To listen you must install Flash Player.

Monday, 22 July 2013


ഫിറ്റ്നസിന് ബിഹേവിയര്‍ തെറാപ്പി


സൌന്ദര്യമെന്നാല്‍ ഇന്ന് ഫിറ്റ്നെസ് ആണ്. നല്ല മുഖസൌന്ദര്യമുള്ള മല്ലികയുടെ പ്രശ്നവും അതുതന്നെയാണ്. ബോഡിഫിറ്റ്നസ് തീരെയില്ല. രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം നടന്നിട്ടും തന്റെ വണ്ണം കുറയാത്തതെന്താണെന്നാണ് ബാങ്ക്ജീവനക്കാരിയായ മല്ലികയ്ക്കു പിടികിട്ടാത്തത്. താനാണെങ്കില്‍ ശുദ്ധവെജിറ്റേറിയനുമാണ്. എന്നിട്ടും ദിവസംചെല്ലുംതോറും വണ്ണം കൂടുന്നതല്ലാതെ ഒരിഞ്ചു കുറയുന്നില്ല. കൊളസ്ട്രോളും ഷുഗറുമടക്കം നൂറുകൂട്ടം രോഗങ്ങളും അകമ്പടിയായിട്ടുണ്ട്.  തടി കുറയ്ക്കൂ എന്നു പറയാത്തവര്‍ ചുരുക്കമാണ്.

     ഡോക്ടര്‍ മല്ലികയുടെ ഈ പരാതി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഓരോ പ്രാവശ്യവും ഓരോ പുതിയ വ്യായാമമുറയ്ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഡോക്ടര്‍ പതിനെട്ടടവും പയറ്റിനോക്കിയതു വെറുതെ.    തന്റെ രോഗിയെ മെലിയിക്കാന്‍ കഴിയാത്തതില്‍ ഡോക്ടര്‍ക്ക് കടുത്ത നിരാശയുണ്ടായിരുന്നു. അതിനിടയിലാണ് ബിഹേവിയര്‍ തെറാപ്പി എന്ന വിദ്യയെക്കുറിച്ച് ഡോക്ടര്‍ കൂടുതല്‍ മനസിലാക്കിയത്. ഉടനെ മല്ലികയെ വിളിച്ചുവരുത്തി തെറാപ്പിക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.  ഭക്ഷണം കഴിക്കുന്ന സ്വഭാവത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.           നിങ്ങള്‍ വ്യായാമം ചെയ്ത് വണ്ണം കുറച്ചു എന്ന അഭിമാനവുമായി ജീവിക്കുകയാണോ? പക്ഷേ, അതത്ര ശാശ്വതമാവണമെന്നില്ല. ആഹാരനിയന്ത്രണവും വ്യായാമവും വഴി വണ്ണം കുറച്ച പലരും പിന്നീട് വണ്ണം വയ്ക്കുന്നതായാണ് കണ്ടുവരുന്നത്.  തടി കുറഞ്ഞെന്നു കണ്ടപ്പോള്‍ വിഷമത്തോടെ ഒഴിവാക്കിനിര്‍ത്തിയ പ്രിയവിഭവങ്ങള്‍ വീണ്ടും കഴിക്കുന്നത് സ്വാഭാവികമാണ്. ഈ പ്രശ്നം പരിഹരിക്കാനും ബിഹേവിയര്‍ തെറാപ്പി സഹായിക്കും.

കൊതിപ്പിക്കുന്ന മണമോ, എങ്കില്‍ സ്ഥലംവിട്ടോ...

    കൊതിപ്പിക്കുന്ന മണവുമായി ഏതെങ്കിലുമൊരു ഭക്ഷണപദാര്‍ഥം നിങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചാല്‍ അകന്നു മാറാന്‍ ശ്രമിക്കുക എന്നതാണ് ബിഹേവിയര്‍ തെറാപ്പിയില്‍ ആദ്യത്തേത്. കറിയുടെയും പായസത്തിന്റെയുമൊക്കെ മണമടിക്കുമ്പോള്‍ ദഹനരസം ഉല്പാദിപ്പിക്കാന്‍ തലച്ചോറ് തയ്യാറാകും. ഉടനെ വിശപ്പ് കത്തിക്കാളും. തലച്ചോറിന് വിശപ്പുണ്ടാക്കാനുള്ള സന്ദേശം നല്‍കുന്ന മണം ശ്വസിക്കാതെ ഒഴിഞ്ഞുമാറിപ്പോയി നോക്കൂ. ഈ ബിഹേവിയര്‍ തെറാപ്പി ശീലിച്ചാല്‍ വരുത്തിക്കൂട്ടുന്ന വിശപ്പും അമിതഭക്ഷണവും വലിയൊരളവില്‍ ഒഴിവാക്കാം.

കൊറിക്കുന്ന ശീലം വേണ്ടേവേണ്ട

    കപ്പലണ്ടികൊറിച്ചുകൊണ്ടുള്ള ട്രെയിന്‍യാത്ര, ചിപ്സ് രുചിച്ചുകൊണ്ടുള്ള ടി.വി. കാണല്‍. സന്ദര്‍ഭം ഏതുമായിക്കൊള്ളട്ടെ, കയ്യിലെന്താണോ ഉള്ളത് അതു തീരും വരെ കൊറിക്കുക തന്നെ ചെയ്യും. ഇത്തരം സാധനങ്ങള്‍ വളരെ കുറച്ചു മാത്രം വാങ്ങുകയോ കരുതിവയ്ക്കാതിരിക്കുകയോ ചെയ്യുകയാണ് ഈ ശീലത്തില്‍നിന്നു രക്ഷപ്പെടാനുള്ള വഴി.

ബേക്കറിട്ടിന്നു നിറയ്ക്കാന്‍ ശ്രമിക്കരുത്

    എപ്പോഴാണ് വിരുന്നുകാരെത്തുക എന്നറിയില്ലല്ലോ. അതുകൊണ്ട് മാസാദ്യം ശമ്പളം കിട്ടുമ്പോഴേ അഞ്ഞൂറു രൂപയ്ക്ക് ബേക്കറിസാധനങ്ങള്‍ വാങ്ങി ടിന്നില്‍ നിറച്ചാല്‍ സമാധാനമായി.  എന്നാല്‍ പ്രതീക്ഷിച്ച വിരുന്നുകാര്‍ വന്നില്ലെങ്കിലോ?  കാശുകൊടുത്തു വാങ്ങിയ സാധനം കളയാനൊക്കുമോ? അതുമായി ടി.വിയുടെ മുന്നിലേക്ക് ചെല്ലുകയേ വേണ്ടൂ. എപ്പോള്‍ ടിന്നു കാലിയായി എന്നു നോക്കിയാല്‍ മതി. ബിഹേവിയര്‍ തെറാപ്പിയില്‍ ഇതിനും പോംവഴിയുണ്ട്. വിരുന്നുകാര്‍ വരുന്ന ദിവസം തൊട്ടടുത്ത കടയില്‍നിന്ന് ആവശ്യത്തിനു മാത്രം പലഹാരങ്ങള്‍ വാങ്ങുക.
  
നമുക്കുമാവാം ടേബിള്‍ മാനേഴ്സ്

    ഭക്ഷണം കഴിക്കുമ്പോഴുള്ള ടേബിള്‍ മാനേഴ്സ് നമുക്കും ആയിക്കൂടെന്നില്ലല്ലോ. എത്ര രുചിയുള്ള ഭക്ഷണമാണെങ്കിലും വെട്ടിവിഴുങ്ങാന്‍ വിദേശികളെ കിട്ടില്ല. അത് സംസ്കാരമില്ലായ്മയാണെന്നേ അവര്‍ പറയൂ. നമ്മുടെ നാട്ടിലെ കല്യാണമണ്ഡപങ്ങളുടെ ഡൈനിങ്ങ്ഹാളിലേക്ക് നോക്കിയാല്‍ അവര്‍ മൂക്കത്തു വിരല്‍വയ്ക്കും. തുടച്ചുനക്കി ഒടുവില്‍ ഇലയും അകത്താക്കുമോയെന്ന് അവര്‍ കരുതിയേക്കാം. ആര്‍ത്തിപിടിച്ച തീറ്റകൊണ്ട് പറ്റുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടവയര്‍ ചാടല്‍. ഫിറ്റ്നസിനെ കരുതി ഈ വെപ്രാളം ഒഴിവാക്കാം.
 
ലെപ്റ്റിനെ അറിയൂ

    ഭക്ഷണം കഴിക്കുമ്പോള്‍ വയറുനിറഞ്ഞു, ഇനി മതിയായി എന്ന സന്ദേശം പുറപ്പെടുവിക്കുന്നത് തലച്ചോറിലെ 'ലെപ്റ്റിന്‍' എന്ന ഹോര്‍മോണ്‍ ആണ്. ഇത് പ്രവര്‍ത്തിക്കാന്‍ തുടങ്ങണമെങ്കില്‍ കുറഞ്ഞത് ഇരുപതു മിനിട്ടെങ്കിലും വേണം. വാരിവലിച്ച് വേഗത്തില്‍ ഭക്ഷിക്കുമ്പോള്‍ അളവില്‍ കഴിഞ്ഞ് ആഹാരം അകത്താകുമെന്നല്ലാതെ വിശപ്പു മാറി എന്നു തോന്നുകയില്ല. ഇതുകൊണ്ടാണ് വിദേശികള്‍ വളരെ സാവകാശം ഭക്ഷണം കഴിക്കുന്നത്. നമ്മുടേതുപോലെ കുടവയര്‍ അവര്‍ക്കില്ലാത്തതും അതുകൊണ്ടാണ്.

    ഭക്ഷണം കഴിക്കാന്‍ തുടങ്ങി ഇരുപതു മിനിട്ടായതിനുശേഷം മാത്രമേ ലെപ്റ്റിന്‍ പ്രവര്‍ത്തിക്കൂ എന്നതുകൊണ്ട് കുറഞ്ഞത് അര മണിക്കൂറെങ്കിലും സമയമെടുത്തുവേണം പ്രധാന ഭക്ഷണം കഴിക്കാന്‍. പ്രത്യേകിച്ചും ഡിന്നര്‍. കാരണം ഡിന്നറിനുശേഷം ശരീരത്തിന് ഒട്ടും വ്യായാമം കിട്ടുന്നില്ല. രാത്രി ഉറങ്ങുന്ന വേളയില്‍ ശരീരത്തിലെ കൊഴുപ്പ് വയറ്റിലേക്കും അരക്കെട്ടിലേക്കും ഒഴുകിയെത്തി അവിടെ അടിഞ്ഞുകൂടും. പിന്നെ അതെരിച്ചുകളയാന്‍ കഠിനമായ വ്യായാമംതന്നെ വേണ്ടിവരും. അല്ലെങ്കില്‍ 'ഞാന്‍ മുമ്പേ' എന്നു പറഞ്ഞുകൊണ്ട് വയര്‍ നമ്മുടെ മുന്നില്‍ നില്‍ക്കും. ഈ ബിഹേവിയര്‍ ശീലിച്ചാല്‍ നിങ്ങള്‍ക്കും നേടാം ഫിറ്റ്നസിന് 100 മാര്‍ക്ക്.

ആദ്യം മാനസികമായി തയ്യാറാവാം

    ബിഹേവിയര്‍ തെറാപ്പിയെ വളരെ ഗൌരവത്തോടെ മാത്രം സമീപിച്ചെങ്കില്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടൂ. ഇതിനായി ആദ്യം വേണ്ടത് മാനസികമായ തയ്യാറെടുപ്പാണ്. അവ എന്തൊക്കെയാണെന്നു നോക്കൂ.

1.    മനസുവച്ചാല്‍ ആഹാരശീലം മാറ്റിയെടുക്കാമെന്നു വിശ്വസിക്കുക

2.    ഭക്ഷണത്തിലെ ആര്‍ഭാടം ഒഴിവാക്കുക. അമിതഭക്ഷണം കഴിക്കാനിടയാക്കുന്ന എല്ലാ സന്ദര്‍ഭങ്ങളില്‍നിന്നും വിട്ടുനില്‍ക്കുക. പുറത്തുനിന്നു ഭക്ഷണം 
കഴിക്കുമ്പോള്‍ വീട്ടിലെ ഭക്ഷണം ഒഴിവാക്കുക.

3.    അമിത ഭക്ഷണംമൂലം ശരീരത്തില്‍ അമിത കാലറി ഉണ്ടാവും. അധിക കാലറി കൊഴുപ്പായി അടിഞ്ഞുകൂടും. അതിനാല്‍ ആഹാരവും വ്യായാമവും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുക. ഭക്ഷണം അധികമായാല്‍ വ്യായാമവും കൂടണം.

4.    ദിവസവും എന്തെല്ലാമാണ് കഴിക്കുന്നതെന്ന്  കുറിച്ചുവയ്ക്കുക. അതില്‍ എന്തൊക്കെ ഒഴിവാക്കാമായിരുന്നുവെന്ന് സ്വയം കണ്ടുപിടിക്കുക.

4.    പൊണ്ണത്തടി വിമര്‍ശനത്തിന് ഇടയാക്കും. കളിയാക്കലുകളെയും നേരിടേണ്ടിവരും. ഇത് തികച്ചും ആരോഗ്യപരമായ വിമര്‍ശനമായേ കാണാവൂ.

5.    പൊണ്ണത്തടി മൂലമുണ്ടാകുന്ന അപകര്‍ഷതാബോധം  സ്വയം മാറ്റിയെടുക്കണം. ഫിറ്റ്നസ്         എന്നാല്‍ സൌന്ദര്യം മാത്രമല്ല ആരോഗ്യവുമാണെന്ന് മനസിലാക്കണം.

    വൈറ്റ്കോളര്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഒരു ദിവസം വേണ്ട കാലറിയുടെ തോത് സ്ത്രീകള്‍ക്ക് 1500 കാലറിയും പുരുഷന് 1800 കാലറിയുമാണ്.
          
                      
പ്രാതല്‍                400 കാലറി
ഇടനേരത്തെ ചായ, സ്നാക്സ്    150   ,,                          
ഉച്ചഭക്ഷണം                450 ,,                      
സ്നാക്സ്,ചായ            150  ,,                      
ഡിന്നര്‍                450 ,,            
           
    400 കാലറിബ്രേക്ക് ഫാസ്റ് എന്നു പറയുന്നതില്‍ നാല് ഇഡ്ലിയും സാമ്പാറും ചായയും ഉള്‍പ്പെടും. ഊണിന് കുറഞ്ഞത് 450 കാലറി. ഒരു ചായയില്‍ 75 കാലറിയും ഒരു ഗ്ളാസ് നാരങ്ങാവെള്ളത്തില്‍ 60 കാലറിയുമുണ്ട്.

    ഒരു ചാണ്‍ വയറിലേക്ക് ഒരു ദിവസം വേണ്ട ഭക്ഷണം എത്രയാണെന്നതിന് ഒരു കണക്കുണ്ടായാല്‍ ഫിറ്റ്നസിനുവേണ്ടി അധികമൊന്നും വിയര്‍ക്കേണ്ട കാര്യമില്ല. ബിഹേവിയര്‍ തെറാപ്പിയിലൂടെ ഭക്ഷണശൈലിയും ഒപ്പം ജീവിതശൈലിയും മാറ്റിയെടുത്താല്‍ ബോളിവുഡ് ഹീറോകളെപ്പോലെ നിങ്ങള്‍ക്കും എവിടെയും തിളങ്ങാം.

0 comments:

Post a Comment