To listen you must install Flash Player.

Monday, 8 July 2013


കരളിനെ സംരക്ഷിക്കാം


ഡോ. പ്രിയാദേവദത്ത്‌ 
അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവമാണ് കരള്‍. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്‍ജനിപ്പിക്കാനുമുള്ള ശക്തി കരളിനുണ്ട്. ഇതിനു പുറമേ അസാമാന്യമായ സഹനശേഷിയുമുണ്ട്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാതെ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഒട്ടുമിക്ക കരള്‍രോഗങ്ങളും ഏറെ വൈകിയാണ് കണ്ടെത്താറുള്ളത്. 'യകൃത്' എന്ന സംസ്‌കൃതപദത്താലാണ് ആയുര്‍വേദത്തില്‍ കരളിനെ സൂചിപ്പിക്കുന്നത്. 'വേണ്ട രീതിയില്‍ സംയമനം ചെയ്യുന്നത്' എന്നാണ് ഇതിനര്‍ഥം. കരളുമായി ബന്ധപ്പെട്ട് നിരവധി രോഗങ്ങള്‍ വരാറുണ്ട്. വിവിധയിനം മഞ്ഞപ്പിത്തം, കരളില്‍ കൊഴുപ്പടിയുന്ന ഫാറ്റിലിവര്‍, യകൃദുദരം (സിറോസിസ്), കാന്‍സര്‍, പലതരം അണുബാധകള്‍ തുടങ്ങിയ രോഗങ്ങള്‍ കരളിനെ ബാധിക്കാറുണ്ട്.
പ്രതികൂല സാഹചര്യങ്ങള്‍

മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ അരിച്ച് മാറ്റുന്ന അവയവമാണ് കരള്‍. സ്വാഭാവികമായും മദ്യത്തിലുള്ള വിഷാംശങ്ങളും കരളില്‍ വെച്ച് തന്നെയാണ് വിഘടിക്കപ്പെടുന്നതും. അതുകൊണ്ടു തന്നെ മദ്യപാനത്തിന്റെ കുഴപ്പങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നതും കരളിനെയാണ്. മദ്യപാനം കരളിലെയും ആമാശയത്തിലെയും മൃദുകലകളെ ദ്രവിപ്പിച്ച് വ്രണമുണ്ടാക്കുകയും കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യും. കാലക്രമേണ കരളിന്റെ ആകൃതിയും സ്വാഭാവിക ധര്‍മങ്ങള്‍ തന്നെയും നഷ്ടപ്പെട്ട് അത്യന്തം അപകടകാരിയായ സിറോസിസിലേക്ക് മദ്യപാനിയെ എത്തിക്കുകയും ചെയ്യും.

മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, പച്ചക്കറികളിലും മറ്റും കലരുന്ന കീടനാശിനികള്‍, ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്‍ച്ചയായ മാനസിക പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. വര്‍ധിച്ച തോതിലുള്ള പ്രമേഹവും കൊളസ്‌ട്രോളും കരളിന് ഹാനികരമാണ്.

രോഗലക്ഷണങ്ങള്‍

കരളിനുണ്ടാകുന്ന ചില്ലറ പ്രശ്‌നങ്ങള്‍ അത് സ്വയം പരിഹരിക്കുകയാണ് പതിവ്. അതിനാല്‍ മിക്ക കരള്‍രോഗങ്ങളും തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാട്ടാറില്ല. അമിത ക്ഷീണം, അരുചി, ഛര്‍ദി, ശ്വാസത്തിന് ദുര്‍ഗന്ധം, ശരീരം മെലിച്ചില്‍, ചൊറിച്ചില്‍, വയറിനകത്തെ പലതരം അസ്വസ്ഥതകള്‍, പനി, മഞ്ഞപ്പിത്തം, രോമം കൊഴിയുക, വയറ്റില്‍ വെള്ളം കെട്ടിനില്‍ക്കുക തുടങ്ങിയവയാണ് കരള്‍രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

മെയ്യനങ്ങാതെയുള്ള ജീവിതശൈലിയും നിയന്ത്രണമില്ലാതെ അകത്താക്കുന്ന മദ്യവും അമിതമായ കൊഴുപ്പും കൃത്രിമ നിറങ്ങള്‍ ചേര്‍ന്ന ഭക്ഷണങ്ങളും എല്ലാം തന്നെ കേരളത്തിലും കരള്‍രോഗികളുടെ എണ്ണം ഗണ്യമായി കൂട്ടി.

ജീവിതശൈലീ ക്രമീകരണങ്ങള്‍

നിത്യവുമുള്ള വ്യായാമവും പോഷകങ്ങള്‍ നിറഞ്ഞ നാടന്‍ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. മദ്യപാനവും പുകവലിയും തീര്‍ത്തും ഉപേക്ഷിക്കണം. കൊഴുപ്പും നീര്‍ക്കെട്ടും കുറച്ച് കരളിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ വ്യായാമത്തിനാകും. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം വ്യായാമം ശീലിക്കുകയാണ് വേണ്ടത്.

കരള്‍ രോഗികള്‍ പൊതുവെ ദഹനശക്തി കുറഞ്ഞവരാണ്. അതിനാല്‍, പെട്ടെന്ന് ദഹിക്കുന്നതും പോഷകം നിറഞ്ഞതുമായ ഭക്ഷണമാണ് അവര്‍ക്ക് അനുയോജ്യം. പാല്‍ക്കഞ്ഞി, കഞ്ഞി, ഇഡ്ഡലി, സൂചിഗോതമ്പ്, മലര്, ഓട്‌സ്, പാട നീക്കിയ പാല്‍, ഇളനീര്, കാച്ചിയ മോര് ഇവ മാറിമാറി കുറഞ്ഞ അളവില്‍ പല തവണകളായി നല്‍കാം. പടവലങ്ങ, കാരറ്റ്, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക, ഇലക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ ഇവയും കരളിനെ സംരക്ഷിക്കാന്‍ നിത്യഭക്ഷണത്തില്‍പ്പെടുത്തണം.

വെളുത്തുള്ളിക്കും മഞ്ഞളിനും കരളിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധേയമായ പങ്കുണ്ട്. കരളില്‍ കൊഴുപ്പടിയുന്നതിനെ തടയാന്‍ വെളുത്തുള്ളി ഉത്തമമാണ്. കരളിനെ ബാധിക്കുന്ന അണുബാധയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിക്കാവും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഗന്ധകമാകട്ടെ വിഷവസ്തുക്കള്‍ കരളിനെ നശിപ്പിക്കുന്നതു തടയുന്നു. കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനെതിരെ മഞ്ഞള്‍ പ്രവര്‍ത്തിക്കും. മിതമായ അളവില്‍ മാത്രം ഇവയെ നിത്യഭക്ഷണത്തില്‍പ്പെടുത്തണം. ക്ഷീണമുള്ളപ്പോള്‍ ചെറുപയര്‍ വെന്ത വെള്ളം സൂപ്പാക്കി കഴിക്കുന്നത് കരള്‍ രോഗത്തിന് ഗുണം ചെയ്യും. ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങ, മുന്തിരി, തണ്ണിമത്തന്‍, പേരയ്ക്ക ഇവയും കരളിന് ഗുണകരമാണ്.

ചികിത്സയില്‍ ഭക്ഷണം പ്രധാനപ്പെട്ട ഘടകമാണ്. തകരാറിലായ കരള്‍കോശങ്ങള്‍ക്ക് ഉണര്‍വേകാന്‍ ഭക്ഷണത്തിനാകണം. ഒപ്പം, വേണ്ടത്ര വിശ്രമവും അനിവാര്യമാണ്. ശുചിത്വം കര്‍ശനമായി പാലിക്കുകയും രോഗിയുടെ രക്തം, മലം, മൂത്രം ഇവയൊക്കെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.

ഒഴിവാക്കേണ്ടവ

വറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ഥങ്ങള്‍, മാംസോത്പന്നങ്ങള്‍, കേക്ക്, കടുപ്പംകൂടിയ ചായ, കാപ്പി, പപ്പടം, അച്ചാര്‍, സോസുകള്‍ ഇവ ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കണം.

ഔഷധങ്ങള്‍

പൊതുവെ കയ്പ്പും ചവര്‍പ്പും രസങ്ങളോടുകൂടിയ ഔഷധ സസ്യങ്ങളാണ് കരളിന് പഥ്യം. ഔഷധികളുടെ ഇല, കായ, പൂവ്, തണ്ടില്‍നിന്നുള്ള പാല്‍, തടിയുടെ തൊലി, വേര്, വിത്ത് ഇവയൊക്കെ കരള്‍ സംരക്ഷണത്തിന് ഉപയോഗപ്പെടുത്താറുണ്ട്. പ്ലാശ്, മുത്തങ്ങ, വേപ്പ്, മരമഞ്ഞള്‍, മഞ്ചട്ടി, കിരിയാത്ത്, അമുക്കുരം, ബ്രഹ്മി, തഴുതാമ, പര്‍പ്പടകപ്പുല്ല്, കറ്റാര്‍വാഴ, മൂടില്ലാത്താളി, പൊന്നുമ്മത്ത്, കിഴാര്‍നെല്ലി, നെല്ലിക്ക, നീലയമരി, കടുക്‌രോഹിണി തുടങ്ങിയവ കരളിന് കരുത്തേകുന്ന ഔഷധികളില്‍ ചിലതാണ്. മഞ്ഞപ്പിത്തം, കുട്ടികളിലുണ്ടാകുന്ന കരള്‍ രോഗങ്ങള്‍, അണുബാധ, കരളിലെ അര്‍ബുദം, കരള്‍വീക്കം, കരള്‍ കോശനാശം തുടങ്ങി ഓരോ രോഗാവസ്ഥയനുസരിച്ച് സസ്യങ്ങളിലെ വ്യത്യസ്തമായ ഔഷധഗുണത്തെ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്.
ചിട്ടയായ വ്യായാമത്തിനും പോഷകങ്ങളടങ്ങിയ ഭക്ഷണത്തിനും തീര്‍ച്ചയായും ഗുണകരമായ ഫലങ്ങള്‍ കരള്‍രോഗത്തിന് നല്‍കാനാവും. ഒപ്പം, തെറ്റായ ജീവിതശൈലിയെ ദൂരെ നിര്‍ത്താനുമാകണം.  

0 comments:

Post a Comment