കുട്ടികൾക്ക് വേണ്ടത് നല്ല ശിക്ഷണം
ഏഴുവയസ്സുകാരനാണ് രാഹുൽ. അവന് ദേഷ്യം വരുമ്പോൾ
അച്ഛനും അമ്മയ്ക്കും വരെ പേടിയാണ്. കണ്ണിൽ കണ്ടതെല്ലാം അന്നേരം തന്നെ
തല്ലിത്തകർക്കും. ആശ്വസിപ്പിക്കാൻ ചെന്നാലും രക്ഷയില്ല. മാന്തിയും
പിച്ചിയുമായിരിക്കും പ്രതികരണം. രാഹുലിനെയും കൊണ്ട് പുറത്തുപോകേണ്ട അവസരങ്ങൾ വരുമ്പോൾ
ഏറെ ടെൻഷൻ രക്ഷിതാക്കൾക്കാണ്. വളരെ വൈകിയാണ് ഗുരുതരമായ സ്വഭാവവൈകല്യമാണ് തങ്ങളുടെ
പൊന്നുമകനെന്ന കാര്യം അവർ തിരിച്ചറിഞ്ഞത്.
കുസൃതിക്കും കുറുമ്പിനുമിടയിലുള്ള കുട്ടികളുടെ സ്വഭാവൈകല്യങ്ങൾ പലപ്പോഴും രക്ഷിതാക്കൾക്ക് മനസ്സിലാകാറില്ല. എന്താണ് ഈ കുട്ടിയിങ്ങനെ എന്നു സങ്കടപ്പെടുക മാത്രമാണ് പതിവ്. ഇത്തരം പ്രശ്നങ്ങൾക്കൊക്കെ ചികിത്സയുണ്ടെങ്കിലും പല കാരണങ്ങളാൽ കൃത്യസമയത്ത് ലഭിക്കാറില്ല.
കുസൃതിക്കും കുറുമ്പിനുമിടയിലുള്ള കുട്ടികളുടെ സ്വഭാവൈകല്യങ്ങൾ പലപ്പോഴും രക്ഷിതാക്കൾക്ക് മനസ്സിലാകാറില്ല. എന്താണ് ഈ കുട്ടിയിങ്ങനെ എന്നു സങ്കടപ്പെടുക മാത്രമാണ് പതിവ്. ഇത്തരം പ്രശ്നങ്ങൾക്കൊക്കെ ചികിത്സയുണ്ടെങ്കിലും പല കാരണങ്ങളാൽ കൃത്യസമയത്ത് ലഭിക്കാറില്ല.
കാരണങ്ങൾ
കുടുംബം തന്നെയാണ് കുട്ടികളിലെ സ്വഭാവവൈകല്യങ്ങൾക്ക്
പ്രധാനകാരണം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ, ശിഥിലമായ കുടുംബബന്ധങ്ങൾ, സ്കൂൾ
സാഹചര്യങ്ങൾ, കൂട്ടുകാർ, ബന്ധുക്കൾ
എന്നിങ്ങനെ കാരണങ്ങൾ നിരവധിയുണ്ട്.
ശിക്ഷ എങ്ങനെ
കുഞ്ഞുങ്ങളെ എപ്പോഴാണ് ശിക്ഷിക്കേണ്ടതെന്ന കാര്യത്തിൽ
രക്ഷിതാക്കൾക്ക് യാതൊരു ധാരണയുമില്ല എന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും
അവർക്കുണ്ടാകുന്ന പ്രശ്നങ്ങൾക്കുപോലും ആവശ്യമില്ലാതെ മക്കളെയായിരിക്കും
തല്ലിത്തീർക്കുക. കുറ്റത്തിനനുസരിച്ചായിരിക്കില്ല പലപ്പോഴും ശിക്ഷ. ചില കുട്ടികൾ
ശിക്ഷയെ തുടർന്ന് കൂടുതൽ ആക്രോശിക്കുകയും അതിക്രമം കാണിക്കുകയും ചെയ്യും. അപ്പോൾ
രക്ഷിതാക്കൾ ഒന്നുമടിക്കും. ഇങ്ങനെ ചെയ്താൽ ശിക്ഷ ലഭിക്കില്ലെന്ന പാഠമാകും അവന്
ലഭിക്കുന്നത്. അതിനാൽ ശിക്ഷ പരമാവധി ഒഴിവാക്കി സ്നേഹപൂർണമായി കാര്യങ്ങൾ
പറഞ്ഞുകൊടുക്കാൻ ശ്രമിക്കുക.
പ്രശ്ന ബന്ധങ്ങൾ
സൂക്ഷിച്ചില്ലെങ്കിൽ അത്യധികം അപകടകരമായ
സാഹചര്യങ്ങളിൽ കൂടിയാണ് കുട്ടികൾ കടന്നുപോകുന്നത്. കുട്ടികളെ തെറ്റായരീതിയിൽ
ഉപയോഗിക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ അവരെ മാനസികമായി തകർത്തേക്കാം. ഇന്ന്
ഇങ്ങനെയുള്ള വാർത്തകൾ വർദ്ധിച്ചുവരികയാണ്. ഏതൊക്കെ സാഹചര്യങ്ങൾ തെറ്റാണെന്ന്
മനസ്സിലാക്കാനും അത്തരമൊരു അനുഭവമുണ്ടായാൽ രക്ഷിതാക്കളുമായി പങ്കുവയ്ക്കാനുള്ള
അടുപ്പവും അവർക്കുണ്ടാകണം. വേണ്ടാത്തിടത്ത് നോ എന്നുപറയാനുള്ള
ആർജ്ജവമുണ്ടാക്കിയെടുക്കണം.
മുൻകോപികൾ
ശാന്തസ്വഭാവമുള്ളവരും മുൻകോപക്കാരുമാണ് കൂടുതൽപേരും.
ഇതിന്റെ നടുവിലുള്ള സ്വഭാവമായിരിക്കും ബാക്കിയുള്ളവർക്ക്. കോപാകുലരായ കുട്ടികൾ
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി എന്ന വൈകല്യമുള്ളവരായിരിക്കാൻ സാദ്ധ്യതയുള്ളവരാണ്.
മാതാപിതാക്കളുടെ അനുഭാവപൂർണമായ പെരുമാറ്റവും പരിചരണവും കൊണ്ടുമാത്രമേ ഇവരെ
നിയന്ത്രിക്കാൻ കഴിയൂ.
തെറ്റിന്റെ വഴി
മാതാപിതാക്കളുടെ സ്വഭാവം, പാരമ്പര്യം എന്നിവയും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ
സ്വാധീനിക്കും. കുറ്റവാളികളും മാനസികരോഗികളും മദ്യപാനികളുമായ രക്ഷിതാക്കൾ തെറ്റായ
സന്ദേശമായിരിക്കും കുട്ടികൾക്ക് നൽകുന്നത്. മാതാപിതാക്കളുടെ വിഷാദരോഗം, വ്യക്തിത്വവൈകല്യം എന്നിവയും കുട്ടികളുടെ വഴി തെറ്റിക്കും.
സ്കൂൾ സാഹചര്യം
സ്വഭാവവൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേകപരിചരണവും
ശ്രദ്ധയും ആവശ്യമാണ്. പലപ്പോഴും വഴക്കാളികൾ എന്ന രീതിയിൽ മാത്രമാണ് അവർ
പരിഗണിക്കപ്പെടുന്നത്. ഇത്തരം കുട്ടികൾക്ക് കഴിവുകുറയുന്നതോടൊപ്പം മറ്റു
കുട്ടികളുമായി ആരോഗ്യപരമായി ഇടപെടാനും കഴിയാതെ വരും. സ്കൂളിലെ പഠനരീതിയും ഇവരെ
വിഷമിപ്പിക്കും. അദ്ധ്യാപകരും മാതാപിതാക്കളും തമ്മിലുള്ള ആശയവിനിമയം നന്നായാൽ
മാത്രമേ ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികളെ കൈകാര്യം ചെയ്യാൻ കഴിയൂ. കുട്ടി മോശമായി
പെരുമാറുമ്പോൾ അതു അദ്ധ്യാപകരുടെ തെറ്റാണെന്ന് വരുത്തിതീർക്കരുത്.
സമൂഹം
സാമ്പത്തിക പ്രയാസങ്ങൾ, ദാരിദ്ര്യം, ഒറ്റപ്പെട്ടുള്ള ജീവിതാവസ്ഥ എന്നിവയൊക്കെ
സ്വഭാവവൈകല്യത്തിന് കാരണമായേക്കാം. പണം മാത്രമാണ് വലുതെന്ന സന്ദേശം സമൂഹത്തിൽ
നിന്നും ലഭിക്കുന്ന കുട്ടികൾ ഏതുവിധേനെയും പണമുണ്ടാക്കാൻ ശ്രമിക്കുന്നു.
മാതാപിതാക്കളെ ദീർഘകാലമായി പിരിഞ്ഞിരിക്കേണ്ടി വരുന്നതും കൂട്ടുകാരിൽ നിന്നുള്ള
അവഗണനയും സ്വഭാവവൈകല്യമായേക്കാം. കൗമാരകാലത്ത് ചീത്ത കൂട്ടുക്കെട്ടുകളിൽപെടുന്നതും
മോഷണം, മദ്യപാനം, മയക്കുമരുന്ന്
എന്നിങ്ങനെയുള്ള ശീലങ്ങളിലേക്ക് നയിക്കും. ഇങ്ങനെയുള്ള കുട്ടികൾക്ക്
സ്വഭാവവൈകല്യപ്രശ്നങ്ങൾ കണ്ടേക്കാം.
കുട്ടികളെ നന്നായി മനസ്സിലാക്കാൻ കഴിയുന്നവർക്ക്
മാത്രമേ നല്ല രക്ഷിതാക്കളായി മാറാൻ കഴിയൂ. കുട്ടികളുടെ മനസ്സൊന്നുവാടുമ്പോൾ അത് തിരിച്ചറിയാൻ
കഴിയണം. അവർക്കുണ്ടാകുന്ന ഏതുപ്രശ്നങ്ങളും പങ്കിടാനുള്ള അടുപ്പം അച്ഛനോടും
അമ്മയോടും വേണം. കുട്ടികളുടെ യഥാർത്ഥപ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ട
ചികിത്സാരീതികൾ ലഭ്യമാക്കുന്നതിനോ അവർക്ക് ആവശ്യമുള്ള പഠനരീതി നടപ്പിലാക്കുന്നതിനോ
ശ്രദ്ധിക്കണം
0 comments:
Post a Comment