To listen you must install Flash Player.

Sunday, 21 July 2013


രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍


 രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ലളിതമായ മാര്‍ഗ്ഗങ്ങള്‍ :

    രക്തസമ്മര്‍ദ്ദം അനേകരെ പ്രതിവര്‍ഷം കാലപുരിക്കയക്കുന്ന രോഗമായി തീര്‍ന്നിരിക്കുന്നു.  രക്തസമ്മര്‍ദ്ദത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഇതിന്റെ ഫലമായി ഹൃദയ സ്തംഭനം, പക്ഷാഘാതം എന്നിവയ്ക്കുപുറമെ വൃക്കയുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താനും ഇടവരുത്തുന്നു.  ഇങ്ങിനെയുള്ള രക്തസമ്മര്‍ദ്ദത്തെ നിലയ്ക്കു നിര്‍ത്താന്‍ ലളിതമായ ചില മാര്‍ഗ്ഗങ്ങല്‍ സ്വീകരിച്ചാല്‍ മതി.  ജീവിതശൈലിയില്‍ അല്ലറചില്ലറ മാറ്റങ്ങളും വരുത്തിയാല്‍ രക്തസമ്മര്‍ദ്ദമെന്ന വില്ലനെ വരച്ചവരയില്‍ നിര്‍ത്താനാകും.

  • ചുറുചുറുക്കോടെ അല്പനേരം നടത്തം ദിനചര്യയാക്കുകയാണെങ്കില്‍ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനാകുന്നു.  നടക്കുമ്പോള്‍ ഹൃദയത്തിന് ആവശ്യമായ ശുദ്ധവായു - പ്രാണവായു സാന്ദ്രമായത്, ലഭ്യമാകുകയാണ്.  അതും ആഴ്ചയില്‍ നാലോ അഞ്ചോ തവണ ഹൃദയത്തിന് വ്യായാമം ലഭിച്ചാല്‍ ഇത് ഗുണം ചെയ്യും; പ്രകടമായ വ്യത്യാസം കാണാനാകും. ചുരുങ്ങിയത് കാല്‍മണിക്കൂറെങ്കിലും വ്യായാമം നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
  •  
    ശ്വസന വ്യായാമവും, മെഡിറ്റേഷനും ഇതോടൊപ്പം ചേര്‍ത്താല്‍ അപ്രതീക്ഷിതമായ ഫലസിദ്ധികളുണ്ടാകും. ഇത് നിങ്ങളുടെ മാനസിക പിരിമുറക്കം ദൂരികരിയ്ക്കുന്നതോടൊപ്പം രക്തസമ്മര്‍ദ്ദതോത് സുരക്ഷിത നിലയിലാക്കുന്നു.  രാവിലേയും വൈകീട്ടും പത്തു മിനിറ്റുവീതം ഇതിനായി ചെലവഴിക്കുന്നതില്‍ തെറ്റില്ല.  ശ്വസന വ്യായാമത്തെ പറ്റി വ്യക്തവും കൃത്യവുമായി അറിയുന്നതിനും മറ്റു ചെറുതരം വ്യായാമള്‍ക്കുമായി യോഗ ക്ളാസുകള്‍ ഉപകരിക്കും. കൂടാതെ, പൊട്ടാസിയം സമൃദ്ധമായ ആഹാരം കഴിക്കുക.  രക്തസമ്മര്‍ദ്ദത്തിന്റെ വര്‍ദ്ധനവിലും രക്തസമ്മര്‍ദ്ദമെന്ന രോഗ കാരണത്തിനും സോഡിയത്തിന്റെ സാന്നിദ്ധ്യമാണ് ഏറെ അപകടകരം.  ഈ അപകടകാരിയെ അകറ്റി നിര്‍ത്താനുള്ള പൊട്ടാസ്യത്തിന്റെ കഴിവ് ഒന്നു വേറെ തന്നെ.  രക്തത്തില്‍ സോഡിയത്തിന്റെ സാന്നിദ്ധ്യം കൊണ്ടുണ്ടാകുന്ന ഉപദ്രവത്തെ ഫലപ്രദമായി തടയാന്‍ പൊട്ടാസ്യം എന്ന ധാതുവിനാകുന്നു.  പച്ചക്കറികളിലും പഴങ്ങളിലും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. 
    മധുരക്കിഴങ്ങ്, തക്കാളിപ്പഴം, മധുര നാരങ്ങ, പഴച്ചാര്‍, നേന്ത്രപ്പഴം, ഉരുള്ളക്കിഴങ്ങ് തുടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.  ഉപ്പ് അധികം ഉപയോഗിക്കുന്നത് നല്ലതല്ല. അമിതമായി ഉപ്പ് ഉപയോഗിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യതകളുണ്ട്.  മാത്രമല്ല, രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കാണെങ്കില്‍ ഇത് പെട്ടെന്ന് വര്‍ദ്ധിക്കാനും ഇടയാകുന്നു.  അതുകൊണ്ട് ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് നല്ലതാണ്. കുടുംബപാരമ്പര്യമായി രക്തസമ്മര്‍ദ്ദമുണ്ടെങ്കിലും ഇല്ലെങ്കിലും ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നപക്ഷം വളരെ പ്രകടമായ വ്യത്യാസം അനുഭപപ്പെടുമെന്നതില്‍ സംശയം വേണ്ട. ഉപ്പിന് പകരമായി ചെറുനാരങ്ങനീര്‍, വെളുത്തുള്ളി, കുരുമുളക് അല്ലെങ്കില്‍ മറ്റേതെങ്കിലും ആയുര്‍വേദ ഔഷധ പദാര്‍ത്ഥങ്ങളോ, സുഗന്ധദ്രവ്യങ്ങളോ ഭക്ഷണത്തോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കാം.  റെഡിമെയ്ഡ്/ഫാസ്റ് ഫുഡ് ഒഴിവാക്കുക.  ടിനുകളിലും പാക്കററുകളിലും ലഭ്യമാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും സാധനങ്ങളും ഒഴിവാക്കുകയാണ് ഉത്തമം.

    ഉരുളക്കിഴങ്ങ് വറുത്തത്, ശീതീകരിച്ച കോഴിയിറച്ചി തുടങ്ങിയവയില്‍ സോഡിയം ഏറെ സമ്പന്നമാണ്.  ദിവസം എത്രത്തോളമാണ് നിങ്ങളുടെ സോഡിയം ഉപഭോഗമെന്ന കണ്ടെത്തുന്നതു നന്നായിരിക്കും.
ഗുരുതരാവസ്ഥ : അതീവ ഗുരുതരമായ അമിത രക്തസമ്മര്‍ദ്ദാവസ്ഥ ഏറെ അപകടകരമായ സ്ഥിതിയാണ്; ജീവനു തന്നെ ഭീഷണി നേരിടുന്ന അവസ്ഥ.  ഇതിനെ അതീവ മാരകരക്തസമ്മര്‍ദ്ദമെന്നാണ് അറിയപ്പെടുന്നത്, വളരെ അപൂര്‍വ്വമായിട്ടേ ഇത് കണ്ടുവരുന്നുള്ളൂ. നിയന്ത്രിതമല്ലാത്ത രക്തസമ്മര്‍ദ്ദം ആന്തരാവയവങ്ങളെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത്.  ഇവയ്ക്ക് തകരാറു സംഭവിച്ചേക്കാം.  വൃക്കകള്‍, ഹൃദയം, തലച്ചോറ് എന്നിവയ്ക്ക് കേടുപാടുകള്‍ വരാനുള്ള വന്‍ സാധ്യതയാണ് അതീവ മാരക രക്തസമ്മര്‍ദ്ദം തുറന്നിടുന്നത്.  അതീവ മാരക രക്തസമ്മര്‍ദ്ദം ഒരു ശതമാനം പേര്‍ക്കേ ഉണ്ടാകാറുള്ളൂ.  അതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദക്കാര്‍ക്ക്. സാധാരണ ഉണ്ടാകുന്ന ഉയര്‍ന്ന  രക്തസമ്മര്‍ദ്ദം വളരെ കാലം കൊണ്ട് അതീവ മാരക രക്തസമ്മര്‍ദ്ദമായി മാറിയേക്കാം.  ഡയസ്റോളിക് സമ്മര്‍ദ്ദം 120 എം എം എച്ച് ജിയോ ഇതില്‍ കൂടുതലോ ആകുമ്പോഴാണ് ഈ അപകടകരാവസ്ഥയില്‍ എത്തിച്ചേരുന്നത്.
    അതീവ മാരക രക്തസമ്മര്‍ദ്ദത്തെ വിട്ടുവീഴ്ച്ചയോ കാലതാമസമോ വരുത്താതെ ചികിത്സിക്കേണ്ടതാണ്.  വൃക്കകളുടെ തകരാര്‍, വൃക്കകളോടു ചേര്‍ന്നുള്ള ഗ്രന്ഥികളില്‍ അമിത വളര്‍ച്ചയോ അര്‍ബ്ബുദബാധയോ ഉണ്ടാകുമ്പോഴും, സുഷുമ്ന കാണ്ഡത്തിലെ കേടും അതീവ മാരകമായ രക്തസമ്മര്‍ദ്ദം ഉണ്ടാകാന്‍ കാരണമാകുന്നു.  യാതൊരു ലക്ഷണങ്ങളും ഇല്ലാതെ തന്നെ രക്തസമ്മര്‍ദ്ദം ഭയാനകമായ വിധത്തില്‍ ഉയരുന്നത് നിയന്ത്രാധീനമാക്കാന്‍ അടിയന്തിര വൈദ്യസഹായമല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. മദ്യപിക്കുമ്പോള്‍/അമിതമായി മദ്യപിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിച്ച് അതീവ മാരക രക്തസമ്മര്‍ദ്ദമുണ്ടാക്കും.
ചികിത്സ
    ആരോഗ്യമുള്ള ഒരാള്‍ക്ക് പെട്ടെന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞതിന് ചികിത്സയൊന്നും ആദ്യഘട്ടത്തില്‍ നല്‍കേണ്ടതില്ല.  എന്നാല്‍, കുറഞ്ഞ രക്തസമ്മര്‍ദ്ദക്കാര്‍ ഡോക്ടര്‍മാരുമായി, ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം ആരായുകയും, ആവശ്യമെങ്കില്‍ ചികിത്സകള്‍ തേടുകയും വേണ്ടതാണ്. ഡോക്ടര്‍, രക്തസമ്മര്‍ദ്ദതോത് കണ്ടെത്തുകയും ഇത് ചികിത്സകള്‍ ആവശ്യപ്പെടുന്ന അവസ്ഥയിലാണോ എന്നറിയുകയും ചെയ്യുന്നു.  ചികിത്സകള്‍ ഇതനുസരിച്ചായിരിക്കും ആരംഭിക്കുന്നത്.  ചിലപ്പോള്‍, മറ്റേതെങ്കിലും മരുന്നുകള്‍ കഴിക്കുന്നതുകൊണ്ടും രക്തസമ്മര്‍ദ്ദം കുറഞ്ഞേക്കാം. അങ്ങിനെയെങ്കില്‍ ആ മരുന്നിന്റെ അളവ് കുറച്ച് കഴിക്കാന്‍ ഡോക്ടര്‍ ഉപദേശിക്കും. ഇതോടെ പ്രശ്നവും തീര്‍ന്നേക്കാം. ഒരു കാരണവശാലും ഡോക്ടറുടെ അറിവോ സമ്മതമോയില്ലാതെ മരുന്നുകള്‍ കഴിക്കുകയോ കഴിക്കുന്നവയുടെ ഡോസ് കുറയ്ക്കുകയോ ചെയ്യരുത്.  ഇത് അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നതാണ്.
    രക്തസമ്മര്‍ദ്ദം കൂടിയാല്‍ പെട്ടെന്ന് തിരിച്ചറിയില്ലെങ്കിലും, ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല, സമ്മര്‍ദ്ദം തീരെ കുറഞ്ഞാല്‍ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ വിരളമാണ്.  ലക്ഷണങ്ങള്‍ കാണുമ്പോള്‍ ഇത് താഴ്ന്ന രക്തസമ്മര്‍ദ്ദത്താലാണെന്ന് തിരിച്ചറിയാന്‍ വിദഗ്ദ പരിശോധനകള്‍ക്ക് കഴിയും.  ഒരു ഡോക്ടറുടെ സഹായം അത്യന്താപേക്ഷിമായ ഒന്നാണിത്. താഴ്ന്ന രക്തസമ്മര്‍ദ്ദത്തിന് ചികിത്സകള്‍ ധാരാളം നിലവിലുണ്ട്.  സാധാരണ നിലയില്‍, കാര്യമായ ചികിത്സകള്‍ ആവശ്യമില്ലാത്ത ഒരു അപാകതയാണെങ്കിലും ചിലപ്പോള്‍, ശ്രദ്ധിച്ചില്ലെങ്കില്‍, യഥാര്‍ത്ഥ കാരണം കണ്ടെത്താതെ വന്നാല്‍ തീര്‍ത്തും മാരകമാകാന്‍ ഇടയുള്ള ഒരവസ്ഥയാണിത്.  ആധുനിക വൈദ്യശാസ്ത്രം തീരെ കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെ കാര്യമായി മാരകമായിട്ടെടുക്കുന്നില്ലെങ്കിലും അപൂര്‍വ്വമായിട്ടാണെങ്കിലും ഇത് മരണകാരണമാകാറുണ്ട്, പ്രത്യേകിച്ച് താഴ്ന്ന രക്തസമ്മര്‍ദ്ദമെന്ന പ്രതിഭാസത്തെ അവഗണിക്കുന്ന പക്ഷം. താഴ്ന്ന രക്തസമ്മര്‍ദ്ദ സ്ഥിതിയും അമിത രക്തസമ്മര്‍ദ്ദവും ഒരേപോലെ അപകടകാരിയാണെന്നാണ് വിദഗ്ദാഭിപ്രായം.  അതുകൊണ്ടുതന്നെ താഴ്ന്ന രക്തസമ്മര്‍ദ്ദത്തെ അവഗണിക്കാതെ ശരിയായ വൈദ്യോപദേശം തേടുന്നതാണ് ഉത്തമം.

0 comments:

Post a Comment