To listen you must install Flash Player.

Monday, 15 July 2013


യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍

യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍
പുതിയ കാര്‍ വാങ്ങുമ്പോള്‍ തന്നെയുണ്ട് കണ്‍ഫ്യൂഷന്‍. അപ്പോള്‍ പിന്നെ യൂസ്ഡ് കാര്‍ തിരഞ്ഞെടുക്കുമ്പോഴുള്ള സ്ഥിതി പ്രത്യേകിച്ചു പറയേണ്ടല്ലോ. വില അധികമാണോ വണ്ടി കണ്ടീഷനാണോ എന്നിങ്ങനെ ഒരുപാട് ആശങ്കകളുണ്ടാകും മനസ്സില്‍. എന്നാല്‍ അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ നല്ലൊരു യൂസ്ഡ് വാഹനം കുറ‍ഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനാകും. അതിനു സഹായകമായ വിവരങ്ങള്‍ ഇതാ.


ആദ്യം ബജറ്റ് നിശ്ചയിക്കുക


ആദ്യംതന്നെ, വാഹനത്തിനായി എത്ര തുക നീക്കിവയ്ക്കാനാവും എന്നുതീരുമാനിച്ചുറപ്പിക്കുക. ആ ബജറ്റിലൊതുങ്ങുന്ന മോഡല്‍ കണ്ടുപിടിക്കുകയാണ് അടുത്തതായി വേണ്ടത്. കുടുംബാംഗങ്ങളുടെ എണ്ണം, സ‍ഞ്ചരിക്കുന്ന ദൂരം എന്നിവ പരിഗണിച്ചുവേണം തീരുമാനമെടുക്കാന്‍. ചെറിയ കുടുംബങ്ങള്‍ക്ക് ഹാച്ച്ബാക്കിന്റെ ആവശ്യമേ ഉള്ളൂ.

ഇന്റര്‍നെറ്റ് സെര്‍ച്ചിങ്ങിലൂടെ യൂസ്ഡ് കാറുകളുടെ ഏകദേശ വില മനസിലാക്കാം. വാഹനമുള്ള സുഹ്രുത്തുക്കളോടും വിവരങ്ങള്‍ അന്വേഷിച്ചറിയുക. മൂന്നു വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ അതിന്റെ യഥാര്‍ഥ വിലയുടെ 70 ശതമാനം തുകയ്ക്ക് ലഭ്യമാണ്.കുറ‍ഞ്ഞ വിലയ്ക്ക് വലിയ വണ്ടി കണ്ടാല്‍ ചാടിവീഴുന്നതു ബുദ്ധിയല്ല. വലിയ വാഹനങ്ങളുടെ സ്പെയര്‍പാട്സിനും സര്‍വീസിനും താരതമ്യേന ചെലവു കൂടും. വാഹനം സെക്കന്‍ഡ് ഹാന്‍ഡ് വിലയ്ക്കു കിട്ടുമെങ്കിലും അവയുടെ സ്പെയര്‍പാര്‍ട്സുകള്‍ അങ്ങെന കിട്ടില്ലെന്നും ഓര്‍മിക്കുക.


എവിടെ നിന്നു വാങ്ങണം



വെബ്സൈറ്റ്, പത്രം എന്നിവയിലെ യൂസ്ഡ് കാര്‍ പരസ്യങ്ങള്‍ നോക്കി യോജിച്ച മോഡല്‍ തിര‍ഞ്ഞെടുത്ത് ഉടമയുമായി നേരിട്ട് ബന്ധപ്പെട്ടു കച്ചവടമുറപ്പിക്കാം. വാഹനം കാണാന്‍ പോകുമ്പോള്‍ മെക്കാനിക്കിനെയോ കാര്യവിവരമുള്ള സുഹൃത്തിനെയോ ഒപ്പം കൂട്ടുന്നത് നന്ന്.
മാരുതി, ഹ്യുണ്ടായി, ഫോഡ് ,ഹോണ്ട, ടൊയോട്ട തുടങ്ങിയ പ്രമുഖ വാഹനനിര്‍മാതാക്കള്‍ നേരിട്ട് നടത്തുന്ന യൂസ്ഡ് കാര്‍ ഔട്ട് ലെറ്റുകളുണ്ട്. അപകടത്തില്‍ പെട്ടിട്ടില്ലാത്തതും അധികം പഴക്കമില്ലാത്തതുമായ വാഹനങ്ങളാണ് ഇവിടെ വില്‍പ്പന നടത്തുന്നത്.അറ്റകുറ്റപ്പണികള്‍ തീര്‍ത്തവയുമായിരിക്കും.വാഹനം സ്വയം ശരിയായി നോക്കി വാങ്ങാന്‍ പരിചയം ഇല്ലാത്തവര്‍ ഇത്തരം സ്ഥാപനങ്ങളെ സമീപിക്കുന്നതാണ് നല്ലത്. വിപണിവിലയിലും അല്‍പ്പം കൂടുതല്‍ കൊടുക്കേണ്ടിവരുമെങ്കിലും പുതിയ കാര്‍ വാങ്ങുമ്പോഴുള്ള മനസ്സുഖവും കിട്ടും.പരിചയത്തിലുള്ള ആളിന്റെ, നന്നായി പരിപാലിക്കപ്പെടുന്ന കാര്‍ വാങ്ങുന്നതിലും തെറ്റില്ല.


വണ്ടി കാണാന്‍ പോകുമ്പോള്‍


പകല്‍ സമയം വേണം വാഹനം കാണാന്‍ പോകാന്‍. അരണ്ട വെളിച്ചത്തില്‍ ബോഡിലെ ചളുക്കങ്ങളും പെയിന്റ് നിലവാരവും മനസിലാക്കാനാവില്ല. പാച്ച് വര്‍ക്ക് ചെലവേറിയ കാര്യമായതിനാല്‍ ബോഡിക്ക് തുരുമ്പുണ്ടോ എന്നു പ്രത്യേകം നോക്കണം. മാറ്റുകള്‍ ഉയര്‍ത്തി ഫ്ളോര്‍ ബോര്‍ഡിനു തുരുമ്പുണ്ടോയെന്നു നോക്കുക.പെയിന്റില്‍ നിറവ്യത്യാസമുണ്ടെങ്കില്‍ അപകടത്തില്‍ പെട്ടതിന്റെ സൂചനയായി കരുതാം. വിന്‍ഡ് സ്ക്രീന്-വിന്‍ഡോ ഗ്ലാസുകളില്‍ വാഹനത്തന്റെ മോഡല്‍ വര്‍ഷം രേഖപ്പടുത്തിയിട്ടുണ്ടാവും. ഇതില്‍ വ്യത്യാസം കണ്ടാല്‍ അപകടത്തെത്തുടര്‍ന്ന് ഗ്ലാസ് മാറിവച്ചിട്ടുണ്ടെന്നു ഉറപ്പിക്കാം. വാഹനം നിരപ്പായ സ്ഥലത്തിട്ട് ഏതെങ്കിലും വശത്തേക്ക് താഴ്ന്നിരിപ്പുണ്ടോയെന്ന് നോക്കുക. സസ്പെന്ഷന്‍ തകരാറാവാം വണ്ടിയുടെ ചെരിവിനു കാരണം.

വണ്ടി വില്‍ക്കാനുള്ള കാരണം അന്വേഷിച്ചറിയുക. അപകടത്തെ തുടര്‍ന്നോ ചെലവേറിയ അറ്റകുറ്റപ്പണികള്‍ മുന്നില്‍ കണ്ടോ വാഹനം വില്‍ക്കുന്ന പതിവുണ്ട്. വാഹനം എവിടെയാണ് സര്‍വീസ് ചെയ്യിക്കുന്നതെന്ന് ചോദിച്ചറിയണം. വാഹനത്തിനു നടത്തിയിട്ടുള്ള അറ്റകുറ്റപ്പണികള്‍ സര്‍വീസ് സെന്ററില്‍ നിന്നും അറിയാനാവും.
മുമ്പൊക്കെ ഡിജിറ്റല്‍ ഓഡോമീറ്ററില്‍ അത്ര തട്ടിപ്പ് നടന്നിരുന്നില്ല. ഇപ്പോള്‍ അതും സുരക്ഷിതമല്ല. 2500 രൂപ നല്‍കിയാല്‍ നമ്മള്‍ പറയുന്ന കിലോമീറ്റര്‍ ഓഡോമീറ്ററില്‍ ക്രമീകരിച്ചുകൊടുക്കുന്നവരുണ്ട്. ബ്രേക്ക്പെഡല്‍, ആക്സിലറേറ്റര്‍ എന്നിവയുടെ പെഡലുകള്‍ പരിശോധിക്കുക. അവയ്ക്ക് അമിതമായി തേയ്മാനം കാണപ്പെട്ടാല്‍ വാഹനം കൂടുതലായി ഉപയോഗിച്ചിട്ടുണ്ടെന്നു മനസിലാക്കാം.


എന്‍ജിന്‍ കണ്ടീഷനാണോ?


 

പുതിയ തലമുറ കാറുകളുടെ എന്‍ജിനു താരതമ്യേന കൂടുതല്‍ ആയുസുണ്ട്. ചെറുകാറുകളുടെ എന്‍ജിന്‍പോലും രണ്ടു ലക്ഷം കിലോമീറ്റര്‍ വരെ ഈടുനില്‍ക്കും. വലിയ വാഹനങ്ങള്‍ക്ക് അതിലും കൂടും. എങ്കിലും അമ്പതിനായിരം കിലോമീറ്ററില്‍ താഴെ ദൂരം ഓടിയ ഹാച്ച്ബാക്കുകള്‍ വാങ്ങുന്നതാണ് ഉത്തമം. വലിയ കാറുകളുടെ കാര്യത്തില്‍ ഈ പരിധി 80,000 കിമീ വയ്ക്കാം. അ‍ഞ്ചു വര്‍ഷത്തിലേറെ പഴക്കമില്ലാത്ത വാഹനങ്ങള്‍ക്കു മുന്തിയ പരിഗണനകൊടുക്കുക.
ബോണറ്റുയര്‍ത്തി എന്‍ജിന്‍ കംപാര്‍ട്ട്മെന്റ് പരിശോധിക്കുക. ഓയിലും അഴുക്കും പറ്റി വൃത്തികേടായാണ് ഇരിക്കുന്നതെങ്കില്‍ വാഹനം മോശമായാണ് പരിപാലിക്കപ്പെട്ടതെന്നു വ്യക്തം. ഓയില്‍ ഡിപ് സ്റ്റിക്ക് ഉയര്‍ത്തി, ഓയില്‍ വിരലില്‍ തേച്ച്നോക്കുക. കറുത്ത് കുറുകിയ ഓയിലാണെങ്കില്‍ വാഹനം ശരിയാം വിധം സര്‍വീസ് ചെയ്യുന്നില്ലെന്നു മനസ്സിലാക്കാം. അത്തരം വാഹനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
പരിചയമുള്ള സര്‍വീസ് സെന്ററില്‍ എന്‍ജിന്‍ കംപ്രഷന്‍ ടെസ്റ്റ് നടത്താന്‍ വാഹനഉടമ സമ്മതിച്ചാല്‍ ഭാഗ്യമായി .എന്‍ജിന്റെ അവസ്ഥ വേഗത്തില്‍ മനസ്സിലാക്കാം. വാഹനം സ്റ്റാര്‍ട്ട് ചെയ്ത് എന്‍ജിന്റെ ശബ്ദം വിലയിരുത്തുക. ചിലമ്പിച്ച ശബ്ദം കേള്‍ക്കുന്നത് എന്‍ജിന്റെ മോശാവസ്ഥ മൂലമാണ്. പെട്രോള്‍ വാഹനങ്ങളുടെ എക്സോസ്റ്റ് പൈപ്പില്‍ നിന്നും വെളുത്ത പുക വരുന്നത് എന്‍ജിന്‍ തകരാര്‍ വ്യക്തമാക്കുന്നു. പിസ്റ്റണു തേയ്മാനം വന്നിട്ടുണ്ട്. ഡീസല്‍ വാഹനങ്ങള്‍ക്ക് വെളുത്ത പുക വരുന്നത് എന്‍ജിന്‍ തകരാര്‍ മൂലം മാത്രമാകണമെന്നില്ല. ഡീസല്‍ പമ്പിന്റെയോ ഓക്സിജന്‍ സെന്‍സറിന്റെയോ തകരാര്‍ നിമിത്തവുമാകാം.


ടെസ്റ്റ് ഡ്രൈവ് നിര്‍ബന്ധം


കുറ‍ഞ്ഞത് അ‍ഞ്ചു കിലോമീറ്ററെങ്കിലും ടെസ്റ്റ് ഡ്രൈവ് നടത്തിയ ശേഷമേ വാഹനം വാങ്ങാവൂ. മോശം റോഡിലൂടെ ഓടിക്കുമ്പോള്‍ സസ്പെന്‍ഷന്റെ നിലവാരം വ്യക്തമാകും.ക്ലച്ച് എടുക്കുമ്പോള്‍ സ്മൂത്തായിട്ടാവണം വേഗെമടുക്കേണ്ടത്. വണ്ടി ചാടി നീങ്ങിയാല്‍ ക്ലച്ചിനു തേയ്മാനമുണ്ടെന്നു മനസിലാക്കാം. വിറയല്‍, സൈഡ് വലിവ് എന്നിവയുണ്ടോയെന്നും ശ്രദ്ധിക്കുക.

വണ്ടിയുടെ പെര്‍ഫോമന്‍സ് , ബ്രേക്ക് കാര്യക്ഷമത, സസ്പെന്‍ഷന്‍ മികവ് , എസിയുടെ തണുപ്പ് എന്നിവയെല്ലാം ഓട്ടത്തില്‍ വിലയിരുത്തണം. പവര്‍വിന്‍ഡോ, മ്യൂസിക് സിസ്റ്റം മുതാലായവ പ്രവര്‍ത്തിപ്പിച്ചുനോക്കി തകരാറുണ്ടോയെന്ന് പരിശോധിക്കുക. ബാറ്ററിയ്ക്ക് പൊതുവെ മൂന്നു വര്‍ഷമാണ് ആയുസ്സ്. കാലാവധി കഴിയാത്ത ബാറ്ററിയാണെങ്കില്‍ അതിന്റെ വാറന്റി കാര്‍ഡ് മറക്കാതെ വാങ്ങുക.


ബുക്കും പേപ്പറും


വാഹനത്തിന്റെ ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവ കൃത്യമാണെന്ന് ഉറപ്പു വരുത്തുക. വാഹനത്തിന്റെപേരില്‍ കടബാധ്യത ഇല്ലെന്നും ഉറപ്പാക്കുക.വാഹനം എത്ര തവണ കൈമാറിയിട്ടുണ്ടെന്ന വിവരം രജിസ്ട്രേഷന്‍ രേഖകളില്‍ കാണാനാവും.
വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഉടമസ്ഥതയെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാനുള്ള സൌകര്യം കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റിലുണ്ട് (http://keralamvd.gov.in/). രണ്ടിലേറെ കൈമറിഞ്ഞ വാഹനം ഒഴിവാക്കുന്നതാണ് നല്ലത്. വാഹനത്തിന്റെ എന്‍ജിന്‍,ഷാസി നമ്പരുകള്‍ ആര്‍സി ബുക്കിലേതുമായി ഒത്തുനോക്കുക. ഇന്‍ഷുറന്‍സ്, ടാക്സ് അടച്ചതിന്റെ രേഖ എന്നിവയും പരിശോധിച്ച് അപാകതയില്ലെന്നു തീര്‍ച്ചപ്പെടുത്തണം.


വിലപേശാന്‍ മടിക്കേണ്ട!


നാണക്കേടു വിചാരിക്കാതെ വില പേശുകതന്നെ വേണം. ടയര്‍ തേയ്മാനം മറ്റു കുറവുകള്‍ എന്നിവ സൂചിപ്പിച്ചുവേണം വില കുറപ്പിക്കാന്‍. നാലു ടയറുകളും തേഞ്ഞവയെങ്കില് 10,000 രൂപയുടെ കിഴിവ് ആവശ്യപ്പെടാം. വിലയുടെ കാര്യത്തില്‍ തീരുമാനമായാല്‍ അഡ്വാന്‍സ് നല്‍കി കച്ചവടം ഉറപ്പിക്കുക. തുക കഴിവതും ഡിഡി ആയി നല്‍കുക.

0 comments:

Post a Comment