കഷണ്ടി വരാതെ നോക്കാം
പണ്ടൊക്കെ പുരുഷന്മാരുടെ കഷണ്ടി പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ മാറി വരുന്ന ജീവിത സാഹചര്യങ്ങള്‍ കാരണം ഇന്ന് ചെറുപ്പക്കാരായ മൊട്ടത്തലയന്മാരും ഏറെയാണ്.
ഇന്ന് 25-35 പ്രായമുള്ള ചെറുപ്പക്കാരില്‍ പോലും കഷണ്ടി കണ്ടുവരുന്നു. കഷണ്ടി മാത്രമല്ലാ, മുടി കൊഴിയലും മുടി നരയ്ക്കലും ഇപ്പോള്‍ സര്‍വസാധാരണമാണ്. ജോലിഭാരം മൂലമുള്ള പിരിമുറുക്കങ്ങളും വേണ്ട രീതിയില്‍ മുടി സംരക്ഷിക്കാത്തതും കഷണ്ടിക്കും നരക്കും കാരണമാണ്. ഒന്നു ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാവുന്നതേയുള്ളൂ.
നമ്മുടെ മുടി വളരെ മൃദുലമാണ്. അതുകൊണ്ട് മുടി കൈകാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധ വേണം.സാധാരണ കുളി കഴിഞ്ഞ് വെള്ളം കളയാനായി നാം മുടി അമര്‍ത്തി തോര്‍ത്താറുണ്ട്. അത് മുടിക്ക് നല്ലതല്ല. ഇങ്ങനെ ചെയ്യുമ്പോള്‍ പുതുതായി വളര്‍ന്നു വരുന്ന മുടി മുരടിച്ചു പോകും. മൃദുവായ ടവലുപയോഗിച്ച് വെള്ളം കളയുന്നതാണ് നല്ലത്.
നനഞ്ഞ മുടി കഴിവതും ചീപ്പുപയോഗിച്ച് ചീകരുത്. ഇങ്ങനെ ചെയ്താല്‍ മുടി പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. ഈറന്‍ മുടി കൈകൊണ്ടുതന്നെ ആദ്യം ഒതുക്കാവുന്നതേയുള്ളൂ.
നീളം കുറഞ്ഞ മുടി കൈകാര്യം ചെയ്യാനും കുളി കഴിഞ്ഞാന്‍ ഉണങ്ങാനും എളുപ്പമാണ്. അതുകൊണ്ട് മുടി വെട്ടിയൊതുക്കി വയ്ക്കാന്‍ ശ്രമിക്കുക. നീളം കുറഞ്ഞ മുടിയില്‍ പുതിയ സ്റ്റൈലുകള്‍ പരീക്ഷിക്കാനും എളുപ്പമാണ്.
നീട്ടുക, ചുരുട്ടുക തുടങ്ങിയ പരീക്ഷണങ്ങള്‍ നടത്താത്തതാണ് മുടിയുടെ സ്വാഭാവിക ആരോഗ്യത്തിന് നല്ലത്. എളുപ്പം പൊട്ടിപ്പോകുന്ന മുടിയാണ് നിങ്ങളുടേതെങ്കില്‍ ഒരിക്കലും കൃത്രിമമാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. ഇതു കൂടാതെ മുടിക്ക് നിറം കൊടുക്കുന്നതും ജെല്ലുകളുപയോഗിക്കുന്നതും നല്ലതല്ല. ഇവയില്‍ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് മുടിയുടെ സ്വാഭാവികവളര്‍ച്ച തന്നെ മുരടിച്ചുപോകും.
മുടിസംരക്ഷണത്തിന് സ്വാഭാവികരീതികളാണ് ഏറ്റവും ഫലപ്രദം. വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് മുടികൊഴിയുന്നത് തടയും. മിനോക്‌സിഡില്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുടികൊഴിച്ചില്‍ തടയുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
0 comments:
Post a Comment