To listen you must install Flash Player.

Sunday, 25 August 2013



ഇതാ ഒരു നല്ല അഭിമുഖം 
എസ്.ഹരികിഷോര്‍ ഐ.എ.എസ്‌ 


ആത്മവിശ്വാസം തുടിക്കുന്ന വസ്ത്രധാരണം, ചോദ്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ്, 

ശുഭാപ്തിവിശ്വാസം... ഇതുവഴി ഇന്‍റര്‍വ്യൂ എന്ന കടമ്പ എളുപ്പം മറികടക്കാം...


'എഴുത്തുപരീക്ഷ എന്ന കടമ്പ വലിയ കുഴപ്പമില്ലാതെ കടക്കാം. എന്നാല്‍, ഇന്റര്‍വ്യൂ! അത് കുറച്ച് ടെന്‍ഷന്‍ തന്നെയാണ്!'' - നമ്മള്‍ മലയാളികളുടെ ചിന്ത ഇപ്രകാരമാണ്. ആശയവിനിമയം നടത്തുന്നതിലുള്ള ആത്മവിശ്വാസക്കുറവും താന്‍ പറയുന്നത് തെറ്റായിരിക്കുമോ എന്ന ആശങ്കയും ടെന്‍ഷനുമൊക്കെ ഒത്തുചേരുമ്പോള്‍ ജോലി ലഭിക്കാന്‍ ഏറ്റവും നിര്‍ണായകമായ 'അഭിമുഖ പരീക്ഷ'യില്‍ നാം പുറകോട്ടു പോകുന്നു.

വസ്ത്രധാരണം

'ഒരു വേഷത്തിലെന്തിരിക്കുന്നു? കഴിവും അറിവുമുണ്ടെങ്കില്‍ ഇന്റര്‍വ്യൂവില്‍ പരാജയപ്പെടില്ല'' എന്ന ചിന്ത ശരി തന്നെയായിരിക്കാം. എന്നാല്‍ ഓരോ ഉദ്യോഗാര്‍ഥിയുടെയും attitude അളക്കുന്നത് (തുടക്കത്തിലെങ്കിലും) അവര്‍ ധരിച്ച വസ്ത്രം കണ്ടിട്ടുതന്നെയാണ്. 'First impression is the best impression' എന്നതിനാല്‍ ലളിതമായ, എന്നാല്‍ പക്വതയും ആത്മവിശ്വാസവും പ്രസരിക്കുന്ന വേഷമായിരിക്കണം ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കേണ്ടത്. സന്ദര്‍ഭത്തിനിണങ്ങാത്ത വേഷം ധരിച്ചുവന്ന ഒരു ഉദ്യോഗാര്‍ഥിയെ കാണുമ്പോള്‍ത്തന്നെ ''ഇയാള്‍ക്ക് ജോലി നല്‍കേണ്ടതില്ല'' എന്ന ചിന്ത ചോദ്യകര്‍ത്താക്കളുടെ മനസ്സില്‍ നിറഞ്ഞേക്കാം. എല്ലാറ്റിനുമുപരിയായി, മറ്റ് ഉദ്യോഗാര്‍ഥികളുടെ വസ്ത്രധാരണവുമായി താരതമ്യപ്പെടുത്തി ''അയ്യോ! എന്റെ വേഷം ഉചിതമല്ല.'' എന്ന ചിന്ത നമ്മുടെ മനസ്സില്‍ വന്നാല്‍ ശ്രദ്ധ നഷ്ടപ്പെടുകയും ഏകാഗ്രതയോടെ ഇന്റര്‍വ്യു നേരിടാന്‍ സാധിക്കാതിരിക്കുകയും ചെയ്യും. അതിനാല്‍ ആത്മവിശ്വാസത്തിന്, നല്ല വസ്ത്രധാരണം അനിവാര്യമാണ്.

എങ്ങനെ തയ്യാറെടുക്കാം

ഒരു ഇന്റര്‍വ്യു നേരിടുന്ന വ്യക്തിയുടെ വിജയം നിര്‍ണയിക്കുന്ന സുപ്രധാനഘടകം തയ്യാറെടുപ്പാണ്. നല്ല രീതിയില്‍ പഠിച്ചിട്ടുണ്ടെങ്കില്‍ ഇന്റര്‍വ്യു നടക്കുന്ന മുറിയില്‍ കയറുമ്പോള്‍ത്തന്നെ പകുതി വിജയം ഉറപ്പിക്കാം. അഭിമുഖത്തില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ, ചുറുചുറുക്കുള്ള മറുപടി തയ്യാറാക്കിവെക്കല്‍ തന്നെയാണ് 'തയ്യാറെടുപ്പ്.'

നിങ്ങളെപ്പറ്റി പറയൂ?
നിങ്ങള്‍ ഈ ജോലി തിരഞ്ഞെടുക്കാന്‍ എന്താണ് കാരണം?
അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ഏതു നിലയില്‍ എത്താനാണ് ആഗ്രഹം?
നിങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണ്?
ജീവിതത്തിലും കരിയറിലും നിങ്ങള്‍ നേടിയ ഏറ്റവും വലിയ നേട്ടം എന്താണ്?

എന്നിങ്ങനെ സാധാരണയായി ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും അടുക്കും ചിട്ടയോടെയും ഉള്ള മറുപടി തയ്യാറാക്കി മനസ്സില്‍ സൂക്ഷിക്കുകയാണ് വേണ്ടത്. ഒരു ഉദാഹരണം നോക്കാം.

ഇന്റര്‍വ്യു റൂമില്‍ വാതിലില്‍ രണ്ടുതവണ മുട്ടിയിട്ട് ''ഞാന്‍ അകത്തേക്ക് വരട്ടേ'' എന്ന് ചോദിച്ച് വാതില്‍ തുറന്ന് അകത്തു കടക്കുകയാണ് ഇന്റര്‍വ്യുവിന്റെ ആദ്യപടി.

അകത്തെത്തിയാല്‍, അഭിമുഖം നടക്കുന്ന മേശയുടെ അടുത്തെത്തി എല്ലാ ചോദ്യകര്‍ത്താക്കളെയും ''Good morning to you all, sirs'എന്ന് ആശംസിക്കുന്നത് അടുത്തപടി.

''Good morning.
നിങ്ങളുടെ കസേരയില്‍ ഇരിക്കൂ.'' എന്ന് ചെയര്‍മാന്‍ പറഞ്ഞുകഴിഞ്ഞാല്‍ (അനുവാദം ലഭിച്ചതിനുശേഷം മാത്രം) ഇരിക്കാം.

ഇതിനുശേഷം, ''ശരി, നിങ്ങളെപ്പറ്റി പറയൂ'' എന്ന് ചോദിക്കുകയാണെങ്കില്‍,

''കോട്ടയം ജില്ലയിലെ പാലായിലാണ് എന്റെ വീട്. അച്ഛന്‍ ചെറുകിട വ്യാപാരസ്ഥാപനം നടത്തുന്നു. വസ്ത്രവ്യാപാരരംഗത്ത്. അമ്മ ടീച്ചറാണ്. ഒരു ഇളയ സഹോദരന്‍ ഉണ്ട്. അദ്ദേഹം മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക്. പഠിക്കുന്നു.'' എന്നിങ്ങനെ കുടുംബപശ്ചാത്തലത്തെക്കുറിച്ച് ഒരു ലഘുവിവരണം നല്‍കിയശേഷം,

''ഞാന്‍ പഠിച്ചത് സെന്റ് തോമസ് സ്‌കൂളിലാണ്. അതിനുശേഷം തൃശ്ശൂര്‍ എഞ്ചിനിയറിങ് കോളേജില്‍നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടി. Power System-ന്റെ മേഖലയില്‍ ജോലി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.''

ഒന്നു നിര്‍ത്തിയിട്ട്, ''പിന്നെ സര്‍, എന്റെ ഒഴിവു സമയവിനോദങ്ങള്‍ പുസ്തകപാരായണവും പാട്ടുകേള്‍ക്കലുമാണ്. കോളേജില്‍ പഠിക്കുന്ന സമയത്ത് എന്‍.സി.സി.യിലും പ്രവര്‍ത്തിച്ചിരുന്നു'' എന്നുകൂടെ പറഞ്ഞ് അവസാനിപ്പിക്കാം.

(ഇത്രയും കേട്ടുകഴിഞ്ഞാല്‍ 'നല്ല അടുക്കും ചിട്ടയോടെയും ഉള്ള ഉത്തരം' എന്ന് ചോദ്യകര്‍ത്താവ് ചിന്തിക്കും. കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം, ജോലിയോടുള്ള താത്പര്യം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍-ഒന്നും വിട്ടുപോയിട്ടില്ല. കൊള്ളാം!)

''എന്തുകൊണ്ട് ഈ ജോലി തിരഞ്ഞെടുക്കുന്നു?'' എന്നു ചോദിച്ചാല്‍

''സര്‍, എനിക്കിഷ്ടമുള്ള മേഖലയായ Power Systems-ല്‍ പ്രവര്‍ത്തനം നടത്താന്‍ അവസരം ലഭിക്കുന്നു എന്നതുകൊണ്ടാണ് ഈ ജോലിയോട് താത്പര്യം തോന്നിയത്. എന്റെ ബി.ടെക്. പ്രൊജക്ട് ഈ മേഖലയില്‍ ആയിരുന്നു. കൂടാതെ, ഈ കമ്പനിയെപ്പറ്റി മറ്റുള്ളവരില്‍നിന്നും അറിഞ്ഞപ്പോള്‍, ധാരാളം exposure കിട്ടുമെന്നും കൂടുതല്‍ പഠിക്കാന്‍ അവസരം ലഭിക്കുമെന്നും അറിഞ്ഞു.

ഇതൊക്കെക്കൊണ്ട്, ഈ ജോലി വളരെ മികച്ച ഒരു അവസരമായി ഞാന്‍ കാണുന്നു'' എന്നു പറയാം.

(നല്ല ഉത്തരം! ജോലി ചെയ്യാന്‍ താത്പര്യമുണ്ട്. ഇത് വെറുതെ പറയുന്നതല്ല, കാരണവുമുണ്ട്. കൂടാതെ വളരെ നല്ല ലക്ഷ്യവും കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹവും ഉണ്ട്. കമ്പനിയെപ്പറ്റി അറിയാനും ശ്രമിച്ചിട്ടുണ്ട്.)

''ഈ കമ്പനിയില്‍ അഞ്ചുവര്‍ഷം ജോലി ചെയ്യുമോ? അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ കരിയറില്‍ ഏത് നിലയിലെത്തും എന്നു കരുതുന്നു?

''സര്‍, മൂന്നോ നാലോ വര്‍ഷം ജോലി ചെയ്തശേഷം എം.ബി.എ.യ്ക്ക് പോകണമെന്നുണ്ട്. മാനേജ്‌മെന്റ് വൈദഗ്ധ്യംകൂടി നേടിയാല്‍ കരിയറില്‍ വലിയ ഉയര്‍ച്ചനേടാമെന്നു കരുതുന്നു.''

(ഭാവിയെപ്പറ്റി നല്ല പ്രതീക്ഷയും ലക്ഷ്യവും ഉണ്ട്. ഏറ്റവും പ്രധാനമായി, 'ഞാന്‍ കുറേക്കാലം ഈ കമ്പനിയില്‍ത്തന്നെ തുടരും' എന്ന് ആത്മാര്‍ഥതയില്ലാത്ത മറുപടി നല്‍കിയില്ല. സത്യസന്ധതയോടെ, ആത്മവിശ്വാസത്തോടെ, പ്രതീക്ഷ നിറഞ്ഞ മറുപടിയാണ് തന്നത്. വളരെ നല്ലത്!)

''നിങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ എന്തൊക്കെ?''

''എല്ലാവരുടെയും കൂടെ ഒത്തൊരുമയോടെ പ്രവര്‍ത്തനം നടത്താന്‍ സാധിക്കും എന്നത് എന്റെ ഒരു ശക്തിയായി ഞാന്‍ കാണുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വിവിധ ക്ലബ്ബുകളുടെ ചുമതല വഹിച്ചിരുന്നു. കോളേജില്‍ എന്‍.സി.സി.യില്‍ ചേര്‍ന്നതും ഈ സ്വഭാവം വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. മടിപിടിച്ചിരിക്കാതെ കാര്യങ്ങള്‍ ചെയ്യുക എന്ന സ്വഭാവം എന്റെ മറ്റൊരു ശക്തിയായി ഞാന്‍ കാണുന്നു. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ നല്ല രീതിയില്‍ സാധിക്കാത്തത് എന്റെ ഒരു ദൗര്‍ബല്യമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത് മാറ്റിയെടുക്കാനുള്ള ശ്രമം ഞാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു വ്യക്തിത്വവികസനക്ലാസ്സില്‍ പങ്കെടുക്കുന്നുണ്ട്.

(മികച്ച ഉത്തരം. കാര്യകാരണ സഹിതം ശക്തി ദൗര്‍ബല്യങ്ങള്‍ വിവരിച്ചു. സ്വന്തം കഴിവുകളെപ്പറ്റി കൂടുതല്‍ പറഞ്ഞു. ദൗര്‍ബല്യം മാറ്റാനുള്ള വഴികള്‍ കണ്ടെത്തി, അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മടി പിടിച്ചിരിക്കാതെ കാര്യങ്ങള്‍ ചെയ്യുന്ന സ്വഭാവം ഉണ്ടെന്നത് ശരിയാണ്. ഈ കുട്ടിക്ക് നല്ലൊരു ടീം ലീഡറായി മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാന്‍ സാധിക്കും.)

ഇപ്രകാരം പൊതുവായ ചോദ്യങ്ങള്‍ക്ക് നല്ല മറുപടി തയ്യാറാക്കിയതിനുശേഷം മാത്രം ഇന്റര്‍വ്യു നേരിടുക. 

ആത്മവിശ്വാസം

സ്വന്തം കഴിവിലുള്ള വിശ്വാസവും ഇന്റര്‍വ്യുവില്‍ വിജയിക്കാന്‍ അനിവാര്യമാണ്. എനിക്ക് വലിയ അറിവില്ല. ചോദ്യങ്ങളെ എങ്ങനെ നേരി ടും? എന്ന ചിന്ത മാറ്റുക. എല്ലാം അറിഞ്ഞുകൊണ്ട് ഇന്റര്‍വ്യു നേരിടാന്‍ ആര്‍ക്കും പറ്റില്ലല്ലോ; എനിക്ക് അറിയുന്നതോ അറിയാത്തതോ ആയ കാര്യങ്ങള്‍ ചോദിച്ചേക്കാം. കഴിയുന്നതുപോലെ നല്ല ഉത്തരങ്ങള്‍ നല്‍കണം എന്ന പോസിറ്റീവ് ആറ്റിറ്റിയൂഡോടെ വേണം ഇന്റര്‍വ്യു റൂമില്‍ കയറിച്ചെല്ലാന്‍.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്റര്‍വ്യുവില്‍ എന്നോടു ചോദിച്ച ആദ്യ ചോദ്യം ''ഇതിനു മുന്‍പ് ഡെല്‍ഹിയില്‍ വന്നിട്ടുണ്ടോ?'' എന്നായിരുന്നു. തുടര്‍ന്ന്

''മലിനീകരണം നിര്‍വചിക്കുക''
''പലസ്തീന്‍ പ്രശ്‌നത്തിന്റെ കാരണമെന്താണ്?''
''സ്ത്രീശാക്തികരണം എങ്ങനെ നേടാം?''
''ഇരുമ്പും ഉരുക്കും തമ്മിലുള്ള വ്യത്യാസമെന്താണ്?''
''ക്യാമ്പസ് രാഷ്ട്രീയം നല്ലതാണോ?''
''ജനിറ്റിക് എഞ്ചിനിയറിങ് എന്നാലെന്ത്?''
''കേരളത്തിലെ പ്രധാന മലനിരകള്‍ ഏതൊക്കെ?''

തറവിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസമെന്ത്? എന്നിങ്ങനെ ഒട്ടും പ്രതീക്ഷിക്കാത്ത വൈവിധ്യമാര്‍ന്ന ചോദ്യങ്ങളാണ്. ''ഈ ഇന്റര്‍വ്യു എനിക്ക് ലഭിച്ച ഒരു നല്ല അവസരമാണ്. അറിയാത്തവ 'അറിയില്ല' എന്ന് പറയുക. ആത്മവിശ്വാസം കൈവിടാതെ എനിക്ക് അറിയുന്ന രീതിയില്‍ ഉത്തരം നല്‍കുക'' എന്ന ചിന്തയോടെയാണ് ഞാന്‍ ഇന്റര്‍വ്യു നേരിടാന്‍ കയറിയിരുന്നത്. ഈ ചിന്തയും തയ്യാറെടുപ്പും വളരെ സഹായകരമായിരുന്നു. ഇന്റര്‍വ്യുവില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കുഴപ്പമില്ലാത്ത മറുപടി നല്‍കാന്‍ സാധിച്ചു.

തോല്‍ക്കുമെന്ന് ചിന്തിക്കേണ്ട

ഇന്റര്‍വ്യുവില്‍ വിജയിക്കാന്‍ വേണ്ട മറ്റു ഘടകങ്ങളില്‍ പ്രധാനം ധൈര്യവും സത്യസന്ധതയുമാണ്. ''ഞാന്‍ തോല്‍ക്കും'' എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. ''വരുന്നിടത്തുവെച്ച് കാണാം. ഞാന്‍ ധൈര്യത്തോടെ ഇന്റര്‍വ്യു നേരിടും'' എന്ന് കരുതുകയാണ് വേണ്ടത്. ഈ ജോലി കിട്ടിയില്ലെങ്കില്‍ ബുദ്ധിമുട്ടാവും എന്ന് മനസ്സു പറയുമ്പോഴും ധൈര്യം കൈവിടാതെ നോക്കണം.

ഒട്ടും അറിയാത്ത ചോദ്യങ്ങള്‍ക്ക് 'അറിയില്ല' എന്നു മറുപടി നല്‍കാനും, തികച്ചും സത്യസന്ധമായി ഓരോ ഉത്തരവും പറയാനുമുള്ള ആത്മാര്‍ഥത ഇന്റര്‍വ്യു നേരിടുന്ന ഓരോരുത്തരും കാണിക്കേണ്ടതുണ്ട്. പ്രതിസന്ധികളില്‍ പതറാതെ 'ഇന്റര്‍വ്യു റൂമിലുള്ള ഇരുപതോ മുപ്പതോ മിനുട്ട് സമയം എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പുറത്തെടുക്കും' എന്ന മാനസിക തയ്യാറെടുപ്പോടെ വേണം നാം ഇന്റര്‍വ്യു നേരിടാന്‍.

കൂടാതെ ഫലപ്രദമായ ആശയവിനിമയത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മനസ്സിലുള്ള ഉത്തരങ്ങള്‍ സ്പഷ്ടമായി, കൃത്യമായി പറയാനും ചോദ്യകര്‍ത്താവിന് മനസ്സിലാവുന്നരീതിയില്‍ അവതരിപ്പിക്കാനും സാധിക്കണം. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ ആത്മവിശ്വാസം കുറവുള്ളവര്‍ ഈ ദൗര്‍ബല്യം മാറ്റിയെടുക്കാനുള്ള ശ്രമം നേരത്തേത്തന്നെ തുടങ്ങേണ്ടതാണ്.

നല്ല തയ്യാറെടുപ്പും ആത്മവിശ്വാസവും ആശയവിനിമയം ചെയ്യാനുള്ള കഴിവും ധൈര്യവുമെല്ലാം ഒത്തിണങ്ങിയാല്‍ പിന്നെ ഏത് ഇന്റര്‍വ്യുവിലും അനായാസ വിജയം നേടാന്‍ സാധിക്കും.

കടപ്പാട് ---മാതൃഭൂമി 

0 comments:

Post a Comment