To listen you must install Flash Player.

Thursday 21 November 2013


വണ്ണം കുറയ്‌ക്കാം... ഈസിയായി

വണ്ണം കുറയ്‌ക്കാനുള്ള ചികിത്സകള്‍ ഭാവിയില്‍ പ്രശ്‌നമാകുമോ എന്നു ഭയപ്പെടുന്നവരാണ്‌ അധികവും. പ്രത്യേകിച്ച്‌ ചികിത്സകളൊന്നുമില്ലാതെ ദിവസേനയുള്ള മെനുവില്‍ ചില്ലറ വ്യത്യാസങ്ങള്‍ വരുത്തി വണ്ണം കുറയ്‌ക്കാം...
കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്‌നമായി മാറാറുണ്ട്‌. വണ്ണം കുറയ്‌ക്കാനുള്ള വഴികള്‍ അനവധിയാണ്‌. പക്ഷേ അതൊക്കെ ഭാവിയില്‍ പ്രശ്‌നങ്ങളായി മാറുന്നവയാണ്‌. അമിതമായി ആഹാരം കഴിച്ച ശേഷം തടി കൂടിയെന്ന്‌ പറഞ്ഞ്‌ സങ്കടപ്പെടുന്നവര്‍ക്ക്‌ ആശ്വാസമായി പല ചികിത്സകളുണ്ട്‌. വണ്ണം കുറയ്‌ക്കാനുള്ള വഴി എന്നു കേട്ടാല്‍ തന്നെ ആളുകള്‍ ആവേശത്തോടെ അന്വേഷിക്കും. പക്ഷേ ആ ചികിത്സകളെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയില്ല. പലപ്പോഴും അതിന്റെ പാര്‍ശ്വഫലങ്ങള്‍ വിപരീതമായി പരിണമിക്കും. ഇതൊന്നുമല്ലാതെ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി ആഹാരത്തിന്റെ അളവു കുറച്ച്‌ വണ്ണം കുറയുന്നത്‌ അത്ര എളുപ്പമല്ല. എന്നാല്‍ ചെറിയ ചില കരുതലുകളിലൂടെ വണ്ണവും തൂക്കവും സാവധാനത്തില്‍ കുറയ്‌ക്കാം. അത്തരം ചില മാര്‍ഗ്ഗങ്ങളിതാ...

1. മുസംബി

മുസംബിയിലൂടെ തൂക്കം കുറയ്‌ക്കാമെന്നത്‌ ഒരുപക്ഷേ കേള്‍ക്കുമ്പോള്‍ അതിശയം തോന്നിയേക്കാവുന്ന കാര്യമാണ്‌. പക്ഷേ പഠനങ്ങളിലൂടെ തെളിഞ്ഞത്‌ മുസംബിക്ക്‌ അതിനുള്ള കഴിവുണ്ടെന്നാണ്‌. ഓരോ സമയത്തെ ഭക്ഷണത്തിനു മുമ്പും മുസംബിയുടെ ഒരു പകുതി കഴിക്കുകയോ ദിവസം മൂന്നു നേരം ജ്യൂസു കുടിക്കുകയോ ചെയ്യുന്നത്‌ തടി കുറയ്‌ക്കാന്‍ സഹായിക്കും. മുസംബിയിലെ ഫൈറ്റോകെമിക്കലുകള്‍ ശരീരത്തിലെ ഇന്‍സുലിന്റെ അളവിനെ കുറയ്‌ക്കും. ഇന്‍സുലിന്റെ അളവു കുറയുമ്പോള്‍ കൊഴുപ്പിനെ നിയന്ത്രിച്ച്‌ കലോറിയെ എനര്‍ജിയായി മാറ്റാന്‍ മുസംബിക്ക്‌ കഴിയും.

2.കറുവാപ്പട്ട

ശരീരത്തിന്‌ ഉന്മേഷം തരുന്ന ഏറ്റവും നല്ല സുഗന്ധദ്രവ്യമാണ്‌ കറുവാപ്പട്ട. വിശപ്പിനെ നിയന്ത്രിക്കാനുള്ള കഴിവ്‌ ഈ ദ്രവ്യത്തിനുണ്ട്‌. കാല്‍ ടീസ്‌പൂണ്‍ കറുവാപ്പട്ട പൊടിച്ചത്‌ ദിവസവും കഴിക്കുക. ബ്ലഡ്‌ ഷുഗറിന്റെയും കൊളസ്‌ട്രോളിന്റെയും ഫാറ്റ്‌ ആസിഡിന്റെയും ഗ്ലിസറോളിന്റെയും അളവ്‌ സുഗമമായി നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള കഴിവ്‌ ഈ സുഗന്ധദ്രവ്യത്തിനുണ്ടെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. കറുവാപ്പട്ട മാത്രമായി കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ആഹാരത്തില്‍ കറുവാപ്പട്ടയുടെ പൊടി ലയിപ്പിച്ച്‌ കഴിച്ചാലും മതി.

3. സലാഡ്‌

പ്രധാന ഭക്ഷണം കഴിക്കുന്നതിനു മുന്‍പ്‌ സാലഡ്‌ കഴിക്കുന്നത്‌ തടി കുറയ്‌ക്കാന്‍ സഹായിക്കും. പച്ചക്കറികള്‍ വേവിച്ച്‌ കഴിക്കുമ്പോള്‍ ശരീരത്തിന്‌ ആവശ്യമായ പോഷകങ്ങള്‍ അതില്‍ നിന്ന്‌ നഷ്‌ടമാകും. സലാഡിലുള്ള പച്ചക്കറികള്‍ വേവിക്കാത്തതു കൊണ്ട്‌ പോഷകാംശങ്ങള്‍ നഷ്‌ടപ്പെടില്ല. മാത്രവുമല്ല വിശപ്പിനെ നിയന്ത്രിക്കാം, പ്രധാനഭക്ഷണങ്ങളുടെ അളവും കുറയ്‌ക്കാം. ഒലിവ്‌ എണ്ണയോ വിനാഗിരിയോ സലാഡില്‍ ചേര്‍ക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതാണ്‌.

4. ഗ്രീന്‍ ടീ

ആരോഗ്യത്തെ പരിപാലിക്കാന്‍ ഏറ്റവും ഉത്തമം വ്യായാമമാണ്‌. വ്യായാമത്തിനു മുന്‍പ്‌ അമിതാഹാരം പാടില്ല. എന്നാല്‍ ഒന്നും കഴിക്കാതെ വ്യായാമം ചെയ്‌താല്‍ ക്ഷീണിക്കുകയും ചെയ്യും. അതിനേറ്റവും നല്ല ഉപാധിയാണ്‌ ഗ്രീന്‍ ടീ. ക്ഷീണിക്കാതെ കൂടുതല്‍ സമയം വ്യായാമം ചെയ്യാനും കലോറിയെ കത്തിച്ചു കളയാനും ഇൗ പാനീയം സഹായിക്കും. ഒരു ദിവസം രണ്ടു കപ്പ്‌ എന്ന കണക്കില്‍ ഗ്രീന്‍ ടീ കുടിച്ചാല്‍ ഉള്ള ഭാരത്തിന്റെ നേരെ പകുതി കുറയുമെന്നാണ്‌ പോഷകാഹാരത്തെക്കുറിച്ച്‌ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത്‌. ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാതെ ഭാരം കുറയ്‌ക്കാമെന്നതാണ്‌ ഗ്രീന്‍ ടീ വഴി ഭാരം കുറച്ചാലുള്ള ഗുണം.

5. പെരുജീരകം

പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി എന്നിവ പെരുജീരകത്തില്‍ അടങ്ങിയിട്ടുണ്ട്‌. പെരുജീരകം ചേര്‍ത്തുണ്ടാക്കുന്ന ചായയും കാപ്പിയും വിശപ്പിനെ കുറയ്‌ക്കാനും കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നത്‌ തടയാനും സഹായിക്കുന്നു. കൊഴുപ്പ്‌ അടിഞ്ഞു കൂടി അമിതവണ്ണമായിക്കഴിഞ്ഞ്‌ ചികിത്സിക്കുന്നതിലും നല്ലത്‌ നിത്യേനയുള്ള ഡയറ്റില്‍ പെരുജീരകം ഉപയോഗിച്ചുള്ള ചായ ഉള്‍പ്പെടുത്തുന്നതാണ്‌. കഴിക്കുന്ന ആഹാരം കൊഴുപ്പായി മാറ്റാതെ അതിനെ എനര്‍ജിയാക്കി മാറ്റാന്‍ ഇത്‌ സഹായിക്കുന്നു. എല്ലാ സൂപ്പര്‍മാര്‍ക്കറ്റിലും ഇത്‌ ലഭ്യമാണ്‌.

6. ഡാര്‍ക്ക്‌ ചോക്‌ളേറ്റ്‌

കലോറിയുടെയും കൊഴുപ്പിന്റെയും കാര്യത്തില്‍ ഒട്ടും പിന്നില്ലല്ലാത്തതാണ്‌ ഡാര്‍ക്ക്‌ ചോക്‌ളേറ്റ്‌. പിന്നെങ്ങനെ തടി കുറയ്‌ക്കാന്‍ സഹായിക്കും ? ഈ തോന്നല്‍ ആര്‍ക്കുമുണ്ടാകും. പാലില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പിനേക്കാള്‍ കുറവാണ്‌ ഡാര്‍ക്ക്‌ ചോക്‌ളേറ്റില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ്‌. ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നതില്‍ ഡാര്‍ക്ക്‌ ചോക്‌ളേറ്റിന്‌ നല്ല പങ്കുണ്ട്‌. തടി കൂടുമെന്ന ഭയമുള്ളതു കൊണ്ടാണ്‌ മധുരം കഴിക്കണമെന്ന്‌ ഇഷ്‌ടമുള്ളവര്‍ പോലും ഇത്‌ കഴിക്കാത്തത്‌. എന്നാല്‍ ഡാര്‍ക്ക്‌ ചോക്‌ളേറ്റ്‌ കഴിക്കുന്നതിലൂടെ മധുരം കഴിക്കാമെന്ന ആഗ്രഹവും സാധിക്കാം, എന്നാല്‍ തടി അമിതമായി കൂടുകയുമില്ല. ഏറ്റവും കുറവ്‌ കലോറി അടങ്ങിയ ഒരു മധുരാഹാരമാണ്‌ ഡാര്‍ക്ക്‌ ചോക്‌ളേറ്റ്‌.

7.അയമോദകം

കലോറിയെ കുറയ്‌ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്‌ അയമോദകത്തെ മെനുവില്‍ ഉള്‍പ്പെടുത്തുക എന്നുള്ളത്‌. കഴിക്കുന്ന ആഹാരത്തിലുള്ള കലോറിയെ കുറച്ച്‌ ശരീരത്തിന്‌ ആവശ്യമുള്ള ഊര്‍ജ്‌ജമാക്കി അയമോദകം മാറ്റുന്നു. ദഹനത്തിനു സഹായിക്കുന്ന ഫൈബറുകള്‍, കോശങ്ങള്‍ക്ക്‌ സുരക്ഷയും പരിചണവും നല്‍കുന്ന ഫോളറ്റ്‌ എന്നിവ അയമോദകത്തില്‍ അടങ്ങിയിട്ടുള്ളതു കൊണ്ട്‌ ശരീരത്തിനാവശ്യമായ പോഷകവും ലഭിക്കുന്നു. സലാഡ്‌ പോലെ തന്നെ പ്രഭാതഭക്ഷണത്തിനു മുന്‍പും വൈകുന്നേരങ്ങളിലെ സ്‌നാക്‌സായും അയമോദകം ഉള്‍പ്പെടുത്തുന്നത്‌ ശരീരത്തിന്‌ നല്ലതാണ്‌.

8. ധാന്യങ്ങള്‍

പയര്‍ വര്‍ഗ്ഗത്തില്‍പെട്ട ധാന്യങ്ങള്‍, തുവര പോലെയുള്ള ധാന്യങ്ങള്‍ എന്നിവ തടി കുറയ്‌ക്കാനുള്ള മാര്‍ഗങ്ങളാണ്‌. വിശപ്പിനെ നിയന്ത്രിക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും ഇത്‌ സഹായിക്കുന്നു. മാംസാഹരത്തിലടങ്ങിയിട്ടുള്ള അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ അതിനോടൊപ്പം പയര്‍വര്‍ഗ്ഗങ്ങള്‍ കൂടിയുള്ള മെനു ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌. ഇതിലടങ്ങിയിട്ടുള്ള ഫൈബറും ഫോളറ്റും ദഹനത്തിനു സഹായിക്കുന്നതിനോടൊപ്പം കോശങ്ങള്‍ക്ക്‌ ആരോഗ്യം നല്‍കുകയും ചെയ്യുന്നു.
കൊഴുപ്പേറിയ ഭക്ഷണം, മധുരമേറിയ ശീതളപാനീയങ്ങള്‍, മദ്യം തുടങ്ങിയവയെല്ലാം ശരീരഭാരം വര്‍ധിപ്പിക്കുമെന്ന്‌ നമുക്കറിയാം. ഭക്ഷണമേറുകയും വ്യായാമം കുറയുകയും ചെയ്യുന്നത്‌ തൂക്കം കൂട്ടുമെന്നതും വാസ്‌തവം. എന്നാല്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചിട്ടും ശരീരഭാരം കൂടുന്നതായി പരാതിപ്പെടുന്നവര്‍ ഏറെയാണ്‌. എന്തായിരിക്കും ഇതിനു കാരണം? ഏറെ ശ്രദ്ധിച്ചിട്ടും തൂക്കം കൂടുന്നതിനു പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്‌. അവയില്‍ ചിലത്‌ ഇനിപ്പറയുന്നു.

1. ഉറക്കക്കുറവ്‌

വിശ്രമാവസ്‌ഥയില്‍ ശരീരം നന്നായി പ്രവര്‍ത്തിക്കും. ആവശ്യത്തിന്‌ ഉറക്കം കിട്ടാതെ വരുമ്പോള്‍ ശരീരത്തിന്‌ ആയാസം അനുഭവപ്പെടുന്നു. കൂടാതെ അധികം കൊഴുപ്പ്‌ സംഭരിക്കാനും ഇത്തരമൊരവസ്‌ഥ സഹായകമാകുന്നു. ക്ഷീണിച്ച അവസ്‌ഥയിലും മനസംഘര്‍ഷമുണ്ടാകുമ്പോഴും ഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. വൈകിയുറങ്ങുന്നവര്‍ രാത്രിയില്‍ അധികമായി കഴിക്കുന്ന ഭക്ഷണം അനാവശ്യമായ ഊര്‍ജ്‌ജം ശരീരത്തിലെത്താന്‍ കാരണമാകുന്നു. ഇതെല്ലാം ശരീരഭാരം കൂടുന്നു. ഇതിനെന്താണ്‌ പരിഹാരം. ഉത്തരം ലളിതം സാധാരണ ഉറങ്ങുന്ന സമയത്തില്‍ 15 മിനിറ്റ്‌ വര്‍ധിപ്പിക്കുക. ഫലമുണ്ടാകുന്നില്ലെങ്കില്‍ ഒരു 15 മിനിട്ടുകൂടി. നല്ല നിദ്രാശീലങ്ങള്‍ക്കൊപ്പം ക്രമമായി വ്യായാമവുമുണ്ടെങ്കില്‍ ഗാഢനിദ്ര നിങ്ങളെ തേടിയെത്തും.

2. മനസ്സംഘര്‍ഷം

ആധുനികജീവിതം പിരിമുറുക്കം നിറഞ്ഞതാണ്‌. കൂടുതല്‍ പണം നേടാനുള്ള ശ്രമം. ജോലിയിലെ സങ്കീര്‍ണതകള്‍ ഇതെല്ലാം ചേര്‍ന്നുണ്ടാക്കുന്ന വേഗതയേറിയ ജീവിതക്രമം മനസമാധാനം നഷ്‌ടമാകാന്‍ ഇതില്‍പ്പരം സാഹചര്യങ്ങള്‍ ആവശ്യമില്ല. ഇത്തരം മാനസികാവസ്‌ഥ ശാരീരികമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്‌. ശരീരം കൂടുതല്‍ ഊര്‍ജ്‌ജം സംഭരിക്കുന്നു. ചയാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കു. കോര്‍ട്ടിസോള്‍, പെപ്‌റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ അധികമായി ഉത്‌പാദിപ്പിക്കുന്നു. മാനസംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രതിപ്രവര്‍ത്തനമെന്ന രീതിയില്‍ അധികഭക്ഷണം കഴിക്കുന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു. വയറിനുചുറ്റും കൊഴുപ്പടിയാനും തടികൂടാനും കാരണം മറ്റൊന്നാവില്ല.

3. തടികൂട്ടുന്ന രോഗങ്ങള്‍

കാരണമില്ലാതെ തടികൂടുന്നതിന്‌ രോഗങ്ങളും കാരണമാകാം. തൈറോയ്‌ഡ്ഗ്രന്ഥിയെ ബാധിക്കുന്ന ഹൈപ്പോതൈറോയ്‌ഡിസം ഇവയിലൊന്നാണ്‌. ശരീരത്തിലെ ചയാപചയപ്രവര്‍ത്തനങ്ങള്‍ കുറച്ച്‌ വിശപ്പില്ലാതാക്കാന്‍ ഹൈപ്പോതൈറോയിഡിസം കാരണമാകുന്നു. അതുവഴി ശരീരഭാരം കൂടുകയും ചെയ്യും. ക്ഷീണം, മയക്കം, ശരീരത്തില്‍ നീര്‌, കുളിര്‌, ഉറക്കക്കൂടുതല്‍, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ഹൈപ്പോതൈറോയ്‌ഡിസത്തിന്റെ ലക്ഷണങ്ങളാവാം.

4. ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമത്തിന്റെ ഭാഗമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വിഷാദം, ഉറക്കക്കുറവ്‌ ഇവയെല്ലാം ശരീരഭാരം കൂടാന്‍ കാരണമാകുന്നു. ഈസ്‌ട്രജന്റെ ഉത്‌പാദനം കുറയുന്നതോടെ സ്‌ത്രീകളുടെ നിതംബം തുടകള്‍ എന്നീ പ്രദേശങ്ങളില്‍ ഭാരം കുറയുകയും പകരം വയറിന്റെ ഭാഗത്ത്‌ കൊഴുപ്പടിഞ്ഞ്‌ തൂക്കം കൂടാന്‍ ആരംഭിക്കുകയും ചെയ്യുന്നു. വ്യായാമവും കലോറികുറഞ്ഞതും വിറ്റാമിന്‍ - ഡിയുമടങ്ങിയ ഭക്ഷണവും ആര്‍ത്തവവിരാമത്തിനുശേഷമുള്ള ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകും.

കടപ്പാട്----മംഗളം 

0 comments:

Post a Comment