To listen you must install Flash Player.

Wednesday 18 March 2015

ശുഭാപ്തിവിശ്വാസിയാകൂ... രോഗശാന്തി എളുപ്പത്തിലാക്കും

 ഡോ. എം.പി. മണി

ശരീരവും മനസ്സും വേര്‍പെടുത്താനാവാത്തതാണ് മനുഷ്യസൃഷ്ടിയില്‍. ശരീരം നമുക്ക് കാണാന്‍ കഴിയും. എന്നാല്‍, മനസ്സ് കാണാന്‍ കഴിയില്ല; അനുഭവിച്ചറിയാന്‍ കഴിയും. മാത്രമല്ല, ശരീരത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ മനസ്സിനെയും മനസ്സിന്‍െറ പ്രവര്‍ത്തനങ്ങള്‍ ശരീരത്തെയും ബാധിക്കുന്ന രീതിയില്‍ പരസ്പരബന്ധിതമാണ്.
മനസ്സിന് രണ്ട് ഭാഗങ്ങളാണുള്ളത്. ബോധമനസ്സും ഉപബോധമനസ്സും. ബോധമനസ്സാണ് വ്യക്തമായി എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. ഉപബോധമനസ്സിലാണ് തോന്നലുകള്‍ സൃഷ്ടിക്കുന്നത്. നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍നിന്നാണ് വ്യക്തമായ തോന്നലുകള്‍ ഉണ്ടാകുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ ഉണ്ടാകുന്ന തോന്നലുകള്‍ ഉപബോധ മനസ്സിലാണ് സൂക്ഷിച്ചുവെക്കുന്നത്. ചിന്തകളിലൂടെയാണ് ഈ പ്രവര്‍ത്തനങ്ങളൊക്കെ നടക്കുന്നത്. ചിന്തകളെ നിയന്ത്രിക്കുന്നത്, ഓരോരുത്തരിലും നേരത്തേ ഉണ്ടായിട്ടുള്ള അനുഭവങ്ങളെ ആസ്പദമാക്കിയായിരിക്കും. ഇതുകൊണ്ടാണ് ഓരോരുത്തരും ഒരേ വിഷയത്തില്‍ വിവിധ ഭാവങ്ങളില്‍ പ്രതികരിക്കാറുള്ളത്. ഓരോരുത്തരിലും സ്വഭാവം, പെരുമാറ്റം, ഇഷ്ടാനിഷ്ടങ്ങള്‍, രോഗങ്ങള്‍ എന്നിവയുടെ പിന്നിലെല്ലാം മനസ്സിന്‍െറ ഈ രീതിയിലുള്ള സ്വാധീനമാണുള്ളത്. രോഗികളില്‍ 70 ശതമാനത്തിലധികം പേരിലും രോഗത്തിന്‍െറ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അടിസ്ഥാന ഘടകം മാനസികവും വൈകാരികവുമായ പ്രശ്നങ്ങളാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഒരാള്‍, ഒരു ജനക്കൂട്ടത്തിനിടയിലേക്ക് കല്ളെടുത്തെറിയുകയാണെങ്കില്‍ എല്ലാവരും ഒരേ തരത്തിലായിരിക്കുകയില്ല പ്രതികരിക്കുക. ചിലര്‍ ഏറുകൊള്ളാതിരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ വേറെ ചിലര്‍ ആ കല്ല് പിടിക്കാനായിരിക്കും ശ്രമിക്കുക. വേറൊരാള്‍ ചിലപ്പോള്‍ ഒരു കല്ളെടുത്ത് നേരത്തേ കല്ളെറിഞ്ഞ ആളെ എറിഞ്ഞെന്നുവരാം.ആ കല്ളേറില്‍ പരിക്കുപറ്റിയാല്‍ പോലും ഒന്നും പ്രതികരിക്കാത്തവരുംകാണും. ശാരീരികമായി പ്രത്യക്ഷത്തില്‍ തോന്നുന്ന ഈ പ്രതികരണങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് അവരുടെയൊക്കെ ചിന്തകളില്‍ നിന്നുണ്ടായ പ്രേരണകളാണ്. ഇതില്‍ ആദ്യം പറഞ്ഞ വ്യക്തി ഭീരുവായിരിക്കും. എന്നാല്‍, പ്രസരിപ്പുള്ളവനായിരിക്കും. പെട്ടെന്ന് പേടിക്കുന്നവനുമായിരിക്കും. അതുകൊണ്ടാണ് ഏറു കൊള്ളാതിരിക്കാന്‍ ശ്രമിക്കുന്നത്. രണ്ടാമത്തെ കൂട്ടര്‍ സമര്‍ഥരായിരിക്കും, പ്രതികരിക്കുന്ന സ്വഭാവമുള്ളവരും. മൂന്നാമത് പറഞ്ഞവര്‍ അസ്വസ്ഥരാണ്. പെട്ടെന്ന് അക്രമസ്വഭാവം കാണിക്കും. നാലാമത് പറഞ്ഞത് ഊമയായിരിക്കും. ചിലപ്പോള്‍ ഇവര്‍ നീരിക്ഷണശക്തി കുറവുള്ളവരായിരിക്കും. പ്രതികരിക്കുന്ന കാര്യത്തില്‍ വളരെയേറെ പിന്നിലുമായിരിക്കും.
ശാരീരിക പ്രശ്നങ്ങള്‍ക്ക് പിന്നിലും മാനസികമായി ഒരു പശ്ചാത്തലമുണ്ടായിരിക്കും. ശാരീരികരോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കപ്പെടാറില്ല. രോഗികളില്‍ കൂടുതല്‍ പേരിലും രോഗാവസ്ഥയും വൈകാരികാവസ്ഥയും പലപ്പോഴും പ്രതീക്ഷക്കപ്പുറമായി നല്ലതും ചീത്തയുമായി സംഭവിക്കാറുണ്ട്.
രോഗം വരുമ്പോള്‍ എല്ലാ രോഗികളിലും ശരീരത്തിലും മനസ്സിലും അതിന്‍െറ പ്രതികരണങ്ങള്‍ ഉണ്ടാകും. ചികിത്സയുടെ ഭാഗമായി ഈ പ്രതികരണങ്ങള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ശരീരത്തിന് മാത്രമല്ല, മനസ്സിലും പ്രശ്നങ്ങള്‍ ഇല്ലാതാകുമ്പോള്‍ മാത്രമാണ് പൂര്‍ണരോഗശമനം ലഭിക്കുന്നത്.
പൂര്‍ണ സ്വസ്ഥതയുള്ള മനസ്സ്, നല്ല ശാരീരികാരോഗ്യം നിലനിര്‍ത്തുന്നതാണ്. അതുകൊണ്ട്, നല്ല ആരോഗ്യാവസ്ഥയിലായിരിക്കണമെങ്കില്‍ എപ്പോഴും സന്തോഷം നിലനിര്‍ത്താന്‍ കഴിയണം. വെപ്രാളം, ഉത്കണ്ഠ തുടങ്ങിയ സ്വഭാവങ്ങളുള്ളവര്‍ അത് എത്രയും വേഗം മാറ്റിയെടുക്കണം. ഇതിന് ഡോക്ടര്‍മാരുടെ സഹായം തേടാവുന്നതാണ്.
കുറച്ച് നേരമെങ്കിലും നമ്മുടെ മനസ്സിലുള്ള ചിന്തകളെ വിശകലനം ചെയ്യാന്‍ ശ്രമിക്കണം. അതോടൊപ്പം മനസ്സില്‍ സ്വസ്ഥതയും സന്തോഷവും നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാമെന്നും ചിന്തിക്കണം.
ഭയം, ഉത്കണ്ഠ തുടങ്ങിയ നെഗറ്റിവ് വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ വ്യക്തിയുടെ രക്തത്തില്‍ നെഗറ്റിവ് ഹോര്‍മോണുകളുടെ സാന്നിധ്യമുണ്ടാകും. മനസ്സ് നമ്മുടെ ശരീരത്തിലെ ജൈവരാസപ്രക്രിയയില്‍ ചെലുത്തുന്ന സ്വാധീനത്തിന്‍െറ ഫലമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നെഗറ്റിവ് ഹോര്‍മോണുകളുടെ സാന്നിധ്യമുണ്ടാകുമ്പോള്‍, രോഗി കഴിക്കുന്ന മരുന്നുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയില്ല. മാത്രമല്ല, രോഗം വേഗത്തില്‍ മുന്നോട്ടു പോകുകയും ചെയ്യും. കാന്‍സര്‍ രോഗികളെ നിരീക്ഷിച്ചാല്‍ ഇക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. കാരണം, രോഗം കാന്‍സറാണെന്ന് അറിയുന്ന ദിവസം മുതലാണ് രോഗി പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത്.
നമ്മുടെ മനസ്സില്‍ ശുഭാപ്തിവിശ്വാസം നിറയുമ്പോള്‍ രക്തത്തില്‍ പോസിറ്റിവ് ഹോര്‍മോണുകളുടെ സാന്നിധ്യമാണുണ്ടാകുന്നത്. ഇത്തരം വ്യക്തികളില്‍ രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ചികിത്സ വളരെ വേഗത്തില്‍ ഫലപ്രദമാകുകയും രോഗശാന്തി എളുപ്പത്തിലാക്കുകയും ചെയ്യും.
കടപ്പാട്------------Madhyamam Health



0 comments:

Post a Comment