To listen you must install Flash Player.

Sunday, 21 July 2013


ചികിത്സ


സ്തനാര്‍ബുദം എന്ന അസുഖത്തെക്കാള്‍ മിക്കവാറും എല്ലാവരും പേടിക്കുന്നത് ചികിത്സ എന്ന ഘടകത്തെ ആണ്. സ്തനാര്‍ബുദത്തിന്റെ ചികിത്സ എന്ന് പറയുന്നത് സ്തനം നീക്കം ചെയ്യലാണ് എന്നാണ് മിക്കവരുടെയും ധാരണ. അതു കൊണ്ടാണ് പലരും ഇത് പുറത്ത് പറയാന്‍ മടിക്കുന്നത്. എന്നാല്‍ ഈ ഒരു ധാരണ ഒരു പരിധി വരെ തെറ്റാണ്. സ്തനാര്‍ബുദം അത്രയധികം വ്യാപിച്ചു കഴിയുമ്പോള്‍ മാത്രമാണ് സ്തനം നീക്കം ചെയ്യേണ്ടി വരുന്നത്. അതു കൊണ്ടാണ് എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങണം എന്ന് പറയുന്നത്. പല ഘടകങ്ങളെ ആശ്രയിച്ചാണ് സാധാരണ സ്തനാര്‍ബുദത്തിന് ചികിത്സ നല്‍കാറ്. രോഗത്തിന്റെ വലിപ്പം, ഇനം, രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, രോഗ വ്യാപ്തി, ഇവയെല്ലാം ചികിത്സയെ സ്വാധീനിക്കുന്നു.  അതിന് ശേഷം കീമോ തെറാപ്പിയോ, റേഡിയോ തെറാപ്പിയോ, സര്‍ജറിയോ ആണ് സാധാരണയായി നല്‍കാറുള്ള ചികിത്സ..

സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയാല്‍ രോഗം ഏത് ഘട്ടത്തിലെത്തിയെന്ന് കൃത്യമായി നിര്‍ണയിക്കലാണ് ആദ്യം വേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃത്യമായി ചികിത്സ നല്‍കേണ്ടത്. നാലു ഘട്ടങ്ങളായാണ് സാധാരണ തിരിക്കാറുള്ളത്. പ്രാരംഭദശയില്‍ അര്‍ബുദം സ്തനത്തിലും, കക്ഷത്തിലും, കഴലകളിലുമായി ഒതുങ്ങി നില്‍ക്കും. ഈ ഘട്ടത്തില്‍ ചികിത്സിക്കാന്‍ കഴിഞ്ഞാല്‍ കാര്യമായ വിഷമതകളില്ലാതെ രോഗം ഭേദമാക്കാന്‍ കഴിയും.

രണ്ടാംഘട്ടം
.
ഈ ഘട്ടത്തില്‍ സ്തനാര്‍ബുദം കുറച്ചുകൂടി വ്യാപിച്ചിട്ടുണ്ടെങ്കിലും സ്തനത്തിലും കക്ഷത്തിലുമായി ഒതുങ്ങി നില്‍ക്കും. ലോക്കലി അഡ്വാന്‍സ്ഡ് ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നാണ് ഈ ഘട്ടത്തെ പറയുക. അര്‍ബുദമുഴ ചുരുക്കുന്നതിനുള്ള ശ്രമമാണ് ആദ്യം നടത്തുക.

അര്‍ബുദം വ്യാപിക്കല്‍.

ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് അര്‍ബുദം വ്യാപിച്ചിട്ടുണ്ടാകുന്ന ഈ ഘട്ടത്തെ മെറ്റാസ്റേറ്റിക് ബ്രെസ്റ് ക്യാന്‍സര്‍ എന്നാണ് പറയുന്നത്. ഈ ഘട്ടത്തില്‍ രോഗം പൂര്‍ണമായും ഭേദമാക്കല്‍ അത്ര എളുപ്പമല്ല.എന്നാല്‍ കൃത്യമായി ചികിത്സ ചെയ്ത് രോഗം നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും.

ആദ്യഘട്ടത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ ആറുമാസം കൊണ്ട് രോഗം പൂര്‍ണമായി ഭേദമാക്കാനാകും. പിന്നീട് ഇടവിട്ട്  പരിശോധന നടത്തി രോഗം വീണ്ടും വരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മാത്രം. അതേസമയം മെറ്റാസ്റേസിക് ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിച്ചവര്‍ക്ക് ആറുമാസത്തിലധികം ചികിത്സ വേണ്ടി വരാറുണ്ട്.

കീമോ തെറാപ്പി

കീമോ തെറാപ്പി നല്‍കല്‍ വഴി കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സാധിക്കുന്നു. അത് പോലെ കാന്‍സര്‍ മറ്റു ഭാഗങ്ങളിലേയ്ക്ക് പടരുന്നതും കീമോ നല്‍കുന്നത് വഴി തടയാന്‍ സാധിക്കുന്നു. കീമോ തെറാപ്പി നല്‍കുന്നത് ഇഞ്ചക്ഷന്‍ രൂപത്തില്‍ പേശികളിലോ, നാഡികളിലോ കുത്തി വെച്ചാണ്. അതു പോലെ ഗുളിക രൂപത്തിലും നല്‍കാറുണ്ട്. അര്‍ബുദത്തിന്റെ ആഴം അനുസരിച്ച് പല സ്റ്റേജുകളില്‍ ആയിട്ടാണ് കീമോ നല്‍കാറ്. ഇതിന്റെ ഇടയ്ക്ക് രോഗിക്ക് വിശ്രമ സമയങ്ങള്‍ നല്‍കാറുണ്ട്. ഓരോ കീമോ കഴിഞ്ഞും രോഗികള്‍ എടുക്കേണ്ട വിശ്രമ സമയം ഓരോരുത്തരിലും വ്യത്യാസപ്പെട്ടു കിടക്കുന്നു. ചിലപ്പാള്‍ ഒരു ദിവസം, ചിലപ്പോള്‍ ഒരാഴ്ച, അങ്ങനെ അത് നീണ്ടു പോയേക്കാം.

കീമോ തെറാപ്പിയുടെ ചില പാര്‍ശ്വ വശങ്ങള്‍

1 ശരീരത്തില്‍ പെട്ടെന്ന് അണു ബാധയേല്‍ക്കല്‍

2 പെട്ടെന്ന് ക്ഷീണിതരാവുക

3 നാഡികളില്‍ വേദന അനുഭവപ്പെടുക

4 വായ വരണ്ടിരിക്കല്‍, അതു പോലെ വായയില്‍ നീരുണ്ടാവുക

5 വിശപ്പില്ലായ്മ

6 ശരീരത്തിന്റെ തൂക്കം കുറയുക

7 ഛര്‍ദ്ദി, വയറിളക്കം ഉണ്ടാവുക

റേഡിയോ തെറാപ്പി

റേഡിയോ തെറാപ്പി അഥവാ റേഡിയേഷന്‍ തെറാപ്പി നല്‍കുന്നത് വഴി കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കപ്പെടുന്നു. റേഡിയോ തെറാപ്പിയില്‍ നല്ല ശക്തിയുള്ള എക്സ് റേ കിരണങ്ങളും, റേഡിയോ ആക്റ്റീവ് പദാര്‍ത്ഥങ്ങളും ഉപയോഗിച്ചാണ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്. സാധാരണ കോശങ്ങളെ അപേക്ഷിച്ച് കാന്‍സര്‍ കോശങ്ങള്‍ വളരെ പെട്ടെന്ന് വ്യാപിക്കുന്നു. സാധാരണ കോശങ്ങളെ അപേക്ഷിച്ച് ഇങ്ങനെ പെട്ടെന്ന് വ്യാപിക്കുന്ന കാന്‍സര്‍ കോശങ്ങളെ റേഡിയേഷന്‍ കിരണങ്ങള്‍ പെട്ടെന്ന്നശിപ്പിക്കുന്നു

. കൃത്യമായി പറഞ്ഞാല്‍ റേഡിയേഷന്‍ തെറാപ്പി വഴി കാന്‍സര്‍ കോശങ്ങളുടെ ഡി എന്‍ എയെ തന്നെ നശിക്കുന്നു. അങ്ങനെ കാന്‍സര്‍ കോശങ്ങള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നതും, കാന്‍സര്‍ കോശങ്ങള്‍ വിഭജിച്ച് പുതിയ കാന്‍സര്‍ കോശങ്ങള്‍ ഉണ്ടാവുന്നതും തടയുന്നു. എന്നാലും കുറേ നല്ല കോശങ്ങളും ഈ കൂട്ടത്തില്‍ നശിപ്പിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ ഒരു പോരായ്മ.
ബാഹ്യ റേഡിയേഷന്‍ (External Radiation), ആന്തരിക റേഡിയേഷന്‍ (Internal Radiation) എന്നിങ്ങനെ രണ്ട് തരം റേഡിയേഷന്‍ തെറാപ്പിയാണ് ഉള്ളത്. 

റേഡിയേഷന്‍ തെറാപ്പികളില്‍ കൂടുതല്‍ ചെയ്തു വരുന്നത് ബാഹ്യ റേഡിയേഷനാണ്. ഈ റേഡിയേഷനില്‍ ലിനിയര്‍ ആക്സലേറ്റര്‍ (Linear Accelerator) എന്ന വലിയ ഒരു മെഷീന്‍ ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ച ഭാഗത്ത് റേഡിയേഷന്‍ കിരണങ്ങള്‍ നല്‍കുന്നു. രോഗത്തിന്റെ തോത് അനുസരിച്ച് ആഴ്ചയില്‍ ഒരു ദിവസം തുടങ്ങി പല ആഴ്ചകള്‍ വേണ്ടി വന്നേക്കാം. ആന്തരിക റേഡിയേഷന്‍ (Internal Radiation) താരതമ്യേന കുറച്ചു മാത്രം ഉപയോഗിക്കുന്ന ഒരു രീതിയാണ്. ചെറിയ ട്യൂബോ, കത്തീറ്ററോ, മാമ്മോ സൈറ്റ് എന്ന ബലൂണ്‍ കത്തീറ്റര്‍ ഉപകരണം ഉപയോഗിച്ചോ ആണ് ഈ റേഡിയേഷന്‍ നല്‍കാറ്.



0 comments:

Post a Comment