To listen you must install Flash Player.

Monday, 22 July 2013



മഞ്ഞപ്പിത്തം : മനസ്സിലാക്കേണ്ട കാര്യങ്ങള്‍




മഞ്ഞപ്പിത്തം ആര്‍ക്കും വരാം. ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാകും. തുടര്‍ന്ന് മരണം വരെ നിശ്ചയം. ലോകത്തെ അര ശതമാനം പേര്‍ക്ക് വര്‍ഷം തോറും ഈ രോഗം പിടിപെടുന്നു. കാമല, മഞ്ഞനോവ്, ജോണ്ടിസ് എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഈ വ്യാധി ഗര്‍ഭിണികളിലും നവജാതശിശുക്കളിലും വേഗം പടരുന്നു. പലപ്പോഴും കാലാവസ്ഥ മാറി ജീവിക്കുമ്പോഴും, പരിചിതമല്ലാത്ത ആഹാരസാധനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കേണ്ടി വരുമ്പോഴും ഇത് പിടിപെടാരുണ്ട്. ചില പ്രത്യേക സ്ഥലങ്ങളില്‍ രോഗം കൂടുതല്‍ പ്രത്യക്ഷപ്പെട്ടുകാണുന്നു. ആയുര്‍വേദത്തില്‍ പാണ്ഡുജന്യം ശാഖാത്രയം, കോഷ്ഠാശ്രയം എന്നിങ്ങനെ മൂന്നായി അസുഖത്തെ തിരിച്ചിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രവും ഒബ്സ്ട്രാക്ടീവ്, ലിവര്‍സെല്‍, ഹൈറിയോലിറ്റിക് ജോണ്ടിസുകള്‍ എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. രക്തത്തിലുള്ള ബിലിറൂബിന്‍ എന്ന വര്‍ണ്ണകം സാധാരണ അളവില്‍ കവിയുമ്പോഴാണ് മഞ്ഞപ്പിത്തം എന്ന രോഗാവസ്ഥ സംജാതമാകുന്നത്. പിത്തനീരിലുള്ള ചുവന്ന വര്‍ണ്ണകമാണ് ബിലുറൂബിന്‍. ചുവന്ന രക്താണുക്കള്‍ വിഘടിച്ചിട്ടുണ്ടാകുന്ന പദാര്‍ത്ഥങ്ങളിലൊന്നാണത്.
കാരണങ്ങള്‍
മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങളെ മൂന്നായി തരം തിരിക്കാം. പിത്തരസ വാഹികളായ നാളികള്‍ക്കുണ്ടാകുന്ന തടസ്സം നിമിത്തം പിത്തരസം കെട്ടിനിന്ന് രക്തത്തില്‍ വ്യാപിച്ച് മൂത്രം, ത്വക്ക്, കണ്ണ് ഇവയില്‍ മഞ്ഞനിറമുണ്ടാകുന്ന അവസ്ഥയുണ്ട്. ഇതില്‍ മലം വെളുത്തനിറത്തിലോ, മൂത്രം തവിട്ടുനിറത്തിലുള്ളതായോ കാണപ്പെടുന്നു. ആയൂര്‍വ്വേദത്തില്‍ പറയുന്ന ശാഖാശ്രയകാമല അല്ലെങ്കില്‍ ഒബ്സ്ട്രാക്ടീവ് എന്ന് മോഡേണ്‍ മെഡിസിന്‍ വിലയിരുത്തുന്നത് ഇതിനെയാണ്. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ക്ക് അമിതമായി നാശം സംഭവിക്കുന്നതാണ് മറ്റൊരു പ്രശ്നം. മലമ്പനി പോലുള്ള ചില രോഗങ്ങളുടെ അണുക്കള്‍ ശരീരത്തില്‍ നിലനില്‍ക്കുന്നതുകൊണ്ട് അത് സംഭവിക്കാം. ഇതുമൂലം കരളില്‍ പിത്തരസം ധാരാളം ഉണ്ടാവുകയും അതു മുഴുവന്‍ പിത്തരസത്തിലൂടെ പുറംതള്ളാന്‍ കരളിന് കഴിയാതെ വരുകയും ചെയ്യും. അങ്ങനെ പിത്തരസം രക്തത്തില്‍ കെട്ടികിടക്കുന്നു. തുടര്‍ന്ന് പ്ളീഹ വലുതാകുകയും മലം തവിട്ടോ, ഓറഞ്ചുനിറത്തിലോ കാണപ്പെടുകയും ചെയ്യും. ഹൈറിയോലിറ്റിക് ജോണ്ടിസ് ഇതാണ്. പാണ്ഡ്യജന്യകാമല എന്ന ആയൂര്‍വേദത്തിന്റെ വീക്ഷണം ഇതിന് സമാനമാണ്.

ശരീരത്തില്‍ അകപ്പെടുന്ന പലതരത്തിലുള്ള വിഷാംശങ്ങള്‍, വിഷവാതകശ്വസനം, ചില മനോരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, അമിതമദ്യപാനം, കരളിന്റെ പ്രവര്‍ത്തനവൈകല്യം ഇവ മൂലം മഞ്ഞപ്പിത്തമുണ്ടാകാം. ഇത് കരളിനും പ്ളീഹയ്ക്കും വീക്കമുണ്ടാക്കും. അതിയായ പനി, ഛര്‍ദ്ദി, ഓക്കാനം, ശരീരക്ഷീണം, കണ്ണ്, മൂക്ക്, നഖം, തുടങ്ങിയവയ്ക്ക് മഞ്ഞനിറം ഇവയെല്ലാം പ്രകടമായ ലക്ഷണങ്ങളാണ്. ലിവര്‍സെന്‍ ജോണ്ടിസ് (കോശജന്യകാമല)ആണിത്.

രക്തത്തിലെ ബിലുറൂബിന്റെ അളവ് സാധാരണഗതിയില്‍ 0.2-0.8 മില്ലി ഗ്രാം / 100 മില്ലി ലിറ്റര്‍ രക്തം എന്നുള്ളതാണ്. ഇത് കവിയുമ്പോള്‍ തന്നെ രോഗിയുടെ ചര്‍മ്മവും കൃഷ്ണമണിയുടെ ശ്വേതമണ്ഡലവും മഞ്ഞനിറത്തിലാകും. രോഗം തുടങ്ങിയെന്ന് പെട്ടെന്ന് അറിയാന്‍ കഴിയും. തുടര്‍ന്ന് മൂത്രത്തിനും മഞ്ഞനിറം പ്രകടമാകും. ഭക്ഷണം, വെള്ളം എന്നിവയിലൂടെ രോഗം പകരാം. രക്തദാനം, മറ്റൊരു രോഗിക്ക് കുത്തിവെയ്ക്കുന്ന സൂചിയുടെ ഉപയോഗം, മാതാപിതാക്കളുടെ രക്തഗ്രൂപ്പുകളുടെ വ്യത്യാസം ഇതൊക്കെ രോഗത്തിന് കാരണമായി തീരുന്നു. മേല്‍പ്പറഞ്ഞവയ്ക്ക് പുറമെ ചിലരുടെ രക്തത്തില്‍ ജന്മനാ ബിലുറൂബിന്റെ അളവ് സാധാരണഗതിയില്‍ കവിഞ്ഞിരിക്കും. അതുപോലെ ബിലുറൂബിനെ പരിവര്‍ത്തനവിധേയമാക്കുന്ന രാസപദാര്‍ത്ഥങ്ങളും, എന്‍സൈമുകളും കരളില്‍ ജന്മനാ ഇല്ലാതിരുന്നേക്കാം. ഈ അവസ്ഥകളിലും മഞ്ഞപ്പിത്തം പിടിപെടുന്നു.
ചികിത്സ
മഞ്ഞപ്പിത്തത്തിന്റെ ചികിത്സ രോഗകാരണങ്ങളെ ആശ്രയിച്ചിരിക്കുന്നു. കാരണങ്ങള്‍ വിവിധങ്ങളായതിനാല്‍ പരിശോധനകളും, പരീക്ഷണങ്ങളും രോഗനിര്‍ണ്ണയത്തിന് അത്യാവശ്യമാണ്. ഔഷധങ്ങള്‍ മുതല്‍ ശസ്ത്രക്രിയകള്‍ വരെ ചികിത്സാവിധിയില്‍ ഉള്‍പ്പെടാറുണ്ട്. രോഗം കണ്ടാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കണം. ഹൃദയം, മസ്തിഷ്കം, എന്നിവയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കാം. വെന്ത ചോറ് അല്‍പ്പമെടുത്ത് മൂത്രത്തില്‍ 6 മണിക്കൂറോളമിട്ട് പരീക്ഷിച്ച് മഞ്ഞപ്പിത്തം തിരിച്ചറിയാം. ചോറിന് നല്ല മഞ്ഞനിറമുണ്ടെങ്കില്‍ രോഗമുണ്ടെന്ന് അര്‍ത്ഥം. നിരവധി കാരണങ്ങള്‍ കൊണ്ട് ഈ അസുഖം ബാധിക്കാമെന്നുള്ളതുകൊണ്ടുതന്നെ മലയാളത്തില്‍ ആ വാക്കുപയോഗിക്കുന്നത് വൈറസുകള്‍ മുഖേനയുണ്ടാകുന്ന കരള്‍ വീക്കത്തെ (Infective Hepatitis) ഉദ്ദേശിച്ചാണ്. രക്തപരിശോധനകൊണ്ട് മഞ്ഞപ്പിത്തത്തിന്റെ ഏതവസ്ഥയും തിരിച്ചറിയാവുന്നതാണ്. ശ്വേതരക്താണുക്കളുടെ എണ്ണം അധികരിച്ചുകണ്ടാല്‍ അസുഖം ഉറപ്പിക്കാം. അതുപോലെ കരള്‍ക്രിയാ പരിശോധന, അള്‍ട്രാസോണോഗ്രഫി എന്നിങ്ങനെയുള്ള പരിശോധന രീതികളുമുണ്ട്.
ജലം തിളപ്പിച്ചുപയോഗിക്കുക എന്നതാണ് മുഖ്യമായുള്ള പ്രതിരോധമാര്‍ഗ്ഗം. കിണറ്റിലേയോ കുഴല്‍ക്കണറുകളിലേയോ വെള്ളം ശുദ്ധമെന്ന് കരുതി കുടിക്കുന്നത് അപകടകരമാകും. പലപ്പോഴും കൃത്യമായ രീതിയില്‍ അണുനാശിനികള്‍ ഉപയോഗിക്കാത്തതിനാല്‍ നമ്മുടെ ജലസ്രോതസുകളെല്ലാം രോഗാണുനിബിഡമായിരിക്കും. അതിനാല്‍ ജലം ഉപയോഗിക്കുന്നതിന് മുമ്പ് ഒരു മിനിറ്റെങ്കിലും വെട്ടിതിളക്കാന്‍ ശ്രദ്ധിക്കണം. പാത്രങ്ങള്‍ കഴുകുന്നത് ചൂടുവെള്ളമുപയോഗിച്ച് തന്നെ ശീലമാക്കണം. പ്രത്യേകിച്ച് രോഗം പടരാനുള്ള സാധ്യതകളുള്ളപ്പോള്‍. രക്തദാന സമയങ്ങളിലും ശ്രദ്ധിക്കണം. സ്വീകരിക്കുന്നയാളും, ദാതാവും രോഗിയോ, രോഗാണുവാഹകരോ അല്ലെന്ന് ഉറപ്പുവരുത്തി രക്തദാനം നടത്തണം. നമ്മുടെ ആശുപത്രികളിലെ ചികിത്സാ ഉപകരണങ്ങള്‍ യഥാവിധം വൃത്തിയാക്കിയതാവണം. കുത്തിവെയ്പിന് സിറിഞ്ച് ഉപയോഗിച്ചശേഷം വേണ്ടവിധം വൃത്തിയാക്കിയില്ലെങ്കില്‍ രോഗം പകരാനുള്ള സാധ്യത നൂറുശതമാനമാണ്. മഞ്ഞപ്പിത്തം പിടിപെടുമ്പോള്‍ ആഹാരകാര്യങ്ങളിലും ശ്രദ്ധവേണം. മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണമാണ് രോഗാവസ്ഥയില്‍ ഗുണകരം. ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ ഉപേക്ഷിക്കണം. നെയ്യും, നെയ്യ് ഉപയോഗിച്ച് മറ്റ് പലഹാരങ്ങളും ഇക്കാലയളവില്‍ വര്‍ജ്ജിക്കണം. പുകയിലയും മദ്യവും ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. രോഗം മൂര്‍ഛിക്കാന്‍ അത് വഴിയൊരുക്കും.

ആയുര്‍വേദപ്രകാരം ഫലത്രികാദികഷായം, ആരോഗ്യവര്‍ദ്ധിനി വടി, ഗുളുഛ്യാദികഷായം, എന്നിവ ഔഷധങ്ങളാണ്. കീഴാര്‍നെല്ലി പാലില്‍ അരച്ച് സേവിക്കുന്ന രീതിയുമുണ്ട്. ആവണക്കിന്റെ കുരുന്നിലയും ഗുണകരമാണെന്ന് പറയുന്നു. ഇളനീരും, നെല്ലിക്കാനീരും, കരിമ്പിന്‍നീരും മഞ്ഞപ്പിത്ത രോഗികള്‍ക്ക് ആശ്വാസകരം തന്നെ. മുന്തിരിച്ചാറും, കഴിക്കാം. കഴിക്കുന്ന ആഹാരസാധനങ്ങള്‍ മൂടിവെച്ച് ഉപയോഗിക്കണം. ശരിയായ ശൌചപരിപാലനവും പരിസരശുചിത്വവും സൂക്ഷിക്കുന്നത് രോഗപ്പകര്‍ച്ചയെ തടയും.
മഞ്ഞപ്പിത്തത്തെ കുറിച്ച് നിരവധി അന്ധവിശ്വാസങ്ങള്‍ നിലവിലുള്ളത് ശ്രദ്ധിക്കണം. പലപ്പോഴും ഒറ്റമൂലികള്‍ ഇതിനൊരു പരിഹാരമായി കാണപ്പെടുന്നു. നല്ല വിശ്രമവും പഥ്യവും കാത്തുസൂക്ഷിച്ചാല്‍ സുഖപ്പെടുന്ന രോഗാവസ്ഥയ്ക്ക് മാത്രമേ ഇത്തരം ഒറ്റമൂലികള്‍ ഫലിച്ചതായി തോന്നുകയുള്ളു. രോഗത്തിന് നിരവധി കാരണങ്ങളും, ഫലങ്ങളും ഉള്ളതിനാല്‍ രക്തപരിശോധന, അനുബന്ധപരിശോധനകള്‍ ഇവ നിര്‍ബന്ധമാണ്. ശരിയായ രോഗനിര്‍ണ്ണയം നടത്താതെ ലക്ഷണങ്ങള്‍ മാത്രം കണ്ട് ചികിത്സിച്ചാല്‍ അപകടകരമാകും. എങ്കിലും ശരിയായ ശുചിത്വബോധത്തിലൂന്നിയ രോഗപ്രതിരോധ മാര്‍ഗ്ഗം തന്നെയാണ് ഈ രോഗത്തെയും തടയാനുള്ള ക്രിയാത്മകമായ മാര്‍ഗ്ഗം.

0 comments:

Post a Comment