ബി പി കുറയ്ക്കാം മരുന്നില്ലാതെ
DR.V.Jayaram
M B B S, MD (Gen.Medicine), D M (Cardiology)
Associate Professor(Cardiology)
Medical College, Alappuzha.
M B B S, MD (Gen.Medicine), D M (Cardiology)
Associate Professor(Cardiology)
Medical College, Alappuzha.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സര്‍വ്വസാധാരണമായ ഒരു ജീവിതശൈലീരോഗമായി മാറിയിരിക്കുന്നു. നമ്മുടെ മാറിയ ജീവിത സാഹചര്യങ്ങളും വര്‍ദ്ധിച്ച മനോസംഘര്‍ഷങ്ങളുമൊക്കെ ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ മധ്യവയസ്കരില്‍ ഏകദേശം 22 ശതമാനത്തോളം പേര്‍ക്ക് രക്താതിസമ്മര്‍ദ്ദം ഉണ്ടെന്നാണ് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സാധാരണ രക്തസമ്മര്‍ദ്ദം 120/80 മി.മി മെര്‍ക്കുറിക്ക് താഴെയായി നിര്‍ത്തുന്നതാണ് അഭികാമ്യം. ബി. പി. 140/90 ന് മുകളിലേക്ക് ഉയരുന്നതും ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ ആനുപാതികമായി കൂടുന്നതിനാല്‍ ചികിത്സ ആവശ്യമാണ്.
ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനിയായ ഉയര്‍ന്ന ബി. പി. മരുന്നുകള്‍ സേവിച്ച് പെട്ടന്ന് നിയന്ത്രണവിധേയമാക്കാമെങ്കിലും ദീര്‍ഘകാലം മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടതിനാലും ഈ മരുന്നുകള്‍ ബി. പി. കുറയ്ക്കുകയല്ലാതെ രോഗത്തിലേക്ക് നയിച്ച മൂലകാരണങ്ങളെ നിയന്ത്രിക്കുവാന്‍ യാതൊന്നും ചെയ്യാത്തതിനാലും സാധ്യമായവരില്‍ മരുന്നില്ലാതെ ബി. പി. നിയന്ത്രിക്കുന്നതാണ് അഭികാമ്യം. ശക്തികുറഞ്ഞ രക്താതിസമ്മര്‍ദ്ദമുള്ള മിക്കവരിലും ജീവിതശൈലി പുനര്‍ക്രമീകരണത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഇത് സാധ്യമാവുകയും ചെയ്യും.
കറിയുപ്പ് ഉപയോഗം 6 ഗ്രാമില്‍ താഴെ നിര്‍ത്തണം.
രക്താതിസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ഭക്ഷണക്രമീകരണങ്ങളില്‍ പ്രധാനം കറിയുപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ഒരാള്‍ക്ക് ഒരു ദിവസം ഏകദേശം 6 ഗ്രാമില്‍ താഴെയേ കറിയുപ്പ് ആവശ്യമുള്ളൂ. ഭക്ഷണസാധനങ്ങളില്‍ സ്വതവേ അടങ്ങിയിട്ടുള്ള കറിയുപ്പില്‍ നിന്ന് ഇത് ലഭിക്കുകയും ചെയ്യും. എന്നാല്‍ ആധുനിക പാചകരീതിയുടെ പ്രത്യേകതകൊണ്ട് പത്ത് പന്ത്രണ്ട് ഗ്രാം കറിയുപ്പ് ഒരു സാധാരണ കേരളീയന്‍ ദിവസവും അകത്താക്കുന്നു. ഉയര്‍ന്ന ബി. പി യുള്ളവര്‍ ഉപ്പ് കൂടുതലടങ്ങിയിട്ടുള്ള പപ്പടം, അച്ചാറുകള്‍, ഉണക്കമീന്‍, ടിന്‍ ഫുഡുകള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം. കൂടാതെ രുചി വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി കറികളില്‍ ചേര്‍ക്കുന്ന കറിയുപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയും വേണം. ആവശ്യമെങ്കില്‍ കറിയുപ്പിന് പകരം ഇന്തുപ്പ് (പൊട്ടാസ്യം ക്ളോറൈഡ്) ഉപയോഗിക്കാം. ഇന്തുപ്പില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പ്രെഷര്‍ കുറയ്ക്കുവാന്‍ നല്ലതാണ്.
മത്സ്യം കറിവെച്ച് കഴിക്കാം.
കടല്‍ മത്സ്യങ്ങളായ മത്തി, അയല ചൂര, കോര തുടങ്ങിയവ സ്ഥിരമായി കറിവെച്ച് കഴിക്കുന്നത് ബി. പി. കുറയ്ക്കുവാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 കൊഴുപ്പമ്ളങ്ങള്‍ പ്രഷര്‍ കുറയ്ക്കുന്നത് കൂടാതെ ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യും. മീന്‍ വിഭവങ്ങള്‍ വറുത്ത് ഉപയോഗിച്ചാല്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയില്ല. ചില പ്രത്യേകതരം അര്‍ബുദത്തെ പ്രതിരോധിക്കുവാനുള്ള അത്ഭുതസിദ്ധിയും കടല്‍ മത്സ്യങ്ങളില്‍ ധാരാളമായി കാണുന്ന ഒമേഗ 3 കൊഴുപ്പമ്ളങ്ങള്‍ക്കുണ്ടത്രേ.
ഡാഷ് ഡയറ്റ്
ബി. പി. നിയന്ത്രിക്കുവാന്‍ ശാസ്ത്രീയമായി സംവിധാനം ചെയ്തിട്ടുള്ള ഭക്ഷണരീതിയാണ് ഡാഷ് ഡയറ്റ് (Dietry Approach to Stop Hypertension) ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് നീക്കം ചെയ്ത പാല്‍, മത്സ്യം, പരിപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നീ ധാതുക്കള്‍ പ്രഷര്‍ കുറയ്ക്കുമെന്ന് പഠത്തില്‍ തെളിയിച്ചിട്ടുണ്ട്. ഉലുവ, മുരിങ്ങയില, വെളുത്തുള്ളി എന്നിവയുടെ ഉപയോഗവും പ്രഷര്‍ കുറയ്ക്കുവാന്‍ നല്ലതാണ്.
മദ്യം വര്‍ജ്ജിക്കുക, കാപ്പി കുറയ്ക്കുക
അമിതമായി കാപ്പി കുടിക്കുന്നത് പ്രഷര്‍ വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഹൃദ്രോഗവും, രക്താതി സമ്മര്‍ദ്ദവും ഉള്ളവര്‍ കാപ്പികുടി കുറയ്ക്കുന്നതാണ് ഉത്തമം. ചായകുടി പ്രഷര്‍ കൂട്ടുമെങ്കിലും ചായയിലടങ്ങിയിരിക്കുന്ന നിരോക്സീകാരികളായ ഫ്ളേവനോയ്ഡുകള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനാല്‍ മിതമായി കടുപ്പം കുറഞ്ഞ ചായ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
അമിതമദ്യപാനം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇക്കൂട്ടര്‍ മദ്യപാനം നിര്‍ത്താത്തിടത്തോളം കാലം പ്രഷറിനുള്ള ചികിത്സ ഫലപ്രദമാവുകയുമില്ല.
പുകവലി-പുകയില ഉപയോഗം ഉപേക്ഷിക്കണം
പുകവലിക്കുമ്പോള്‍ പ്രഷര്‍ കുതിച്ചുകയറും. പുകവലിയും മറ്റ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വര്‍ജ്ജിക്കേണ്ടത് പ്രഷര്‍ നിയന്ത്രിക്കുവാന്‍ അനിവാര്യമാണ്. ഭാരതത്തിലെ സ്ത്രീകള്‍ പാശ്ചാത്യരെ അപേക്ഷിച്ച് വളരെ വിരളമായേ പുകവലിക്കാറുള്ളൂ. എന്നാല്‍ നിഷ്ക്രിയ പുകവലി (ജമശ്ൈല ടാീസശിഴ) പുകവലിക്കാത്ത ഭാരതീയ സ്ത്രീകള്‍ക്കും രക്താതിസമ്മര്‍ദ്ദത്തിന് കാരണമാകുന്നു.
ശരീരഭാരം
പൊണ്ണത്തടിയുള്ളവരില്‍ രക്താതിസമ്മര്‍ദ്ദം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ശരീരഭാര നിയന്ത്രണത്തിലൂടെ പൊണ്ണത്തടിയുള്ളവരില്‍ രക്താതിസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്തുവാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇക്കൂട്ടരില്‍ പത്ത് കിലോഗ്രാം ശരീരഭാരം കുറയുമ്പോള്‍ ഏകദേശം 5 മുതല്‍ 20 വരെ രക്താതിസമ്മര്‍ദ്ദം കുറയുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ശരീരഭാര നിയന്ത്രണം ബി. പി കുറയ്ക്കുന്നതില്‍ എത്രമാത്രം പ്രയോജനകരമാണെന്ന് ഇതില്‍ നിന്നും മനസ്സിലാവുമല്ലോ. ആഹാര നിയന്ത്രണത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തേണ്ടത് രക്താതിസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുവാനും നിയന്ത്രിച്ച് നിര്‍ത്തുവാനും അനിവാര്യമാണ്.
ചിട്ടയായ വ്യായാമം വേണം
ചിട്ടയായ വ്യായാമം പ്രഷര്‍ കുറയ്ക്കുവാന്‍ ഉത്തമമാണ്. നടത്തം, ജോഗിംഗ്, നീന്തല്‍, നൃത്തം നടകയറിയിറക്കം, കളികള്‍ തുടങ്ങിയവയെല്ലാം തന്നെ പ്രഷര്‍ കുറക്കുവാന്‍ ഉത്തമമാണ്. ദിവസവും രാവിലെ കുറഞ്ഞത് അരമണിക്കൂറെങഅകിലും ആഹാരത്തിന് മുന്‍പ് വ്യായാമം ചെയ്താലെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. വ്യായാമം പ്രഷര്‍ കുറയ്ക്കുന്നതിന് പുറമെ ഹൃദ്രോഗം, പ്രമേഹം, കൊളസ്ട്രോള്‍, പൊണ്ണത്തടി, മനോസംഘര്‍ഷം എന്നിവ കുറയ്ക്കുവാനും നല്ല ഉറക്കം ലഭിക്കുവാനും ഇടയാക്കുന്നു.
ധ്യാനവും യോഗയും ജീവനകലയും പ്രഷര്‍ കുറയ്ക്കും.
ആധുനിക മനുഷ്യരില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കമാണ് ജീവിതശൈലീ രോഗങ്ങളായ പ്രഷറും, പ്രമേഹവും, കൊളസ്ട്രോളും കൂടി ഹൃദ്രോഗ സാധ്യത ഏറുവാന്‍ ഇടയാക്കിയത്. ദിവസവും കുറച്ചുസമയം മാനസിക പിരിമുറുക്കങ്ങള്‍ അകറ്റുന്ന യോഗ, ധ്യാനം, പ്രാര്‍ത്ഥന, ജീവനകല എന്നിവയില്‍ ഏതെങ്കിലും ഒന്ന് അഭ്യസിക്കുവാന്‍ വേണ്ടി മാറ്റിവെക്കേണ്ടത് പ്രഷര്‍ കുറയ്ക്കുന്നതിനുപരിയായി ഹൃദയാരോഗ്യം സംരക്ഷിച്ച് ഹൃദയാഘാതത്തെ തടയുവാന്‍ അത്യന്താപേക്ഷിതമാണ്. സ്ഥിരമായി പ്രാണായാമവും സൂര്യനമസ്കാരവും ചെയ്യുന്നവരില്‍ രക്തസമ്മര്‍ദ്ദം കുറയുന്നതോടൊപ്പം തന്നെ പ്രമേഹം, കൊളസ്ട്രോള്‍ ഹൃദ്രോഗസാധ്യത എന്നിവയും കുറയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
0 comments:
Post a Comment