ജീവിതത്തില്‍
വിജയങ്ങള്‍ സ്വന്തമാക്കാന്‍
എന്ന്
ആഗ്രഹിക്കാത്തവര്‍ ആരുംതന്നെ ഉണ്ടാവില്ല. വിജയിക്കണം എന്ന അദമ്യമായ ആഗ്രഹവും അതിനു
വേണ്ട കഴിവുകളും മിക്കവാറും ആളുകള്‍ക്ക് ഉണ്ടാവാറുമുണ്ട്. പക്ഷെ, എന്നിട്ടും
വന്‍ വിജയങ്ങള്‍ സ്വന്തമാക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്താവാം ഇതിനു കാരണം
എന്ന് ചിന്തിക്കുമ്പോള്‍ ആദ്യം നാം ശ്രദ്ധിക്കേണ്ടത് വിജയിച്ചു കാണിച്ചു തന്നവരുടെ
ജീവിത മാതൃകകളാണ്. എന്താണ് അവരെ നമ്മില്‍ നിന്നും വ്യത്യസ്ഥരാക്കുന്നത് എന്ന
ചോദ്യത്തില്‍ നിന്നും നമ്മുടെ ജീവിതത്തിലും വിജയവഴി കണ്ടെത്താന്‍ നമ്മുക്ക്
എളുപ്പം സാധിക്കും.
നമ്മുടെ രാഷ്ട്രപിതാവ്
മഹാത്മാ ഗാന്ധി ഒരിക്കല്‍ പറഞ്ഞു, “നിങ്ങള്‍
ആരാവണം എന്ന് നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്നുവോ അത് നിങ്ങള്‍ ആയിത്തീരും” എന്ന്. ഇതാണ് ആദ്യ പടി.
ഒരു വക്കീല്‍ ആകണം എന്ന് ആഗ്രഹിക്കുന്ന ആള്‍ ആദ്യം ചെയ്യേണ്ടത് വലിയ സ്ഥാനങ്ങളില്‍
ഇരിക്കുന്ന വക്കീലന്മാരെ നോക്കി പഠിക്കുകയും അവര്‍ പാലിക്കുന്ന ശീലങ്ങള്‍ സ്വന്തം
ജീവിതത്തിലും പ്രാവര്‍ത്തികമാക്കുകയും ആണ്. അതുപോലെ തന്നെ ഒരു കമ്പനിയുടെ
തലപ്പത്ത് എത്താന്‍ ആഗ്രഹിക്കുന്നവര്‍ അങ്ങനെ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരെപ്പോലെ
ജീവിക്കാന്‍ ശീലിക്കുക എന്നതാണ്. ഇതിന്റെ അര്‍ഥം അവരെപ്പോലെ കാശ് ചിലവഴിക്കണം
എന്നോ കൂടുതല്‍ സൌകര്യങ്ങള്‍ നേടിയെടുക്കണം എന്നോ അല്ല. മറിച്ച്, അവര്‍ക്ക്
കൈവശമായിട്ടുള്ള ആത്മവിശ്വാസം നമ്മളും നേടിയെടുക്കണം. ചില ചെറിയ കാര്യങ്ങള്‍
ശ്രദ്ധിച്ചാല്‍ ഇത് വളരെ എളുപ്പത്തില്‍ നടപ്പാക്കാവുന്നതേയുള്ളൂ.
1.സ്ഥിരമായി വ്യായാമം ചെയ്യുക. വ്യായാമം
ചെയ്യുന്നത് കൊണ്ട് ശാരീരികമായ മെച്ചം മാത്രമല്ല ഉള്ളത്. അത് നിങ്ങളുടെ തലച്ചോറിനു
കൂടുതല്‍ ഉണര്‍വും ഉന്മേഷവും പ്രധാനം ചെയ്യും. എല്ലാ ദിവസവും കുറച്ചു നേരമെങ്കിലും
ഓടുന്നത് ടെന്‍ഷന്‍ അകറ്റാനും ഏറെ സഹായകരമാണ്. വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറില്‍
നിന്നും പുറപ്പെടുന്ന ചില ഹോര്‍മോണുകള്‍ നിങ്ങളുടെ മനസിനെ കൂടുതല്‍
ശുഭാപ്തിവിശ്വാസം ഉള്ളതാക്കും. രാവിലെ ഒരു നല്ല ഓട്ടം നടത്തിയാല്‍ കിട്ടുന്ന
സുഖകരമായ ഒരു ക്ഷീണം ഉണ്ട്. അത് ഒരുതവണ എങ്കിലും ശ്രമിച്ചു നോക്കിയിട്ടുള്ളവര്‍ക്ക്
മനസിലാവും. ഇത് ആ ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും.
അതുപോലെ നന്നായി കാത്തുസൂക്ഷിച്ച ഒരു ശരീരം എല്ലായിടത്തും നിങ്ങളെ ശ്രദ്ധാകേന്ദ്രം
ആക്കുകയും അതുവഴി നിങ്ങളുടെ ആത്മവിശ്വാസത്തെ വളര്‍ത്തുകയും ചെയ്യും.
2.നന്നായി വസ്ത്രം ധരിക്കുക ശരിയായ വസ്ത്രധാരണവും
ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. നിങ്ങള്ക്ക്
ചേരുന്ന നിറങ്ങള്‍ തിരഞ്ഞെടുക്കുക, നന്നായി അലക്കി തേച്ചു അത്
ധരിക്കുക എന്നതൊക്കെ ചെറിയ കാര്യങ്ങളായി തോന്നാമെങ്കിലും മറ്റുള്ളവരുടെ മുന്നില്‍
ഇത്തരം കാര്യങ്ങള്‍ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് ഉയരാന്‍ ഇടയാക്കും. അത്
നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അതുപോലെ കൃത്യമായി നഖം വെട്ടുക,
നന്നായി മുടി ചീകുക, പല്ലുകള്‍ വൃത്തിയായി
സൂക്ഷിക്കുക, രണ്ടു നേരം കുളിക്കുക എന്നിങ്ങനെ ചെറുതെന്ന്
തോന്നുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നല്‍കുന്ന ഊര്‍ജം ഒട്ടും ചെറുതല്ല.
3.മറ്റുള്ളവരുമായി നന്നായി ഇടപഴകുക മറ്റു ആളുകളോടുള്ള നല്ല
പെരുമാറ്റം നിങ്ങളുടെ മനസിനെ അലട്ടുന്ന പല പ്രശ്നങ്ങളെയും മറികടക്കുവാന്‍ നിങ്ങളെ
സഹായിക്കും. ഒരുപാട് ടെന്‍ഷന്‍ അനുഭവിക്കുമ്പോള്‍ അതുതന്നെ വീണ്ടും വീണ്ടും
ചിന്തിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുകയേയുള്ളൂ. അതുകൊണ്ട് അത്തരം
സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും നിങ്ങളാല്‍ കഴിയും
വിധം അവരെ സഹായിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തില്‍ ചിട്ടയും ക്രമവും
കണ്ടെത്താന്‍ ആവുന്നില്ല എങ്കിലും മറ്റൊരാള്‍ക്ക് ഒരു ചെറിയ ഉപകാരം എങ്കിലും
ചെയ്യാനായി എന്നത് നിങ്ങളുടെ മനസിന് സന്തോഷവും സമാധാനവും നല്‍കും. അതുപോലെ
പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കാനുള്ള തുറവി
ഉണ്ടാവണം. ചിലപ്പോള്‍ അവരുടെ അനുഭവസമ്പത്ത് കൊണ്ട് അവര്‍ക്ക് നിങ്ങളെ സഹായിക്കാന്‍
കഴിഞ്ഞേക്കും.
4.ദുഷ്ചിന്തകളെ ദൂരെയെറിയുക ചില തിരിച്ചടികള്‍
ഉണ്ടാകുമ്പോള്‍ നാം സ്വയം കുറ്റപ്പെടുത്താറുണ്ട്. എന്തിനു അങ്ങനെ ചെയ്തു? എന്തിനു
ഇപ്പോള്‍ ഇത് ചെയ്യുന്നു? എന്നൊക്കെ ഓര്‍ത്തു
വിലപിക്കുന്നവര്‍ വീണ്ടും പ്രശ്നങ്ങളിലേയ്ക്ക് ആണ് പോകുന്നത് എന്ന് ഓര്‍ക്കുക.
കഴിഞ്ഞുപോയ കാര്യങ്ങളെ മാറ്റാനുള്ള ശക്തി നമ്മുക്ക് ആര്‍ക്കും ഇല്ല. എങ്കില്‍
പിന്നെ എന്തിനാണ് അവയെ ഓര്‍ത്തു നിരാശരായി ഇരിക്കുന്നത്? നാളെ
ഞാന്‍ വിജയം നേടും എന്ന ചിന്ത ആണ് ഇപ്പോഴും നമ്മെ നയിക്കേണ്ടത്. നെഗറ്റീവ് ആയ
ചിന്തകള്‍ ഉണ്ടാകുമ്പോള്‍ അവയെ അപ്പാടെ പിഴുതു ദൂരെ എറിയുകയും ശുഭപ്രതീക്ഷയുള്ള
ചിന്തകളാല്‍ മനസ് നിറയ്ക്കുകയും ചെയ്യുന്നവര്‍ക്കെ വലിയ വിജയങ്ങള്‍ കരസ്ഥമാക്കാന്‍
സാധിക്കൂ.
5.നിരന്തരം അധ്വാനിക്കുക മോഹന്‍ലാലിനോട് ഒരു
അഭിമുഖത്തില്‍ ഒരാള്‍ ഒരു ചോദ്യം ചോദിച്ചു.”ഇപ്പോഴും എങ്ങനെയാണ് ഇത്ര ഊര്‍ജത്തോടെ അഭിനയിക്കാന്‍ പറ്റുന്നത്?” എന്നായിരുന്നു ആ ചോദ്യം. അതിനു
നമ്മുടെ അദ്ദേഹം പറഞ്ഞ മറുപടി വളരെ പ്രസക്തമാണ്.”എന്റെ ആദ്യ ചിത്രത്തിന്റെ ആദ്യ
ഷോട്ടിനുവേണ്ടി ക്യാമറയ്ക്ക് മുന്നില്‍ നിന്ന അതേ പരിഭ്രമത്തോടും അത്ഭുതത്തോടും
അഭിനയത്തോടുള്ള ആവേശത്തോടും കൂടിത്തന്നെയാണ് ഞാന്‍ ഇപ്പോഴും അഭിനയിക്കുന്നത്.
അതാണ് എന്റെ വിജയരഹസ്യം”. അതെ, പാതിവഴിയില്‍
തളര്‍ന്നു ഇരിക്കുന്നവര്‍ക്ക് വിജയികള്‍ ആവാന്‍ പറ്റില്ല. സ്ഥിരമായി
അധ്വാനിക്കാനുള്ള മനസും അതിനുള്ള തന്റേടവും വേണം. നാളെ നാളെ നീളെ നീളെ എന്ന്
കേട്ടിട്ടില്ലേ. ഇന്ന് ചെയ്യാനുള്ളത് ഇന്ന് ചെയ്യുക. ഒന്നും നാളേയ്ക്കു
മാറ്റിവയ്ക്കാതിരിക്കുക. വിജയം നിങ്ങളെ തേടിയെത്തും.
6.എപ്പോഴും പുഞ്ചിരിക്കുക ചിരിയും വിജയവും
തമ്മില്‍ എന്താണ് ബന്ധം എന്നാവും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുക. ചിരിയും വിജയവും
തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. ഇപ്പോഴും ചിരിക്കുന്ന ഒരാളുടെ ശരീരവും മനസും
ഇപ്പോഴും ഊര്ജസ്വലം ആയിരിക്കും. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
ദിവസവും നമ്മള്‍ കണ്ടുമുട്ടുന്ന ആളുകള്‍ക്ക് ഒരു ചെറു പുഞ്ചിരി നല്‍കുന്നതില്‍
എന്ത് പ്രയാസം ആണുള്ളത്! അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് നിങ്ങളെപ്പറ്റിയുള്ള
മതിപ്പ് കൂടുകയും നിങ്ങളുടെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കുകയും ചെയ്യും. അതുപോലെ
നന്നായി ചിരിക്കുന്നവര്‍ കൂടുതല്‍ കാലം ജീവിക്കും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള
കാര്യമാണ്. അപ്പോള്‍ നന്നായി ചിരിക്കുക. അങ്ങനെ നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുക.
ഈ ആറു കാര്യങ്ങള്‍ പറഞ്ഞുവെച്ചത് കൊണ്ട്
ഇതുമാത്രമാണ് ശരി എന്ന് അര്‍ത്ഥമില്ല. വിജയത്തിന് അങ്ങനെ കൃത്യമായ
സൂത്രവാക്യങ്ങളില്ല. പക്ഷെ ഒരു രഹസ്യമുണ്ട്. നിങ്ങളുടെ വിജയം അത് നിങ്ങളുടെ മാത്രം
ഉത്തരവാദിത്വം ആണ്. വിജയിക്കാന്‍ ശരിയെന്നു തോന്നുന്ന എന്തും നിങ്ങള്‍ക്ക്
ചെയ്യാം. അപ്പോഴും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലാതാവുന്നില്ല. അവ ശരിയായി
ഉപയോഗിക്കുന്നിടത്താണ് നിങ്ങുടെ മിടുക്ക്. എല്ലാ ഭാവുകങ്ങളും.
കടപ്പാട് -------boolokam
0 comments:
Post a Comment