To listen you must install Flash Player.

Sunday, 21 July 2013


എന്താണ് കൊളസ്ട്രോള്‍


കൊളസ്ട്രോള്‍ അപകടകാരിയോ?

    ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദമാണ് കൊളസ്ട്രോള്‍. മലയാളിയെ ഉറക്കം കെടുത്തുന്ന ഒന്നാണ് കൊളസ്ട്രോള്‍ എന്നു പറഞ്ഞാല്‍ പോലും തെറ്റില്ല. കൊളസ്ട്രോളിനെ ഇത്രമേല്‍ ഭയപ്പെടേണ്ടതുണ്ടോ? നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ് കൊളസ്ട്രോള്‍. മറ്റെല്ലാ വസ്തുക്കളെയും പോലെ അധികമാകുമ്പോള്‍ മാത്രമാണ് ഇവനും വില്ലനാകുന്നത്.

എന്താണ് കൊളസ്ട്രോള്‍?

മനുഷ്യ കോശങ്ങളിലും രക്തത്തിലും കണ്ടു വരുന്ന ഒരു കൊഴുത്ത പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. ഭക്ഷണത്തിലൂടെയും കരളിലെ ഉത്പാദനത്തിലൂടെയുമാണ് ശരീരത്തില്‍ കൊളസ്ട്രോള്‍ ഉണ്ടാകുന്നത്. കൊളസ്ട്രോള്‍ തന്മാത്രകളെ മൂന്നായി തിരിച്ചിരിക്കുന്നു.
1.സാന്ദ്രത കുറഞ്ഞ ലിപോ പ്രോട്ടീന്‍ കൊളസ്ട്രോള്‍ (എല്‍.ഡി.എല്‍)

2. സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്‍ കൊളസ്ട്രോള്‍. (എച്ച്.ഡി.എല്‍)

3.സാന്ദ്രത തീരെ കുറഞ്ഞ ലിപോപ്രോട്ടീന്‍ കൊളസ്ട്രോള്‍ (വി.എല്‍.ഡി.എല്‍)
കൊളസ്ട്രോള്‍ എന്ന ബന്ധു.

ഹൃദ്രോഗങ്ങളില്‍ നിന്നും ഹൃദയത്തെ സംരക്ഷിക്കാനും രക്തക്കുഴലുകളില്‍ അടിഞ്ഞു കിടക്കുന്ന ചീത്ത കൊളസ്ട്രോളിനെ അലിയിച്ചു കളയാനും സാന്ദ്രത കൂടിയ എച്ച്.ഡി.എല്ലിനു കഴിയും. ഇത് നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന കോശങ്ങളിലെ വൈദ്യുതിവാഹകപ്രക്രിയക്ക്  ചുക്കാന്‍ പിടിക്കുന്നു. വിറ്റാമിന്‍ എ,ഡി,ഇ,കെ തുടങ്ങിയവയുടെ ആഗിരണത്തെ സജീവമാക്കുന്നു. വിവിധയിനം സ്റ്റിറോയിഡ് ഹോര്‍മോണുകളുടേയും ലൈംഗിക ഹോര്‍മോണുകളുടേയും ഉത്പാദനം കൊളസ്ട്രോളില്‍ നിന്നാണ്.

കൊളസ്ട്രോള്‍ വില്ലനാകുന്നത് എങ്ങനെ?

രക്തത്തിലെ കൊളസ്ട്രോളിന്റെ എഴുപതു ശതമാനവും സാന്ദ്രത കുറഞ്ഞ ലിപോ പ്രോട്ടീന്‍ (എല്‍.ഡി.എല്‍) ആണ്. ഓക്സീകരണം സംഭവിച്ച എല്‍.ഡി.എല്‍ അത്യപകടകാരിയാണ്. ഇത് ധമനികളുടെ ഉള്‍പ്പാളികളില്‍ പറ്റിപ്പിടിച്ച് പുറ്റായി വളര്‍ന്ന് ധമനികളുടെ വ്യാസം കുറച്ച് രക്തപ്രവാഹത്തിന് തടസമുണ്ടാക്കുന്നു. അതിരോസ്ക്ളിറോസിസ് എന്നാണിത് അറിയപ്പെടുന്നത്. ഹൃദയധമനികള്‍ അടഞ്ഞുപോകല്‍, പിന്നെ നെഞ്ചുവേദനയും ഹാര്‍ട്ട് അറ്റാക്കും ആണ് അനന്തരഫലം. അതുകൊണ്ടുതന്നെ എല്‍.ഡി.എല്ലിനെ ചീത്ത കൊളസ്ട്രോള്‍ എന്നു വിളിക്കുന്നു.

കുടവയര്‍ ബാഹ്യസൂചന

യാതൊരു ലക്ഷണങ്ങളുമില്ലാതെ നിശ്ശബ്ദമായി, അനേകവര്‍ഷങ്ങള്‍ എടുത്താണ് അതിരോസ്ക്ളിറോസിസ് ആക്രമിക്കുന്നത്. ഇത് കൌമാരത്തില്‍ത്തന്നെ ആരംഭിക്കുന്നു. അദ്ധ്വാനം കൂടിയ ജോലികള്‍ ചെയ്യുമ്പോഴോ വേഗത്തില്‍ നടക്കുമ്പോഴോ വിമ്മിഷ്ടം അനുഭവപ്പെടുന്നത് കൊഴുപ്പടിയുന്നതിന്റെ ലക്ഷണമാണ്. അന്‍ജൈന എന്നാണ് ഇത് അറിയപ്പെടുന്നത്. കൊഴുപ്പടിയുന്നതിന്റെ ബാഹ്യസൂചനതന്നെയാണ് കുടവയര്‍.

കൊളസ്ട്രോള്‍ നില അറിയുക.

20 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും കൊളസ്ട്രോള്‍ നില പരിശോധിച്ചറിയണം. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഇത് വേണം. പ്രമേഹം, ബി.പി തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഇടയ്ക്കിടെ പരിശോധിക്കണം. വിവധതരം കൊളസ്ട്രോളിലെ നില പരിശോധിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് ലിപിഡ് പ്രൊഫൈല്‍ അറിയുകയാണ്
.
ചികിത്സിക്കാം, മരുന്നില്ലാതെതന്നെ
.

മുന്നുവേണ്ട, മനസ്സുവെച്ചാല്‍ മതി മൂന്നു മാസം കൊണ്ട് കൊളസ്ട്രോള്‍ നിയന്ത്രിക്കാം. ഭക്ഷണനിയന്ത്രണം,വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ് ഇതാണ് ശരിയായ മാര്‍ഗ്ഗം. ഒപ്പം പുകവലിയും മദ്യപാനവും ഒഴിവാക്കുകയും വേണം.
ഭക്ഷണക്രമം:

* നാരുകൂടിയ ഭക്ഷണം കഴിക്കുക.

* പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക.

* ഇറച്ചി കഴിയുന്നതും ഒഴിവാക്കുക.

*മീന്‍ പൊരിച്ചതിനു പകരം കറിവെച്ച് കഴിക്കുക.

*മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം.

*പൂരിതകൊഴുപ്പുകള്‍ അടങ്ങിയ എണ്ണ ഉപയോഗിക്കരുത്.

വ്യായാമം:

ദിവസവും 45 മിനിട്ടുവീതം സ്ഥിരമായി നടക്കുന്നത് അമിതകൊഴുപ്പ് അടിയുന്നത് തടയും. നീന്തല്‍, സൈക്ളിങ് പോലുള്ളവയും നല്ലതാണ്. എങ്കിലും ഡോക്ടറുടെ ഉപദേശപ്രകാരമേ വ്യായാമം തുടങ്ങാവൂ.


GOOD & BAD CHOLESTEROL


കൊളസ്ട്രോള്‍ നല്ലതും ചീത്തയും

    എല്ലാ നാണയങ്ങള്‍ക്കും രണ്ടു പുറങ്ങളുണ്ടല്ലൊ. അതുപോലെ തന്നെ വില്ലനെന്ന് പൊതുവെ അറിയപ്പെടുന്ന കൊളസ്ട്രോളിനും രണ്ടു സ്വഭാവമുണ്ട്. നല്ലതും ചീത്തയും. ഹൃദയം ധമനികളെ സംരക്ഷിക്കുന്ന ദൌത്യം നല്ല കൊളസ്ട്രോളിനാണ്. ഹൃദയത്തിലേക്കു പോകുന്ന രക്തകുഴലുകളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു തരികളെ അലിയിച്ചു രക്തമൊഴുക്ക് തടസമില്ലാതെ തുടരാന്‍ നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന സാന്ദ്രത കൂടിയ ലിപോ പ്രോട്ടീന്‍ കൊളസ്ട്രോള്‍ (HDL)   സഹായിക്കുന്നു.  ഹൃദയത്തിലേക്ക് പ്രവഹിക്കുന്ന രക്തക്കുഴല്‍ ഭിത്തികളില്‍ അടിയുന്ന കൊഴുപ്പുതരികളെ ഇത് ഒഴുക്കിനൊടൊപ്പം തള്ളിവിട്ട് കരളിലെത്തിക്കുന്നു (Liver). പിന്നീട് ഇത് പിത്ത സഞ്ചിയിലൂടെ (Bile) പുറത്തേക്ക് പോകുന്നു.  തീരെ കട്ടി കുറഞ്ഞ കൊളസ്ട്രോള്‍ തന്മാത്രകള്‍ (LDL) മുഖ്യ ഹൃദയ കുഴലിന്റെ ഭിത്തികളില്‍ രക്തമൊഴുക്കിന് തടസം വരും വിധത്തില്‍ അടിഞ്ഞു കൂടുന്ന കണങ്ങളെ ഒഴിവാക്കുന്നു.  ശരീരത്തില്‍ കട്ടി കൂടിയ കൊളസ്ട്രോളിന്റെ (HDL) തോത് അനുസരിച്ചാണ് ഹൃദയാഘാതമടക്കം വരാന്‍ സാധ്യതകളുള്ളത്.  എച്ച് ഡി എല്‍ കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ കൂടുകയാണെങ്കില്‍ അപകട സാധ്യതകള്‍ കുറവാകുന്നു.  എന്നാല്‍ എച്ച് ഡി എല്ലിന്റെ സാന്നിദ്ധ്യം കുറഞ്ഞാല്‍ അപകടമാണ്, സൂക്ഷിക്കണമെന്ന് ചുരുക്കം. എച്ച്.ഡി.എല്‍. അളവ് കുറഞ്ഞവരും കൂടിയവരും ഒരേ കുടുംബത്തില്‍ ഉണ്ടാകുന്നത് സാധാരണയാണെങ്കിലും എച്ച് ഡി എല്‍ തോത് കുറഞ്ഞവരുടെ കുടുംബത്തില്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഹൃദയരോഗികളെ കാണാം. ഇത് പാരമ്പര്യമായി തുടരുകയും ചെയ്യും.  എന്നാല്‍, എച്ച് ഡി എല്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യം കൂടുതലുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് ഹൃദയാഘാതവും അനുബന്ധ രോഗങ്ങളും കുറവാണ് കണ്ടുവരുന്നത്.  മാത്രമല്ല, പൊതുവെ ഇവര്‍ ദീര്‍ഘായുസ്സ് ഉള്ളവരുമാകുന്നു
.
    എല്‍.ഡി.എല്‍ കൊളസ്ട്രോളിനെ പോലെ തന്നെ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ വര്‍ദ്ധനക്ക് ജീവിതശൈലി തന്നെയാണ് മുഖ്യ കാരണക്കാരന്‍. പുകവലിക്കുന്നവരിലും ടൈപ്പ് രണ്ട് പ്രമേഹരോഗികളിലും എച്ച് ഡി എല്‍ തോത് തീരെ താണതായിട്ടാണ് കണ്ടുവരുന്നത്.  കാര്യമായ കായിക അദ്ധ്വാനമില്ലാത്തതു മൂലം പൊണ്ണത്തടിയുള്ളവരിലും ഇത് പ്രകടമാണ്. പുകവലിക്കാത്തവരിലും ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തിയിട്ടുള്ളവരിലും എച്ച് ഡി എല്‍ ഉയര്‍ന്ന ശതമാനത്തിലുണ്ടാകുന്നു.  മെലിഞ്ഞവരിലും എച്ച് ഡി എല്‍ കൊളസ്ട്രോള്‍ കൂടുതലായിരിക്കും.  ഈസ്ട്രജന്‍ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഘടകമാണ്.  ഇതുകൊണ്ടു തന്നെയാണ് പൊതുവെ സ്ത്രീകളില്‍ ഉയര്‍ന്നതോതില്‍ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യമുള്ളത്.

    വളരെ താണ തോതില്‍ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ ഉള്ളവരിലും മൊത്തത്തില്‍ ഉയര്‍ന്ന എല്‍ ഡി എല്‍ രക്തത്തിലുള്ളവര്‍ക്കും ഹൃദയരോഗസാധ്യതകള്‍ കൂടുതലാണെന്ന് നേരത്തെ പറഞ്ഞല്ലോ. ഇതുകൊണ്ടു തന്നെയാണ് സംയോജിത തോതില്‍ കൊളസ്ട്രോള്‍ നിലയുണ്ടാകുന്നതാണ് നല്ലതെന്ന് വിദഗ്ധ ചികിത്സകരും ഡയറ്റീഷ്യന്മാരും പറയുന്നത്.  അതായത് വളരെ താണ തോതില്‍ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ ഉള്ളവരുടെ ഹൃദയരക്തക്കുഴലുകളിലെ  ഭിത്തികളില്‍  കൊഴുപ്പിന്റെ തന്മാത്രകള്‍ അടിഞ്ഞുണ്ടാകുന്ന തടസ്സം (Atherosclerosis) മൂലം രക്തമൊഴുക്ക് നിലയ്ക്കുന്നതും അതീവ ഗുരുതരമായ അവസ്ഥയാണ്. മൊത്തം കൊളസ്ട്രോള്‍ തോത് താഴ്ന്നതും അതില്‍ എച്ച് ഡി എല്ലിന്റെ സാന്നിദ്ധ്യം കൂടുകയും ചെയ്യുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

    എന്തായിരിക്കണം എല്‍ ഡി എല്‍, എച്ച് ഡി എല്‍ അനുപാതവും മൊത്തത്തില്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യവും? മൊത്തം കൊളസ്ട്രോള്‍ ഘടനയില്‍ എച്ച് ഡി എല്‍ അനുപാതമാണ് രക്തധമനികളുടെ ഭിത്തികളില്‍, കൊഴുപ്പ് അടിയുന്നതും രക്തകുഴല്‍ ദ്വാരവട്ടം കുറയുന്നതുമൂലം രക്തചംക്രമണ തടസ്സവും അനുമാനിക്കാന്‍ ആധാരമാക്കുന്നത്. അനുപാതം കണക്കാക്കുന്നത് മൊത്തം കൊളസ്ട്രോളില്‍നിന്ന് എച്ച് ഡി എല്‍ കൊളസ്ട്രോള്‍ ഹരിച്ചെടുത്താണ്. അനുപാതം കൂടുംതോറും ഹൃദയാഘാത സാധ്യതകളും വര്‍ദ്ധിക്കുന്നു. എന്നാല്‍, അനുപാതം താഴ്ന്നതാകുമ്പോള്‍ അപകടസാധ്യതകളും കുറഞ്ഞിരിക്കും.  മൊത്തത്തിലുള്ള കൊളസ്ട്രോള്‍ ഉയര്‍ന്ന തോതിലും എച്ച് ഡി എല്‍ കൊളസ്ട്രോള്‍ കുറവുമാണ് അനുപാത വര്‍ദ്ധനയുണ്ടാക്കുന്നതെങ്കില്‍ ഇതും അപകടകാരിയായ അവസ്ഥയാണ് സൃഷ്ടിക്കുക. അതേ സമയം ഉയര്‍ന്ന എച്ച് ഡി എല്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യവും അനുപാതം കുറവുമാണെങ്കില്‍ ഈയവസ്ഥ ആരോഗ്യകരവും അപകടരഹിതവുമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. ശരാശരി അനുപാതം 4.5 ആണ്.  എന്നാലിത് 2 അല്ലെങ്കില്‍ 3 (നാലിനേക്കാള്‍ കുറവ്) ആകുന്നതാണ് ഉത്തമ മാതൃക.

    എല്‍. ഡി.എല്‍. കൊളസ്ട്രോള്‍ തോത് കുറയ്ക്കുന്നതിനെപ്പറ്റിയും എച്ച് ഡി എല്‍ കൊളസ്ട്രോളിന്റെ പ്രതിപ്രവര്‍ത്തനവും പഠനവും ഗവേഷണവും നടത്തിയ വൈദ്യാസ്ത്രജ്ഞര്‍ക്ക്, ഹൃദയാഘാതത്തിനും ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴല്‍ ഭിത്തികളില്‍ പറ്റിപ്പിടിക്കുന്ന കൊഴുപ്പു തരികളുടെ പരിണാമത്തിനും ഏറെ സ്വാധീനമുണ്ടെന്നാണ് അഭിപ്രായം. എച്ച് ഡി. എല്‍ കൊളസ്ട്രോളിന്റെ നേരിയ വര്‍ദ്ധനപോലും ഹാര്‍ട്ട് അറ്റാക്കിന്റെ ഇടവേളകള്‍ കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ഓരോ 1 മില്ലിഗ്രാം/ഡി എല്ലിന്റെ വര്‍ദ്ധനയും ഹൃദയപേശികളെ ബാധിക്കുന്ന മാരകരോഗങ്ങളെ രണ്ടു മുതല്‍ നാല് ശതമാനം വരെ അകറ്റി നിര്‍ത്തുന്നു.  എച്ച് ഡി എല്‍ കൊളസ്ട്രോള്‍ അളവ് 40 മില്ലിഗ്രാം/ഡി എല്‍ താഴെ അഭികാമ്യമായതല്ല.  ഇത് കൂടുതലാക്കാന്‍ വേണ്ടത് ചെയ്യേണ്ടതാണ്.

എങ്ങിനെ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ കൂടുതലാക്കാം?

    പ്രധാനമായും എച്ച് ഡി എല്‍ കൊളസ്ട്രോള്‍ തോത് കൂടുതലാക്കാനായി ആദ്യം ചെയ്യേണ്ടത് ജീവിതശൈലി തന്നെ മാറുകയാണ്.  ചികിത്സയുടെ ഒരു പ്രധാന ഭാഗമാണ് ഇതെന്ന് ഓര്‍ക്കണം.  ജീവിത രീതിയിലെ മാറ്റം, കൊളസ്ട്രോള്‍ നിയന്ത്രണാധിഷ്ഠിതമായ വ്യതിയാനങ്ങള്‍ വരുത്തിയ ശേഷവും പുരോഗതിയില്ലെങ്കില്‍ മാത്രമേ മരുന്നുകള്‍ക്ക് പിന്നാലെ പോകേണ്ടതുള്ളൂ. കൊളസ്ട്രോള്‍ നിയന്ത്രണത്തിനായി ജീവിതശൈലി തന്നെ മാറ്റിയെടുത്താല്‍ രണ്ടുമൂന്നും മാസങ്ങള്‍ക്കകം വ്യത്യാസം കാണാനാകും - കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാകുകയും ചെയ്യും.

    കൊളസ്ട്രോളിന്റെ മരുന്നെഴുതുമ്പോള്‍ ഡോക്ടര്‍മാര്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ചാണ് ഓരോ മരുന്നും കുറിച്ചു നല്‍കുന്നത്.  മരുന്നുകളുടെ പാര്‍ശ്വഫലങ്ങളാണ് ഏറ്റവും കൂടുതലായി പരിഗണിക്കുന്നത്.  അമിത കൊളസ്ട്രോള്‍ മൂലം ഉണ്ടായ മാറ്റങ്ങള്‍, അസാധാരണ വ്യതിയാനങ്ങള്‍, ദിനം പ്രതിയുള്ള പ്രവര്‍ത്തനക്ഷമത കുറവ് ഇതെല്ലാം മനസിലാക്കിയതിന് ശേഷമായിരിക്കും മരുന്നുകള്‍ നിര്‍ദ്ദേശിക്കുക.  ഒപ്പം വ്യായാമം ചികിത്സയുടെ അവിഭാജ്യ ഘടകമാകുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഇതു സഹായിക്കുക മാത്രമല്ല ശരീരത്തില്‍ സ്വീകരിക്കപ്പെടുന്ന അമിത ഊര്‍ജ്ജവും/കലോറികളും കത്തിച്ചുകളയാന്‍/അലിയിച്ചു കളയാന്‍ കായികാഭ്യാസങ്ങള്‍ക്ക് കഴിയുന്നു.

  പുകവലി നിര്‍ത്തുകയാണെങ്കില്‍ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ നില ഉയരുന്നതിനാല്‍ ഹൃദയാഘാത സാധ്യതകള്‍ ദീര്‍ഘിപ്പിക്കുന്നതായും നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.  നിത്യേനയുള്ള മിത മദ്യപാനം (ഒരു പെഗ് ഒരു ദിവസം എന്ന തോതില്‍) എച്ച് ഡി എല്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യം കൂട്ടാനുതകുന്നു.  അമിത മദ്യപാനം നിരവധി വിപരീതഫലങ്ങള്‍ക്ക് കാരണമാകുമെന്നിരിയ്ക്കെ എച്ച് ഡി എല്‍ കൊളസ്ട്രോളിന്റെ തോതു കുറഞ്ഞാല്‍ അത് കൂടുതലാക്കാനായി മദ്യസേവ, നിലവാരമുള്ള ചികിത്സയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.  

മദ്യപാനംമൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ രോഗിയെ മാത്രമല്ല കുടുംബത്തേയും സമൂഹത്തേയും ബാധിക്കാനിടയുള്ളതുകൊണ്ടാണിത്.   ദിനംപ്രതിയെന്നോണം പുതിയ ഔഷധങ്ങള്‍ എല്ലാ വൈദ്യവിഭാഗങ്ങളില്‍നിന്നും വിപണിയിലെത്തുന്നുണ്ട്.  ഇവയെല്ലാം ശരീരത്തിലെ എച്ച് ഡി എല്‍ ലെവല്‍ ഉയര്‍ത്തി സെറം ട്രിഗ്ളിസെറൈഡ്സ് (Serum Triglycerides) കുറയ്ക്കാനായിട്ടാണ് ഉപയോഗപ്പെടുത്തുന്നത്.എച്ച് ഡി എല്‍ കൊളസ്ട്രോള്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാനായി നിക്കോട്ടിനിക് ആസിഡ് (Nicotinic Acid), ജെംഫിബ്രോസില്‍ (Gemfibrozil), ഈസ്ട്രജന്‍ എന്നിവ അടങ്ങിയ മരുന്നുകളാണ് ഡോക്ടര്‍മാര്‍ 





GOOD & BAD CHOLESTEROL



ട്രിഗ്ളിസെറൈഡ്

    കൊഴുപ്പുള്ള മൂന്ന് അമ്ളങ്ങള്‍ ചേര്‍ന്നുള്ള പദാര്‍ത്ഥമാണ് ട്രിഗ്ളിസെറൈഡ്സ്. കൊളസ്ട്രോളിനെപ്പോലെ ട്രിഗ്ളിസെറൈഡ്സ് ഉണ്ടാകുന്നത് ഭക്ഷണത്തില്‍നിന്നാണ്. അതുമല്ലെങ്കില്‍ കരളിന്റെ പ്രവര്‍ത്തനത്തില്‍നിന്നും ഇത് ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്.  കൊളസ്ട്രോളിന്റെ ഏകദേശം എല്ലാ സ്വഭാവങ്ങളും ഈ പദാര്‍ത്ഥത്തിനുണ്ട്. രക്തത്തില്‍ ഇത് അലിഞ്ഞു ചേര്‍ന്ന് രക്തചംക്രമണത്തോട് ലയിയ്ക്കണമെങ്കില്‍ ലിപോ പ്രോട്ടീനിന്റെ സങ്കലനം കൂടിയേ തീരു. രക്തത്തില്‍ നിന്നും ട്രിഗ്ളിസെറൈഡ്സിനെ കരള്‍ നീക്കം ചെയ്യുന്നു.  ഇത് പിന്നീട് സമന്വയിച്ച് വി എല്‍ ഡി എല്‍ (Very Low Density Lipoprotien) അംശങ്ങളായി തിരിച്ചു രക്തത്തില്‍ കലര്‍ന്ന് ഒഴുകുന്നു.

    ട്രിഗ്ളിസെറൈഡ്സ് രക്തത്തില്‍ കൂടുതലായാല്‍ ഹൃദയാഘാതമോ/ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞുണ്ടാകുന്ന പ്രതിസന്ധികള്‍ക്കോ ഉള്ള സാധ്യതകളെപ്പറ്റി ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്രര്‍ക്കിടയില്‍ വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്,  എന്നാല്‍, അസാധാരണമാം വിധത്തില്‍ ട്രിഗ്ളിസെറൈഡിന്റെ സാന്നിദ്ധ്യം ഹൃദയത്തിലേക്കുള്ള രക്തവാഹിനികളില്‍ തടസ്സം വരത്തക്ക കൊഴുപ്പു തന്‍മാത്രകള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുകയും രക്തമൊഴുക്ക് തടസ്സപ്പെടുത്തി ഹൃദയസ്തംഭനം ഉണ്ടാകാനും ഇടയുണ്ട്.  എന്നാല്‍, അമിത ട്രിഗ്ളിസെറൈഡ്സിന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം ഈയ്യവസ്ഥ ഉണ്ടാകുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.  ട്രിഗ്ളിസെറൈഡ്സിന്റെ സാന്നിദ്ധ്യത്തോടൊപ്പം മറ്റു പല ഘടകങ്ങളും ചേര്‍ന്നാലാണ് അപകടകരമായ അവസ്ഥയുണ്ടാകുന്നത്.  പൊണ്ണത്തടി, എച്ച് ഡി എല്‍ കൊളസ്ട്രോളിന്റെ തോതില്‍ കുറവ്, ഇന്‍സുലിന്‍ പ്രതിരോധത്തിന്റെ ദുര്‍ബലത, പ്രമേഹ നിയന്ത്രണത്തിലെ അപാകതകള്‍, എല്‍ ഡി എല്‍ കൊളസ്ട്രോളിന്റെ കൂടി സാന്ദ്രത, കൊളസ്ട്രോള്‍ ചെറു തന്മാത്രകളുടെ സാന്നിദ്ധ്യം എന്നിവയൊക്കെ  രക്തക്കുഴലുകളില്‍ ചംക്രമണ തടസ്സം സൃഷ്ട്രിക്കുന്ന അവസ്ഥയ്ക്കു കാരണമാക്കുന്നു.

ലിപ്പോ പ്രോട്ടീന്‍

    മനുഷ്യശരീരത്തില്‍ അടങ്ങിയിട്ടുള്ള അപൂരിത പദാര്‍ത്ഥമാണ് ലിപോ പ്രോട്ടീന്‍. ഇത് രക്തത്തില്‍ കൊളസ്ട്രോളിനൊപ്പം കൂട്ടുകൂടുന്നു. ട്രിഗ്ളിസെറൈഡ്സിനെപോലെയും കൊളസ്ട്രോളിനെപോലെയും ഇത് രക്തത്തിലെ ജലാംശത്തോടൊപ്പം (Plasma) ഒഴുകിക്കൊണ്ടിരിക്കുന്നു.  ലിപിഡുകളെ രക്തചംക്രമണത്തില്‍ ചേര്‍ക്കാനായി, ഇവയെ പ്രോട്ടീനുകളുമായി ചേര്‍ത്ത് രക്ത ജലാംശത്തില്‍ അലിയിച്ചു ചേര്‍ക്കേണ്ടതുണ്ട്.  ഇതിനായിട്ടുള്ള പ്രോട്ടീനുകളെ അപോലിപോ പ്രോട്ടീന്‍സ് എന്നാണ് പറയുക. അപോലിപോ പ്രോട്ടീനുകളും ലിപിഡുകളും ചേര്‍ന്നതാണ് ലിപോ പ്രോട്ടീന്‍സ് എന്നറിയപ്പെടുന്ന അപൂരിത മാംസ്യം (മാംസ്യത്തിന്റെ അനേക രൂപങ്ങളില്‍ ഒന്നു മാത്രം). അറിയപ്പെടുന്ന ഈ അപൂരിത മാംസ്യങ്ങളില്‍ ഒന്ന് എല്‍ ഡി എല്ലും മറ്റൊന്ന് എച്ച് ഡി എല്ലുമാണ്.  ആശങ്കാജനകമായൊരു ഘടകം കൂടി, ലിപോ പ്രോട്ടീനില്‍ അടങ്ങിയിരിക്കുന്നത്,

 രക്തകുഴലുകളില്‍ രക്തം കട്ടയാക്കുന്ന 'പ്ളാസ്മിനോജ'ന്റേതിനു തുല്യമായ പദാര്‍ത്ഥം കൂടിയുണ്ടെന്നതാണ്.  പ്ളാസ്മിനോജന്‍ രക്തവാഹിനികളിലെ തടസങ്ങളും കട്ടപിടിക്കലും അലിയിച്ചു കളയുന്ന പദാര്‍ത്ഥമാണ്. ലിപോപ്രോട്ടീന്‍ സാന്നിദ്ധ്യം കൂടുതലുള്ള ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടായാല്‍ ജീവന്‍ രക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.  പ്രതിരോധ കോശങ്ങളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടാന്‍ സഹായകരമാകുക വഴി രക്തചംക്രമണക്കുഴലുകള്‍ ഇടുങ്ങിയതാക്കി പ്രവാഹം തടസ്സപ്പെടുത്തി ഹൃദയസ്തംഭന സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.  ലിപിഡ് പ്രോട്ടീന്‍ അളവ് ശരീരത്തില്‍ 30 മില്ലിഗ്രാം/ഡി എല്‍ ആണെങ്കില്‍ നോര്‍മലായിട്ടാണ് കണക്കാക്കുന്നത്.

    ഹൃദ്രോഗം സ്ഥിരീകരിയ്ക്കപ്പെട്ടീട്ടുണ്ടെങ്കില്‍ ലിപിഡ് പ്രോട്ടീന്‍സിന്റെ അളവ് പരിശോധിക്കുന്നതു നല്ലതാണ്. ഹൃദയ രോഗ പാരമ്പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതു തന്നെയാണ്.  രക്തത്തില്‍ നിന്നും ലിപിഡ് പ്രോട്ടീന്റെ അളവ് കുറയ്ക്കാനും നിയന്ത്രിക്കാനുമുള്ള ചികിത്സകളും മരുന്നുകളും ഉണ്ടെങ്കില്‍ ഇതെല്ലാം പരിമിതമായ ഫലങ്ങളെ നല്‍കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.  ലിപോ പ്രോട്ടീന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഇതിന്റെ പ്രതിഫലനങ്ങളെപ്പറ്റിയും ഗവേഷണങ്ങള്‍ ഇപ്പോഴും നടന്നു വരികയാണ്.  ഇനിയും അധികമൊന്നും ഈ പദാര്‍ത്ഥത്തെപ്പറ്റി ശാസ്ത്രലോകത്തിന് കാര്യമായ അറിവ് ലഭിച്ചിട്ടില്ല. ലിപോ പ്രോട്ടീനിന്റെ അളവ് രക്തത്തില്‍ വര്‍ദ്ധിച്ചാല്‍ ഇത് നീക്കം ചെയ്യാനുള്ള ചികിത്സകള്‍ പരിമിതമാണ്. ഇപ്പോള്‍ നിലവിലുള്ള ഫലപ്രദമെന്ന് അവകാശപ്പെടുന്ന ചികിത്സ ലിപോ പ്രോട്ടീനെ രക്തത്തില്‍ നിന്നും അരിച്ചെടുക്കുകയെന്ന പ്രക്രിയയാണ്.  ഇത് വളരെ വ്യാപകമായിട്ടില്ലാത്തതിനാല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്ത്യമാണ്. രക്തത്തില്‍ കലര്‍ന്നിരിക്കുന്ന അപൂരിത പദാര്‍ത്ഥമായ ലിപോ പ്രോട്ടീനെ യന്ത്രസഹായത്താല്‍ അരിച്ചെടുക്കുന്ന സംവിധാനമുള്ള ആശുപത്രികള്‍ കേരളത്തില്‍ കുറവാണ്. ഡയാലിസീസിനു തുല്യമായ പ്രക്രിയയാണ് ഈ യന്ത്രം ചെയ്യുന്നത്.  ലിപോ പ്രോട്ടീന്‍ കുറയ്ക്കാനായിട്ടുള്ള മരുന്നു പ്രയോഗങ്ങളും കുറവാണ്. നിലവിലുള്ള മരന്നുകള്‍ മൂലം ഹൃദയം, വൃക്കകള്‍, കരള്‍ എന്നിവയ്ക്ക് പരോക്ഷമായോ നേരിട്ടോ അപകടമുണ്ടാകുന്ന, പരിക്കേല്‍ക്കുന്ന അവസ്ഥയുണ്ടാകാതിരിക്കാനുള്ള മരുന്നുകളാണ് ഡോക്ടര്‍മാര്‍ നല്‍കി വരുന്നത്.




മരുന്നും നിയന്ത്രണങ്ങളും



    കൊളസ്ട്രോള്‍ കുറയ്ക്കാനായി ചിട്ടയായൊരു ജീവിത ശൈലിയാണ് മരുന്നുകള്‍ക്കൊപ്പം രോഗിക്ക് ആവശ്യമായിട്ടുള്ളത്.  എല്‍ ഡി എല്‍ കൊളസ്ട്രോള്‍ ജീവിത ശൈലിയിലൂടെ കുറയ്ക്കാനാകുന്നു.  അമിതവണ്ണം കുറയ്ക്കാന്‍ വ്യായാമങ്ങള്‍ ചെയ്യണം. പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞ ഭക്ഷണവും ശീലിക്കേണ്ടതുണ്ട്.  ജീവിതശൈലി മാറ്റത്തിലൂടെ എല്‍ ഡി എല്‍ കൊളസ്ട്രോള്‍ നിയന്ത്രണവിധേയമായില്ലെങ്കില്‍ മരുന്നുകള്‍ ആവശ്യമായി വരുന്നു.  കൊളസ്ട്രോള്‍ കുറയ്ക്കാനായി ഏറ്റവും ഫലപ്രദമായ മരുന്നുകളെ സ്റാറ്റിന്‍സ് എന്നാണ് അറിയപ്പെടുന്നത്. എല്‍ ഡി എല്‍ കുറയ്ക്കാനായി നിക്കോട്ടിക്  ആസിഡ് (Niacin), ജെംഫിബ്രോസില്‍ (Lopid) പോലെയുള്ള ഫൈബ്രേറ്റ്സും കൊളസ്ട്രിറാമി  (choleslyramine)നെപോലെ റെസിഡിന്‍സുകളും മരുന്നായി ഉപയോഗിക്കുന്നുണ്ട്.  ശരീരത്തില്‍ എത്രത്തോളമാണ് കൊളസ്ട്രോളിന്റെ സാധാരണ അളവെന്നൊന്ന് ഇല്ല.  എന്നാല്‍, സാധാരണ ഗതിയില്‍, രക്തത്തിലെ കൊളസ്ട്രോള്‍ അളവ് കുറഞ്ഞിരുന്നാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യതകള്‍ കുറയുമെന്നാണ് അനുമാനം.  പൊതുവെയുള്ള ധാരണ ഇതാണെങ്കിലും ഇതിനു വിപരീതമായിട്ടും സംഭവിക്കാറുണ്ട് ചിലരില്‍.

    കൊളസ്ട്രോളിന്റെ ആധിക്യമുള്ളവര്‍ പരമ പ്രധാനമായി ഓര്‍ത്തിരിക്കേണ്ടത് വ്യായാമമാണ്.  ഇത് നിയന്ത്രിക്കാനുള്ള അല്ലെങ്കില്‍ കുറയ്ക്കാനുള്ള ഒറ്റമൂലി തന്നെയാണ് ഇത്.  ദിവസവും 30 മുതല്‍ 45 മിനിറ്റുവരെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പലവിധത്തിലുള്ള ഗുണങ്ങള്‍ ആരോഗ്യപരമായി ലഭ്യമാകുന്നു.  കൊളസ്ട്രോള്‍ നിയന്ത്രണവിധേയമാകുക മാത്രമല്ല ഇതുകൊണ്ട് ശരീരത്തിനുള്ള ഗുണഗണങ്ങള്‍ നിരവധിയുണ്ട്.  രക്തചംക്രമണം കൂടുക വഴി ശരീരപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാകുന്നു.  മാത്രമോ, രക്തസമര്‍ദ്ദം കുറയുന്നു.  പ്രമേഹമുള്ളവര്‍ക്കാണെങ്കില്‍ ആശ്വാസമുണ്ടാകും. പക്ഷാഘാതമോ തളര്‍ച്ചകളോ ബാധിക്കാനുള്ള സാധ്യതകള്‍ കുറയുന്നു.  ഹൃദയാഘാതമുണ്ടാകാനുള്ള അവസരത്തിന് തടയിടുകയും ചെയ്യുന്നു. ഇതുകൊണ്ടാണ്  കൊളസ്ട്രോളിന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, വ്യായാമം ചെയ്യണമെന്ന് തുടരെതുടരെ ഓര്‍മ്മപ്പെടുത്തുന്നത്.  വ്യായാമം ഫലപ്രദമാകാതെ വരുമ്പോള്‍ മാത്രമേ കടുത്ത മരുന്നു പ്രയോഗത്തിന് ഡോക്ടര്‍മാര്‍ മുതിരുകയുള്ളു.  കൊളസ്ട്രോള്‍ ബാധിതര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

  • അതീവ അപകടസ്ഥിതി കൈവന്നിരിക്കുന്ന കൊളസ്ട്രോള്‍ ബാധിതര്‍ ചികിത്സകൊണ്ടും വ്യായാമങ്ങള്‍ മൂലവും അളവ് 100 മില്ലിഗ്രാം/ഡി എല്‍ നിരക്കിലാക്കാന്‍ ശ്രമിക്കണം.  എന്നാല്‍, ഇത്തരക്കാരുടെ കൊളസ്ട്രോള്‍ 70 മില്ലിഗ്രാം/ഡി എല്‍ ആക്കാനായി സ്റാറ്റിന്‍സുകള്‍ ഉപയോഗപ്പെടുത്താമെന്നും നിര്‍ദ്ദേശിക്കുന്നു.  അതീവ അപകടകരമായ നിലയില്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യമുണ്ടെങ്കില്‍ ഹൃദയാഘാത സാധ്യതകള്‍ വളരെ ഉയര്‍ന്നതായിരിക്കും. ഇതൊഴിവാക്കാനുള്ള തീവ്രശ്രമമാണ് ആവശ്യമായിട്ടുള്ളത്.


  • ജീവിത ശൈലിയില്‍ സമൂല മാറ്റമുണ്ടാകുക. ഗുരുതരാവസ്ഥകള്‍ ഒഴിവാക്കാന്‍ ഇതു സഹായകരമാണ്.  പൊണ്ണത്തടി, മേലനങ്ങായ്മ, അഥവാ കായികാദ്ധ്വാനക്കുറവ്, എച്ച് ഡി എല്‍ കൊളസ്ട്രോളിന്റെ കുറഞ്ഞ അളവ്, രക്തത്തില്‍ ട്രിഗ്ളിസെറൈഡ്സിന്റെ വര്‍ദ്ധന, മെറ്റാബൊളിക് സിന്‍ഡ്രം തുടങ്ങിയവ അതീവ ഗുരുതരാവസ്ഥയിലാണെന്നതിന്റെ ലക്ഷണങ്ങളും പ്രകടമായ തെളിവുകളുമാണ്.  ഇതുകൊണ്ടുതന്നെ മസ്തിഷ്ക്ക/ഹൃദയാഘാത സാധ്യതകള്‍ മറ്റുള്ളവരേക്കാള്‍ പതിന്മടങ്ങാണ്.


  • അതീവ ഗുരുതര നിലയില്‍ അകപ്പെട്ട കൊളസ്ട്രോള്‍ ബാധിതര്‍ക്ക് എല്‍ ഡി എല്‍ കുറയ്ക്കാന്‍, മരുന്നുകള്‍ നല്‍കുമ്പോള്‍ വളരെ ഫലപ്രദമായി 30 മുതല്‍ 40 ശതമാനം വരെ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാകണം.  
  • അതീവ അപകടകരമായ അവസ്ഥയിലുള്ള കൊളസ്ട്രോള്‍ ബാധിതര്‍ക്കായി ഡോക്ടര്‍മാര്‍ നിക്കോട്ടിനിക്ക് ആസിഡിന്റേയും സ്റാറ്റിന്‍ ഉള്‍പ്പെട്ട ഫൈബ്രേറ്റ് സമ്മിശ്ര മരുന്നുകളോ ആണ് സാധാരണ നിലക്ക് നിര്‍ദ്ദേശിക്കാറ്. എച്ച് ഡി എല്‍ കൊളസ്ട്രോള്‍ അളവ് കൂട്ടാനും  ട്രിഗ്ളിസെറൈസ്ഡ് കുറയ്ക്കാനും നിക്കോട്ടിക് ആസിഡും ഫൈബ്രോറ്റ്സും അടങ്ങിയ മരുന്നുകളാണ് സ്റാറ്റിനേക്കാള്‍ ഫലപ്രദമെന്നാണ് അനുഭവം.


  • കൊളസ്ട്രോള്‍ അളവ് കുറയ്ക്കുന്നതില്‍ പ്രായവ്യത്യാസത്തെ പരിഗണിക്കേണ്ടതില്ല. കാരണം, എല്‍ ഡി എല്‍ കൊളസ്ട്രോളിന്റെ തോതില്‍ കുറവുണ്ടായാല്‍ അത് ഏതു പ്രായക്കാര്‍ക്കും നല്ലതു തന്നെയാണ്.  ജീവിതശൈലിയില്‍ മാറ്റം വരുത്തി ആരോഗ്യകരമായ തോതില്‍ കൊഴുപ്പ് ശരീരത്തില്‍ നിലനിര്‍ത്തുന്നതിനായി പ്രായപരിതിയോ, പരിമിതിയോ ഇല്ല.  എപ്പോഴും മുന്‍ക്കരുതലുകള്‍ നല്ലതാണല്ലോ. നെയ്യേറിയതുകൊണ്ട് അപ്പം മോശമാകില്ലെന്ന് പഴമൊഴി ഇവിടെ പ്രസക്തമാകുന്നു.  പ്രായമേറെയായവര്‍ക്ക് അമിത കൊളസ്ട്രോള്‍ കരളിനേയും വൃക്കയേയും ദോഷകരമായി ബാധിക്കാന്‍ ഇടയുള്ളതിനാല്‍ ഇതു തടയുന്നതിനുള്ള മരുന്നുകളും ഒപ്പം നല്‍കേണ്ടതുണ്ട്. സ്റാറ്റിന്‍സുമായി ഒത്തുചേരാത്ത ചില മരുന്നുകള്‍ ചിലപ്പോള്‍ പ്രതികൂലമായ ഫലങ്ങല്‍ക്ക് കാരണമാക്കുന്നു. അത്തരം മരുന്നുകള്‍, പരസ്പരം വിപരീത ഫലമുളവാക്കുന്നത് ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ പരമാവുധി ശ്രമിക്കുന്നു.

0 comments:

Post a Comment