To listen you must install Flash Player.

Thursday 25 July 2013


വീട്ടിലെ ചികില്‍സയ്ക്ക്‌ പാര്‍ശ്വഫലങ്ങളില്ലാത്ത നാട്ടുമരുന്നുകള്‍


ചുമയോ, ജലദോഷമോ പനിയോ ഒക്കെ വന്നാല്‍ ഉടന്‍ ആശുപത്രിയിലേക്കോടുന്നത്‌ നമ്മുടെ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. സാധാരണ അസുഖങ്ങള്‍ക്ക്‌ നമ്മുടെ വീട്ടില്‍വെച്ചു തന്നെ നല്‍കാവുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത നിരവധി മരുന്നുകളുണ്ട്‌. തുളസിയിലയും കുരുമുളകും ചേര്‍ത്ത്‌ തിളപ്പിച്ച കഷായം കൂടെക്കൂടെ കുടിക്കുന്നത്‌ മുക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാം ആശ്വാസം പകരുന്നതാണ്‌. . ശരീരത്തിന്റെ ആരോഗ്യത്തിന്‌ ഒരു അനുകൂലഘടകമായി പനി എന്ന രോഗത്തെ പ്രകൃതിചികിത്സകര്‍ കാണുന്നു. ചൂടുകുറയ്ക്കാന്‍ ഇടയ്ക്കിടെ ശരീരം മുഴുവന്‍ വെളളം നനച്ചു തുടയ്ക്കുകയും 20 മിനിട്ട്‌ നേരം വയറ്റത്തും, നെഞ്ചിലും തോര്‍ത്ത്‌ വെളളത്തില്‍ നനച്ച്‌ ഇടുകയും വേണം. പനിക്കൂര്‍ക്കയുടെ ഇലവാട്ടി പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ചേര്‍ത്ത്‌ പലവട്ടം കൊടുക്കുന്നത്‌ കുഞ്ഞുങ്ങളിലെ ചുമ, പനി, ജലദോഷം ഇവയ്ക്കെല്ലാം ഏറെ ഫലപ്രദമാണ്‌. ആടലോടകത്തിന്റെ ഇലയുടെ നീരില്‍ തേന്‍ചേര്‍ത്ത്‌ പലപ്രാവശ്യം കൊടുക്കുന്നതും ചുമ, ആസ്‌ത്‌മ തുടങ്ങിയ അസുഖങ്ങള്‍ക്ക്‌ നല്ലതാണ്‌. ഒരുസ്‌പൂണ്‍ ചെറുനാരങ്ങാനീരും, ഒരുസ്‌പൂണ്‍ തുളസിനീരും ചേര്‍ത്ത്‌ കുടിക്കുന്നത്‌ കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തെയും കഫക്കെട്ടിനെയും ശമിപ്പിക്കും. ദിവസവും 3 സ്‌പൂണ്‍ ചെറുപയര്‍ മുളപ്പിച്ച്‌ കഴിക്കുന്നതും നല്ലതാണ്‌.

മുറിവുണങ്ങാന്‍ മരുന്നുകള്‍ 

കുട്ടികള്‍ കളിക്കുന്നതിനിടയില്‍ മുറിവുകള്‍ ഉണ്ടാകുന്നത്‌ സാധാരണയാണ്‌. മുറിവില്‍ മഞ്ഞള്‍പ്പൊടി വിതറുന്നത,്‌ മുറിവ്‌ പഴുക്കാതിരിക്കാന്‍ സഹായിക്കുന്നു. മഞ്ഞള്‍ നല്ല ഒരു ആന്റിസെപ്‌റ്റിക്‌ ഔഷധമാണ്‌. പച്ചമഞ്ഞള്‍, പുളിയില ഇവ അരച്ച്‌ പുരട്ടുന്നതും, തുളസിനീരില്‍ മഞ്ഞള്‍ ചേര്‍ത്ത്‌ പുരട്ടുന്നതും, പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന ചൊറിച്ചില്‍, തടിപ്പ്‌, എന്നിവയ്ക്ക്‌ ഫലപ്രദമാണ്‌. പച്ചമഞ്ഞള്‍ ചതച്ചിട്ട്‌ തിളപ്പിച്ച വെളളം മുറിവ്‌ കഴുകാനും ഉപയോഗിക്കാം.

കുട്ടികള്‍ക്ക്‌ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാം 

കുട്ടികള്‍ക്ക്‌ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ധിക്കാന്‍ ബ്രാഹ്മിനീര്‌ വെണ്ണയിലോ, നെയ്യിലോ ചേര്‍ത്ത്‌ പതിവായി കൊടുക്കുന്നത്‌ നല്ലതാണ്‌. ഒരു ടീസ്‌പൂണ്‍ നെയ്യില്‍ അര ടീസ്‌പൂണ്‍ ബ്രഹ്മിനീര്‌ ചേര്‍ത്താണ്‌ കൊടുക്കേണ്ടത്‌. കൊട്ടം, വയമ്പ്‌, കടുക്കാത്തോട്‌, ബ്രാഹ്മി, താമരവല്ലി ഇവ പൊടിച്ച്‌ തേനും, നെയ്യും ചേര്‍ത്ത്‌ കുഴച്ച്‌ കുട്ടികള്‍ക്ക്‌ കൊടുത്താല്‍ നിറം, ആയുസ്‌, കാന്തി എന്നിവയുണ്ടാകും.

ദഹനക്കേടിനും വയറുവേദനയ്ക്കും മരുന്നുകള്‍ 

ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഔഷധമാണ്‌ ഇഞ്ചി. ഇഞ്ചിനീരില്‍ തേന്‍ചേര്‍ത്ത്‌ കൊടുത്താല്‍ ദഹനക്കുറവ്‌, വയറിളക്കം, എന്നിവ ശമിക്കും. നാരങ്ങനീരില്‍ ഇഞ്ചിയും, ഉപ്പും ചേര്‍ത്തു കഴിക്കുന്നതും, തൈരില്‍ ഇഞ്ചിയും, ഉപ്പും ചേര്‍ത്തു കഴിക്കുന്നതും വയറുവേദനയ്ക്ക്‌ നല്ലതാണ്‌. കറിവേപ്പിലയും ദഹനത്തിന്‌ ഉത്തമമാണ്‌. പല കാരണങ്ങള്‍കൊണ്ടും വയറുവേദനയുണ്ടാകാം. ദഹനക്കേട്‌ മുതല്‍ അര്‍ബുദരോഗം വരെയുളള അസുഖങ്ങള്‍ക്ക്‌ വയറുവേദന ഒരു രോഗലക്ഷണം മാത്രമാണ്‌. ജാതിക്ക അരച്ച്‌ ശര്‍ക്കരനീരില്‍ കൊടുക്കുന്നത്‌ ദഹനം വര്‍ധിപ്പിക്കുകയും വയറ്റിലെ ഗ്യാസിന്‌ ശമനം വരുത്തുകയും ചെയ്യും.

മലബന്ധം അകറ്റാം 

മലബന്ധമകറ്റാന്‍ ധാരാളം ഇലക്കറികളും, പച്ചക്കറികളും, പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മുളപ്പിച്ച ചെറുപയറും, തവിടുകളയാത്ത അരിയും മലബന്ധത്തിന്‌ നല്ലതാണ്‌. ആവശ്യത്തിന്‌ വെളളം കുടിക്കണം. രാവിലെയുളള വ്യായാമം മലബന്ധം കുറയ്ക്കുന്നു. ബ്രാഹ്മിനീര്‌ കൊടുക്കുന്നത്‌ കൊച്ചുകുഞ്ഞുങ്ങളുടെ മലബന്ധത്തേയും ഇല്ലാതാക്കും.

ഛര്‍ദ്ദിയ്ക്ക്‌ ആശ്വാസം

ഛര്‍ദ്ദിയുണ്ടായാല്‍ കുട്ടിക്ക്‌ തേന്‍ കൊടുക്കുന്നത്‌ നല്ലതാണ്‌. കരിക്കിന്‍വെളളവും ഛര്‍ദ്ദിയുളളവര്‍ക്ക്‌ കൊടുക്കാം. പഴച്ചാറുകള്‍, കരിക്ക്‌, തേന്‍വെളളം ഇവ കുട്ടികള്‍ക്ക്‌ കുടിക്കാന്‍ കൊടുക്കാം. ധാരാളം വെളിച്ചവും, വായുവും കടക്കുന്ന മുറിയില്‍ കുട്ടികളെ വിശ്രമിക്കാന്‍ അനുവദിക്കണം
.
ത്വക്ക്‌ രോഗങ്ങള്‍ നിയന്ത്രിക്കാം 

കുട്ടികള്‍ക്ക്‌ ത്വക്ക്‌ രോഗങ്ങള്‍ പലവിധത്തില്‍ കണ്ടുവരുന്നുണ്ട്‌. പഴവര്‍ഗങ്ങള്‍ കുട്ടികള്‍ക്ക്‌ ധാരാളം കൊടുക്കാവുന്നതാണ്‌. നാളികേരപാല്‍ വെന്ത വെളിച്ചെണ്ണ തേച്ച്‌ കുളിക്കുന്നത്‌ നല്ലതാണ്‌. പ്ലാവിലയും, മഞ്ഞളും ഇട്ട്‌ തിളപ്പിച്ച വെളളം കുളിക്കാനുപയോഗിക്കുന്നത്‌ ഗുണപ്രദമായി കണ്ടിട്ടുണ്ട്‌. കുളിക്കുമ്പോള്‍ സോപ്പ്‌, ഷാമ്പൂ എന്നിവ ഉപയോഗിക്കരുത്‌.
   

0 comments:

Post a Comment