To listen you must install Flash Player.

Friday, 19 July 2013

വാഹനം മോഷണം പോയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

നമ്മളില്‍ വലിയ വിഭാഗം പേര്‍ക്കും ഭൂകമ്പം വന്നാല്‍ എന്ത് ചെയ്യണമെന്ന് കൃത്യമായി അറിയാം. നാറ്റോ സേന വന്ന് തലയ്ക്ക് ബോംബിട്ടാല്‍ പോലും പ്രതിരോധ നടപടികളെടുക്കേണ്ടതെങ്ങനെ എന്ന് ഗൂഗിള്‍ ചെയ്ത് കണ്ടുപിടിച്ച് പഠിച്ചുവെച്ചിട്ടുണ്ട് നമ്മള്‍. ഇത്രയും സന്നാഹപ്പെട്ട് ഇരിക്കുന്ന നമ്മുടെ വണ്ടി കാണാതെ പോയാലാണ് പണി മൊത്തം പാളുക. എന്തു ചെയ്യണമെന്നറിയില്ല എന്നത് പോകട്ടെ, എന്തെങ്കിലും ചെയ്യാനുള്ള മാനസികാവസ്ഥ പോലും നഷ്ടപ്പെട്ട് നമ്മള്‍ കുന്തക്കാലില്‍ തലയ്ക്ക് കൈകൊടുത്ത് ഇരിക്കുമാറാകുന്നു! എന്തുകൊണ്ടാണ് നമ്മള്‍ ഇങ്ങനെ ചെയ്യുമാറാകുന്നതെന്ന് ഒരുത്തനെങ്കിലും/ഒരുത്തിയെങ്കിലും ഓര്‍ത്തിട്ടുണ്ടോ? കാരണം സിംപിള്‍. കാറിന്‍റെയോ ബൈക്കിന്‍റെയോ ചക്രങ്ങളില്‍ കയറി വന്നയാള്‍ വെറുംകാലില്‍ നടന്ന് എങ്ങനെ വീട്ടീക്കേറും?!! ഈ പ്രതിസന്ധിയെ തരണം ചെയ്യേണ്ടതെങ്ങനെ എന്നാണ് ഇവിടെ പറയാന്‍ പോകുന്നത്.
നിങ്ങളുടെ കാറോ ബൈക്കോ മോഷ്ടിക്കപ്പെട്ടാല്‍ തലയ്ക്ക് കൈകൊടുത്ത് ഇരിക്കാതെ താഴെപ്പറയുന്ന അഞ്ച് കാര്യങ്ങള്‍ ഉടന്‍ ചെയ്യുകയാണ് വേണ്ടത്. ഇവ വാഹനത്തെ തിരിച്ച് നിങ്ങളുടെ കൈകളിലെത്തിക്കാന്‍ സഹായിക്കുന്നു. ഓര്‍ക്കുക, പെട്ടെന്നുള്ള യുക്തിസഹമായ നിങ്ങളുടെ പ്രതികരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും പ്രധാനമാകുന്നു.

പൊല്ലാപ്പിന്‍റെ കാഠിന്യം കുറയ്ക്കുക

ഏറ്റവും വേഗത്തില്‍ പൊലീസിനെ വിവരമറിയിക്കുക എന്നത് പ്രധാനമാണെന്ന് പറയുമ്പോള്‍ ചിരിക്കരുത്. ഇത് വണ്ടി തിരിച്ചുകിട്ടുന്നതിന് മാത്രമല്ല സഹായിക്കുക. തൊട്ടടുത്ത നിമിഷങ്ങളില്‍ നടക്കാനിരിക്കുന്ന ബോംബ് സ്ഫോടനത്തില്‍ നിങ്ങളുടെ ബൈക്ക് ഉപയോഗിക്കപ്പെടുകയാണെങ്കിലോ? ഈയടുത്ത് ബങ്കളുരുവില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ഉപയോഗിക്കപ്പെട്ടത് മോഷ്ടിച്ച ബൈക്കായിരുന്നുവെന്ന് ഓര്‍ക്കുക. പൊല്ലാപ്പിന്‍റെ കാഠിന്യം കുറയ്ക്കാന്‍ നേരത്തെ പൊലീസിനെ വിവരമറിയിക്കുന്നത് ഉപകരിക്കുന്നു.


കുന്തം പോയാല്‍ കുടത്തില്‍

"Stolen Vehicle India" (stolen.in) പോലുള്ള ഡാറ്റാബേസുകളില്‍ വാഹനത്തിന്‍റെ വിവരങ്ങള്‍ നല്‍കുക. വാഹനം വാങ്ങുന്ന വലിയ വിഭാഗമാളുകള്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ പഠിക്കുന്നത് പതിവായിത്തുടങ്ങിയിട്ടുണ്ട്. കാര്‍ മൊത്തമായോ എന്‍ജിനോ വില്‍ക്കാന്‍ മോഷ്ടാവ് ശ്രമിക്കുകയാണെങ്കില്‍ ഇത്തരം സൈറ്റുകള്‍ വഴി പിടികൂടാന്‍ സാധ്യതകള്‍ ഏറെയാണ്. ഇത് കുറെയെല്ലാം ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും കുന്തം പോയാല്‍ കുടത്തിലും റിപ്പോര്‍ട്ട് ചെയ്യണമെന്നാണല്ലോ!


ഗാരേജുകളില്‍ തപ്പുക

മോഷണം പോയത് മോട്ടോര്‍സൈക്കിളാണെങ്കില്‍ പ്രദേശത്തെ ഗാരേജുകളില്‍ വണ്ടി തപ്പല്‍ നടത്തുക നല്ലൊരുപായമാണ്. ചെറുകിട കള്ളന്മാരാണ് വണ്ടി കൊണ്ടുപോയതെങ്കില്‍ അവരത് പെട്ടെന്ന് വിറ്റഴിക്കാന്‍ ശ്രമം നടത്തിയേക്കും. മോഷ്ടാക്കള്‍ പ്രഫഷണല്‍ അല്ലെങ്കില്‍, വണ്ടിക്ക് കേടുപാടുകള്‍ പറ്റി സ്റ്റാര്‍ട്ടായില്ലെങ്കില്‍ ഏതെങ്കിലും ഗാരേജില്‍ കയറ്റിയിടാനും മതി. ഇതെല്ലാം വളഴരെ ചെറിയ സാധ്യതകള്‍ മാത്രമാണ്. പരിചയമുള്ള ഗാരേജുകളിലെല്ലാം വണ്ടിയുടെ രജിസ്ട്രേഷന്‍ നമ്പര്‍ സഹിതം വിവരമറിയിക്കുക. വണ്ടി മോട്ടിച്ചത് ബണ്ടി ചോര്‍ ആണെങ്കില്‍ മേല്‍പ്പറഞ്ഞതെല്ലാം ഒരുമിച്ച് തള്ളിക്കളയാവുന്നതാണ്.


കീപ് തപ്പിംഗ്

"ചോരി മാര്‍ക്കറ്റു"കള്‍ പോലുള്ള കൂതറ മാര്‍ക്കറ്റുകള്‍ വെറുതെ സന്ദര്‍ശിക്കാവുന്നതാണ്. ഇതും ഒരു ഭാഗ്യം തപ്പലാണ്.

കീപ് സെര്‍ച്ചിംഗ്

Click.in, Craigslist, ebay, OLX തുടങ്ങിയ ഇ കൊമേഴ്സ് വെബ്‍സൈറ്റുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തുന്നതും നല്ലതാണ്.


0 comments:

Post a Comment