To listen you must install Flash Player.

Friday, 19 July 2013

എല്‍പിജി/സിഎന്‍ജി - ഏതാണ് നല്ലത്?

 

ഇന്ധനത്തിന് വിലകൂടുമ്പോള്‍ കാറുടമകള്‍ സ്വയം സാധാരണക്കാരന്‍ എന്ന് അഭിസംബോധന ചെയ്യുകയും അവരുടെ കഷ്ടപ്പാടുകള്‍ വിളമ്പുകയും ചെയ്യും. ആഗോളീകരണത്തെ നിരന്തരം ന്യായീകരിക്കുന്ന ഈ 'സാധാരണക്കാരന്‍' പെട്രോളിന് വിലകയറുമ്പോള്‍ മാത്രം ആഗോളീരണവിരുദ്ധനാകുന്നു. സാധാരണക്കാരനെ പട്ടിണിയാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ മന്‍മോഹന്‍ സിംഗിന് ഇനി വോട്ട് ചെയ്യില്ല എന്നവര്‍ അലറിവിളിക്കും. കാറോടിയില്ലെങ്കില്‍ പട്ടിണിയാകുമോ എന്ന് യഥാര്‍ത്ഥ പട്ടിണിക്കാരനെ ചിന്തിപ്പിച്ച് തത്വജ്ഞാനിയാക്കാന്‍ ഈ കാറുടമകളായ 'സാധാരണക്കാര'ന് സാധിക്കുന്നു.
എന്തായാലും പെട്രോളിന് വില കയറിയതോടെ പ്രസ്തുത സാധാരണക്കാരെല്ലാം കൂടി ഡീസല്‍ കാര്‍ വാങ്ങാന്‍ പാഞ്ഞുനടക്കുന്ന കാഴ്ചയാണ് കാണുന്നത്. പ്രശ്നമെന്താണെന്നുവെച്ചാല്‍, ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായ ചെറുകാര്‍ സെഗ്മെന്‍റില്‍ ഡീസല്‍ കാറുകള്‍ ലഭ്യമല്ല. ആകെയൊന്നുള്ളത് ഷെവര്‍ലെ ബീറ്റ് മാത്രമാണ്. ഇവിടെ കാറുടമയായ സാധാരണക്കാരന് ആശ്രയം എല്‍പിജി, സിഎന്‍ജി എന്നിവയാണ്.

സിഎന്‍ജിയും എല്‍പിജിയും ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇവതമ്മില്‍ അരിമില്ലും മരമില്ലും തമ്മിലുള്ള വ്യത്യാസം പല കാര്യത്തിലുമുണ്ടെന്ന് അറിയാത്തവരുണ്ട്. എന്തെല്ലാമാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം, ഏതാണ് കൂടുതല്‍ ലാഭകരം എന്നു തുടങ്ങിയ അന്വേഷണം നടത്തുന്ന 'സാധാരണക്കാര'നെ കൂടെവരാന്‍ ക്ഷണിക്കുന്നു.

ലഭ്യത:  പെട്രോളും ഡീസലും ലഭിക്കുന്ന പോലെ വ്യാപകമായ തോതില്‍ സിഎന്‍ജിയും എല്‍പിജിയും ലഭ്യമല്ല. ഇവയില്‍ എല്‍പിജി ലഭ്യമാകുന്നത്ര എളുപ്പത്തില്‍ സിഎന്‍ജി ലഭ്യമല്ല. ചില മെട്രോ നഗരങ്ങളില്‍ മാത്രമാണ് സിഎന്‍ജി ലഭ്യമായിട്ടുള്ളത്. എല്‍പിജി മിക്ക നഗരങ്ങളിലും ലഭ്യമാണ്.

പ്രകടനം:   പെട്രോളിലും ഡീസലിലും ലഭിക്കുന്നതിന് സമാനമായ പ്രകടനം സിഎന്‍ജിയും എല്‍പിജിയും നടത്തുമെന്ന് ഒരു കാരണവശാലും പ്രതീക്ഷിക്കരുത്. സിഎന്‍ജിയില്‍ മേല്‍പ്പറഞ്ഞ ഇന്ധനങ്ങളെ അപേക്ഷിച്ച് 15 ശതമാനം കണ്ട് പ്രകടന ഇടിവ് സംഭവിക്കും. എല്‍പിജിയില്‍ ഇത് 10 ശതമാനത്തോളമാണ്.
ഗ്യാസിന് കൂടുതല്‍ മൈലേജ്

മൈലേജ്:  എല്‍പിജി-സിഎന്‍ജിയിലേക്ക് മാറുന്നവരെ പ്രധാനമായും ആകര്‍ഷിക്കുന്നത് മികച്ച മൈലേജ് നിലയാണെന്നു പറയാം. 20 ശതമാനത്തിലധികം മൈലേജ് വര്‍ധന ഈ ഇന്ധനങ്ങള്‍ പകരുന്നു.
വില: പെട്രോളിനെക്കാള്‍ വിലക്കുറവാണ് ഈ ഇന്ധനങ്ങള്‍ക്കുള്ളത്. ഈയിടെ യുണ്ടായ വിലവര്‍ധന എല്‍പിജി/സിഎന്‍ജി ഇന്ധനങ്ങളെ ഡീസല്‍ ഇന്ധനത്തിലും വിലകുറഞ്ഞവയാക്കി മാറ്റി. ഡീസല്‍ ഇന്ധനത്തിന് ഇനിയും വില കൂടും എന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. എല്‍പിജിയും സിഎന്‍ജിയും തമ്മില്‍ 3 രൂപ മുതല്‍ 5 രൂപ വരെ വിലവ്യത്യാസമുണ്ട്.

പ്രായോഗികത:  ഇരട്ട ഇന്ധന സാങ്കേതികതയെയാണ് എല്‍പിജി/സിഎന്‍ജി ഘടിപ്പുക്കുമ്പോള്‍ കാര്‍ നിര്‍മാതാക്കള്‍ ആശ്രയിക്കുന്നത്. ഇതുവഴി ഗാസ് തീര്‍ന്നാലും പെട്രോള്‍ ഉപയോഗിച്ച് വാഹനം മുമ്പോട്ട് കൊണ്ടുപോകാം. എല്‍പിജി/സിഎന്‍ജി ഇന്ധനങ്ങള്‍ നിറയ്ക്കുന്നതിന് അല്‍പം മിനിട്ടുകള്‍ അധികമെടുക്കും എന്നൊരു ദോഷമുണ്ട്.

 

0 comments:

Post a Comment