രക്തസമ്മര്‍ദ്ദം അഥവാ നിശബ്ദനായ കൊലയാളി
ഡോ. ജേക്കബ് പി.ജി.
എം.ബി.ബി.എസ്, എം.ഡി,
ജനറല്‍ മെഡിസിന്‍
ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍
സത്വ - ദുബായ്
എം.ബി.ബി.എസ്, എം.ഡി,
ജനറല്‍ മെഡിസിന്‍
ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍
സത്വ - ദുബായ്
രക്തസമ്മര്‍ദ്ദം എന്ന രോഗത്തെ നിശ്ശബ്ദനായ കൊലയാളിയാണ ലോകമെമ്പാടും അറിയപ്പെടുന്നത്. ഇത് ഏകദേശം പ്രായപൂര്‍ത്തിയായ നാലു പേരില്‍ ഒരാള്‍ക്കു വീതം ഉണ്ടാകുന്നു. പൊതുവില്‍ ആദ്യകാലങ്ങളില്‍ ലക്ഷണങ്ങളൊന്നും കാണിക്കാത്ത ഈ അസുഖം നേരത്തെ കണ്ടുപിടിക്കുകയും, ദീര്‍ഘകാല ചികിത്സ നടത്തുകയും ചെയ്തില്ലെങ്കില്‍ മറ്റു പല രോഗങ്ങള്‍ക്കുമുള്ള കാരണമായിത്തീരുന്നു.
ശരീര കോശങ്ങള്‍ക്കാവശ്യമായ ഓക്സിജനും, ഭക്ഷണവും ശരീരത്തിന്റെ എല്ലാഭാഗങ്ങളിലും എത്തിക്കുന്നത് രക്തചംക്രമണം വഴിയാണ്. ഹൃദയത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തിലൂടെയാണ് ശരീരത്തില്‍ രക്തചംക്രമണം നടക്കുന്നത് ഹൃദയം ചുരുങ്ങുമ്പോള്‍ രക്തം ഹൃദയത്തിന്റെ അറകള്‍ക്കുള്ളില്‍ നിന്ന് ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പുറത്തേക്കു പോവുകയും, ഹൃദയം വികസിക്കുമ്പോള്‍ അറകള്‍ വീണ്ടും രക്തത്താല്‍ നിറയുകയും ചെയ്യുന്നു.
രക്തസമ്മര്‍ദ്ദത്തെ മുകളിലും താഴെയുമായി എഴുതുന്ന രണ്ടു സംഖ്യകളാല്‍ സൂചിപ്പിക്കുന്നു.
1. സിസ്റ്റോളിക്
മുകളിലത്തെ സംഖ്യ. ഹൃദയം ചുരുങ്ങുകയും, രക്തം പുറത്തേക്കു പോവുകയും ചെയ്യുമ്പോഴുള്ള അളവ്. സാധാരണ ആരോഗ്യമുള്ള ഒരാളില്‍ ഈ അളവ് 120 വരെ ആണ്.
2. ഡയസ്റ്റോളിക്
താഴെ സംഖ്യ. പ്രഷറിനേക്കാള്‍ താഴ്ന്നതാണിത്. ഹൃദയം വികസിക്കുകയും, രക്തം ഹൃദയത്തിലേക്ക് വരുകയും ചെയ്യുമ്പോഴുള്ള അളവ്. സാധാരണ ആരോഗ്യമുള്ള ഒരാളില്‍ ഇതിന്റെ അളവ് 80 അല്ലെങ്കില്‍ അതില്‍ താഴെ ആണ്.
ഒരു രോഗിയുടെ രക്തസമ്മര്‍ദ്ദ അളവ് 125/70 എന്നു കാണിച്ചാല്‍ 125 സിസ്റ്റോളില്‍ അളവും, 70 ഡയസ്റ്റോളില്‍ അളവുമായി കണക്കാക്കാം.
രക്തത്തിന്റെ സമ്മര്‍ദ്ദം എപ്പോഴും ഒരേ പോലെ ആയിരിക്കില്ല. ശാരീരികവും, മാനസികവുമായ വ്യതിയാനങ്ങളനുസരിച്ച് രക്തസമ്മര്‍ദ്ദവും താല്ക്കാലികമായി 10-20 യൂണിറ്റ് വ്യത്യാസപ്പെടാം.
ഉദാഹരണമായി - വ്യായാമവും, മാനസ്സിക സമ്മര്‍ദ്ദങ്ങളും രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നു. ശരീരം കൂടുതല്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ മര്‍ദ്ദത്തില്‍ ഹൃദയം പമ്പു ചെയ്യുന്നു. താല്ക്കാലികമായ ഇത്തരം രക്തസമ്മര്‍ദ്ദങ്ങളെ ശരീരത്തിനു സഹിക്കാന്‍ സാധിക്കും. എന്നാല്‍ സാധാരണയില്‍ കവിഞ്ഞ അളവില്‍ സദാ നേരവും ശരീരത്തില്‍ രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തിയാല്‍ അയാളെ രക്തസമ്മര്‍ദ്ദരോഗിയായി കണക്കാക്കേണ്ടതുണ്ട്.
സിസ്റ്റോളിക് മര്‍ദ്ദം 140 ല്‍ സ്ഥിരമായി കാണിക്കുകയാണെങ്കില്‍ - ഡയസ്റ്റോളിക് 90 -ല്‍ കൂടുതല്‍ സ്ഥിരമായി കാണിക്കുകയാണെങ്കില്‍ അയാള്‍ രക്തസമ്മര്‍ദ്ദരോഗിയായി ഗണിക്കപ്പെടുന്നു.
രോഗികള്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് 120/80 ആയി നില നിര്‍ത്താന്‍ ശ്രമിക്കണം. 130-140/90 നു മുകളില്‍ സ്ഥിരമായി കണ്ടാല്‍ മരുന്നു കഴിക്കുന്നത് നല്ലതാണ്.
കാരണങ്ങള്‍
രക്ത സമ്മര്‍ദ്ദത്തെ രണ്ടു വിഭാഗമായി തരം തിരിച്ചിരിക്കുന്നു.
ആദ്യത്തെ വിഭാഗത്തിലുള്ള രക്ത സമ്മര്‍ദ്ദത്തിന്റെ കൃത്യമായ കാരണം കണ്ടു പിടിച്ചിട്ടില്ല. പുകവലി, അമിതവണ്ണം, ഭക്ഷണങ്ങളിലെ അമിതമായ ഉപ്പ്, കൊഴുപ്പുള്ള ഭക്ഷണശീലം, അമിതമായ മദ്യപാനം മിതമായ വ്യായാമം പോലുമില്ലാത്ത ജീവിതം തുടങ്ങിയവ പ്രധാന കാരണങ്ങളാണ്. കൂടാതെ അധികമായ കൊളസ്ട്രോള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വൃക്കയിലെ രോഗങ്ങള്‍, പാക്ഷാഘാതം ഉണ്ടായിട്ടുള്ള രോഗികള്‍ - എന്നിവരില്‍ രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
പാരമ്പര്യമായി ചില വ്യക്തികളില്‍ രക്തസമ്മര്‍ദ്ദം കൂടുതലായി കണ്ടു വരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പ്രായമോ, മറ്റു മാനദണ്ഡങ്ങളോ വിഷയമാവാറില്ല.
രണ്ടാമത്തെ വിഭാഗം രക്തസമ്മര്‍ദ്ദം മറ്റു ചില രോഗങ്ങളുടെ ഭാഗമായി കാണുന്നതാണ്. ചില ഹൃദയരോഗങ്ങള്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍, അന്തഃ-സ്രാവീഗ്രന്ഥികളുടെ പ്രശ്നങ്ങള്‍ (Endocrine Glands) മുതലായ കാരണങ്ങളാല്‍ രക്തസമര്‍ദ്ദം ചുരുക്കം ചില രോഗികളില്‍ കാണാറുണ്ട്. (10% നും 20% ഇടയില്‍) )ഇപ്രകാരം ഉണ്ടാകുന്ന രക്ത സമ്മര്‍ദ്ദം മൂലകാരണമായ രോഗത്തിന്റെ ചികിത്സയിലൂടെ ചിലപ്പോള്‍ മാറ്റാന്‍ കഴിയാറുണ്ട്.
രോഗനിര്‍ണ്ണയം
സാധാരണ ഗതിയില്‍ രക്തസമ്മര്‍ദ്ദരോഗികള്‍ രോഗത്തിന്റെ യാതൊരുവിധ ലക്ഷണങ്ങളും പുറമേ പ്രകടിപ്പിച്ചു കൊള്ളണമെന്നില്ല. പലപ്പോഴും മറ്റെന്തെങ്കിലും അസുഖത്തിന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ എത്തുമ്പോള്‍ രക്തസമ്മര്‍ദ്ദം അളക്കുമ്പോഴാണ് ഇത് മനസ്സിലാക്കാന്‍ കഴിയുക. അമിതമായ രക്തസമ്മര്‍ദ്ദം ചിലപ്പോള്‍ ക്ഷീണവും, നടക്കുമ്പോള്‍ ശ്വാസം മുട്ടലും, തലവേദനയും, തലകറക്കവും, മൂക്കില്‍ നിന്നും രക്തപ്രവാഹവും ഉണ്ടാകാറുണ്ട്. എങ്കിലും സാധാരണയായി കാണുന്ന തലവേദനകള്‍ മിക്കവാറും രക്തസമ്മര്‍ദ്ദവുമായി ബന്ധമില്ലാത്തതാണ്. ഇടവിട്ടുള്ള ബി.പി അളവ് പരിശോധനയിലൂടെ മാത്രമേ ഇത് തുടക്കത്തിലെ തിരിച്ചറിയാന്‍ കഴിയൂ. തികച്ചും വേദനാരഹിതമായ ഈ പരിശോധന എല്ലായിടത്തും സാധാരണമാണ്.
രാസ-രക്തസമ്മര്‍ദ്ദമെഷീനുപയോഗിച്ച് (Mercury Sphygmo Manometer) രക്ത സമ്മര്‍ദ്ദമളക്കുന്നതാണ് ഏറ്റവും നല്ലത്. ഇലക്ട്രോണിക് ഉപകരണങ്ങളാല്‍ അളക്കുന്നത് പലപ്പോഴും തെറ്റായി കാണിക്കാറുമുണ്ട്.
രക്ത സമ്മര്‍ദ്ദം കണ്ടെത്തിക്കഴിഞ്ഞാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമുള്ള പരിശോധനകള്‍ നടത്തുകയും (രക്തം, മൂത്രം, ഇ.സി.ജി. മുതലായവ) മരുന്നുകള്‍ സേവിക്കുകയും വേണം.
ബി പി നിയന്ത്രണവും, ചികിത്സയും
നിര്‍ഭാഗ്യവശാല്‍ ഈ രോഗത്തിനു ശ്വാശ്വതമായ പരിഹാരം നിലവിലില്ല. ഭക്ഷണ ക്രമീകരണങ്ങളിലൂടെയും ദൈനം ദിന ജീവിത രീതിയില്‍ ചിട്ടപ്പെടുത്തലുകളോടെയും ഇതിനെ നിയന്ത്രിക്കാന്‍ കഴിയൂ.
രക്തസമ്മര്‍ദ്ദത്തിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ മരുന്നകളുടെ പ്രയോഗവും, ആവശ്യമായി വന്നേക്കാം. ഇടവിട്ടുള്ള ചികിത്സകന്റെ ഉപദേശവും വളരെ പ്രധാനപ്പെട്ടതാണ്. വണ്ണം കുറയ്ക്കുന്നതിലൂടെയും മിത വ്യായാമത്തിലൂടെയും, ഭക്ഷണക്രമങ്ങളില്‍ ആവശ്യമുള്ളവ ഉള്‍പ്പെടുത്തിയും അനാവശ്യമായവ ഒഴിവാക്കിയും, ഈ രോഗത്തെ ഒരു പരിധിവരെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയും. പിരിമുറുക്കം നിറഞ്ഞ ജീവതശൈലിയും ആവശ്യത്തിനുള്ള വിശ്രമവും, ഉറക്കവും ലഭിക്കാത്തതും രക്ത സമ്മര്‍ദ്ദം കൂടാന്‍ സഹായിക്കുന്നു.
ശരാശരി ഒരു മനുഷ്യന് ഒരു ദിവസം 1.5 ഗ്രാം സോഡിയം മാത്രമേ ആവശ്യമുള്ളൂ. ബേക്കിംഗ് സോഡ, ബേക്കിംഗ് പൌഡര്‍, സോയാസാസ് എന്നിവയില്‍ വളരെക്കൂടുതല്‍ അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ടിന്നിലടച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപ്പിന്റെ അളവ് കൂടുതലാണ്.
മിതമായ വ്യായാമം ശീലമാക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം. നടക്കുക, സൈക്കിള്‍ സവാരി, നീന്തല്‍, എന്നീ വ്യായാമങ്ങളും ഈ രോഗത്തിനെ നിയന്ത്രിക്കുന്നു. എന്നിട്ടും അസുഖം കുറഞ്ഞില്ലെങ്കില്‍ ചികിത്സകനെ കണ്ട് ബോദ്ധ്യപ്പെടുത്തണം.
രക്തസമ്മര്‍ദ്ദത്തിന്റെ മരുന്നുകള്‍ ദീര്‍ഘകാലം അല്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ കഴിക്കേണ്ടതുണ്ട്. അമിതമായ രക്തസമര്‍ദ്ദത്തിന്റെ അനന്തരഫലങ്ങളായ ഹൃദ്രോഗവും, പക്ഷാഘാതവും, വൃക്ക രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരുന്നുകള്‍ കൊണ്ടുണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ വളരെ ചെറുതാണ്.
സംഗ്രഹം
രക്തസമ്മര്‍ദ്ദം വളരെ ഗുരുതരവും മരണം വരെ സംഭവിക്കാവുന്നതുമായ ഒരു രോഗമാണ്. എങ്കിലും, മുന്‍കൂട്ടി കണ്ടുപിടിക്കുകയും ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കുന്നതിലൂടെയും കോടിക്കണക്കിനാളുകള്‍ ദീര്‍ഘായുസ്സോടെയും, ആരോഗ്യത്തോടെയും ജീവിക്കുന്നു
0 comments:
Post a Comment