To listen you must install Flash Player.

Tuesday, 23 July 2013


ആഹാരത്തിൽ ശ്രദ്ധിയ്ക്കാം , ആരോഗ്യം സ്വന്തമാക്കാം.
പഞ്ചസാരയുടെ ഉപയോഗം 

ദിവസം മൂന്നും നാലും കാപ്പിയും ചായയും കുടിയ്ക്കുന്ന ശീലം ഒഴിവാക്കുക. സോഫ്റ്റ്‌ ഡ്രിങ്ക്സും കുറയ്ക്കുക. ചായയിലും കാപ്പിയിലും ഒരു ടീസ് സ്പൂണിൽ കൂടുതൽ പഞ്ചസാര ഉപയോഗിയ്ക്കരുത്. ഗ്രീൻ ടീയിലും മറ്റും പഞ്ചസാരയ്ക്ക് പകരം ഫ്ളെവർ നല്കാൻ അല്പം നാരങ്ങാ നീര് ഉപയോഗിയ്ക്കാം .

നാരങ്ങാവെള്ളം തയ്യാറാക്കുമ്പോൾ രണ്ടു ടീസ് സ്പൂണ്‍ പഞ്ചസാരയ്ക്ക് പകരം ഒരു ടീസ് സ്പൂണ്‍ പഞ്ചസാരയും രണ്ടു നുള്ള് ഉപ്പും ചേർത്താൽ മതി . പഞ്ചസാര പൊടിച്ചു ഉപയോഗിയ്ക്കാതിരിയ്ക്കുക . ഇത് പഞ്ചസാരയുടെ അളവ് കൂടുന്നതിനും അങ്ങനെ കലോറി വർദ്ധിയ്ക്കുന്നതും ഒഴിവാക്കും. ഷുഗർ സിറപ്പ് നേരത്തെ തയ്യാറാക്കി വച്ചു നാരങ്ങാ വെള്ളത്തിൽ ചേർക്കുന്ന പതിവും ഒഴിവാക്കണം. ടിന്നിൽ നിന്ന് നേരിട്ട് പഞ്ചസാര കുടഞ്ഞിടുന്നത് ഒഴിവാക്കുക. പഞ്ചസാര എടുക്കാൻ ടിന്നിൽ തുടച്ചു ഉണക്കിയ സ്പൂണ്‍ ഇട്ടു വയ്ക്കുന്നതാണ് നല്ലത് .

മിനറൽ വാട്ടർ ഉപയോഗിയ്ക്കുമ്പോൾ 

മിനറൽ വാട്ടറിന്റെ ബോട്ടിലിന് പുറത്തായി ആറു മാസത്തിനകം ഉപയോഗിച്ചു കഴിയണം എന്ന് എഴുതിയിട്ടുണ്ടാകും . പായ്ക്ക് ചെയ്ത തിയതി നോക്കി ആറു മാസത്തിനകം ആണ് വാങ്ങിയിരിയ്ക്കുന്നത് എന്ന് ഉറപ്പു വരുത്തുക . മിനറൽ വാട്ടറിന്റെ കുപ്പി തുറന്നാൽ നാല് മുതൽ ആറു മണിയ്ക്കൂറിനകം ഉപയോഗിച്ചു തീർക്കുന്നതാണ് നല്ലത്. കുപ്പിയിലെ വെള്ളം ആദ്യം ഉപയോഗിച്ചു തുടങ്ങുമ്പോൾ തന്നെ പുറത്തു നിന്നും ബാക്ടീരിയകൾ വെള്ളത്തിനുള്ളിൽ കലർന്നു തുടങ്ങും. കുപ്പിയിൽ നിറച്ചു വച്ചു ഉപയോഗിയ്ക്കുന്ന വെള്ളത്തിനും ഇത് ബാധകമാണ്.
കുഞ്ഞുങ്ങൾക്ക്‌ ഉപ്പു നൽകുമ്പോൾ 

ആറു മാസമായ കുട്ടിയ്ക്ക് ദിവസം ഒരു ഗ്രാമിൽ കൂടുതൽ ഉപ്പു നല്കരുത്. മൂന്നു നാല് വയസു വരെ ഉള്ള സമയത്താണ് കുഞ്ഞുങ്ങളുടെ വൃക്ക വളർച്ച പ്രാപിയ്ക്കുന്നത്. ഈ സമയം ഉപ്പു തീരെ കുറയ്ക്കണം . രണ്ടു വയസു വരെയുള്ള കുട്ടികൾക്ക് അമിതമായി ഉപ്പു നൽകിയാൽ അത് വൃക്കയെ വരെ ദോഷകരമായി ബാധിയ്ക്കാം . ജങ്ക് ഫുഡ്‌ , പ്രോസസ്ഡ് ഫുഡ്‌, ഫാസ്റ്റ് ഫുഡ്‌ ഇവ അമിതമായി കുഞ്ഞിനു നല്കാതിരിയ്ക്കുക. ഇവയിലെല്ലാം അമിതമായ അളവിൽ ഉപ്പുണ്ട്‌.
എണ്ണ ഉപയോഗിയ്ക്കുമ്പോൾ 

പലപ്പോഴും പാകം ചെയ്യുന്ന സമയങ്ങളിൽ നമ്മൾ കുപ്പി ചട്ടിയിലേയ്ക്കോ പാത്രത്തിലേയ്ക്കോ കമഴ്ത്തുകയാണ് പതിവ് . ഇത് ഉദ്ദേശിച്ചതിൽ കൂടുതൽ എണ്ണ കറിയിൽ ചേരാൻ ഇടയാക്കും . അതുകൊണ്ട് ഒരു സ്പൂണ്‍ ഉപയോഗിച്ചു ആവശ്യത്തിനു അളന്നെടുക്കാം. സ്പൂണ്‍  നന്നായി തുടച്ചു ഉണക്കിയതിനു ശേഷം വേണം എണ്ണയിൽ മുക്കാൻ. ഒരിയ്ക്കൽ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കരുത്. പലതരം എണ്ണകൾ കൂട്ടിക്കലർത്തി ഉപയോഗിയ്ക്കുന്നതും നന്നല്ല. കഴിവതും അന്നന്നത്തെ എണ്ണ അളന്നെടുത്തു അന്നന്നു തന്നെ ഉപയോഗിച്ചു തീർക്കുക . വറുക്കലും പൊരിയ്ക്കലും കുറച്ചു പകരം ആവിയിൽ പുഴുങ്ങിയോ ബ്രേക്ക് ചെയ്തോ കഴിയ്ക്കുക.

പ്രോബയോട്ടിക് ഫുഡുകൾ പ്രതിരോധശേഷി കൂട്ടും 

പ്രോബയോട്ടിക് ഫുഡുകൾ പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന ബാക്ടീരിയങ്ങൾ അടങ്ങിയ ഭക്ഷണമാണ്. ശരീരത്തിന് വേണ്ട സജീവ സൂക്ഷ്മാണുക്കളെ ആവശ്യമായ അളവിൽ ഭക്ഷണത്തിലൂടെ ശരീരത്തിലേയ്ക്ക് കടത്തി വിടുകയാണ് ഇതിലൂടെ ചെയ്യുന്നത് . മനുഷ്യന്റെ ദഹനേന്ദ്രിയത്തിലെ നല്ലയിനം ബാക്ടീരിയകൾ  ആണ് പ്രോബയോട്ടിക്കുകൾ . പ്രോബയോട്ടിക് ഭക്ഷണത്തിൽ പെടുന്ന ഐസ്ക്രീമും തൈരും ഇന്ന് ലഭ്യമാണ്. യോഗർട്ടും നല്ല പ്രോബയോട്ടിക് ഭക്ഷണം ആണ്.

സപ്ളിമെന്ററി ഫുഡുകൾ

പോഷണ വൈകല്യം ഉള്ളവരിൽ അത് പരിഹരിയ്ക്കാൻ ആണ് സപ്ളിമെന്ററി ഫുഡുകൾ ഉപയോഗിയ്ക്കുക . പ്രത്യേക ശാരീരികാവസ്ഥയിൽ ഉളളവർ , ചിലതരം അസുഖങ്ങൾ ഉള്ളവർ , പ്രകടമായ പോഷകവൈകല്യങ്ങൾ ഉള്ളവർ എന്നിവർക്കാണ് സപ്ളിമെന്ററി ഫുഡുകൾ നിർദ്ദേശിയ്ക്കുക.  കുട്ടികൾ , പ്രായമുള്ളവർ , ഗർഭിണികൾ ഇവർക്ക് ആവശ്യമെങ്കിൽ സപ്ളിമെന്ററി ഫുഡുകൾ നല്കാറുണ്ട്. അസുഖശേഷം ശരീരം സാധാരണ അവസ്ഥയിലേയ്ക്ക് എത്തിച്ചേരുവാൻ ആവശ്യമായ സമയത്ത് വിശപ്പ്‌ കുറവ് മൂലവും മറ്റും വേണ്ടത്ര ആഹാരം കഴിയ്ക്കാൻ പറ്റാത്തവർക്ക് സപ്ളിമെന്റെഷൻ വഴി പോഷണം വേണ്ടിവരാം.

ഭക്ഷണത്തിന്റെ തവണകൾ 

പ്രായമായവർ , പ്രമേഹരോഗികൾ , അമിത വണ്ണം ഉള്ളവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ചെറിയ അളവിൽ കൂടുതൽ തവണയായി ആഹാരം കഴിയ്ക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് രാവിലെ മൂന്നു ദോശ കഴിയ്ക്കുന്നവർ അത് ഇടവിട്ട്‌ മൂന്നു തവണയായി കഴിയ്ക്കുക .ഇങ്ങനെ ശീലിച്ചാൽ പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമം വിട്ടുയരുന്നത് തടയാം. അമിത വണ്ണം ഉള്ളവരിൽ മെറ്റബോളിക് നിരക്ക് കൂടുന്നത് മൂലം കൂടുതൽ ഊജ്ജം ചിലവാകുകയും അങ്ങനെ അമിതവണ്ണം നിയന്ത്രിക്കാനും കഴിയും.
.

നല്ല ഉറക്കം കിട്ടാൻ ഭക്ഷണത്തിൽ ശ്രദ്ധിയ്ക്കേണ്ടത്. 
രാത്രി കിടക്കും മുൻപ് ഒരു കപ്പു പാൽ തേൻ ചേർത്തു കഴിച്ചാൽ നല്ല ഉറക്കം കിട്ടും. ഉറങ്ങുന്നതിനു മുൻപ് മസാല ചേർത്തതും കലോറി കൂടിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം. ചായ, കാപ്പി, കഫീൻ അടങ്ങിയ മറ്റു പദാർഥങ്ങൾ , ചോക്ലേറ്റ് , കോള ഇവ ഉറക്കത്തിനു ഭംഗം വരുത്തുന്നവയാണ് . അമിതമായി ആഹാരം കഴിച്ചതിനു ശേഷവും ആഹാരം കഴിയ്ക്കാതെയും  ഉറങ്ങുന്നത് ഒഴിവാക്കുക.

0 comments:

Post a Comment