അറിവ് വെറും അറിവല്ല, അത് അധികാരമാണ്
എങ്ങനെ ഭൂപടം ഉണ്ടായി? യൂറോപ്പ് ഒരു ഭൂഖണ്ഡമാണല്ലോ. എങ്ങനെ യൂറോപ്പ് ഭൂഖണ്ഡമായി? ആഫ്രിക്കയും, ലാറ്റിനമേരിക്കയും ഏഷ്യയും ഒക്കെ പോലെ ഭൂഖണ്ഡമാകാനുള്ള എന്തു വകയാണു യൂറോപ്പിനുള്ളത്? ഒരു വകയുമില്ല. യൂറോപ്പ് ആണ് ലോകം ഭരിച്ചിരുന്നത്, അത്രേയുള്ളൂ. ഇതു വളരെ ലളിതമാണെന്ന് തോന്നുന്നത് കൊണ്ട് നമുക്ക് വിശ്വസിക്കാൻ തോന്നുന്നില്ലെന്ന് മാത്രം. കാര്യങ്ങളിത്ര നേർക്ക്നേർ വരുമ്പോൾ അത്രയുമായിരിക്കില്ല, അതിൽ കൂടുതൽ ഉണ്ടാകും എന്നു കരുതും. അപ്പോ പിന്നെ, മെക്കാർട്ടർ പ്രൊജക്ഷനിൽ തുടങ്ങിയങ്ങനെ പലതിനെപ്പറ്റിയും പറയേണ്ടിവരും.ഇവിടെ നമ്മുടെ ആലോചന അറിവ് എങ്ങനെ ആ പദവി കൈവരിക്കുന്നു എന്നതാണ്. അറിവ് യഥാർത്ഥത്തിൽ കേവലജ്ഞാനമല്ലാതെ, ജ്ഞാനാധികാരമായാണിരിക്കുന്നത്. അറിവ് അതിൽ തന്നെ അധികാരമാണു. വാക്ക് അതിൽ തന്നെ അധികാരമാണ്. വാക്ക് ഉപയോഗിക്കുന്നവനല്ല അധികാരം.
"നമ്മുടെ ഭാഷയിൽ നിലീനമായ ഒന്നാണു പട്രിയാർക്കി. പുറമേ നിന്നും കെട്ടിയിറക്കിയതല്ല. അവനവന്റെ കാര്യം അവനവൻ നോക്കണമെന്നേ സ്ത്രീകളും പറയൂ. അവളെന്ന സ്ത്രീലിംഗമുണ്ടായിട്ടും അവനെന്ന പുല്ലിംഗത്തിൽ തന്നെ പറയണം. അവളവളുടെ കാര്യം അവളവൾ നോക്കണമെന്ന് പറഞ്ഞാൽ കോമഡി ആയിപ്പോകും. "
നമ്മളിപ്പോ, നാട്ടുഭാഷയിൽ പറയുമല്ലോ, തന്തക്ക് പിറക്കണമെന്ന്. ലോകത്തിന്നേ വരെയൊരു മനുഷ്യനും തന്തക്ക് ജനിച്ചിട്ടില്ലല്ലോ. ജനിച്ചതൊക്കെ തള്ളക്കാണ്. എങ്കിലും തന്തക്ക് പിറക്കുക എന്നേ പറയൂ. തള്ളക്ക് പിറക്കുക എന്നാരും പറയാറില്ല.
നമ്മുടെ ഭാഷയിൽ നിലീനമായ ഒന്നാണു പട്രിയാർക്കി. പുറമേ നിന്നും കെട്ടിയിറക്കിയതല്ല. അവനവന്റെ കാര്യം അവനവൻ നോക്കണമെന്നേ സ്ത്രീകളും പറയൂ. അവളെന്ന സ്ത്രീലിംഗമുണ്ടായിട്ടും അവനെന്ന പുല്ലിംഗത്തിൽ തന്നെ പറയണം. അവളവളുടെ കാര്യം അവളവൾ നോക്കണമെന്ന് പറഞ്ഞാൽ കോമഡി ആയിപ്പോകും. നോക്കൂ, സ്ത്രീകൾ അവരുടെ ലിംഗസ്വത്വത്തിൽ ഉറച്ച് നിന്ന് സംസാരിക്കാൻ തുടങ്ങിയാൽ അവരുടെ ഭാഷ കോമാളിത്തമായിത്തീരും. അതാണതിന്റെയർഥം.
നിങ്ങൾ സ്ത്രീയായി നിന്ന് സംസാരിച്ചാൽ നിങ്ങൾ പരിഹാസപാത്രമാകും. നിങ്ങൾ ദളിതനായി നിന്ന് സംസാരിച്ചാൽ പരിഹാസ പാത്രമാകും. ദളിതന്റെ വാക്കുകൾ കേൾക്കുമ്പോൾ പണ്ഡിതന്മാർക്ക് സംശയമാകും. റാകിപ്പറക്കണോ, പാറിപ്പറക്കണോ എന്ന പഴയൊരു സംശയമില്ലേ? അതങ്ങനെ വന്നതാണ്? നേരം പോയ് നേരം പോയ് പൂക്കൈത മറപറ്റി. അതെങ്ങനെയാ പൂക്കൈത മറപറ്റുന്നതെന്നാണ് സംശയം. ദളിതൻ ദളിതന്റെ ഭാഷയിൽ സംസാരിക്കുമ്പോൾ അർഥമില്ലായ്മയായിപ്പോകും.
ഇതാണു ജ്ഞാനാധികാരം. അതായത് അറിവാർജ്ജിച്ചവൻ അധികാരിയാകുകയല്ല, അറിവ് ഒരധികാര പ്രവർത്തനമാണ്. ഏതറിവും ഒരധികാരപ്രവർത്തനമാണ്.
അങ്ങനെ അറിവ് എന്നത് അധികാരമായി മാറുന്നതെങ്ങനെ, അറിവിൽ അധികാരം പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതെങ്ങനെ, അധികാരത്തിന്റെ വ്യാവഹാരികയുക്തിയെന്ത് എന്നാരാഞ്ഞ്, ഒരു പക്ഷേ, അറിവിന്റെ ആധികാരികതയെ തുറന്ന് കാണിച്ച് അറിവിനെ അപനിർമ്മിക്കുന്ന പണിയാണു വിമർശജ്ഞാനം. Critique. ഈ critique-ഉം വ്യാഖ്യാനവുമാണു വാസ്തവത്തിൽ ഒരു സമൂഹത്തിന്റെ വിമർശനാവബോധത്തിന്റെയടിക്കല്ല്. വിവരമല്ല.
"വിവരം ഭൂതകാലത്തിന്റെ സ്റ്റോക്ക് രജിസ്റ്റർ ആണ്. വ്യാഖ്യാനം വർത്തമാനവുമായി ഒരു ജനതയുടെ സംവേദനമാണ്, മുഖാമുഖമാണ്. വിമർശം ഭാവിക്കു വേണ്ടിയുള്ള ജ്ഞാനരൂപികരണമാണ്. അതൊരു രാഷ്ട്രീയപ്രയോഗം കൂടെയാണ്. കാരണം നിലനില്ക്കുന്ന അറിവിനെ തിരുത്തുക വഴി, ചോദ്യം ചെയ്യുക വഴി, അതിന്റെ അടിസ്ഥാനത്തെ ചർച്ചാവിഷയമാക്കുക വഴി, അത് നിലനിൽക്കുന്ന അധികാരവ്യവസ്ഥയെ Destabilise ചെയ്യുന്ന ഒന്നായി മാറുന്നു. "
ലളിതമായി പറഞ്ഞാൽ വിവരം ഭൂതകാലത്തിന്റെ സ്റ്റോക്ക് രജിസ്റ്റർ ആണ്. വ്യാഖ്യാനം വർത്തമാനവുമായി ഒരു ജനതയുടെ സംവേദനമാണ്, മുഖാമുഖമാണ്. വിമർശം ഭാവിക്കു വേണ്ടിയുള്ള ജ്ഞാനരൂപികരണമാണ്. അതൊരു രാഷ്ട്രീയപ്രയോഗം കൂടെയാണ്. കാരണം നിലനില്ക്കുന്ന അറിവിനെ തിരുത്തുക വഴി, ചോദ്യം ചെയ്യുക വഴി, അതിന്റെ അടിസ്ഥാനത്തെ ചർച്ചാവിഷയമാക്കുക വഴി, അത് നിലനിൽക്കുന്ന അധികാരവ്യവസ്ഥയെ Destabilise ചെയ്യുന്ന ഒന്നായി മാറുന്നു. അതുകൊണ്ടാണു മാർക്സ് അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകം മുതൽ അവസാനത്തെ പുസ്തകം വരെ ആവർത്തിച്ച് കൊണ്ടിരുന്ന ഒരു ഉപശീർഷകം ആണ് A Critique എന്നത്. അവസാനത്തെ പുസ്തകത്തിന്റെ പേരു Critique of the Gotha Program എന്നാണ്. മൂലധനത്തിന്റെ മുഴുവൻ പേരാകട്ടെ, എ ക്രിട്ടിക്ക് ഓൺ പൊളിറ്റിക്കൽ എക്കോണമി (Capital: Critique of Political Economy) എന്നും.
ക്രിട്ടിക് എന്നത് വെറുതെ അറിവുണ്ടാക്കലല്ല. അതു നിലവിലുള്ള അറിവിനെ ഡീസ്റ്റെബിലൈസ് ചെയ്യലാണു. പണ്ഡിതനാവലല്ല. കാരണം ഒരറിവും കേവലജ്ഞാനമല്ല. ജ്ഞാനാധികാരമാണ്.
മാർക്സ് പറയുന്ന ഒരു കാര്യമെന്തെന്നാൽ: എക്കണോമിക്സിനകത്ത് പ്രോഫിറ്റെന്ന് പറയും. തത്വശാസ്ത്രത്തിനകത്തും മതചിന്തക്കകത്തും നീതി ധർമ്മം എന്നെല്ലാം പറയും. മാർക്സ് ഇതു രണ്ടും ചേർത്ത് വച്ച് ചോദിച്ചു ലാഭം നീതിയാണോ? ലാഭത്തിന്റെ എത്തിക്സ് എന്താണു? ഒരർഥത്തിൽ മാർക്സിസ്റ്റ് എക്കോണമിക്സ് എന്നു പറയുന്നത് ഈയൊരു ചോദ്യമാണ്. എന്താണു ലാഭത്തിന്റെ നീതിശാസ്ത്രം?
ചേരാതിരുന്ന രണ്ട് ലോകങ്ങളെ, യുഗാന്തരങ്ങളായി തത്വശാസ്ത്രത്തിലും/മതചിന്തയിലും സാമ്പത്തികശാസ്ത്രത്തിലും ആയി അകന്നു നിന്ന രണ്ട് ജ്ഞാനവ്യവഹാരങ്ങളെ, ചേർത്ത് വച്ചതോടെ വർഗചൂഷണത്തിന്റെ ചരിത്രം പുറത്ത് വരാൻ തുടങ്ങി. ഇതാണു ക്രിട്ടീക്ക് എന്നു പറയുന്നത്. വിമർശം ഒരറിവിനെ അകമേ പൊളിച്ചു കളഞ്ഞിട്ട്, ഈ അറിവിനെ രൂപപ്പെടുത്തിയ സാമൂഹ്യധികാരം, അതെത്രമേൽ മർദ്ദകമാണെന്ന വലിയ ചോദ്യം അതുയർത്തിക്കൊണ്ട് വരും.
ഞാൻ പറഞ്ഞ് വരുന്നത്, വിജ്ഞാനത്തിന് ഇങ്ങനെ അഗാധമായ ചരിത്രാത്മകതയുണ്ട്. അതുണ്ടായി വന്ന കാലത്തിന്റെ ചരിത്രമല്ല, ഉണ്ടാക്കിയവരുടെ ജീവചരിത്രമല്ല, മറിച്ച് വിജ്ഞാനവ്യവസ്ഥ അതിൽ തന്നെ അഗാധമായ ചരിത്രമൂല്യത്തെ ഉൾക്കൊള്ളുന്നു. ഈ ചരിത്രമൂല്യം ഒരു ജ്ഞാനവ്യവസ്ഥ എന്ന നിലയ്ക്ക് ആധുനികശാസ്ത്രവും കൈയാളുന്നുണ്ടെന്നതാണ്, നമ്മുടെ പ്രധാനപ്പെട്ട തിരിച്ചറിവാകേണ്ടത്.
0 comments:
Post a Comment