To listen you must install Flash Player.

Wednesday 24 July 2013


കുടുംബം: ത്യാഗമുണ്ടെങ്കിലേ നിലനില്‍ക്കൂ – എം.ലീലാവതി

Decrease Font Size
1
ഇന്ന് സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള വഴക്കും വേര്‍പിരിയലും വലിയ വാര്‍ത്തകളായി ഇടം പിടിക്കുന്നുണ്ട്. എനിക്കു തോന്നുന്നത്, അത് കേരളീയ സമൂഹത്തെ ആകെ ബാധിച്ച ഒരു രോഗമായി കാണാനാവില്ല എന്നാണ്. മദ്യത്തിന്റെ ഉപയോഗം കൂടിയതനുസരിച്ച്, കുടുംബങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് സാധാരണ കുടുംബങ്ങളെ ബാധിക്കുന്നുമില്ല. ബോധമനസ്സിന്റെ ശൈഥില്യംകൊണ്ട് ചിലര്‍ പരിധിവിട്ടു പോകുന്നതാണ്. ഇത് പ്രധാനമായും മദ്യപാനത്തിന്റെ ഫലമാണ്. 

ഭര്‍ത്താവുള്ള സ്ത്രീ, കാമുകന്റെ കൂടെ പോകുന്നതായി വാര്‍ത്തവായിക്കാറുണ്ട്. ഭര്‍ത്താവിനെ കൊന്ന സംഭവങ്ങളും കേട്ടിട്ടുണ്ട്. ഇതെല്ലാം കുടുംബജീവിതത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. പൊതു പ്രവണതയല്ല.

തീര്‍ച്ചയായും, നമ്മുടെ ജീവിതവും ഒരു പരിണാമഘട്ടത്തിലാണ്. പാശ്ചാത്യ ജീവിതത്തിന്റെ സ്വാധീനഫലമായി സ്വാതന്ത്ര്യബോധം വര്‍ദ്ധിച്ചിട്ടുണ്ട്. ഫെമിനിസവും അതിന്റേതായ പങ്കുവഹിച്ചു. ഒരാളുമായുള്ള ബന്ധം സുഖമല്ലാതായി തോന്നിയാല്‍ ഉടനെ ഉപേക്ഷിക്കാനുള്ള മനസ്സ്, ഇങ്ങനെ ഉണ്ടാകുന്നതാണ്. സ്ത്രീകള്‍ക്ക് ഇന്ന് കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. എല്ലാവരുടെയും കാര്യമല്ല പറയുന്നത്. സ്ത്രീ, പുരുഷനൊപ്പമാണെന്ന് കരുതുന്നവരും വര്‍ധിച്ചിട്ടുണ്ട്. ഒരാളുടെ കീഴില്‍ വിധേയത്വത്തോടെ നില്‍ക്കാന്‍ തയ്യാറല്ലാത്തവര്‍, ബന്ധങ്ങള്‍ ഉപേക്ഷിക്കുകയാണ് പതിവ്. ദാമ്പത്യബന്ധത്തിലെ ചെറിയ പിണക്കങ്ങള്‍പോലും, കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാം.

സാമ്പത്തിക വളര്‍ച്ചയുടെ മറ്റൊരു ദുര്യോഗമാണിന്ന് നാമിന്ന് കാണുന്നത്. സ്ത്രീകളുടെ ശബ്ദം ഇന്ന് കുറച്ചെങ്കിലുമൊക്കെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വിദ്യാഭ്യാസം, ജോലി, ധനസ്ഥിതി, സ്വാതന്ത്ര്യബോധം എന്നിവയെല്ലാം, വ്യക്തിയെന്ന നിലയിലുള്ള മനോഭാവത്തെയും മാറ്റി മറയ്ക്കുന്നു.

ഇത് നമ്മുടെ നാട്ടിലെ മാത്രം സ്ഥിതിയല്ല. ആഗോളപ്രവണതയാണ്. ആഗോള ജീവിത പ്രവണതകള്‍ ഇവിടെയും പ്രതിഫലിക്കുന്നു എന്നേയുള്ളു.

നമ്മുടെ സാംസ്‌കാരിക പാരമ്പര്യം പൂര്‍ണ്ണമായി തകര്‍ന്നു എന്നു പറയാറായിട്ടില്ല. മാതാപിതാക്കള്‍ ഇപ്പോഴും കുട്ടികളെ കരുതലോടെയാണ് ഇവിടെ വളര്‍ത്തുന്നത്. പാശ്ചാത്യ സംസ്‌കാരമെന്താണ്? കുട്ടികളെ അവര്‍ വിദ്യാഭ്യാസം നല്‍കി പുറന്തള്ളുകയാണ്. ചിലപ്പോള്‍ വിദ്യാഭ്യാസവും നല്‍കുന്നില്ല. പല തൊഴിലുകളുമെടുത്താണ് അവിടെ കുട്ടികള്‍ പഠിക്കുന്നത്.

നമ്മുടെ നാട്ടില്‍ കുട്ടികളുടെ ഭാവിയെ പരമപ്രധാനമായി കാണുന്ന മാതാപിതാക്കളാണ് കൂടുതലും. കുട്ടികളോടുള്ള സ്‌നേഹവും പ്രകടമാണ്. നമ്മുടെ പാരമ്പര്യത്തെപ്പറ്റിയുള്ള വിശ്വാസം ഉണ്ടായാല്‍, ഇന്നത്തെ പല കുഴപ്പങ്ങളും പരിഹരിക്കാനാകും. സ്ത്രീക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടിയത് എങ്ങനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കണം. സ്വാതന്ത്ര്യം കിട്ടിയതുകൊണ്ട് കുടുംബം വേണ്ടെന്ന് വച്ചാല്‍, കുട്ടികളെ അത് ബാധിക്കും. അവരുടെ ജീവിതം വഴി മാറിപ്പോകും. സ്വാര്‍ത്ഥത പരിധിവിട്ടാല്‍ ബന്ധം നശിക്കും. കുടുംബബന്ധങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ദമ്പതികള്‍ ത്യാഗം അനുഷ്ഠിക്കണം. അമ്മയാകുക എന്ന് പറഞ്ഞാല്‍ അതിലൊരു ഉത്തരവാദിത്തം ഉണ്ട്. കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണത്. അതുകൊണ്ട് സ്ത്രീ തന്റെ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത്, ആ ഉത്തരവാദിത്തം നശിപ്പിക്കാന്‍ പാടില്ല. ദമ്പതികള്‍ക്ക് കുട്ടിയുണ്ടാകുമ്പോള്‍, ആ പുതിയ അംഗത്തിനോടുള്ള ഉത്തരവാദിത്തം നിറവേറ്റാനാകണം. അമ്മയാകാന്‍ പുറപ്പെട്ടവര്‍ ഇതു ഉള്‍ക്കൊള്ളണം. അതിനു തയ്യാറല്ലാത്തവര്‍ അമ്മയാകാന്‍ ശ്രമിക്കാതിരക്കയാണ് നല്ലത്.

0 comments:

Post a Comment