To listen you must install Flash Player.

Thursday, 25 July 2013



പ്രമേഹത്തെ കീഴടക്കാം 






പൂർണമായി ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാറാരോഗമാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിച്ച് കൊണ്ടു പോകുന്നതിലൂടെ ആരോഗ്യകരമായ ഒരു ജീവിതം സാധ്യമാകും. പ്രമേഹം രോഗിയെ അല്ല, രോഗി പ്രമേഹത്തെയാണ് കീഴടക്കേണ്ടത്. ആയുർവേദത്തിൽ പ്രമേഹത്തെ നിയന്ത്രണ വരുതിയിലാക്കാൻ മരുന്നുകളുണ്ട്.
അമിതമായി മൂത്രം പോകുന്ന രോഗം എന്നാണ് ആയുർവേദത്തിൽ പ്രമേഹം എന്ന വാക്കിന്റെ അർത്ഥം. രാത്രി കൂടെക്കൂടെ മൂത്രം ഒഴിക്കാനായി എഴുന്നേൽക്കുന്പോഴാണ് രോഗം ശ്രദ്ധയിൽ പെടുക. അമിത പോഷണം കൊണ്ടുണ്ടാകുന്ന രോഗമെന്നായിരുന്നു പരന്പരാഗത സങ്കല്പം. മനസ്സിലാക്കാൻ പറ്റുന്നതും പറ്റാത്തതുമായ നിരവധി കാരണങ്ങൾ പ്രമേഹത്തിനുണ്ട്. ജീവിത രീതിയിലുള്ള തകരാറാണ് പ്രധാന കാരണം.

കൃത്രിമമായ ആഹാര പദാർത്ഥങ്ങളുടെ (നൂഡിൽസ് പോലുള്ള ആഹാരം) ഉപയോഗം പ്രമേഹത്തിനു കാരണമാകാറുണ്ട്. കൊളസ്ട്രോൾ ഉണ്ടാക്കുമെന്ന് ഭയന്ന് വെളിച്ചെണ്ണയ്ക്ക് പകരം ഉപയോഗിക്കുന്ന മറ്റു പലതരം എണ്ണകൾ പ്രമേഹത്തിനു കാരണമാകുന്നുണ്ടെന്ന് ശാസത്രജ്ഞന്മാർ സംശയിക്കുന്നുണ്ട്. പാരന്പര്യമായി പ്രമേഹം വരുമെന്ന് പറയാറുണ്ടെങ്കിലും രോഗമല്ല, രോഗസാധ്യതയാണ് പരന്പരാഗതമായി കിട്ടുന്നത്. അതിന്റെ കൂടെ ജീവിതരീതി കൂടി ചേരുന്പോഴാണ് രോഗമായി പുറത്തേക്ക് വരുന്നത്. അമ്മയുടെ ഗർഭകാലത്തെ ചര്യകൾ കൂടി പ്രമേഹ രോഗ കാരണമാകുന്നു എന്ന സംശയം ആയുർവേദം പ്രകടിപ്പിക്കുന്നു.

മൂത്രം പോകുന്നത് തന്നെയാണ് പ്രമേഹത്തിന്റെ പ്രധാന രോഗലക്ഷണം. ശരീരത്തിന്റെ ജലാംശം പോകുന്നതു കൊണ്ട് തൊണ്ട വറ്റിവരണ്ട് ഉണ്ടാകുന്നതു പോലുള്ള ദാഹം, ക്ഷീണം, ഉണങ്ങാ വ്രണം, മറ്റു കാരണങ്ങൾ കൊണ്ട് വിശദീകരിക്കാൻ പറ്റാത്ത ഭാര നഷ്ടം (മെലിയൽ), ഗുഹ്യഭാഗങ്ങളിലെ ചൊറിച്ചിൽ എന്നിവയൊക്കെ ലക്ഷണങ്ങളാണ്. അതേസമയം, ലക്ഷണം കാര്യമായി പുറമേക്ക് കാണാത്ത രീതിയിൽ രോഗം ഒളിച്ചിരിക്കാം. പെട്ടെന്ന് മറ്റൊരു രോഗത്തിന്റെ ഉപദ്രവത്തോടെ പ്രമേഹം പുറത്തേക്ക് ചാടും. ചിലപ്പോൾ ഈ അനുബന്ധ രോഗങ്ങളാവും പ്രമേഹത്തിൽ ലക്ഷണമായി പുറത്തേക്ക് ചാടുക. ധാരാളം കൂട്ടുകാരുള്ള രോഗമാണ് പ്രമേഹം. നിയന്ത്രിച്ചില്ലെങ്കിൽ ഓരോ വർഷം കഴിയുന്പോൾ അകന്പടി രോഗങ്ങൾ ഓരോന്നായി വരും. ഹൃദയം, വൃക്ക, നേത്രം, നാഡീവ്യൂഹം എന്നീ അവയവങ്ങൾ ഓരോന്നായി പ്രമേഹത്തിന് കീഴടങ്ങും.

പ്രമേഹത്തെ തിരിച്ചറിയാൻ മൂത്ര പരിശോധന മാത്രം പോര, രക്ത പരിശോധനയും ആവശ്യമാണ്. രക്തത്തിൽ മധുരാംശം കുറഞ്ഞെന്ന് കരുതി രോഗം ഭേദമായി എന്നു കരുതരുത്. മധുരാംശം കുറയാൻ സഹായിച്ച ജീവിത രീതി തുടർന്നും കൊണ്ടു പോവുക. ഔഷധം, ആഹാരം, വ്യായാമം എന്നിവയാണ് ചികിത്സയുടെ മൂന്ന് ഘടകങ്ങൾ. ഔഷധവും ആഹാരവും ചേരുന്നതാണ് പഥ്യം എന്ന വാക്ക് കൊണ്ടുദ്ദേശിക്കുന്നത്. പഥ്യത്തിന് പ്രാധാന്യമുള്ള രോഗമാണ് പ്രമേഹം. ഔഷധമുണ്ടെങ്കിലും പഥ്യമുണ്ടെങ്കിലേ രോഗം നിയന്ത്രണ വിധേയമാകൂ.

കുടുംബാംഗങ്ങളും രോഗിയുടെ പഥ്യത്തോട് ചേർന്ന് ജീവിച്ചാൽ രോഗിക്ക് അനായാസമായി പഥ്യത്തെ കൂടെ കൊണ്ടു പോകാനാവും. പ്രമേഹത്തിൽ ഗോതന്പാണ് അരിയേക്കാൾ പഥ്യം. പയറു വർഗങ്ങളിൽ ചെറുപയർ, മുതിര പഴ വർഗങ്ങളിൽ പേരക്ക, പപ്പായ, പാലുത്പന്നങ്ങളിൽ വെണ്ണ നീക്കിയ മോര് എന്നിവ നല്ലതാണ്. തൈര് പാടെ ഉപേക്ഷിക്കണം. സസ്യാഹാരമാണ് പ്രമേഹ രോഗികൾക്ക് നല്ലത്. അമിത വിശ്രമം നല്ലതല്ല. ശരീരത്തിന്റെ ആയാസവും വിശ്രമവും തുലനപ്പെട്ട് പോകണം. വ്യായാമം ഒഴിച്ചു കൂടാനാവാത്തതായി കരുതണം. മഴയോ മറ്റു കാരണങ്ങളോ വ്യായാമത്തെ ബാധിക്കരുത്. ഗർഭിണിയോ വാർദ്ധക്യത്തിലോ അല്ലാത്തപക്ഷം പകലുറക്കം പാടില്ല. യോഗ നല്ലതാണ്.

ഒറ്റമൂലികളെയോ പരസ്യത്തിൽ കാണുന്ന മരുന്നുകളെയോ ആശ്രയിച്ച് ചികിത്സ ചെയ്യരുത്. രോഗത്തിന്റെ അവസ്ഥയും രോഗിയുടെ സ്വഭാവവുമനുസരിച്ച് ആയുർവേദത്തിൽ ഔഷധങ്ങൾ നിരവധിയാണ്. മഞ്ഞൾ, നെല്ലിക്ക, കരിങ്ങാലിക്കാതൽ, വേങ്ങക്കാതൽ, ഉലുവ, വേപ്പ്, തുടങ്ങിയവയുടെ കൂട്ടുകളാണ് പ്രധാനമായും പ്രമേഹത്തിന് ആയുർവേദ ഔഷധങ്ങളിൽ ഉള്ളത്. പാദസംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. മുറിവ്, ചതവ്, വളം കടി എന്നിവ വ്രണങ്ങളുണ്ടാക്കാൻ ഇടയാക്കും. ഇടയ്ക്കിടെ പാദം പരിശോധിക്കുന്നത് നല്ലതായിരിക്കും. സുഖകരമായ പാദരക്ഷകൾ ഉപയോഗിക്കണം.

ഡോ. കെ. മുരളി
പ്രൊഫസർ
കായചികിത്സാ വിഭാഗം
ഗവ.ആയുർവേദ കോളേജ്
തൃപ്പൂണിത്തുറ

0 comments:

Post a Comment