To listen you must install Flash Player.

Wednesday 8 October 2014

ബാങ്കിന്റെ സേവനത്തില്‍ പരാതിയുണ്ടോ ? പരിഹാരം ഉറപ്പാക്കാം, ചെലവില്ലാതെ
Posted on: 08 Oct 2014


എസ് രാജ്യശ്രീ


അനാവശ്യമായി വായ്പ നിഷേധിച്ചു, അധിക പലിശ ഈടാക്കി, വലിയ തുക പ്രോസസിങ് ഫീസായി ഈടാക്കി, തെറ്റായ നിക്ഷേപപദ്ധതികള്‍ക്കായി അനാവശ്യമായി അക്കൗണ്ടിലെ പണം ദുരുപയോഗം ചെയ്തു എന്നുവേണ്ട ബാങ്കുകളെ കുറിച്ച് ഇന്ന് ജനങ്ങള്‍ക്ക് പരാതികളെ പറയാനുള്ളൂ.

എന്നാല്‍ ഇന്ന് ഒരു വ്യക്തിക്കും സ്വന്തം ജീവിതത്തില്‍ നിന്ന് ബാങ്കിനെ ഒഴിച്ചു നിര്‍ത്താനാകുമാകില്ല. നിക്ഷേപിക്കാനും വായ്പയെടുക്കാനും മാത്രമല്ല, വിവിധ തരം പണമിടപാടുകള്‍ക്കെല്ലാം ഇന്ന് ബാങ്കിനെ ആശ്രയിച്ചേ മതിയാകൂ. മല്‍സരം കൂടിയതോടെ മോഹനവാഗ്ദാനങ്ങളുമായി ബാങ്കുകള്‍ നമ്മുടെ വീട്ടുപടിക്കലെത്തുന്നു. നിങ്ങള്‍ അവരുടെ കസ്റ്റമറാകുന്നതു വരെ പ്രലോഭനങ്ങളുമായി അവര്‍ ഒപ്പമുണ്ടാകും. കസ്റ്റമറായി കഴിഞ്ഞാല്‍ തീര്‍ന്നു. പിന്നെ നമുക്കൊരു പരാതിയുണ്ടായാല്‍ കേള്‍ക്കാന്‍ പോലും ആരും ഉണ്ടാകില്ല. ബാങ്കില്‍ കയറിയിറങ്ങി മടുത്താലും നിങ്ങളുടെ പരാതിക്ക് പരിഹാരം കാണാനാകില്ല.

ഇന്ന് ബഹുഭൂരിപക്ഷം ഇടപാടുകാര്‍ക്കും ബാങ്കിനെ സംബന്ധിച്ച് പല വിധ പരാതികളുണ്ട്. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ കൂടി വന്നതോടെ സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കും ബാങ്ക് ഇടപാടുകള്‍ ഒഴിച്ചു നിര്‍ത്തനാകാത്ത സ്ഥിതിയാണിപ്പോള്‍. അതനുസരിച്ച് ബാങ്കുകളെ കുറിച്ചുള്ള പരാതികളും പെരുകയാണ്. ബാങ്ക് അധികൃതരെ സമീപിച്ച് പരാതിപ്പെടാലും കയറിയിറങ്ങി ചെരുപ്പു തേയുമെന്നല്ലാതെ വലിയ ഫലമൊന്നുമില്ല എന്നതാണ് മിക്കവരുടേയും അനുഭവം. ധനനഷ്ടം, മാനനഷ്ടം, സമയനഷ്ടം എന്നിവയെല്ലാം സഹിച്ച് ഒരു കൂട്ടര്‍ മിണ്ടാതിരിക്കും. മറ്റൊരു കൂട്ടരാകട്ടെ ഉപഭോക്തൃകോടതിയില്‍ കേസുമായി അലയും. ഇവര്‍ക്ക് വലിയ തുക ചെലവാക്കേണ്ടിയും വരും.
 

എന്നാല്‍ അറിയുക ബാങ്കിനെ കുറിച്ച് നിങ്ങള്‍ക്കുള്ള പരാതികള്‍ക്ക് ചെലവൊന്നും ഇല്ലാതെ സമയബന്ധിതമായി പരിഹാരം കാണാന്‍ കഴിയും. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ബാങ്കിംങ് ഓംബുഡ്‌സ്മാന് പരാതിനല്‍കുക. സേവനത്തിലെ പോരായ്മയുടെ പേരില്‍ പത്തു ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിന് ഉത്തരവിടാനുള്ള അധികാരം ഓംബുഡ്‌സ്മാനുണ്ട്. അതിനു പുറമെ ഉപഭോക്താവിനുണ്ടാകുന്ന മാനസികവിഷമം, ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് ഒരു ലക്ഷം വരെ പിഴ വിധിക്കാനും ഓംബുഡ്‌സ്മാന് കഴിയും. കോടതിയുടെ പരിഗണനയില്‍ വന്ന പരാതികള്‍ ഓംബുഡ്‌സ്മാന്‍ സ്വീകരിക്കില്ല. അതേസമയം ഓംബുഡ്‌സ്മാന്റെ ഉത്തരവില്‍ തൃപ്തിയില്ലെങ്കില്‍ പരാതിക്കാരന് ഉപഭോക്തൃ കോടതിയെ സമീപിക്കാം.
 

വിദേശ ബാങ്കുകള്‍, പൊതു സ്വകാര്യബാങ്കുകള്‍, സഹകരണബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ എന്നിവയടക്കം എല്ലാത്തരം ബാങ്കുകളെ സംബന്ധിച്ച ഏതുതരം പരാതികളും ഓംബുഡ്‌സ്മാന്‍ പരിഗണിക്കും. ബാങ്കിന്റെ ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന റീജിയണിലെ ഓംബുഡ്‌സ്മാനു വേണം പരാതി നല്‍കാന്‍. കേരളത്തിലെ ഉപഭോക്താക്കള്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് പരാതി നല്‍കേണ്ടത്. വെള്ള പേപ്പറില്‍ പരാതി എഴുതി നേരിട്ട് നല്‍കുകയോ പോസ്റ്റിലയയ്ക്കുകയോ ചെയ്യാം. ആര്‍ബിഐയുടെ ബാങ്കിങ് ഓബുഡ്‌സ്മാന്‍ സ്‌കീം എന്ന സെറ്റ് വഴി നിശ്ചിത അപേക്ഷാ ഫോമില്‍ ഓണ്‍ ലൈനായും പരാതി നല്‍കാം.
 

എന്നാല്‍ പരാതിയുമായി ഓംബുഡ്‌സ്മാനെ സമീപിക്കും മുമ്പ് ഒരു കാര്യം ചെയ്തിരിക്കണം. എന്തു പരാതിയായാലും അത് ആദ്യം ബാങ്കിന്റെ മേലധികാരിയ്ക്ക് നല്‍കണം. ഈ പരാതിക്ക് മറുപടി കിട്ടാതിരിക്കുകയോ കിട്ടിയ മറുപടിയില്‍ തൃപ്തിയില്ലാതിരിക്കുകയോ ചെയ്താല്‍ മാത്രമേ ഓംബുഡ്‌സ്മാന്റെ അടുത്തേയ്ക്ക് പോകാവൂ. ബാങ്കിന് പരാതി നല്‍കാതെ നേരിട്ട് സമീപിച്ചാല്‍ ഓംബുഡ്‌സ്മാന്‍ നിങ്ങളുടെ പരാതി സ്വീകരിക്കില്ല.

അറിയുക പണചെലവില്ലാതെ , നിശ്ചിത സമയപരിധിക്കുള്ളില്‍ പരിഹാരംനേടാനുള്ള മാര്‍ഗമാണിത്.
 

Banking Ombudsman
 
C/o Reserve Bank of India
Bakery Junction
Thiruvananthapuram-695 033
Tel.No.0471-2326852
/2332723/2323959
Fax No.0471-2321625


rajyasreesajeev@gmail.com

0 comments:

Post a Comment