To listen you must install Flash Player.

Monday, 15 July 2013

ഡ്രൈവിങ് സുരക്ഷിതമാക്കാം


ഡ്രൈവിങ് സുരക്ഷിതമാക്കാം


ഓരോരുത്തരും ഡ്രൈവിങ്ങില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തിയാല്‍ മാത്രം റോഡ് അപകടങ്ങളുടെ മുക്കാല്‍പങ്കും ഒഴിവാക്കാനാകും. അതിനു സഹായകമായ ചില വിവരങ്ങളിതാ


വണ്ടിയ്ക്കു വേണ്ട യോഗ്യത


കുറ‍ഞ്ഞപക്ഷം വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ലൈറ്റുകള്‍, ടയറുകള്‍, ബ്രേക്ക് എന്നിവ നല്ല അവസ്ഥയില്‍ സൂക്ഷിക്കുക.


അധികം അടുക്കേണ്ട


പല വാഹനങ്ങളുടെയും, പ്രത്യേകിച്ച് ലോറി, സര്‍ക്കാര്‍ ബസുകള്‍ എന്നിവയുടെ ബ്രേക്ക് ലൈറ്റ് പ്രവര്‍ത്തിക്കുന്നതായിരിക്കണെമന്നില്ല.അതുകൊണ്ടുതന്നെ മുന്നിലുള്ള വാഹനത്തെ തൊട്ടു തൊട്ടില്ല എന്നരീതിയിലുള്ള ഡ്രൈവിങ് അപകടകരമാണ്.

സഡന്‍ ബ്രേക്ക് ഒഴിവാക്കാന്‍ മുന്നിലുള്ള വാഹനവുമായി രണ്ടുവണ്ടിയുടെ നീളത്തിനു തുല്യമായ അകലം (നഗരപാതയില്‍ ഇതു ബാധകമല്ല)എങ്കിലും പാലിക്കുക. വേഗം കുറയ്ക്കേണ്ട സാഹചര്യം മുന്നില്‍ കണ്ട് ബ്രേക്ക് ചെറുതായി പ്രയോഗിച്ച് പിന്നാലെയുള്ളവര്‍ക്ക് സൂചന നല്കുന്നത് നന്ന്.


ഓവര്‍ ടേക്ക് ചെയ്യുമ്പോള്‍


വളവ്, കയറ്റം, പാലം എന്നിവിടങ്ങളില്‍ ഓവര്‍ടേക്ക് ഒഴിവാക്കുക.ബസ്, ചരക്ക് വാഹനങ്ങള്‍ എന്നിവയുടെ ഡ്രൈവര്‍മാരുടെ റോഡ് കാഴ്ചയ്ക്ക് പരിമിതിയുണ്ട്. വാഹനത്തിന്റെ രൂപഘടന തന്നെ കാരണം. ഇത്തരം വാഹനങ്ങളുടെ പിന്നില്‍നിന്നു നോക്കുമ്പോള്‍ അതിന്റെ വശങ്ങളിലുള്ള മിററുകളില്‍ ഡ്രൈവറുടെ മുഖം കാണാനാവുന്നില്ലെങ്കില്‍ ആ ഡ്രൈവര്‍ നിങ്ങളെയും കാണുന്നില്ലെന്നു ഓര്‍ക്കുക. അതിനാ‍ല്‍, ഹോണ്‍ മുഴക്കി സൂചന നല്‍കിയ ശേഷം വേണം വലിയ വാഹനങ്ങളെ മറികടക്കാന്‍.

സ്റ്റോപ്പില്‍ നിര്‍ത്തിയിരിക്കുന്ന ബസ് മുന്നോട്ടെടുക്കുമ്പോള്‍ ആവശ്യമില്ലെങ്കില്‍ കൂടി വലത്തേക്ക് ഒന്ന് വെട്ടിച്ചശേഷം മുന്നോട്ടെടുക്കുന്ന സ്വഭാവം പല ഡ്രൈവര്‍മാര്‍ക്കുമുണ്ട്. അങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചുവേണം ബസ് സ്റ്റോപ്പിനു സമീപം ഓവര്‍ടേക്ക് ചെയ്യാന്‍.

വെള്ളമടിച്ച് വണ്ടി ഓടിക്കരുത്


സാഹചര്യങ്ങളോട് പെട്ടെന്നു പ്രതികരിക്കാനുള്ള ശേഷി, വ്യക്തമായ കാഴ്ച, ട്രാഫിക് ലൈറ്റിന്റെ നിറം തിരിച്ചറിയാനുള്ള കഴിവ് എന്നിവയെ മദ്യലഹരി ദോഷകരമായി ബാധിക്കും. മദ്യപിച്ചുള്ള ഡ്രൈവിങ് നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെയും വിലപ്പെട്ട ജീവന്‍ അപകടത്തിലാക്കുമെന്ന് ഓര്‍മിക്കുക.


ഡിം അടിക്കൂ പ്ളീസ്


എതിരെ നിന്നു വാഹനം 200 മീറ്റര്‍ ദൂരത്തിനുള്ളില്‍ വരുമ്പോളും തൊട്ടുമുന്നില്‍ വാഹനം ഉള്ളപ്പോഴും ഹെഡ് ലൈറ്റ് ഡിം ചെയ്യുക.


രാത്രി കാലങ്ങളിലെ അപകടങ്ങളുടെ പ്രധാന കാരണം ഉറക്കം തൂങ്ങിയുള്ള ഡ്രൈവിങ്ങാണ്. സെക്കന്‍ഡു നേരത്തേക്ക് കണ്ണൊന്നട‍ഞ്ഞാല്‍പോലും വലിയ അപകടങ്ങളിലേക്ക് അതു നയിക്കും. ക്ഷീണം അനുഭവപ്പെട്ടാല്‍ വാഹനം സുരക്ഷിതമായി ഒതുക്കിയിട്ട് ആവശ്യത്തിനു വിശ്രമിക്കുക.


അമിതവേഗത പാടില്ല


നമ്മുടെ റോഡുകളില്‍ കാറുകള്‍ക്കുള്ള നിയമപരമായ വേഗപരിധി മണിക്കൂറില്‍ 70 കിമീ ആണെന്ന് ഓര്‍മിച്ചു വേണം ഡ്രൈവ് ചെയ്യാന്‍.. നഗരങ്ങളിലും കവലകളിലും ആളുകള്‍ ആശ്രദ്ധമായി റോഡിനു കുറുകെ ചാടാം. അതുകൊണ്ടുതന്നെ ഇത്തരം ഭാഗങ്ങളില്‍ ജാഗ്രത പുലര്‍ത്തി സാവധാനം നീങ്ങുക.

വളവുകളില്‍ കാല്‍നടക്കാരോ സൈക്കിള്‍ യാത്രക്കാരോ നിര്‍ത്തിയിട്ട വാഹനമോ ഉണ്ടായേക്കാമെന്ന ധാരണ പുലര്‍ത്തി വേഗം കുറച്ച് വളവ് വീശുക.

ഓട്ടോ റിക്ഷ മുന്നിലുള്ളപ്പോള്‍ പ്രത്യേകം ശ്രദ്ധ വേണം.ആരെങ്കിലും കൈകാണിച്ചാല്‍ മറ്റൊന്നും ശ്രദ്ധിക്കാതെ അവര്‍ വണ്ടി നിര്‍ത്തുകയോ വട്ടം തിരിക്കുകയോ ചെയ്തേക്കാം.


ഉദ്ദേശ്യം വ്യക്തമാക്കുക


എങ്ങോട്ടെങ്കിലും തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ടോ കൈ കൊണ്ടോ സൂചന നല്‍കാത്തതും മൂലം സംഭവിക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. തിരിയേണ്ട സ്ഥലത്തിനു 30 മീറ്റര്‍ മുന്‍പ് എങ്കിലും ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് പിന്നില്‍ വരുന്നവര്‍ക്ക് സൂചന നല്‍കുക. ഉപയോഗശേഷം ഇന്‍ഡിക്കേറ്റര്‍ നിര്‍ത്താനും ശ്രദ്ധിക്കുക.ബഹുനിരപാതയില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരമാറാതിരിക്കുക. ഏതെങ്കിലും വശത്തേക്ക് മാറും മുമ്പ് മിററുകളില്‍ നോക്കി തൊട്ടുപിന്നില്‍ വാഹനമില്ലെന്ന് ഉറപ്പാക്കണം. ഒപ്പം ഇന്‍ഡിക്കേറ്റര്‍ ഇട്ട് നിങ്ങളുടെ ഉദ്ദേശ്യവും വ്യക്തമാക്കുക.

ഇടവഴിയില്‍ നിന്നു വരുമ്പോള്‍ പ്രധാനപാതയിലെ വാഹനങ്ങള്‍ക്കു പരിഗണന കൊടുക്കുക. ഉള്ളിലെയും പുറത്തെയും റിയര്‍ വ്യൂ മിററുകള്‍ ശ്രദ്ധിച്ച് സാവധാനം മാത്രം റോഡിലേക്ക് പ്രവേശിക്കുക.


മൊബൈല്‍ വിളി കൊലവിളി

 


ഡ്രൈവിങ്ങിലെ അശ്രദ്ധയ്ക്ക് മുഖ്യ കാരണമാകുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗമാണ്. ഹാന്‍ഡ്സ് ഫ്രീ മൊബൈല്‍ ഉപയോഗം താരതമ്യേന സുരക്ഷിതമെങ്കിലും വികാരപരമായ സംസാരങ്ങള്‍ വണ്ടി ഓടിയ്ക്കുന്നതിലുള്ള ശ്രദ്ധ മാറ്റും. വാഹനം സുരക്ഷിതമായി റോഡരികില്‍ നിര്‍ത്തിയ ശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശീലമാക്കുക.

0 comments:

Post a Comment