To listen you must install Flash Player.

Sunday 4 August 2013


എച്ച്.ഐ.വി. പരിശോധനയ്ക്ക് വെറുമൊരു ഡി.വി.ഡി. മതി!




ലോകത്തിന് മുന്നില്‍ വലിയ ചോദ്യചിഹ്നമാണ് എച്ച്.ഐ.വി. എന്ന അണുബാധയെ തുടര്‍ന്ന് മനുഷ്യനുണ്ടാകുന്ന എയ്ഡ്‌സ്. കഴിഞ്ഞ വര്‍ഷം എയ്ഡ്‌സ് മൂലം മരണമടഞ്ഞവരുടെ എണ്ണം 17 ലക്ഷമാണ്. എയ്ഡ്‌സിന് ഇന്നും മരുന്നൊന്നും മനുഷ്യന്‍ കണ്ടുപിടിച്ചിട്ടില്ല. പക്ഷേ, എച്ച് ഐ.വി. ബാധിച്ച മനുഷ്യന്‍ പൂര്‍ണമായ എയ്ഡ്‌സ് രോഗിയായി മാറാതെ നോക്കുന്നതില്‍ നിലവിലുള്ള റിട്രോവൈറല്‍ ചികിത്സ വലിയ തോതില്‍ വിജയിച്ചിട്ടുണ്ട്. അണുബാധയുടെ കാര്യം കഴിവതും വേഗം തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ മാത്രമേ അത് ഫലിക്കൂ.

എച്ച്. ഐ.വി. പരിശോധന ഇന്നും ദരിദ്രരാജ്യങ്ങളില്‍ വ്യാപകമല്ല എന്നതാണ് വാസ്തവം. രോഗനിര്‍ണയ സാമഗ്രികള്‍ ഇന്നും ചിലവേറിയതാണ്, രോഗനിര്‍ണയത്തിന് സമയം കൂടുതല്‍ വേണം. ഇതുകൊണ്ട് തന്നെ എയ്ഡ്‌സിന്റെ വിളനിലമായ സഹാറയ്ക്ക് തെക്കുള്ള (സബ്‌സഹാറന്‍) ആഫ്രിക്കയില്‍ അണുബാധയുടെ വ്യാപനം കാര്യമായി നിയന്ത്രിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിയുന്നുമില്ല.

ഈ സാഹചര്യത്തിലാണ് സ്വീഡനിലെ ഒരു സംഘം ഗവേഷകരുടെ കണ്ടുപിടിത്തം പ്രത്യാശയാകുന്നത്. സ്വീഡനിലെ റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന അമാന്‍ റസ്സോമിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് വെറുമൊരു ഡി.വി.ഡി ഉപയോഗിച്ച് നിമിഷങ്ങള്‍ കൊണ്ട് രോഗനിര്‍ണയം നടത്താനുള്ള വിദ്യ കണ്ടുപിടിച്ചത്.

പ്രത്യേകമായി വികസിപ്പിച്ച അര്‍ദ്ധസുതാര്യമായ ഡിസ്‌കുകളിലെ സൂക്ഷ ചാനലുകളില്‍ രക്തസാമ്പിള്‍ ലോഡ് ചെയ്യുന്നു. ഈ ഡിസ്‌ക് ഒരു ഡിസ്‌ക് റീഡറില്‍ സ്‌കാന്‍ ചെയ്യുന്നു. മില്ലിമീറ്ററിന്റെ ആയിരത്തിലൊന്നു വരെ തിരിച്ചറിയാന്‍ ശേഷിയുള്ള സ്‌കാനറിന്, ചാനലുകളിലൂടെ കടന്നു വരുന്ന പ്രകാശത്തിന് രക്താണുക്കള്‍, ആര്‍.എന്‍.എ., ഡി.എന്‍.എ പ്രോട്ടീനുകള്‍ എന്നിവ തിരിച്ചറിയാന്‍ കഴിയും. അതായത് രക്തപരിശോധനയുടെ ഫലം നിമിഷങ്ങള്‍ കൊണ്ട് ലഭിക്കുമെന്നര്‍ത്ഥം.

എയ്ഡ്‌സ് ബാധ വലിയ പ്രശ്‌നമായ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എരിട്രിയയില്‍ ജനിച്ച റുസോമിന് ഡി.വി.ഡി. ഉപയോഗിച്ചുളള രക്തപരിശോധന രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പ്രവാര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. 'ആദ്യവര്‍ഷം ഞങ്ങള്‍ ഈ സാങ്കേതികവിദ്യ കുറേക്കൂടി കുറ്റമറ്റതാക്കും, അതിനു ശേഷം ഒരു ക്ലിനിക്കല്‍ സാമ്പിളില്‍ പരീക്ഷിച്ചുനോക്കും. പിന്നീട് ഈ വിദ്യ ഉപയോഗിക്കാന്‍ തയ്യാറുള്ള പങ്കാളികള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യും' - അദ്ദേഹം പറഞ്ഞു.

ഇതേ വരെയുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയനാണ് ധനസഹായം ചെയ്തത്. ഗവേഷണസംഘം ഇപ്പോള്‍ അന്വേഷിക്കുന്നത് ഈ സാങ്കേതികവിദ്യ രോഗികളിലെത്തിക്കാന്‍ കഴിവുള്ള പങ്കാളികളെയും കൂടുതല്‍ ധനസഹായവുമാണ്.

ഫ്ലോപ്പി ഡിസ്‌കുക്കളെ ഡി.വി.ഡി.കള്‍ കാലഹരണപ്പെടുത്തിയതു പോലെ പെന്‍ഡ്രൈവുകളും മെമറി കാര്‍ഡുകളും ഡി.വി.ഡിയെയും കാലഹരണപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും വളരെ സുസജ്ജമായ ഡി.വി.ഡി. നിര്‍മാണ സംവിധാനങ്ങള്‍ ഇന്നും നാട്ടില്‍ സുലഭമാണ്. അതുപോലെത്തനെ ഉയര്‍ന്ന റിസൊല്യൂഷന്‍ ശേഷിയുള്ള റീഡറുകളും.

റുസ്സോമിന്റെ സ്വപനം സാക്ഷാത്കരിക്കുകയാണെങ്കില്‍ ഇന്നത്തെ നിലയില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ആയിരക്കണക്കിന് എച്ച്.ഐ.വി. അണുബാധിതരെ ചികിത്സയുടെ കുടക്കീഴില്‍ എത്തിക്കാന്‍ ഡി.വി.ഡി.പരിശോധനകള്‍ക്ക് സാധിക്കും.

കടപ്പാട്-------------Mathrubhumi 


0 comments:

Post a Comment