To listen you must install Flash Player.

Sunday, 4 August 2013



ഭാവിയിലെ പാസ്‌വേഡ് ഗുളിക രൂപത്തില്‍ !
Posted on: 01 Jun 2013

-



തലവേദന മാറാന്‍ ഗുളിക കഴിക്കാറില്ലേ. അതുപോലെ നിങ്ങളുടെ ഈമെയില്‍ അക്കൗണ്ട് തുറക്കാനും ഫെയ്‌സ്ബുക്ക് പേജില്‍ കയറാനും ഗുളിക കഴിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. കമ്പ്യൂട്ടറാകട്ടെ സ്മാര്‍ട്ട്‌ഫോണോ ടാബ്‌ലറ്റോ ആകട്ടെ, അത്തരമൊരു ഗുളിക കഴിക്കുന്നതോടെ ആ ഉപകരണങ്ങള്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയുമെങ്കില്‍!

മോട്ടറോളയുടെ ഭാവി പരിപാടികളിലൊന്നാണ് ഇത്തരം 'പാസ്‌വേഡ് ഗുളിക' വികസിപ്പിക്കുന്നതെന്ന് അറിയുമ്പോള്‍ കാര്യങ്ങള്‍ക്ക് ഗൗരവമേറുന്നു. ഗുളിക മാത്രമല്ല, ശരീരത്തില്‍ 'ഇലക്ട്രോണിക് പച്ചകുത്തി'ന്റെ ( electronic tattoo ) രൂപത്തില്‍ പാസ്‌വേഡ് പതിച്ചുവെയ്ക്കാവുന്ന സംവിധാനവും മോട്ടറോളയുടെ പരിഗണനയിലാണ്.

വിവിരസാങ്കേതിക വിദ്യ നിത്യജീവിതത്തിന്റ ഭാഗമായതോടെ ഏതാണ്ട് എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് പെരുകിക്കൊണ്ടിരിക്കുന്ന പാസ്‌വേഡുകള്‍. ഓരോ സര്‍വീസിനും ഓരോ പാസ്‌വേഡ് വേണമെന്നതാണ് സ്ഥിതി. ഫെയ്ബുക്കിനൊന്ന്, ഗൂഗിള്‍ അക്കൗണ്ടുകള്‍ക്ക് മറ്റൊന്ന്, ട്വിറ്ററിനൊന്ന്, റെയില്‍വെ ടിക്കറ്റ് ബുക്കുചെയ്യാന്‍ വേറൊന്ന്....ഇങ്ങനെ നീളുന്നു ആ പട്ടിക.

ഒരു സര്‍വീസിനുള്ള പാസ്‌വേഡ് മറ്റൊന്നില്‍ ഉപയോഗിക്കരുത്, ലളിതമായ പാസ്‌വേഡുകള്‍ ഒന്നിലും പാടില്ല, സങ്കീര്‍ണ്ണപാസ്‌വേഡുകളാണ് നന്ന്, അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും കലര്‍ന്ന പാസ്‌വേഡാണ് കൂടുതല്‍ സുരക്ഷിതം....ഇതാണ് സ്ഥിതി. മാത്രമോ, ഇതെല്ലാം ഓര്‍ത്തുവെയ്ക്കുകയും വേണം!

ഈ പൊല്ലാപ്പിനുള്ള മറുമരുന്നായാണ് പുതിയ ആശയങ്ങള്‍ മോട്ടറോള അവതരിപ്പിക്കുന്നത്. പാസ്‌വേഡുകള്‍ക്ക് പകരം ഇലക്ട്രോണിക്‌സ് സര്‍ക്യൂട്ട് ശരീരത്തില്‍ പച്ചകുത്തുക, 'പാസ്‌വേഡ് ഗുളിക' എന്നീ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി, മോട്ടറോളയിലെ സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് മേധാവി റജീന ദുഗാന്‍ പറഞ്ഞു.


തൊലിപ്പുറത്ത് പതിപ്പിച്ച് വെയ്ക്കുന്നത് 'ഇലക്ട്രോണിക് പച്ചകുത്ത്' ആയതിനാല്‍, നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ക്ക് അത് മനസിലാക്കി, നിങ്ങളെ തിരിച്ചറിയാന്‍ സാധിക്കും.

പച്ചകുത്ത് ഇഷ്ടമാകാത്തവര്‍ക്കുള്ളതാണ് 'പാസ്‌വേഡ് ഗുളിക'. വിഴുങ്ങുന്ന ഗുളിക ഉള്ളിലെത്തുമ്പോള്‍, ആമാശയ ആസിഡ് ആ ഗുളികയ്ക്ക് ഊര്‍ജം പകരുകയും അതിനെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും. ഗുളികയ്ക്ക് പ്രവര്‍ത്തിക്കാന്‍ ബാറ്ററി വേണ്ട എന്നുസാരം. ആമാശയ ആസിഡാണ് ബാറ്ററിക്ക് പകരം ഊര്‍ജംപകരുക.

പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഗുളിക പുറപ്പെടുവിക്കുന്ന 18 ബിറ്റ് സിഗ്നല്‍ ശരീരത്തിന് വെളിയിലെത്തുകയും, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ക്ക് അത് പിടിച്ചെടുത്ത് നിങ്ങളെ തിരിച്ചറിയാന്‍ കഴിയുകയും ചെയ്യും. ഗുളിക പ്രവര്‍ത്തനക്ഷമമായിരിക്കുന്ന സമയത്തോളം നിങ്ങളൊരു 'ചലിക്കുന്ന പാസ്‌വേഡാ'യി മാറുന്നു.

മോട്ടറോളയുടെ പരമ്പരാഗത ഗവേഷണത്തില്‍ നിന്നുള്ള വ്യതിചലനമാണ് ഇത്തരം നീക്കങ്ങള്‍. മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ ഏറ്റെടുക്കുന്നത് 2012 ലാണ്. ഇത്രകാലവും മൊബൈല്‍ ഫോണ്‍ കമ്പനി എന്ന നിലയ്ക്ക് മാത്രം അറിയപ്പെട്ടിരുന്ന മോട്ടറോള, ഭാവിയില്‍ അങ്ങനെ മാത്രമാവില്ല അറിയപ്പെടുക എന്നതിന്റെ സൂചന കൂടിയാണിത്.

യു.എസില്‍ കാലിഫോര്‍ണിയയിലെ റാന്‍കോ പാലോസ് വെര്‍ഡസില്‍ ഡി 11 കോണ്‍ഫറന്‍സില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ്, റജീന ദുഗാന്‍ തന്റെ ആശയങ്ങള്‍ പങ്കുവെച്ചത്. 



കടപ്പാട്----------Mathrubhumi 

0 comments:

Post a Comment