സൈനസ് ഒഴിയാബാധയോ
വിട്ടുമാറാത്ത ജലദോഷവും മൂക്കടപ്പും തലവേദനയും അനുഭവിക്കുന്നവര്‍ പറയും ലോകത്തിലേക്കും വച്ച് ഏറ്റവും ദുരിതം ഇതാണെന്ന്. എങ്ങനെ പറയാതിരിക്കും? രോഗി ഒരു വാര്‍ത്താ അവതാരകയാണെന്ന് സങ്കല്പിച്ചു നോക്കൂ. ഷെഡ്യൂളനുസരിച്ച് രാവിലെ വാര്‍ത്ത വായിക്കേണ്ട സമയത്താണ് മൂക്കടഞ്ഞത്. പെട്ടെന്ന് എന്തു ചെയ്യും? വെളുപ്പാന്‍കാലത്ത് മറ്റൊരാളെ വിളിച്ചുണര്‍ത്തി പകരത്തിനു നില്‍ക്കാന്‍ സമ്മതിപ്പിക്കുന്നത് അത്ര എളുപ്പമല്ലല്ലോ. ചിലര്‍ ഫോണെടുക്കില്ല. ചിലര്‍ സ്ഥലത്തുണ്ടാവില്ല. ഒടുവില്‍ ഒരാളെ തപ്പിപ്പിടിച്ചെടുക്കുമ്പോഴേക്ക് അനുഭവിച്ച ടെന്‍ഷന്‍ 10 വര്‍ഷത്തെ ആയുസ്സുംകൊണ്ടുപോയിരിക്കും. ഇതുതന്നെയാണ് അധ്യാപകരുടെ കാര്യവും. സംസാരിക്കാന്‍ ടീച്ചറുടെ മൂക്കു സമ്മതിക്കില്ലെങ്കില്‍ കുട്ടികള്‍ക്ക് ആ അധ്യായനദിവസം പോയതുതന്നെ.
ഇങ്ങനെ സൈനസൈറ്റിസ് എന്ന ശാപവും പേറി ജീവിക്കുന്നവര്‍ കേരളത്തില്‍ കുറച്ചൊന്നുമല്ല. ഇ.എന്‍.ടി. വിഭാഗത്തില്‍ ചികില്‍സ തേടിയെത്തുന്ന രോഗികളില്‍ 50% സൈനസൈറ്റിസ് ബാധിച്ചവരാണ്. ഉത്തരേന്ത്യയില്‍ ഇത് 5% മാത്രമേയുള്ളൂ. നമ്മുടെ നാട്ടില്‍ സൈനസ് കൂടാന്‍ കാരണം ജീവിതശൈലിയുടെ പ്രത്യേകതതന്നെയാണ്. പുഴയോരങ്ങളിലുള്ളവര്‍ക്കാണ് ഈ രോഗം കൂടുതലുള്ളതെന്നു കണ്ടുവരുന്നു. ഇതിന്റെ കാരണം മണലെടുക്കാനും കക്കവാരാനുമൊക്കെ ദീര്‍ഘനേരം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
സൈനസുകളില്‍ രോഗം ബാധിക്കുന്നതെങ്ങനെ?
മനുഷ്യന്റെ തലയോട്ടിയിലെ വായു അറകളെയാണ് സൈനസ് എന്നു പറയുന്നത്. തലയോടും അനുബന്ധഭാഗങ്ങളും കട്ടികുറഞ്ഞ എല്ലുകള്‍കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മൂക്കിനുചുറ്റുമുള്ള എല്ലുകളും ഇതില്‍പ്പെടും. ഈ എല്ലറകളിലാണ് സൈനസുകള്‍ കുടികൊള്ളുന്നത്. മൂക്കിനുള്ളിലെ സൈനസുകളില്‍ എപ്പോഴും ഈര്‍പ്പമുണ്ടാവും. ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുക, ചൂടാക്കുക, ശീതീകരിക്കുക തുടങ്ങിയവയാണ് മൂക്കിന്റെ ധര്‍മ്മം. മണംപിടിക്കുന്ന ഘ്രാണപ്രദേശവും മൂക്കിനുള്ളിലാണ്. ഓരോരുത്തരുടെയും ശബ്ദത്തിലുള്ള വ്യത്യാസം സൈനസുകളുടെ വലുപ്പത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍കൊണ്ടുണ്ടാവുന്നതാണ്.
പ്രായപൂര്‍ത്തിയായ ഒരാളുടെ നാസികയും സൈനസുകളും 24 മണിക്കൂറില്‍ അര ലിറ്ററോളം കഫം വിസര്‍ജിക്കുന്നുവെന്നാണ് കണക്ക്. സൈനസില്‍നിന്ന് മൂക്കിലൂടെ തൊണ്ടയിലേക്കു കഫം ഒഴുകുന്നു. ഈ ഒഴുക്കുപാതയിലുണ്ടാവുന്ന തടസ്സം മൂലം കഫം കെട്ടിനില്‍ക്കാനിടയാവുന്നു. ഇതിനോടൊപ്പം അണുബാധകൂടിയാവുമ്പോള്‍ രോഗം പൂര്‍ണ്ണമായി. ഓവുചാലിലെ ഒഴുക്കുനിലച്ചാല്‍ ചെളി കെട്ടിനില്‍ക്കുമല്ലോ. ഏതാണ്ടതുതന്നെ മൂക്കിനുള്ളിലും സംഭവിക്കുന്നു. ഇതാണ് സൈസൈറ്റിസ് എന്ന രോഗം.
സൈനസ് അറകള്‍ അടയുമ്പോള്‍
വൈറസ്, ഫംഗസ്, ബാക്ടീരിയ എന്നിവയാണ് സൈനസൈറ്റിസിലേക്കെത്തിക്കുന്നത്. കൂടാതെ പഴുപ്പുളവാക്കപ്പെടുന്ന ദന്തരോഗങ്ങള്‍, അലര്‍ജി, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, മൂക്ക് ശക്തിയായി ചീറ്റുന്നത് തുടങ്ങിയ കാരണങ്ങള്‍ക്കൊണ്ടൊക്കെ സൈനസൈറ്റിസ് ഉണ്ടാവാം. പ്രമേഹം നിയന്ത്രിക്കപ്പെടാത്തവരിലാണ് ഫംഗസ് സൈനസൈറ്റിസ് കൂടുതലും കണ്ടുവരുന്നത്. നേസല്‍സ്പ്രേ, ആന്റിബയോട്ടിക്കുകള്‍, പ്രതിരോധശേഷി കുറയ്ക്കുന്ന തരം മരുന്നുകള്‍ എന്നിവയുടെ ഉപയോഗം ഫംഗസ്ബാധയ്ക്കു കാരണമാകുന്നു. ബാക്ടീരിയ മൂലമല്ലാതെ സംഭവിക്കുന്നതാണ് ക്രോണിക് സൈനസൈറ്റിസ്. ഇതിന്റെ കാരണം ഇന്നും അജ്ഞാതമാണ്.
ഏറെ സാധാരണവും ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കാത്തതുമാണ് അക്യൂട്ട് സൈനസൈറ്റിസ്. സൈനസൈറ്റിസ് പഴകുമ്പോള്‍ വിട്ടുമാറാത്ത തലവേദന മാത്രമായിരിക്കും ലക്ഷണം. രാവിലെയുള്ള മൂക്കടപ്പ്, ഗന്ധങ്ങള്‍ അറിയാന്‍ സാധിക്കാത്തത്, ശ്വാസത്തിനു ദുര്‍ഗന്ധം എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടാവുന്നു.
ചികില്‍സ
ഓര്‍ഗാനോപ്പതിക് ഔഷധങ്ങളാണ് സൈനസൈറ്റിസ് എന്ന രോഗത്തിന് ഏറ്റവും ഫലപ്രദമെന്ന് തെളിഞ്ഞിട്ടുള്ളത്. എത്ര പഴകിയ രോഗത്തിനും ഈ ഔഷധം ഫലംചെയ്യും. രോഗാണുബാധയുണ്ടായാല്‍ അവയെ ചെറുക്കാനുള്ള ആന്റിബയോട്ടിക്കുകള്‍ നല്‍കുകയാണ് മാര്‍ഗ്ഗം. മൂക്കടപ്പു മാറ്റാന്‍ തുള്ളിമരുന്നുകളും നല്‍കാറുണ്ട്. മറ്റൊരു നിരുപദ്രവ ചികില്‍സയാണ് ആവിപിടുത്തം.
സൈനസൈറ്റിസ് രോഗത്തില്‍നിന്നു പരിപൂര്‍ണ്ണമായ മോചനം അസാധ്യമാണ്. ഇടയ്ക്കിടെ ഈ രോഗം കടന്നുവന്നുകൊണ്ടേയിരിക്കും. പൂര്‍ണ്ണമായി ഭേതമാക്കാന്‍ ശസ്ത്രക്രിയയാണ് മാര്‍ഗ്ഗം. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നവരിലും മൂക്കില്‍ ദശ വളര്‍ന്ന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരിലുമാണ് സാധാരണയായി ശസ്ത്രക്രിയ നിര്‍ദ്ദേശിക്കാറ്.
ഏറ്റവും ലളിതമായ പരിഹാരം കാരണത്തിനുള്ള ചികില്‍സയാണ്. രോഗം വരാനുള്ള കാരണങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയും കരുതലോടെ ജീവിക്കുകയും ചെയ്യുകയാണ് സൈനസ് എന്ന ശാപത്തെ അകറ്റിനിര്‍ത്താനുള്ള പ്രാഥമികവും പ്രധാനവുമായ നടപടി.
0 comments:
Post a Comment