To listen you must install Flash Player.

Monday, 22 July 2013



കര്‍ണ്ണത്തിലേക്കു കണ്‍തുറക്കുന്ന ഇ.എന്‍.ടി.




ഇ.എന്‍.ടി. എന്ന മൂന്നക്ഷരംകൊണ്ട് അറിയപ്പെടുന്ന വൈദ്യശാസ്ത്രശാഖ ഉടലെടുത്തതോടെയാണ് മനുഷ്യന്റെ എന്നത്തേയും തീരാദുരിതങ്ങളായിരുന്ന ചെവി, മൂക്ക്, തൊണ്ട രോഗങ്ങള്‍ക്ക് പ്രതിവിധിയായത്. ഇയര്‍, നോസ്, ത്രോട്ട് (ചെവി, മൂക്ക്, തൊണ്ട) എന്നതിന്റെ ചുരുക്കപ്പേരാണ് ഇ.എന്‍.ടി. ക്രിസ്തുവിന് 800 വര്‍ഷം മുമ്പുതന്നെ ഈ ചികില്‍സാ സമ്പ്രദായം ഭാരതത്തിലുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ആയുര്‍വേദത്തിലെ ശാലാകൃതന്ത്രം ഇന്നത്തെ ഇ.എന്‍.ടി.യാണെന്നാണ് നിഗമനം.
19-ാം നൂറ്റാണ്ടോടുകൂടിയാണ് ഇ.എന്‍.ടി. എന്ന വൈദ്യശാസ്ത്രശാഖ വികസിച്ചത്. 1921 ആയപ്പോഴേക്കും ചെവിയ്ക്കുള്ളില്‍ ശസ്ത്രക്രിയ നടത്താന്‍ തുടങ്ങി. മൂക്കിന്റെ പ്ളാസ്റിക് സര്‍ജറി ആദ്യമായി നടന്നത് ഇന്ത്യയിലാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് തൊണ്ടയിലെ ആദംമുഴയെ സംബന്ധിച്ച ഗവേഷണങ്ങള്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചത്. ഇന്ന് ഇ.എന്‍.ടി. എന്നത് വൈദ്യശാസ്ത്രത്തിലെ ഒരു സുപ്രധാനശാഖയായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. എത്ര സങ്കീര്‍ണ്ണമായ രോഗങ്ങളും അത്ഭുതകരമായി ചികില്‍സിച്ചു ഭേദപ്പെടുത്താനാവുന്നു എന്നത് ഇ.എന്‍.ടി.ശാഖയുടെ വിജയകരമായ മുന്നേറ്റത്തിനുള്ള ദൃഷ്ടാന്തമാണ്. 
 
കര്‍ണ്ണരോഗങ്ങള്‍

പഞ്ചേന്ദ്രിയങ്ങളില്‍പ്പെട്ട ചെവി അഥവാ കര്‍ണ്ണം ശബ്ദം കേള്‍ക്കാനുള്ള ഒരു അവയവം മാത്രമല്ല. നമ്മുടെ ശരീരത്തിന്റെ സംതുലനാവസ്ഥ അല്ലെങ്കില്‍ ബാലന്‍സ് കാക്കുന്നതും ചെവികളാണ്. ഏതു ചരിവുള്ള റോഡില്‍കൂടിയും നിറയെ ആളുകളുമായി പോകുന്ന ബസ് മറിയാതെ കാക്കുന്നത് വാഹനത്തിന്റെ അടിയില്‍ ഘടിപ്പിച്ചിട്ടുള്ള ഇരുമ്പു ലീഫുകളാണ്. ഇതുപോലെയാണ് നമ്മുടെ ശരീരത്തില്‍ ചെവിക്കുള്ള റോള്‍. ലീഫു പൊട്ടിയാല്‍ വാഹനത്തിന്റെ ബാലന്‍സിങ് പോവുകയും അപകടം സംഭവിക്കുയും ചെയ്യും. ചെവിക്കു തകരാറു പറ്റിയാല്‍ നമ്മുടെ ജീവിതത്തെത്തന്നെ ആകെ മറിച്ചിടാം.

ബാഹ്യകര്‍ണ്ണവും രോഗങ്ങളും

ചെവിയുടെ ഘടനയനുസരിച്ച് മൂന്ന് ഭാഗങ്ങളാണുള്ളത്. ബാഹ്യകര്‍ണ്ണം, മധ്യകര്‍ണ്ണം, ആന്തരികകര്‍ണ്ണം. സാധാരണ നമ്മള്‍ ചെവി എന്നു പറയുന്നത് പുറമേ കാണുന്ന ബാഹ്യകര്‍ണ്ണത്തെയാണ്. വെളിയിലേക്കു പരന്നു നില്‍ക്കുന്ന കട്ടിയുള്ള കാര്‍ട്ടിലേജ് കൊണ്ടുള്ള ഭാഗവും അകത്തേക്കു നീളുന്ന കുഴല്‍പോലത്തെ ഭാഗവും ചേര്‍ന്നതാണ് ബാഹ്യകര്‍ണ്ണം.

പല്ലുവേദനപോലെതന്നെ അസഹനീയമാണ് ചെവിവേദനയെന്ന് അത് അനുഭവിച്ചവര്‍ക്കറിയാം.  ചെവിവേദന വന്നാല്‍ ഉപ്പുവെള്ളമോ വെളിച്ചെണ്ണയോ തുളസിനീരോ ഒഴിക്കുകയായിരുന്നു പണ്ടുള്ളവര്‍ ചെയ്തിരുന്നത്. വേദനയുടെ കാരണമെന്താണെന്നറിയാതെയുള്ള ഈ ചികില്‍സകൊണ്ട് ചിലപ്പോള്‍ പ്രതികൂലഫലമാവും ഉണ്ടാവുക. ഇന്നും നാട്ടിന്‍പുറങ്ങളിലുള്ളവര്‍ ചെവിവേദനയെ നിസാരമായി കണ്ട് ഇത്തരം ചില പ്രയോഗങ്ങള്‍ നടത്താറുണ്ട്. ചെവിയെ ബാധിക്കുന്ന രോഗങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

0 comments:

Post a Comment