To listen you must install Flash Player.

Monday, 15 July 2013

മൈലേജ് കൂട്ടാം !

മൈലേജ് കൂട്ടാം !

ഇന്ധനവില കൂടുന്നതു തടയാന്‍ നമുക്കാവില്ല. എന്നാല്‍ ഇന്ധനം പരമാവധി ലാഭിച്ച് പെട്രോള്‍ പമ്പില്‍ കാശുകളയാതെ നോക്കാം. അതിനു സഹായകമായ 10 മാര്‍ഗ്ഗങ്ങള്‍


1.വണ്ടി കണ്ടീഷനായിരിക്കണം


വാഹനം നല്ല കണ്ടീഷനില്‍ സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. വാഹന നിര്‍മാതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കും വിധം കൃത്യമായ സമയത്ത് എന്‍ജിന്‍ ഓയിലും എയര്‍ ഫില്‍ട്ടറും മാറി സര്‍വീസ് നടത്താന്‍ ശ്രദ്ധിക്കുക.


2.എന്‍ജിന്‍ വെറുതെ ചൂടാക്കേണ്ട


സ്റ്റാര്‍ട്ട് ചെയ്ത ശേഷം എന്‍ജിന്‍ ചൂടാകാനായി 30 സെക്കന്‍ഡിലേറെ സമയം കാത്തിരിക്കേണ്ടതില്ല. എന്നാല്‍ ആദ്യ രണ്ടു കിലോമീറ്റര്‍ ദൂരത്തേക്ക് പെട്ടെന്നുള്ള വേഗമെടുക്കല്‍ ഒഴിവാക്കുക. എന്‍ജിന്റെ പ്രവര്‍ത്തനം ക്രമാനുഗതമായി പൂര്‍ണ്ണതയിലെത്തിക്കാന്‍ അതുപകരിക്കും.എന്‍ജിന്‍ മൂന്നു മിനിറ്റോളം സ്റ്റാര്‍ട്ടായി കിടക്കുമ്പോള്‍ മണിക്കൂറില്‍ 50 കിമീ വേഗത്തില്‍ ഒരു കിമീ ദൂരം യാത്രചെയ്യാനുള്ള ഇന്ധനം ചെലവാകും. 20 സെക്കന്‍ഡിലേറെ സമയം വാഹനം നിശ്ചലാവസ്ഥയിലിടേണ്ട അവസ്ഥയില്‍ എന്‍ജിന്‍ ഓഫ് ചെയ്യുക. ട്രാഫിക് സിഗ്നല്‍, റെയില്‍വേ ക്രോസിങ് എന്നിവിടങ്ങളില്‍ കാത്തുനില്‍ക്കുമ്പോള്‍ എന്‍ജിന്‍ നിര്‍ത്താന്‍ മറക്കേണ്ട. ഇടയ്ക്കിടെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതും ഓഫ് ചെയ്യുന്നതും മൂലം സ്റ്റാര്‍ട്ടര്‍ സ്വിച്ചിന്റെ ആയുസ് കുറയ്ക്കുമെന്ന മിഥ്യാധാരണ ഒഴിവാക്കുക.


3. ടയറില്‍ മതിയായ കാറ്റ് വേണം


ടയറിലെ വായു മര്‍ദ്ദം കുറവാണെങ്കില്‍ ഇന്ധനക്ഷമതയില്‍ നാലു ശതമാനം വരെ കുറവുണ്ടാകും. കാറ്റു കുറവുള്ളപ്പോള്‍ കൂടുതല്‍ ഘര്‍ഷണം ഉണ്ടാകുമെന്നതിനാല്‍ ടയറിന്റെ ആയുസ് കുറയാനും ഇടയാക്കും. അതുകൊണ്ടുതന്നെ വാഹനനിര്‍മാതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അളവില്‍ ടയറിലെ വായുമര്‍ദ്ദം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.

ഒരു മാസം കൊണ്ട് ടയര്‍ മര്‍ദ്ദത്തില്‍ ഒരു പിഎസ്ഐ കുറവുണ്ടാകും.മാസത്തിലൊരിക്കലെങ്കിലും ടയര്‍ മര്‍ദ്ദം പരിശോധിപ്പിച്ച് കുറവു നികത്തുക.


4. എസി ആവശ്യത്തിനു മാത്രം


എസി ഉപയോഗിക്കുമ്പോള്‍ 10 മുതല്‍ 15 ശതമാനം വരെ ഇന്ധനക്ഷമത കുറയുമെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ കൂടുതല്‍ മൈലേജ് വേണ്ടവര്‍ എസി കരുതലോടെ ഉപയോഗിക്കുക.മണിക്കൂറില്‍ 60 കിലോമീറ്ററിലേറെ വേഗത്തില്‍ പോകുമ്പോള്‍ എസി ഉപയോഗിക്കുന്നത് ഇന്ധനലാഭമുണ്ടാക്കും. കാരണം ഉയര്‍ന്ന വേഗത്തില്‍ പോകുമ്പോള്‍ ഗ്ലാസ് താഴ്ത്തി വച്ചിരിക്കുന്നത് കൂടുതല്‍ വായു പ്രതിരോധം സൃഷ്ടിയ്ക്കും. അതു മറികടക്കാന്‍ എന്‍ജിന്‍ കൂടുതല്‍ ഇന്ധനം കത്തിച്ച് ഊര്‍ജം ചെലവഴിക്കേണ്ടി വരും.


5. പല കാര്യങ്ങള്‍ക്ക് ഒരു യാത്ര


വ്യക്തമായ പദ്ധതി തയ്യാറാക്കി യാത്രയ്ക്കിറങ്ങുക. അതുകൊണ്ടു തന്നെ പല കാര്യങ്ങള്‍ ഒറ്റ യാത്രയില്‍ നടത്തിയെടുക്കാം. സമയലാഭവും ഇതു നേടിത്തരും. കഴിയുമെങ്കില്‍ തിരക്കു കുറവുള്ള സമയങ്ങളില്‍ യാത്ര ചെയ്യുക. ഗതാഗതക്കുരുക്കില്‍ പെട്ടുണ്ടാകുന്ന ഇന്ധനച്ചെലവു അങ്ങനെ കുറയ്ക്കാം.


6. ഗീയര്‍ മാറ്റം


ടോപ് ഗീയറിലിട്ട് ഓടിച്ചാല്‍ മാത്രം പരമാവധി ഇന്ധനക്ഷമത നേടാനാവുമെന്ന് തെറ്റിധാരണ പലര്‍ക്കുമുണ്ട്. എടുപിടീന്ന് ഗീയറുകള്‍ മാറി ടോപ് ഗീയറിലാക്കാനാവും ഇവരുടെ ശ്രമം. എന്നാല്‍ സാഹചര്യത്തിനും വാഹനത്തിന്റെ വേഗത്തിനും അനുസരിച്ചു ഗീയര്‍ മാറ്റം നടത്തിയാലേ പരമാവധി മൈലേജ് നേടാനാവൂ.

എന്‍ജിന്‍ ആര്‍പിഎം 2000-2500 പരിധിയിലാവുമ്പോള്‍ വേണം ടോപ് ഗീയര്‍ ഉപയോഗിക്കാന്‍. ആര്‍പിഎം വ്യക്തമാക്കുന്ന ടാക്കോ മീറ്റര്‍ ഇല്ലാത്ത വാഹനം ഉപയോഗിക്കുന്നവര്‍ ഇനി പറയുന്ന പ്രകാരം ഗീയര്‍ മാറ്റം നടത്തുക - വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുക്കുമ്പോള്‍ ഫസ്റ്റ് ഗീയര്‍,വണ്ടിയുടെ നീളത്തിനു തുല്യമായ ദൂരം പിന്നിട്ടശേഷം സെക്കന്‍ഡ് ഗീയര്‍, മണിക്കൂറില്‍ 30 കിമീ വേഗത്തില്‍ തേര്‍ഡ് ഗീയര്‍, മണിക്കൂറില്‍ 40 കിമീ വേഗത്തില്‍ഫോര്‍ത്ത് ഗീയര്‍, മണിക്കൂറില്‍ 50 കിമീ വേഗത്തില്‍ ഫിഫ്ത് ഗീയര്‍, സിക്സ്ത് ഗീയര്‍. ഗീയര്‍ മാറ്റം സംബന്ധിച്ച് കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ക്ക് സര്‍വീസ് ബുക്ക് നോക്കുക.

ഡീസല്‍ വാഹനങ്ങള്‍ക്ക് 1400 - 1500 ആര്‍പിഎമ്മിലാണ് പരമാവധി മൈലേജ് ലഭിക്കുക.



7.അമിത വേഗം വേണ്ട


ഹൈവേയിലെ അതിവേഗയാത്രയില്‍ അമ്പതുശതമാനത്തോളം എന്‍ജിന്‍ ശക്തിയും ഉപയോഗിക്കുന്നത് വായുവിന്റെ പ്രതിരോധത്തെ മറി കടക്കാനാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ഇന്ധനം കത്തിത്തീരും. മണിക്കൂറില്‍ 90 കിലോ മീറ്ററിലേറെ വേഗത്തില്‍ സാധാരണയിലും 15 ശതമാനം അധിക ഇന്ധനച്ചെലവാണുണ്ടാകുക. എന്നു കരുതി തീരെ വേഗം കുറയ്ക്കുന്നതിലും കാര്യമില്ല. 40 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ വാഹനം ഓടിയ്ക്കുമ്പോളും ഇന്ധനനഷ്ടമുണ്ടാകും. മണിക്കൂറില്‍ 45-55 കിമീ വേഗമാണ് കൂടുതല്‍ ഇന്ധനക്ഷമത നേടാന്‍ നല്ലത്.
പെട്ടെന്നുള്ള വേഗമെടുക്കലും ബ്രേക്കിടലും ഒഴിവാക്കുക. ക്രമാനുഗതമായി വേണം വേഗമെടുക്കാന്‍. റോഡ് സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് വേഗം കുറച്ചും മുന്നിലുള്ള വാഹനവുമായി വേണ്ടവിധമുള്ള അകലം പാലിച്ചും സഡന്‍ ബ്രേക്കിങ് ഒഴിവാക്കാം.


8.അധികഭാരം കുറയ്ക്കണം


അധിക ഭാരം ഇന്ധച്ചെലവ് കൂട്ടും. വാഹനത്തില്‍ 20 കിലോ ഗ്രാം ഭാരം അധികമുണ്ടെങ്കില്‍ കൂടി ഇന്ധനച്ചെലവ് ഒരു ശതമാനം കൂടുമെന്നാണ് കണക്ക്. ഉപയോഗമില്ലാത്തപ്പോള്‍ റൂഫ് റാക്കുകള്‍ അഴിച്ചുവയ്ക്കുക. വാഹനത്തിന്റെ മുകളില്‍ ലഗേജ് വയ്ക്കുന്നത് വായു പ്രധിരോധം കൂട്ടുമെന്നതിനാല്‍ ഇന്ധനച്ചെലവും കൂടും. കുറഞ്ഞ വേഗതയില്‍ വാഹനം ഓടിക്കുമ്പോള്‍ മാത്രം വണ്ടിയ്ക്കു മുകളില്‍ ലഗേജ് കയറ്റുക.
വാഹനത്തിനു മുകളില്‍ ലഗേജ് വയ്ക്കുന്നത് വായുപ്രതിരോധം കൂട്ടുന്നതിനാല്‍ ഇന്ധനനഷ്ടമുണ്ടാകും. കഴിവതും ഡിക്കിയില്‍ സാധനങ്ങള്‍തന്നെ സാധനങ്ങള്‍ ഒതുക്കുക.


9. അതിരാവിലെ ഇന്ധനം നിറയ്ക്കാം


വിശ്വാസ്യതയുള്ള പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ ശ്രദ്ധിക്കുക.ഇന്ധനം പ്രത്യേകിച്ച് പെട്രോള്‍ താപനില കൂടുമ്പോള്‍ വികസിക്കും. അതുകൊണ്ടുതന്നെ അതിന്റെ ഗാഢതയും കുറവായിരിക്കും. ഉച്ചയ്ക്കും വൈകിട്ടുമൊക്കെ ലഭിക്കുക യഥാര്‍ഥ അളവിലുള്ള പെട്രോള്‍ ആയിരിക്കില്ലെന്നു ചുരുക്കം. അതിനാല്‍ രാവിലെ ആവുന്നത്ര നേരത്തെ ഇന്ധനം നിറയ്ക്കുന്നതാണ് ഉത്തമം.
തണലത്തു വാഹനം പാര്‍ക്ക് ചെയ്യുക. ഇന്ധനം ആവിയായിപ്പോകുന്നത് തടയുന്നതിനും കാറിനുള്ളിലെ ചൂടുകുറയ്ക്കുന്നതിനും അതുപകരിക്കും.



10. വാഹന ഉപയോഗം കുറയ്ക്കുക


ഇനി പറയുന്നത് തമാശയായിത്തോന്നാമെങ്കിലും പറയാതെ നിവൃത്തിയില്ല. കഴിവതും ബസ് പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക.എന്‍ജിന്‍ ചൂടാകുന്നതുവരെ ഇന്ധന ഉപഭോഗം കൂടുതലായിരിക്കും. ആദ്യ അഞ്ചു കിലോ മീറ്ററില്‍ ഇന്ധനച്ചെലവ് സാധാരണയിലും ഇരട്ടിയോളമാണ്. അതിനാല്‍ ഹ്രസ്വദൂര യാത്രകള്‍ക്ക് വാഹനം ഉപയോഗിക്കാതെ നടന്നുപോകാന്‍ ശ്രമിക്കുക. അതു നിങ്ങളുടെ ആരോഗ്യവും സംരക്ഷിക്കും.

0 comments:

Post a Comment