്യാര്‍ ) നല്‍കിയ ആളില്‍ നിന്നെ ഭൂമി വാങ്ങാവൂ.
25. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ ഒരു പട്ടികവര്ഗകക്കാരനാണെങ്കില്‍ ഭൂമി വാങ്ങുന്നതിനുമുമ്പ്‌ നിര്ബ്ന്ധമായും ജില്ലാ കളക്‌റ്ററുടെ അനുമതി വാങ്ങണം.
26. ആധാരം റെജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പെ പ്രസ്തുത സ്ഥലത്ത്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തതിരിക്കുന്നതാണ്‌ നല്ലത്‌.
27. വസ്തു വാങ്ങുന്ന ആളാണ്‌ രേജിസ്ട്രഷന് മുദ്ര പത്രം വങ്ങേണ്ടത്. ആധാരത്തിനു വിലകുറച്ച്‌ കാണിച്ച്‌ മുദ്രപത്രത്തിന്റെ ചെലവുകുറക്കുന്നത്‌ നല്ലതല്ല.
28. എഗ്രിമെന്റ് കാലാവധിക്ക് മുമ്പ് തന്നെ ലൈസന്‍സുള്ള വിശ്വസ്തനായ ഒരു ആധാരമെഴുത്തു കാരനെക്കൊണ്ട് ആധാരം തയ്യാറാക്കണം. അസ്സല്‍ എഴുതും മുന്‍പ് ഡ്രാഫ്റ്റ്‌ വായിച്ചു നോക്കണം. അടുത്തുള്ള വസ്തു ഉടമകളുടെ പേര്, അളവുകള്‍ എല്ലാം കൃത്യം ആയിരിക്കണം. ആധാരം എഴുതുന്ന ആള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്‌ മാത്രമേ കൊടുക്കാവൂ. സബ് രെജിസ്ട്രി ഓഫീസില്‍ കൈകൂലി കൊടുക്കാന്‍ എന്ന പേരില്‍ അധികം തുക കൊടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വിലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഒരു ആധാരവും മതിയായ തുകയ്ക്കുള്ള മുദ്രപത്രം ഉണ്ടെങ്കില്‍ രജിസ്ട്രാര്‍ക്ക് തളളാന്‍ അധികാരമില്ല. ആധാരം എഴുത്തുകാരന് കൊടുക്കുന്ന ഫീസിനു രശീത്‌ വാങ്ങുക.
29. ഉടമസ്ഥന്‍ പറഞ്ഞ സമയത്ത്‌ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍, എഗ്രിമെന്റ് കാലാവധി തീരുന്ന ദിവസം നിങ്ങള്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ആഫീസില്‍ പോയി രേജിസ്ട്രരെ നേരില്‍ കണ്ടു എഗ്രിമെന്റ് കാണിച്ചു താന്‍ ഹാജരായ വിവരം രേഖപ്പെടുത്താന്‍ ആവശ്യപ്പെടണം. അന്നേ ദിവസത്തെ ഏതെങ്കിലും ഒന്ന് രണ്ട് ആധാരങ്ങളില്‍ സാക്ഷി ആയി നില്‍ക്കുകയാണെങ്കില്‍ നന്ന്. തുടര്‍ന്ന് കരാര്‍ ലങ്ഘിച്ച ഉടമസ്ഥനോട് വസ്തു എഴുതി തരാന്‍ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കണം. ഏതെങ്കിലും കാരണവശാല്‍ അയാള്‍ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍ കോടതി മുഖേനെ വസ്തുഎഴുതി കിട്ടാന്‍ അന്യായം ഫയല്‍ ചെയണം.
30. രെജിസ്ട്രേഷന്‍ സമയത്ത് അസല്‍ ആധാരം, വസ്തുവിന്റെയും വീടിന്റെയും കരമടച്ച രസീത്, വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ വേണം. വസ്തുവിന്റെ മുന്നധാരം ഉണ്ടെങ്കില്‍ നന്ന്. വില്‍ക്കുന്ന ആളെ അറിയാമെന്നു സാകഷ്യപ്പെടുത്തിക്കൊണ്ട് രണ്ടു സാക്ഷികളും ഒപ്പിടണം. അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്തു വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡിന്റെയും തിരിച്ചറിയല്‍ രേഖയുടെയും കോപ്പി സബ് രെജിസ്ട്രാര്‍ ഓഫീസില്‍ നല്‍കണം. വസ്തു വാങ്ങുന്നയാല്‍ വിദേശത്ത് ആണെങ്കില്‍ ആവശ്യമായ സ്ഥലങ്ങളില്‍ വിരലടയാളവും ഒപ്പും ഇട്ടു ആധാരം തപാലില്‍ എത്തിച്ചാല്‍ മതി.
31. രേജിസ്ട്രഷന് ശേഷം മാത്രമേ ബ്രോക്കറുടെ ഫീസ്‌ ഉണ്ടെങ്കില്‍ കൊടുക്കാവൂ. പത്ര പരസ്യം മുഖേനയോ മറ്റോ ഉടമസ്ഥനുമായി നേരിട്ട് ഇടനിലക്കാരില്ലാതെ ഇടപാട് നടത്തിയാലും ചിലപ്പോള്‍ സ്ഥലത്തെ ബ്രോക്കര്‍മാര്‍ കമ്മിഷന്‍ തട്ടാന്‍ വേണ്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. അത് ഒരിക്കലും വക വെച്ച് കൊടുക്കരുത്. പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുക.
32. വാങ്ങുന്ന വസ്തുവിലുള്ള അവകാശം പൂര്‍ണമാകണം എങ്കില്‍ ഭൂമി പോക്ക് വരവ് ചെയ്യണം. നികുതി അടച്ചു വില്ലേജ് ഓഫീസ് രേഖകളില്‍ പുതിയ ഉടമയുടെ പേര് ചേര്‍ക്കുന്ന നടപടിയാണ് ഇത്. ആധാരത്തിന്റെ ഒരു കോപ്പി ഇതിനായി വില്ലേജ് ഓഫീസില്‍ നല്‍കണം. രജിസ്ട്രേഷന്‍ ദിവസം തന്നെ രജിസ്ട്രാരുടെ ഒപ്പും ഓഫീസ് സീലും ആധാര നമ്പരും ചേര്‍ത്ത ഒരു കോപ്പി വാങ്ങാം.

കടപ്പാട് ------------ സുഹൃത്ത്


Monday, 25 August 2014


സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ട സാങ്കേതികകാര്യങ്ങൾ
ഇൻഡ്യയിൽ പ്രത്യേകിച്ചും കേരളത്തിൽ നല്ലൊരു കൂട്ടം ആളുകൾ സോളാർ പവർ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്ന ഈ കാലത്ത് പല തരത്തിലുള്ള പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിച്ചുള്ള പരസ്യങ്ങൾ ദിവസേന കാണുമ്പോൾ ഉപഭോക്താവിന് ആശയ കുഴപ്പമുണ്ടാവുക സ്വാഭാവികമാണ്.
സാമാന്യം നല്ല വിലയുള്ള സോളാർ പവർ പ്ലാന്റുകൾ ശരിയായി തിരഞ്ഞെടുത്തില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിനുപുറമെ വീടിനുമുകളിലെ നല്ലൊരു സ്ഥലവും നഷ്ടമാകും.
സോളാർ പവർ പ്ലാന്റ് തിരഞ്ഞെടുക്കാൻ ചില അടിസ്ഥാന തത്വങ്ങളും കണക്കുകളും അറിഞ്ഞാൽ മാത്രം മതി. എന്നാൽ സോളാർ പവർ പ്ലാന്റ് വാങ്ങുന്നതിനുമുമ്പ് എന്തിനാൺ സോളാർ പവർ വാങ്ങുന്നതെന്നതിനും കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കണം.
ഇലക്ട്രിസിറ്റി ബില്ല് ലാഭിക്കാൻ മാത്രമാണ് സോളാർ പവർ പ്ലാന്റ് വാങ്ങാനുദ്ദേശിക്കുന്നതെങ്കിൽ, അത് ശെരിയായ ഒരു തീരുമാനമല്ല. കാരണം സോളാർ പ്ലാന്റിനു നീക്കിവെച്ച പണം ഏതെങ്കിലും കോപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ചതിൽ നിന്നും ലഭിക്കുന്ന പലിശകോണ്ട് ഇലക്ട്രിസിറ്റി ബില്ലടക്കാവുന്നതേയുള്ളൂ. എന്നാൽ; സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചാൽ, ലോഡ് ഷെഡ്ഡിങ്ങടക്കം വൈദ്യുതി മിക്ക സമയങ്ങളിലും ലഭിക്കാത്ത കേരളത്തിൽ, ദിവസവും ഒരു നിശ്ചിതസമയത്തേക്ക് ആവശ്യമുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ ഓരോ വീടിനും സാധിക്കും. അങ്ങിനെ ലഭിക്കുന്ന സ്വയം പര്യാപ്തത, വിശാലമായി സൂചിപ്പിച്ചാൽ പരിസ്ഥിതിസംരക്ഷണം ഭൂമിയുടെ ഊർജ്ജ സ്രോതസ്സിന്റെ സംരക്ഷണവുമെല്ലാം മറ്റ് ഗുണങ്ങളാണ്.
വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന സർവ്വ ഉപകരണങ്ങളും സോളാർ പവറിൽ പ്രവർത്തിക്കാമെങ്കിലും അതിനുള്ള കപ്പാസിറ്റി പ്ലാന്റിനുണ്ടായാലേ സാധ്യമാകൂ. കപ്പാസിറ്റി കൂടുന്നതിനനുസരിച്ച് വിലയും കൂടുന്നതിനാൽ, ആവശ്യത്തിനുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനാവശ്യമായ പ്ലാന്റ് വാങ്ങുന്നതാണുത്തമം.
എ.സി. പമ്പുകൾ, ഇസ്തിരിപ്പെട്ടി തുടങ്ങിയവ സോളാറിൽ പ്രവർത്തിപ്പിക്കാതെ, ആവശ്യം വേണ്ട ലൈറ്റുകളും ഫാനും ടി.വിയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സോളാർ പവർ പ്ലാന്റായിരിക്കും ഉത്തമം. സോളാർ പവർ പ്ലാന്റിന്റെ വിലയും ഉപഭോക്താവിന്റെ കഴിവുമനുസരിച്ച് ഇതിൽ മാറ്റം വരുത്താവുന്നതാണ്.
സോളാര് പവര് പ്ലാന്റ്റുകള് തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ടതെന്തെല്ലാമെന്ന് നോക്കാം:
പ്ലാന്റിന്റെ കപാസിറ്റി വാട്ട്സായോ അല്ലെങ്കിൽ ദിവസത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയൂണിറ്റിന്റെ അടിസ്ഥാനത്തിലോ ളാർ പവർ പ്ലാന്റുകളെ സൂചിപ്പിക്കും.
ഒരേസമയമം പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങളുടെ വാട്ട്സിന്റെ ആകെത്തുകയാണ് വാട്ട്സ് കപ്പാസിറ്റികൊണ്ടുദ്ദേശിക്കുന്നത് അതായത്, 500 വാട്ട്സുള്ള ഒരു പ്ലാന്റിൽ ഒരേസമയം 100വാട്ട്സിന്റെ അഞ്ച് ബൾബ് കത്തിക്കാം.
ഒരു ദിവസം 5 യൂണിറ്റ് ഉത്പാദിപ്പിക്കുന്ന പ്ലാന്റ്കൊണ്ട് പലരീതിയിൽ ഉപയോഗിക്കാം ഉദാഹരണം 100 വാറ്റ്സിന്റെ ബൾബ് 50 മണിക്കൂർ കത്തിക്കാം അല്ലെങ്കിൽ 1000 വാട്ട്സിന്റെ ബൾബ് അഞ്ച് മണിക്കൂർ കത്തിക്കാം.
തിരഞ്ഞെടുക്കുമ്പോൾ ഇവ രണ്ടും നോക്കണം. അതായത്, അഞ്ച് യൂണിറ്റ് ഉത്പാദിപ്പിക്കുന്ന ഒരു പ്ലാന്റിൽ ഒരേസമയം എത്ര ബൾബുകൾ ( വാട്ട്) പ്രവർത്തിപ്പിക്കാമെന്നത് തീരുമാനിക്കുന്നത് പ്ലാന്റിന്റെ ഒരു പ്രധാനഘടകമായ ഇൻവേർട്ടറിന്റെ കപ്പാസിറ്റിയാണ്.
ചാർജ് കണ്ട്രോളർ
സോളാർ പവർ പ്ലാന്റിന്റെ പ്രധാന ഘങ്കങ്ല്ലിൽ ഒന്നാണിത്. സൂര്യപ്രകാശത്തിന്റെ അളവ് കൂടിയും കുറഞ്ഞുമിരിക്കുന്നതിനാൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും കൂടിയും കുറഞ്ഞുമിരിക്കും അതിനെ ഒരു പ്രത്യേക അലവിൽ നിയന്ത്രിക്കുകയാൺ ഈ ഉപകരണം ചെയ്യുന്നത്. രണ്ട് പ്രധാന സാങ്കേതിക വിദ്യയിലണ് ഇത് ലഭിക്കുന്നത്. PWM / MPPT. ഇവയുടെ കപാസിറ്റി സൂചിപ്പിക്കുന്നത് ആമ്പിയറിലാണ്. ഉപഭോക്താവിനെ പറ്റിക്കാൻ സാഹചര്യമുള്ള ഒരുഘടകമാണിത്. ഒരേ അമ്പിയറിലുള്ള 2 സോളാർ കണ്ട്രോളർ രണ്ട് സാങ്കേതികവിദ്യയിലുള്ളത് വിലയിൽ ചുരുങ്ങിയത് നാലിരട്ടിവ്യത്യാസമാണുള്ളത്. അതിനുള്ള കാരണം ഇവരണ്ടും ചെയ്യുന്ന ഫലം രണ്ടാണ്.
ചെറിയ പ്ലാന്റുകളിൽ കാര്യമായ വ്യത്യാസമുണ്ടാക്കില്ലെങ്കിലും, പ്ലാന്റിന്റെ കപ്പാസിറ്റി കൂടുന്നതിനനുസരിച്ച് ഇവ ഉണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്. ഒരേസ്ഥലത്ത് സ്ഥാപിച്ച ഒരേ പാനലിൽ ഇവരണ്ടും ഉപയോഗിച്ചാൽ MPPT തരുന്ന ഫലം / ഉത്പാദം കൂടുതലായിരിക്കും അതുകൊൻടുതന്നെ വിലയും കൂടും. 1000 വാട്ട് കപ്പാസിറ്റിതുടങ്ങിയാൽ MPPT വാങ്ങാൻ ശ്രദ്ധിക്കുക.
ഇന്ന് മിക്കവാറും കമ്പനികൾ ചാർജ് കണ്ട്രോളറും ഇൻവേർട്ടറും ഒരുമിച്ച് integrate ആയാണുണ്ടാക്കുന്നത്. ഉത്തമം വേറെ വാങ്ങിക്കുന്നതായിരിക്കും പ്രത്യേകിച്ചും 1000 വാട്ടോ അതിൽ കൂടുതലോ കപ്പാസിറ്റി ഉള്ള പ്ലാന്റുല്ലാവുമ്പോൾ.
ഇൻവേർട്ടർ
സോളാർ പവർ പ്ലാന്റിന്റെ പ്രധാന ഘടകങ്ങളിലൊന്നായ ഇൻവേർട്ടറിന്റെ കര്യത്തില് പ്രധാനമായും നോക്കേണ്ടത് രണ്ടുകാര്യമാണ്, ഒന്ന് കപാസിറ്റി രണ്ട് വേവ് ഫോം. 
ഒരേസമയം എത്ര ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാമെന്നതിനടിസ്ഥാനമായ കപ്പാസിറ്റി സോളാർ കമ്പനി ഓഫർ ചെയ്യുന്ന ഇൻവേർട്ടറിലുണ്ടോ എന്നാദ്യമേ ഉറപ്പുവരുത്തണം.വേവ്ഫോം Pure Sine wave ആണുത്തമം.
ഉദാഹരണത്തിന് 1000 വാട്ടിന്റെ ഇൻവേർട്ടറിൽ 100വാട്ടിന്റെ 10 ബൾബ് ഒരേസമയം പ്രവർത്തിപ്പിക്കാം.
5
യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു സോളാർ പവർ പ്ലാന്റിൽ 500വാട്ട്സിന്റേയോ 1000വാട്ട്സിന്റേയോ ഇൻവേർട്ടർ ഉണ്ടാവാം. ഒരേസമയം എന്തുമാത്രം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കും എന്നതടിസ്ഥാനമാക്കിയായിരിക്കണം ഇൻവേർട്ടർ തിരഞ്ഞെടുക്കേണ്ടത്.
ബാക്ക് അപ്പ് ടൈം
പകൽ മാത്രം ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി രാത്രിസമയങ്ങളിൽ എത്രനേരം വൈദ്യുതിലഭ്യമാക്കും എന്നതാണ് ബാക്കപ്പ് ടൈം കൊൻടുദ്ദേശിക്കുന്നതെങ്കിലും പലതരത്തിലുള്ള തെറ്റായ ധാരണകളും ഇക്കാര്യത്തിൽ പലരും വെച്ച് പുലർത്തുന്നുണ്ട്.
കുറെബാറ്ററിവാങ്ങിവെച്ചാൽ ഇരുപത്തിനാലുമണിക്കൂറും സോളാർ പവർ കിട്ടുമെന്നത് തെറ്റ് ദ്ധാരണയാണ്. ഏത് സോളാർ പവർ പ്ലാന്റും ഉത്പാദിപ്പിക്കുന്നപവർ മാത്രമേ നമുക്കുപയോഗിക്കാനാവൂ. അതായത് 5 യൂണിറ്റ് ഉത്പാദിപ്പിക്കുന്ന ഒരു പ്ലാന്റിൽ കുറേബാറ്ററി വാങ്ങി കണക്ട് ചെയ്താൽ ബാക്കപ്പ് ടൈം കൂടില്ല.
എത്ര വൈദ്യുതി ഉത്പാദിപ്പിക്കുന്നുവോ അത്രയും വൈദ്യുതി സംഭരിച്ചത് മാത്രമേ ബാക്കപ്പായോ അല്ലാതേയും നമുക്ക് ലഭിക്കൂ. അതായത് ബാറ്ററി കൂടുതൽ വാങ്ങിയാൽ അതിനനുസരിച്ച് പ്ലാന്റിന്റെ കപ്പാസിറ്റിയും കൂട്ടണം അല്ലെങ്കിൽ ബാറ്ററി ചാർജാവില്ല ഉപയോഗശൂന്യവുമാകും.
പറഞ്ഞുവന്നത്, നമുക്ക് വേണ്ട വൈദ്യുതിഉത്പാദിപ്പിക്കുന്ന പ്ലാന്റ് അതു സഭരിക്കാൻ മാത്രമുള്ള ബാറ്ററിയും മാത്രം മതി.
പ്രവർത്തിപ്പിക്കേണ്ട ഉപകരണങ്ങളുടെ വിവരം, ഒരു ദിവസം വൈദ്യുതി ഉണ്ടെങ്കിലും ഇല്ലെങ്കിലും എത്രസമയം ഇവ പ്രവർത്തിപ്പിക്കണം ഈ രണ്ട് കാര്യങ്ങളും മനസ്സിലാക്കികഴിഞ്ഞാൽ സോളാർ കമ്പനികളെ സമീപിക്കാം.
എന്നാലിനിയാണ് ഉപഭോക്താവ് വഞ്ചിക്കപ്പെടാനുള്ള എല്ലാ കാര്യങ്ങളുമിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചതെല്ലാം ‘ഉറപ്പ്’ തന്നാലും ഓരോ ഘടകങ്ങൾ നിങ്ങൾ ശെരിയായി വിലയിരുത്താതെ മോഹവിലക്ക് നിങ്ങളൊരു പ്ലാന്റ് സ്വന്തമാക്കിയാൽ, ശെരിയായി പ്രവർത്തിക്കാത്ത നീല നിറത്തിലുള്ള കുറച്ച് ഫ്രെയിംഡ് ഗ്ലാസ്സ് മാത്രമായിരിക്കും നിങ്ങളുടെ റൂഫിലിരിക്കുന്നത് അതല്ലെങ്കിൽ നിങ്ങളുടെ ഇലക്ട്രിസ്റ്റിബില്ല് പഴയതുപോലെതന്നെ ഉണ്ടാകും കാരണം ബാറ്ററി ചാർജ് ചെയ്യുന്നത് കെ.എസ്.ഇ.ബി വൈദ്യുതിയിൽനിന്നാവും.
സോളാർ കമ്പനി ഓഫർ ചെയ്യുന്ന പ്ലാന്റ് തന്റെ ഉപകരണങ്ങൾ പറഞ്ഞ സമയത്തേക്ക് പ്രവർത്തിക്കാൻ പര്യാപ്തമാണോ എന്ന് സോളാർ കമ്പനിയുടെ സെയിത്സ് മാനുമായല്ല ഉറപ്പുവരുത്തേണ്ടത് മറിച്ച് ഓരോ പരാമീറ്ററും നോക്കി അവരോടുതന്നെ കണക്കുകൂട്ടി പറഞ്ഞുതരാൻ ആവശ്യപ്പെടണം.
സോളാർ പാനലുകൾ
സൂര്യപ്രകാശത്തില് നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാര് പാനലുകള് പ്രധാനമായും മൂന്ന് തരമാണ്, മോണോ ക്രിസ്റ്റലൈന് , പോളീ ക്രിസ്റ്റലൈന് പിന്നെ തിൻ ഫിലിം ഇവയിൽ പ്രവർത്തന ക്ഷമത കുറഞ്ഞ തിൻ ഫിലിം ഒഴിച്ചു നിർത്തിയാൽ, പോളിയും മോണോയുമാണ് പ്രധാനമായും മാർകെറ്റിലുള്ളത്.
അടിസ്ഥാനപരമായി ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ക്ഷമതയാണ്, അതായത് മോണോ ടൈപ്പിനാണ് ഏറ്റവും എഫിഷ്യൻസിയുള്ളത്. സ്വാഭാവികമായും മോണോ ക്രിസ്റ്റലൈൻ സോളാർ പാനലുകൾക്ക് വിലകൂടുമെന്ന് പറയേണ്ടതില്ലല്ലോ!.
ഏറ്റവും ചുരുങ്ങിയത് മുപ്പത് വർഷം ഉപയോഗിക്കേണ്ട, വെയിലും മഴയും കൊള്ളേണ്ട ഒന്നാണ് സോളാർ പാനലുകൾ അതുകൊണ്ടുതന്നെ ഗുണനിലവാരത്തിൽ നിർമ്മിക്കപ്പെട്ടതാണോ എന്നുറപ്പുവരുത്തണം.
നല്ല കമ്പനികളിൽ ഏറ്റവും അത്യാധുക സാങ്കേതിക വിദ്യയിൽ നിർമ്മിച്ചവയേവാങ്ങാവൂ. കമ്പനികൾ തിരഞ്ഞെടുത്താൽ പിന്നീട് പാനലുകൾ നേരിൽ കൻട് ഗുണനിലവാരം വിലയിരുത്താം.
അലുമിനിയം കൊണ്ട് ഷാർപ്പ് മൂലകളില്ലാതെ ഉണ്ടാക്കിയ ഫ്രെയിമായിക്കുന്നത് നല്ലതാണ്. മൂലകൾ ഷാർപ്പാണെങ്കിൽ പൊടിയും ചെളിയുമൊക്കെ തടഞ്ഞുനിന്ന് പാനലുകളിൽ സൂര്യപ്രകാശം തട്ടാതെ പൂർണ്ണമായി പവർ തരാതിരിക്കാൻ സാധ്യതയുണ്ട്. കുറെ ചെറിയ സെല്ലുകൾ കൂട്ടിയതാണൊരു പാനൽ, ഓരോ ചെറിയ സെല്ലുകളും തമ്മിൽ ബന്ധപ്പെടുത്തിയിട്ടുള്ള ഭാഗം ശ്രദ്ധിച്ചാൽ ഗുണനിലവാരം മനസ്സിലാക്കാം. കൈകൊണ്ട് സോൾഡർ ചെയ്തവയാണെങ്കിൽ കുറച്ചുകാലം കഴിഞ്ഞാൽ അത് വിട്ടുപോന്നേക്കാം. ആധുനിക ആട്ടോമാറ്റിക് മെഷീനുകളിൽ സോൾഡർ ചെയ്തവയാണെങ്കിലത് കാണുമ്പോൾ തന്നെ മനസ്സിലാക്കാം.
അതുപോലെ മൂന്ന് ബസ് ബാറുകളുള്ളതാണ് രൻടെണ്ണത്തിനേക്കാളുത്തമം, (മൂന്ന് ചാലിലൂടെ കൂടുതൽ വെള്ളമൊഴുകുമല്ലോ!)
പല വാട്ട് പവറിലാണ് സോളാർ പാനലുകള് ലഭിക്കുന്നത്, ഉദാഹരണം 10, 50, 200, 250. ഇവിടെയാണുപഭോക്താവ് ശ്രദ്ധിക്കേണ്ട ഒരു കാര്യമിരിക്കുന്നത്: ഉദാഹരണത്തിന്, ആയിരം വാട്ടിന്റെ ഒരു സോളാര് പവര് പ്ലാന്റ്റില് 250 വാട്ടിന്റെ നാലു സോളാർ പാനലുകളോ 200 വാട്ടിന്റെ അഞ്ച് സോളാർ പാലലുകളോ ഏറ്റവും ചുരുങ്ങിയത് വേണം. ഏറ്റവും ആദ്യം ഉപഭോക്താവുറപ്പുവരുത്തേണ്ട ഒന്നാണിത്.
ഇനി നോക്കേണ്ടത് സോളാര് പാനലുകളുടെ ചില പ്രധാന പരാമീറ്ററുകളെയാണ്:
ടെമ്പെറെച്ചര് കോയിഫിഷ്യന്റ്
250 W എന്നെഴുതിരിക്കുന്ന ഒരു സോളാർ പാനൽ 250 W തരിക standard ടെസ്റ്റിങ് കണ്ടീഷനിൽ (25 ഡിഗ്രി സെന്റിഗ്രേഡിലാണ് ) മാത്രമാണെന്നാണെല്ലാവരും മനസ്സിലാക്കേണ്ടത്. സൂര്യപ്രകശത്തിലിരിക്കുന്ന സോളാർ പാനലിന്റെ ചൂട് കൂടുന്നതനുസരിച്ച് , ഉത്പാദിപ്പിക്കുന്ന പവറിലും കുറവുവരും, എത്ര കുറവെന്നത് Temperature Coeff, താപവുമനുസരിച്ചിരിക്കും.വെയിലത്തിരിക്കുന്ന പാനലിൽ എന്തുകൊണ്ടും 25 ഡിഗ്രിയിൽ കൂടുതൽ ചൂടുള്ളതിനാൽ നമുക്ക് സൂചിപ്പിച്ച പവറിനേക്കാൾ കുറവേ ലഭിക്കുകയുള്ളൂ. അതായത് 250 വാട്ട് ലഭിക്കണമെങ്കിൽ 250 വാട്ടുള്ള സോളാർ പാനൽ പോരെന്ന് ചുരുക്കം. കണക്കനുസരിച്ച് കേരളത്തിലെ ഏകദേശ ചൂട് 40 ഡിഗ്രി കണക്കാക്കിയാൽ എത്ര കുറവുപവർ ലഭിക്കുമെന്നത് കണക്കാക്കാമല്ലോ.

പവർ ടോളറൻസ്
സോളാർ പാനലുകൾ യഥാർത്ഥത്തിൽ എത്ര പവർ തരുമെന്നത് കണ്ടെത്താനാവുന്ന മറ്റൊരു parameter ആണിത്. എല്ലാ സോളാർ പാനലുകളിലും ഇത് സൂചിപ്പിച്ചിരിക്കും, ഉദാഹരണത്തിന് 250വാട്ട് സോളാർ പാനലിൽ എഴുതിയിരിക്കുക 250+ 5% (3% ) എന്നോ ഒക്കെ ആയിരിക്കും.
ഉപയോഗിക്കുന്ന പഥാർത്തത്തിന്റെ ഗുണനിലവരവും നിർമ്മിക്കുന്ന സാങ്കേതികവിദ്യയുമനുസരിച്ച് ഇതിൽ വ്യത്യാസവും വരും. ഇതിനർത്ഥം 250 വാട്ട് സോളാർ പാനലിൽ നിന്നും 237.5 വാട്ടോ അല്ലെങ്കിൽ 262.5 വാട്ടോ ലഭിച്ചേക്കാം എന്നാണ്. നിലവാരമുള്ള പഥാർത്ഥങ്ങൾ അത്യാധുനിക സംവിധാങ്ങളുപയോഗിച്ച് നിർമ്മിക്കുന്ന പാനൽ നിർമ്മാതാക്കൾ Positive Power Tolerance അതായത് + മാത്രം നൽകുന്നവരുണ്ട്.
ഇത്തരക്കാർ അവർ സൂചിപ്പിച്ച കപ്പാസിറ്റി ഉറപ്പുനൽകുന്നു.ഉദാഹരണത്തിന് 250+ 0 / 3% അതായത് അത്തരക്കാർ 250വാട്ടോ 257.5 വാട്ടോ പവർ ഉറപ്പുനൽകുന്നു അതായത് ഏറ്റവും ചുരുങ്ങിയത് എഴുതിയ 250 W power output തരുമെന്നർത്ഥം.
വാറണ്ടി
ഉപഭോക്താവ് ആശയകുഴപ്പത്തിലാവാൻ സാധ്യതയുള്ള മറ്റൊരു വിഷയമാണിത്. മിക്ക സോളാർ കമ്പനികളും 25 വർഷം വാറണ്ടിനൽകുന്നു.
അടിസ്ഥാനപരമായി സിലിക്കൺ കൊണ്ട് നിർമ്മിച്ചതിനാൽ കാലപ്പഴക്കം കൊണ്ട് കേടുവരുന്ന ഒന്നല്ല സോളാർ പാനലുകൾ, അതുകൊണ്ടുതന്നെ 25വർഷം വാറണ്ടി എന്ന് മാത്രം പറയുന്നതിൽ ചില ചതികൾ ഒളിഞ്ഞുകിടപ്പുണ്ട്.
കാഴ്ചയിൽ കേടുവരില്ലെങ്കിലും കാലപ്പഴക്കം കൊണ്ട് സോളാർ പാനലുകൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ കുറവുവരും. അതായത് ഇന്ന് സ്ഥാപിക്കുന്ന 250വാട്ട് പവറ് തരുന്ന ഒരു സോളാർ പാനൽ രണ്ടുവർഷം കഴിഞ്ഞാൽ അത്രയും തരിരണമെന്നില്ല. നിർമ്മിക്കാനുപയോഗിച്ച അടിസ്ഥാന പദാർത്ഥങ്ങളേയും സാങ്കേതികതയേയും അടിസ്ഥാനപ്പെടുത്തിയാണ് എത്ര ശതമാനം കുറവുവരുമെന്നതിനടിസ്ഥാനം.
ഒരേകമ്പനിയിൽ ഒരേ മഷീനിൽ ഒരേ അടിസ്ഥാനപഥാർത്ഥമുപയോഗിച്ച് നിർമ്മിക്കുമ്പോൾ പോലും, നിർമ്മാണത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ നിലവാരവ്യത്യാസങ്ങൾ കാണിക്കും. നല്ല കമ്പനികൾ ഇതുപോലുള്ള സെല്ലുകളെ നിലവാരമനുസരിച്ച് തരം തിരിക്കും. ഈ തരം തിരിച്ച സെല്ലുകൾ പലരീതിയിലാണ് പവർ ഉത്പാദിപ്പിക്കുക. അതുപോലെ കാലപ്പഴക്കം ചെല്ലുമ്പോൾ ഉത്പാദനത്തിൽ കുറവ് വരുത്തുക.
നല്ല നിലവാരമുള്ള സെല്ലുകൾ മാത്രമുപയോഗിച്ചാൺ പാനൽ നിർമ്മിച്ചതെങ്കിൽ പത്ത് വർഷം വരെ 100% ഉതാപ്ദിപ്പിക്കും പിന്നീട് ഉത്പാദനത്തിൽ കുറവ് വരും. ഇവിടെയാണ് വാറണ്ടിയുടെ മറിമായങ്ങളിരിക്കുന്നത്.
ഇരുപത്തഞ്ചുവര്ഷം വാറണ്ടി എന്നല്ല, 25 വര്ഷം കഴിഞ്ഞാല് എത്ര ശതമാനം പവര് തരുമെന്നതിനാണ് വാറണ്ടി നല്കേണ്ടത്. ചിലർ 25 വർഷം കഴിഞ്ഞാൽ 80% എന്ന് സൂചിപ്പിക്കുന്നവരും ഉണ്ട്. 25 വർഷം കഴിഞ്ഞാൽ 80% പവർ ഔട്ട് പുട്ട് എന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പത്തുവര്ഷമോ അഞ്ച്വര്ഷമോ കഴിഞ്ഞാൽ എത്ര ഔട്ട് പുട്ട് പവർ തരുമെന്ന് സൂചിപ്പിക്കുന്നതാണ് അല്ലെങ്കിൽ അങ്ങിനെ സൂചിപ്പിക്കുന്ന കമ്പനികളുടെ സോളാർ പാനലുകളാണുത്തമം.
വിശദമാക്കാം; 80% Power output @ 25 വര്ഷം എന്നുപറയുന്നതിനേക്കാള് എന്തുകൊണ്ടും നല്ലത്, 90% Power output @ 5 വര്ഷം എന്നോ 10 വര്ഷം എന്നോ പറയുന്ന സോളാർ പാനലാവും.
ഇത്രയും കാര്യങ്ങള് ശ്രദ്ധിച്ചാൽപാനലുകള് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളായി.
ബാറ്ററി
പ്രധാനമായും അവസാനമായും നോക്കേണ്ട ഒന്നാണ് ബാറ്ററി. ബാറ്ററിയുടെ കപ്പാസിറ്റിയാണ് സോളാർ പവർ പ്ലാന്റിന്റെ ബാക്കപ്പ് അടിസ്ഥാനപ്പെടുത്തുന്നത്. അതേ സമയം ബാറ്ററിയുടെ കപ്പാസിറ്റി മാത്രം കൂട്ടിയത്കൊണ്ട് പ്ലാന്റിന്റെ ബാക്കപ്പ് ടൈം കൂടില്ല. കാര് ബാറ്ററികളിൽ, അല്ലെങ്കില് ഇപ്പോള് ഉപയോഗത്തിലിരിക്കുന്ന ബാറ്ററികളെല്ലാം സോളാറിൽ ഉപയോഗിച്ചുകൂടെ എന്നത് പലരുടെയും ഒരു സംശയമാണ്. സോളാർ പവർ പ്ലാന്റുകളിൽ ഇത്തരം ബാറ്ററികൾ ഉപയോഗിക്കുന്നത് നല്ലകാര്യമല്ല കാരണം അധികം താമസിയാതെ ബാറ്ററികൾ ഉപയോഗശൂന്യമാകും.
സൂര്യപ്രകാശത്തിന്റെ അളവനുസരിച്ച് ചാർജ് ചെയ്യുന്നതിനാലും, പൂർണ്ണമായും ദിവസേനയെന്നോണം പൂർണ്ണമായും ചാർജ് ഉപയോഗിക്കുന്നതിനാലും ‘ഡീപ് സൈക്കിൾ’ ബാറ്ററികളേ സോളാറിൽ ഉപയോഗിക്കാവൂ. സോളർ കമ്പനി വാഗ്ധാനം ചെയ്യുന്ന ബാറ്ററികൾ ഈ ഇനത്തിൽ പെടുന്ന സോളാർ ബാറ്ററികളാണോ എന്നുറപ്പ് വരുത്തണം.
തിരഞ്ഞെടുത്ത സോളാർ പവർ പ്ലാന്റ് ഉത്പാദിപ്പിക്കുന്ന യൂണിറ്റ് വൈദ്യുതി ശേഖരിക്കാൻ സോളാർ കമ്പനി വാഗ്ദാനം ചെയ്ത ബാറ്ററിക്ക് സാധ്യമാണോ എന്നുറപ്പ് വരുത്തുക.
ഉദാഹരണം:
അഞ്ച് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിൽ എത്രബാറ്ററിവേണം?
5unit electricity = 5000Watts-Hour
Battery Voltage = 12V
Ampere-Hour = 5000/12=417Ah
അതായത് 5 യൂണിറ്റ് വൈദ്യുതി ശേഖരിക്കാൻ 417Ah ബാറ്ററി വേണം.
ഇതുപോലെ എത്രകപാസിറ്റിയുള്ള പ്ലാന്റിനും ആവശ്യമുള്ള ബാറ്ററി കണ്ടെത്താം. എന്നാൽ വെറും 417Ah മാത്രം തിരഞ്ഞെടുത്താൽ ശെരിയാവില്ല അവിടെയാണ് ഉപഭോക്താവ് വീണ്ടും പറ്റിക്കപ്പെടാനുള്ള സാഹചര്യമുള്ളത്.
ബാറ്ററികളുടെ Ah കപ്പാസിറ്റിക്കൊപ്പം C” റേറ്റിങ്ങും അറിഞ്ഞാൽ മാത്രമേ സൂചിപ്പിച്ച ബാക്ക് ടൈം കിട്ടുമോ എന്നുറപ്പിക്കാനാവൂ. മാത്രമല്ല ഒരു ബാറ്ററിയുടെ 85% മാത്രമേ സാധാരണ ഉപയോഗിക്കാൻ പാടുള്ളൂ.
അതായത് കണക്ക് കൂട്ടികിട്ടിയ 417Ah ബാറ്ററിക്ക് സത്യത്തിൽ 491Ah കപ്പാസിറ്റിയുള്ള ബാറ്ററി ഉണ്ടായിരിക്കണം.
Ah
നൊപ്പം തന്നെ നോക്കേണ്ട ഒന്നാണ് “C” റേറ്റിങ്ങ്. ഒരേ Ah ഉള്ള ബാറ്ററി പല “C” റേറ്റിങ്ങിൽ ലഭ്യമാണ് (ഉദാഹരണം 125Ah/ C10 , 125Ah/ C20) . C10 നും C20 നും വിലയും ഉപയോഗവും വ്യത്യസ്ഥമാണ്. വേണ്ടുന്ന ബാറ്ററിയുടെ ശരിയായ പരാമീറ്റർ ഉറപ്പുവരുത്തിമാത്രം ബാറ്ററി തിരഞ്ഞെടുകുക.
അടിക്കുറിപ്പ്:
സോളാർ പവർ പ്ലാന്റിനെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കണക്കാക്കുമ്പോൾ, നാലുമണിക്കൂർ സൂര്യപ്രകാശം അടിസ്ഥാനപ്പെടുത്തി, 25% അധികം സോളാർ പാനലുകൾ കണക്കാക്കി, ക്രിത്യമായ ബാറ്ററിയും തിരഞ്ഞെടുത്തില്ലെങ്കിൽ ഉറപ്പിക്കുക ഒന്നുകിൽ നിങ്ങളുടെ സോളാർ പവർ പ്ലാന്റ് പൂർണ്ണമായും വൈദ്യുതി ഉത്പാദിപ്പിക്കില്ല നിങ്ങളുടെ ബാറ്ററികൾ ചാർജാവുന്നത് കെ.എസ്.ഇ.ബിയുടെ വൈദ്യുതിയിൽ നിന്നാണ്. വിലകുറവും പരസ്യവും നോക്കി സോളർ പവർ സ്ഥാപിച്ചാൽ ടെറസ്സിലെ വസ്ത്രം ഉണക്കാനുള്ള സ്ഥലമാകും നഷ്ടമാകുന്നത്.
സോളാര്‍ പാനലില്‍ നിന്ന് ഇലക്ട്രിസിറ്റിയും ചൂട് വെള്ളവും ഒരേസമയത്ത്
ഒരേസമയത്ത് ഇലക്ട്രിസിറ്റിയും ചൂടുവെള്ളവും ഉത്‌പാദിപ്പിക്കുന്ന സോളാർ പാനലുകൾ അധികം താമസിയാതെ കൊമേർഷ്യലായി ലഭ്യമായേക്കും. സോളാർ വാട്ടര് ഹീറ്ററിന് തുല്യമല്ലെങ്കിലും താരതമ്യേനെ ചൂടുകുറവുള്ള അപ്ലിക്കേഷനായ സ്വിമ്മിങ്ങ് പൂൾ ഹീറ്റിങ്ങിനും പ്രീ- ഹീറ്റിങ്ങിനും ഇത്തരം പാനലുകൾ ഉപയോഗപ്രദമായേക്കും.
പ്രധാനമായി ഇത്തരം പാനലുകളുടെ ഗുണം യുണിറ്റ് ഏരിയയുടെ എനർജി ഉത്പാദനം കൂടുതലെന്നതാണ്. ടെസ്റ്റിങ്ങ് / സര്ട്ടിഫിക്കേഷൻ പ്രോസസ്സസ്സിങ്ങ് തുടങ്ങിയയൊക്കെ ഇനിയും നടക്കേണ്ടിവരുമെങ്കിലും സോളാർ എനർജി സെക്ടർ വളരെ താത്പര്യത്തോടെയാണീ പാനലിനെ കാണുന്നത്.
ഇലക്ട്രിസിറ്റിയും താപോർജ്ജവും ഒരുമിച്ചുത്പാദിപ്പിക്കുന്ന പാനലുകൾ ഹൈബ്രിഡ് പാനലുകൾ എന്നാണറിയപ്പെടുന്നത്.
100 വാട്ട് ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്ന പി.വി പാനൽ 100 വാട്ട് ഉത്പാദിപ്പിക്കുക STC യിലാണ്‍,( Standard Test Conditions:1000 W/m2; 25°C) ചൂട് മാത്രം കണക്കാക്കിയാൽ 25°C ചൂടിലാണിത്രയും ഇലക്ട്രിസിറ്റി പവർ ഉത്പാദിപ്പിക്കുക.
പാനലിൽ ചൂട് വർദ്ധിക്കും തോറും ഇലക്ട്രിസിറ്റിയുടെ ഉത്‌പാദനം കുറയും ( ഏകദേശം ഒരു ഡിഗ്രി ചൂട് വർദ്ധിച്ചാൽ 0.5% പവർ കുറയും).
പലഘടകങ്ങളും അടിസ്ഥാനപ്പെടുത്താമെങ്കിലും സാധാരണ സോളാർ പാനലുകൾ പ്രവർത്തിക്കുമ്പോൾ 50°C ഡിഗ്രി കണക്കാക്കിയാൽ തന്നെ 12.5% പവർ കുറഞ്ഞാൽ ലഭിക്കുക 87.5 വാട്ട് മാത്രമാവും.
സോളാർ ഇലക്ട്രിക്ക് പാനലുകളിലെ താപോർജ്ജം വെള്ളം ചൂടാക്കാനും ഉപയോഗിക്കുംപോൾ രണ്ട് ഗുണമാണുണ്ടാവുന്നത്.
1.സോളാർ പാനൽ തണുക്കുന്നത് മൂലം എഫിഷ്യൻസി വർദ്ധിക്കുന്നു ( ഇലക്ട്രിസിറ്റിയിൽ ഉണ്ടാകുന്ന നഷ്ടം കുറക്കാനാവുന്നു)
2.ചൂടുവെള്ളവും ഒരേസമയത്ത് ഒരേപാനലിൽ നിന്നും ലഭിക്കുന്നു അതുകൊണ്ടുതന്നെ യൂണിറ്റ് ഏരിയയിൽ നിന്നും ഉത്‌പാദിപ്പിക്കുന്ന എനർജി ഫാക്ടരും കൂടുതലെന്ന് പറയേണ്ടതില്ലല്ലൊ.
സോളാർ ഹൈബ്രിഡ് പാനലുകളുടെ പ്രയോറിറ്റി വൈദ്യുതി ഉത്പാദനമായതിനാൽ, സോളാർ പി.വി സെക്ടറിന് വ്യത്യാസമില്ലെങ്കിലും പി.വി പാനലിന്റെ ക്ഷമത വർദ്ധിപ്പിക്കാൻ തെർമൽ സെക്ടറിൽ കുറച്ച് കോമ്പ്രൊമൈസ് ചെയ്യുന്നുണ്ട്.
ഒന്നാമതായി സോളാർ പവർ പാനലിനടിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ തെർമൽ പാനലിൽ ഡിഫ്യൂസ്ഡ് സോളാർ റേഡിയേഷൻസാണധികം പതിക്കുക അതുകൊണ്ടുതന്നെ എഫിഷ്യൻസി സാധാരണ തെർമൽ പാനലുകളേക്കാൾ കുറവായിരിക്കും, ഇത് സ്വാഭാവികമായി സംഭവിക്കുമ്പോൾ മനപൂർവം തെർമൽ ഇൻസുലേഷനിലും കുരവുവരുത്തുന്നുണ്ട്.
അല്ലാത്ത പക്ഷം പാനലിൽ താപംകൂടുകയും അത് സോളാർ പി.വി.പാനലിന്റെ ക്ഷമത കുറക്കുകയും ചെയ്യുമല്ലോ.
ചുരുക്കത്തിൽ ഹൈബ്രിഡ് പാനലിന്റെ സോളാർ പി.വി വശത്തിൽ വ്യത്യാസമില്ലെങ്കിലും തെർമൽ വശത്തിൽ കാര്യമായ കുറവുണ്ടാകും (സാധാരണ തെർമൽ പാനലിനെ അപേക്ഷിച്ചാണ് സൂചിപ്പിക്കുന്നത്).

കടപ്പാട് ------  സുഹൃത്ത്