എന്തും ഡൌൺലോഡ് ചെയ്യാം, 4shared.com-ൽ നിന്നും
പാട്ടുകൾ, ചിത്രങ്ങൾ, വീഡിയോകൾ, സോഫ്റ്റ് വെയറുകൾ, ഇ-ബുക്കുകൾ എന്നിങ്ങനെ പലതും നമുക്ക് ഡൌൺലോഡ് ചെയ്യേണ്ട സന്ദർഭങ്ങൾ നമ്മുടെ കമ്പ്യൂട്ടർ ഉപയോഗത്തിനിടയിൽ കടന്നു വരും. ഇത്തരം സന്ദർഭങ്ങളിൽ എല്ലാം നാം സാധാരണയായി ഗൂഗിളിനെയാണ് ആശ്രയിക്കാറ്. എന്നാൽ ഇത് എല്ലാ തവണയും വിജയിച്ചു എന്നു വരില്ല. നമ്മുടെ യഥാർഥ ആവശ്യം മനസിലാക്കാതെ ഗൂഗ്ഗിൾ പലപ്പോഴും തെറ്റായ വഴിയിലൂടെ നയിച്ചേക്കാം. ഫലമോ, വളരെ ലഘുവായ ഒരു ഡൌൺലോഡിനു വേണ്ടി നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയോ, അല്ലെങ്കിൽ ചിലപ്പോൾ നമ്മുടെ ആവശ്യം നടക്കാതെ തന്നെ ഇരിക്കുകയോ ചെയ്തെന്നു വരാം. ഇത്തരം സന്ദർഭങ്ങളിൽ ഗൂഗിളിനേക്കാൾ നിങ്ങൾക്ക് ആശ്രയിക്കാവുന്ന ഒന്നാണ് www.4shared.com.
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു ഫയൽ ഷെയറിങ്ങ് വെബ്സൈറ്റാണ് 4ഷെയേർഡ്. അതായത് നിങ്ങളുടെ ഫയലുകൾ ഓൺലൈൻ ആയി സൂക്ഷിച്ച് വയ്ക്കാനൊരിടം, ഒപ്പം നിങ്ങൾക്ക് അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ താല്പര്യമുണ്ടങ്കിൽ അതും ചെയ്യാം. ഇത്തരത്തിൽ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ഉപഭോക്താക്കൾ നിങ്ങളുമായി സൌജന്യമായി പങ്കുവച്ചിരിക്കുന്ന എണ്ണമറ്റ ഫയലുകൾ ആണ് ഇതിനെ ഏറ്റവും മികച്ച ഡൌൺലോഡ് സെന്റർ ആക്കി മാറ്റിയിരിക്കുന്നത്. പരസ്പര സഹകരണത്തിന്റെ ന്യൂജനറേഷൻ മോഡൽ എന്നു വേണമെങ്കിൽ നമുക്ക് ഇതിനെ വിളിക്കാം. നിങ്ങൾക്ക് ആവശ്യംവരാവുന്ന ഒരുമാതിരി എല്ലാ സാധന സാമഗ്രികളൂം ആരെങ്കിലും ഒക്കെ ഇവിടെ പങ്കുവച്ചിട്ടുണ്ടാകും. സിനിമാ ഗാനങ്ങൾ, റിങ്ങ് ടോണുകൾ, വീഡിയോകൾ സോഫ്റ്റ് വെയറുകൾ, വാൾ പേപ്പറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, pdf ബുക്കുകൾ, റെസ്യൂമുകൾ, പ്രോജക്ട് റിപ്പോർട്ടുകൾ, പല സോഫ്റ്റ് വെയറുകളുടെയും ക്രാക്ക് സഹിതമുള്ള ഫുൾ വെർഷനുകൾ എന്നിങ്ങനെ പലപ്പോഴും നിങ്ങൾ പണം കൊടുത്ത് വാങ്ങേണ്ടി വരുന്ന പലതും ഇവിടെ സൌജന്യമായി ലഭിക്കും. ഇനി ഇവിടെ ഇല്ലാത്തത് എന്തെങ്കിലും നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾക്കും അത് ഇവിടെ പങ്കുവയ്ക്കാം.
4ഷെയേർഡ് ഉപയോഗിക്കുന്നതിനായി ആദ്യം സൌജന്യമായി രജിസ്റ്റർ ചെയ്യണം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾക്ക് സൌജന്യമായി 15GB സ്റ്റോറേജ് സൌകര്യം ലഭിക്കുന്നതാണ്. ഇതിലേക്ക് നിങ്ങൾക്ക് 2 GB വരെ വലിപ്പമുള്ള സിംഗിൾ ഫയലുകൾ അപ് ലോഡ് ചെയ്യാവുന്നതാണ്. ഇത് നിങ്ങൾക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയോ വയ്കാതെ ഇരിക്കുകയോ ചെയ്യാം. പിന്നീട് നിങ്ങൾക്ക് ലോകത്തിന്റെ എതു ഭാഗത്തുനിന്നും എപ്പോൾ വേണമെങ്കിലും ഇത് ഡൌൺലോഡ് ചെയ്യാവുന്നതാണ്. വലിയ ഫയലുകൾ ഇമെയിൽ ചെയ്യേണ്ടതായി വന്നാൽ അത് ഇവിടെ അപ് ലോഡ് ചെയ്തതിനു ശേഷം ഡൌൺലോഡ് ലിങ്ക് അയച്ചുകൊടുത്താൽ മാത്രം മതിയാകും. രെജിസ്റ്റർ ചെയ്യാത്തവർക്ക് ഇതിൽനിന്നും ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ല എന്നും ഓർമ്മിപ്പിക്കട്ടെ.
സൌകര്യപ്രദമാമായി ഉപയോഗിക്കുന്നതിനായി 4ഷെയേർഡിന്റെ ഡെസ്ക്ടോപ്പ്, മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഇവ ഉപയോഗിച്ച് ഈ സൈറ്റിലെ മുഴുവൻ ഡാറ്റയും നമ്മുടെ ഹാർഡ് ഡ്രൈവിന്റെ ഒരു ഭാഗം എന്ന രീതിയിൽ തന്നെ നമുക്ക് ഉപയോഗിക്കവുന്നതാണ്. സൌജന്യമായി ഉപയോഗിക്കുമ്പോൾ ഒരു ഫയൽ ഡൌൺലോഡ് ചെയ്യാൻ 20 സെക്കന്റ് കാത്തിരിക്കണം എന്നൊരു പോരായ്മയുണ്ട്. ഈ കാത്തിരിപ്പ് അസൌകര്യമായി തോന്നുകയാണെങ്കിലോ,15 GB സൌകര്യം തികയാതെ വരികയാണെങ്കിലോ നിങ്ങൾക്ക് പ്രീമിയം മെമ്പർ ആകാവുന്നതാണ്. ഇതിലൂടെ 100 GB സ്റ്റോറേജ് സൌകര്യവും, 5 GB വരെയുള്ള ഒര ഫയലുകൾ അപ് ലോഡ് ചെയ്യവുന്നതുമാണ്. ഒപ്പം പരസ്യങ്ങളില്ലാതെ സൈറ്റ് ഉപയോഗിക്കുകയുമാകാം. 1 വർഷത്തെ പ്രീമിയം അക്കൌണ്ടിന് പ്രതിമാസം 6.5 ഡോളർ വച്ച് നൽകേണ്ടി വരും.
ഇതിന്റെ ഏറ്റവും വലിയ പോരായ്മ മികച്ച ഒരു സെർച്ച് അൽഗോരിതം ഇല്ലെന്നുള്ളതാണ്. അതായത് 4ഷെയേർഡിൽ അപ് ലോഡ് ചെയ്തിരിക്കുന്ന ഫയലിന്റെ അതേ പേര് ഉപയോഗിച്ച് സേർച്ച് ചെയ്താൽ മാത്രമേ നിങ്ങൾക്ക് അതു കാണാൻ സാധിക്കു. അതായത് ഫയലിന്റെ കൃത്യമായ സ്പെല്ലിങ്ങ് അറിയില്ലെങ്കിൽ ചിലപ്പോൾ നിരാശയായിരിക്കും ഫലം.
4ഷെയേഡിനെക്കാൾ മികച്ച സേവനം തരുന്ന മറ്റു ചില സൈറ്റുകളുമുണ്ട്, എന്നാൽ വിക്കിപീഡിയ പോലെ പൊതുജനങ്ങളുടെ പിന്തുണയാലും, പരസ്പര സഹകരണത്താലും വളരുന്ന മറ്റൊരു ഷെയറിങ്ങ് സൈറ്റ് എല്ലെന്നുള്ളതാണ് സത്യം. ഇതിനെ വളർത്താൻ നിങ്ങളാൽ കഴിയുന്ന പിന്തുണ നിങ്ങൾ നൽകുക, ഒപ്പം ആവശ്യമുള്ള പിന്തുണ ഇതിൽനിന്ന് സ്വീകരിക്കുകയും ചെയ്യുക. പണമായി വേണ്ട, പകരം ഏതെങ്കിലും ഫയൽ ആയി മതി.
0 comments:
Post a Comment