അസിഡിറ്റിയുടെ അങ്കലാപ്പുകള്‍
നെഞ്ചെരിച്ചിലുണ്ടാവുമ്പോഴൊക്കെ ദേവകിയമ്മയുടെ മനസില്‍ തീയാളും. അതിനു കാരണമുണ്ട്. രണ്ടു വര്‍ഷം മുമ്പ് അവരുടെ ഭര്‍ത്താവിനെ നെഞ്ചെരിച്ചിലാണെന്നും പറഞ്ഞാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡോക്ടര്‍ പരിശോധിച്ചിട്ടു പറഞ്ഞത് ഹൃദയത്തില്‍ മൂന്നു ബ്ളോക്കുണ്ടെന്നാണ്. നിന്നനേരംകൊണ്ട് ബൈപ്പാസ് സര്‍ജറിയും കഴിഞ്ഞു, ഒന്നൊന്നര ലക്ഷം രൂപയും പൊട്ടി. പിന്നെങ്ങനെ ദേവകിയമ്മയ്ക്ക് ഇരിക്കപ്പൊറുതിയുണ്ടാവും. അതുകൊണ്ട് സര്‍ജറിയെപ്പേടിച്ച് നെഞ്ചെരിച്ചിലിന്റെ കാര്യം അവര്‍ ആരോടും പറയാനും പോയില്ല.
ഇങ്ങനെ പേടിച്ച് എത്രനാള്‍ കഴിയും? മകളുടെ ഭര്‍ത്താവ് ആയുര്‍വ്വേദ ഡോക്ടറാണ്. എന്തായാലും ഹൃദയം കീറിമുറിക്കാന്‍ പറയില്ലല്ലോ. അവര്‍ ധൈര്യം സംഭരിച്ച് മരുമകനോട് കാര്യം പറഞ്ഞു. അപ്പഴല്ലേ സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയത്. ഈ നെഞ്ചിരിച്ചിലിനു കാരണം അസിഡിറ്റിയാണത്രേ.
അസിഡിറ്റി ദഹനത്തകരാറാണെന്നും അതിന്റെ ഫലമായുണ്ടാകുന്ന രോഗമാണ് അള്‍സര്‍ എന്നുമൊക്കെ ദേവകിയമ്മയ്ക്കറിയുമോ ആവോ? എന്തായാലും ഹൃദയം സുരക്ഷിതമാണെന്നറിഞ്ഞതിലുള്ള ആശ്വാസത്തില്‍ അവര്‍ സന്തോഷിച്ചു.
നെഞ്ചെരിച്ചില്‍ മാത്രമല്ല, അസഹനീയമായ വയറുവേദനയും
തലവേദനയുമൊക്കെ അസിഡിറ്റിയുടെ ഫലമായി ഉണ്ടാവും. ഏതോ സീരിയസായ രോഗമാണെന്നു തോന്നുന്ന തരത്തിലുള്ള പല ലക്ഷണങ്ങളും അസിഡിറ്റി വഴി ഉണ്ടാവാം. വയറിനു പിടിക്കാത്ത ഭക്ഷണം കഴിക്കുന്നതുമൂലം അല്ലെങ്കില്‍ നമ്മുടെ ദഹനവ്യവസ്ഥയുമായി ഒത്തുപോകാത്ത ആഹാരശീലംകൊണ്ട് ആമാശയം, അന്നനാളം, ചെറുകുടലിന്റെ അറ്റം എന്നീ അവയവങ്ങള്‍ ക്ഷയിച്ചുതുടങ്ങുകയും പിന്നീട് അള്‍സറായി മാറുകയും ചെയ്യുന്നു. അള്‍സര്‍ അല്ലെങ്കില്‍ ദ്രവിച്ച ഭാഗത്തെ വിടവിലൂടെ ആഹാരത്തിലെ അമ്ളരസങ്ങള്‍ അന്നനാളത്തിലേക്ക് അരിച്ചുകയറും. അപ്പോഴാണ് അസഹനീയമായ വയറുവേദന അനുഭവപ്പെടുക.
ഗ്യാസ്ട്രബിളാണെന്ന് കരുതി നിസാരമാക്കരുത്
ചിലര്‍ ഇത് ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്നു കഴിച്ച് താല്‍ക്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോ മാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പിന്നാലെ പോവുകയും ചെയ്യും. ഇതു രണ്ടും അപകടം ചെയ്യും എന്നതുകൊണ്ട് അസിഡിറ്റിയെ അത്ര നിസാരമായി കാണാന്‍ ശ്രമിക്കരുത്.
അമ്ളം പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാവുന്നു
നാം കഴിക്കുന്ന ഭക്ഷണത്തില്‍ അമ്ളവും ക്ഷാരവും അടങ്ങിയിട്ടുണ്ട്. ഇതു തമ്മിലുള്ള അനുപാതം തെറ്റുമ്പോഴാണ് അസിഡിറ്റിയുണ്ടാവുന്നത്. 75-80 ശതമാനം ക്ഷാരസ്വഭാവമുള്ളതും 20-25 ശതമാനം അമ്ളസ്വഭാവമുള്ള ആഹാരമാണ് കഴിക്കേണ്ടത്. ഇതില്‍ അമ്ളത്തിനാണ് അസിഡിറ്റി എന്നു പറയുക. അമ്ളം കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാല്‍ അസിഡിറ്റിയും കൂടും.
അമ്ളത്തിന്റെ അംശം കൂടുമ്പോള്‍ ക്ഷാരത്തിന്റെ അംശംകൊണ്ട് അമ്ളത്തെ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്ന ഒരു സ്വാഭാവികപ്രക്രിയയാണ്. ഇതിനാവശ്യമായ ക്ഷാരത്തിന്റെ കരുതല്‍ശേഖരം ആരോഗ്യമുള്ള ശരീരത്തില്‍ ഉണ്ടായിരിക്കും. ഇങ്ങനെ വീണ്ടും വീണ്ടും കരുതല്‍ശേഖരത്തില്‍നിന്ന് ക്ഷാരം എടുക്കേണ്ടിവരുമ്പോള്‍ ശരീരം ക്ഷീണിതമാകും. വീണ്ടും ശരീരത്തിലെത്തുന്ന അമ്ളത്തെ നിര്‍വീര്യമാക്കാന്‍ കരുതല്‍ശേഖരം പോരാതെ വരുകയും പകരം ആഹാരത്തിലൂടെ എത്തുന്ന കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, മഗനീഷ്യം തുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുകയും ചെയ്യും. ഈ പ്രക്രിയ തുടരുന്നപക്ഷം, ആന്തരാവയവങ്ങള്‍ തകരാറിലാവാന്‍ തുടങ്ങുന്നു.
ഭക്ഷ്യവിഭവങ്ങളില്‍ ക്ഷാരാംശമുള്ളവയും അമ്ളാംശമുള്ളവയും ഏതൊക്കെയാണെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.
ക്ഷാരാംശം ലഭിക്കുന്നവ | അമ്ളാംശം ലഭിക്കുന്നവ |
---|---|
ഏത്തപ്പഴം മുന്തിരി ചെറി പപ്പായ നാരങ്ങ പൈനാപ്പിള്‍ തക്കാളി തണ്ണിമത്തന്‍ ഉണക്കമുന്തിരി മുത്താറി ഏലയ്ക്ക ഇഞ്ചി തേങ്ങ കടുക് ഉള്ളി,വെള്ളുള്ളി മുളപ്പിച്ച പയര്‍ മത്തന്‍ വഴുതിന കുമ്പളം ബീറ്റ്റൂട്ട് കൂണ്‍ കാബേജ് കാരറ്റ് കോളിഫ്ളവര്‍ | ഉരുളക്കിഴങ്ങ് മുട്ട ഗ്രീന്‍പീസ് സോയാബീന്‍ ഓട്സ് അരി പഞ്ചസാര പാല്‍ മാംസം മല്‍സ്യം എള്ളെണ്ണ സൂര്യകാന്തി എണ്ണ ബാര്‍ളി ചോളം ബ്രെഡ്ഡ് |
0 comments:
Post a Comment