To listen you must install Flash Player.

Thursday, 25 July 2013ആശ്വാസമേകും ക്ഷാരസൂത്ര ചികിത്സ 
രോഗിക്കും ചികിത്സകനും ഒരേ രീതിയിൽ ബുദ്ധിമുട്ടുളവാക്കുന്ന സ്വഭാവമാണ് ഭഗന്ദരം അഥവാ Anal Fistula എന്ന രോഗത്തിനുള്ളത്. രോഗിക്ക് രോഗം സുഖമാകാത്തതിലും ഒരു പക്ഷേ സുഖമായാൽപോലും വീണ്ടും വീണ്ടും ഉണ്ടാകുമോ എന്നുള്ള ഭയവും ഉണ്ടാകുമ്പോൾ ചികിത്സകന് ഫലപ്രദമായ ചികിത്സ നൽകാൻ കഴിയാത്തതിലുള്ള വിഷമവും ചികിത്സാപരമായുള്ള പരസ്‌പരധാരണയ്‌ക്ക് മങ്ങലേൽപ്പിക്കുന്നു.

രോഗ ലക്ഷണങ്ങൾ

മലദ്വാരത്തിന് ചുറ്റുമുള്ള ഭാഗത്തെവിടെയെങ്കിലുമൊരിടത്തോ, ഒന്നിലധികമിടങ്ങളിലോ പഴുത്തുപൊട്ടി ദ്വാരമുണ്ടായി അതിൽകൂടി പഴുപ്പോ, പഴുപ്പോടുകൂടിയ രക്തമോ വരിക എന്നതാണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണം. വേദനയുണ്ടാകണമെന്ന് നിർബന്ധമില്ലെങ്കിലും പുറമേയുള്ള ദ്വാരം അടഞ്ഞുപോയാൽ വേദനയുണ്ടാകാം. രോഗിയേയും ചികിത്സകനേയും ദുരവസ്ഥയിലെത്തിക്കുന്ന പരിണതിയാണുള്ളതെന്ന് രോഗസാരം. സാരം.
കട്ടിയുള്ള പ്രതലങ്ങളിൽ ദീർഘനേരം ഇരിക്കുക, ബൈക്കിലും, സ്കൂട്ടറിലും, ബസ്സിലുമൊക്കെയിരുന്ന് കുണ്ടും കുഴിയുമുള്ള റോഡിൽകൂടി കുലുങ്ങിക്കുലുങ്ങിയുള്ള നീണ്ടയാത്ര, വിരുദ്ധമായ ആഹാര വിഹാരീതികൾ എന്നിവ, കൂടാതെ മലദ്വാരത്തിന് ചുറ്റുമുണ്ടാകുന്ന പരുവിന് (Perineal Abscess) ശരിയായ രീതിയിൽ ചികിത്സ നൽകാതെയിരിക്കുക. ക്ഷയം, മലാശയക്യാൻസർ, ക്രോൺസ് ഡിസീസ്, ചാലുപോലെ നീണ്ടുകാണുന്ന ഈ വ്രണദ്വാരത്തിനകത്തുള്ള നിർജീവമായ കോശങ്ങളുടെ സാന്നിദ്ധ്യം തുടങ്ങിയവയും രോഗകാരണങ്ങളിൽ ചിലവയാണ്. എന്നാൽ ഭഗന്ദരപിടക (Perineal Abscess) ഉണ്ടായി ത നിയെപൊട്ടാതെയോ പൊട്ടിക്കാതെയോ ഈ രോഗം ഉണ്ടായിക്കാണാറില്ല.

ഭഗന്ദരപിടക

മലദ്വാരത്തിനുചുറ്റും ഉണ്ടാകുന്നതും അതിയായ വേദനയോടും വൈഷമ്യങ്ങളോടും കൂടിയതും ചൊറിച്ചിലുള്ളതും തനതു ചികിത്സകൊണ്ടുഭേദപ്പെട്ടാലും വീണ്ടും വീണ്ടും ഉണ്ടാകുന്നതും ചിലപ്പോഴൊക്കെ ആഹാരത്തിൽ രുചിയില്ലായ്മയും വെള്ളത്തിനുവേണ്ടിയുള്ള അമിതമായ ദാഹം, പനി, വിറയൽ എന്നീ ലക്ഷങ്ങളോടു കൂടിയതുമായ പരുക്കളാണ് ഭഗന്ദരപിടക.

അറിഞ്ഞുവേണം ആഹാരം

പൊതുവെ പറഞ്ഞാൽ മാംസം ഭക്ഷിക്കുന്നവരിൽ മാംസം ഭക്ഷിക്കാത്തവരെ അപേക്ഷിച്ച് കൂടുതലായി ഈ രോഗം കാണാറുണ്ട്. എന്നാൽ വിരുദ്ധാഹാരവിഹാരങ്ങളുടെ നിരന്തരമായ ഉപയോഗങ്ങളാണ് ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ ഏതാണ്ട് എല്ലാ രോഗങ്ങളും ഉണ്ടാകുവാനുള്ള അടിസ്ഥാന കാരണമായി കരുതുന്നത്. ഈ രോഗത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും എന്തൊക്കെയാണ് പ്രസ്തുത വിരുദ്ധാഹാരവിഹാരങ്ങൾ എന്ന് വിവരിക്കുക എളുപ്പമല്ല. സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ഗുണത്തിലും രുചിയിലും മറ്റും പരസ്‌പര വിരുദ്ധമായിട്ടുള്ള ആഹാരങ്ങളുടെ ഒരുമിച്ചുള്ള ഉപയോഗരീതി (ഉദാ : തൈരും മത്സ്യവും കൂടി ഒരുമിച്ചു കഴിക്കുക, പാലും മത്സ്യവും കൂടി ഒരുമിച്ചു കഴിക്കുക, വിരുദ്ധവിഹാരത്തിന് ഉദാ:- പകലുറങ്ങുക, രാത്രി ഉറക്കമിളക്കുക തുടങ്ങിയവ), പൊതുവെ പറഞ്ഞാൽ ചിട്ടതെറ്റിച്ചിട്ടുള്ളതും ദഹിക്കുവാൻ പ്രയാസമുള്ളതുമായ ആഹാരം ഉപേക്ഷിക്കുന്നത് നന്ന്. കൂടാതെ അർശസ് രോഗത്തിനനുബന്ധമായിട്ടും ഭഗന്ദരം ഉണ്ടാകാറുണ്ട്.

ചികിത്സ ഇങ്ങനെ

ശസ്ത്രക്രിയ ചെയ്താൽതന്നെ രോഗം വീണ്ടും വീണ്ടും ആവർത്തിക്കും. ചിലപ്പോൾ മലവിസർജ്ജനത്തിന്റെ നിയന്ത്രണത്തെയും ബാധിക്കും. ആയുർവേദത്തിൽ ഏറെ സൗഖ്യം തരുന്ന ഒരു ചികിത്സയാണ് ക്ഷാരസൂത്ര ചികിത്സ.

കാര്യം ലളിതവും എളുപ്പവുമാണ്. ഈ രോഗത്തിന് പുറമേയും അകത്തും വ്രണമുഖം ഉണ്ടാക്കുന്ന സ്വഭാവമാണുള്ളത്. രോഗിക്ക് മറ്റു രോഗങ്ങളൊന്നുമില്ലെന്ന് ആദ്യം ഉറപ്പാക്കണം. തുടർന്ന് പുറമേ കാണുന്ന വ്രണമുഖത്തിൽക്കൂടി പ്രോബ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ നൂൽ ഉള്ളിലേക്ക് കടത്തി, ഉള്ളിലുണ്ടായിട്ടുള്ള ദ്വാരത്തിൽക്കൂടി മലദ്വാരത്തിനുവെളിയിൽ കൊണ്ടുവന്ന് നൂലിന്റെ രണ്ടഗ്രവും കൂട്ടിക്കെട്ടുകയാണ് വേണ്ടത്. ഇതിന് രോഗിയെ ബോധരഹിതനാക്കേണ്ട ആവശ്യം വരുന്നില്ല. നൂലെന്ന് പറഞ്ഞാൽ വെറും നൂലല്ല. പല ഔഷധങ്ങൾ സംസ്കരിച്ച മിശ്രിതം പുരട്ടി നിഴലിൽ ഉണക്കിയെടുത്ത് അണുവിമുക്തമാക്കിയെടുക്കുന്ന നൂലാണിത്. ഇതിന്റെ പേരാണ് ക്ഷാരസൂത്രം.

ക്ഷാരസൂത്രം ചെയ്തതിനുശേഷം രോഗിക്ക് വീട്ടിൽ പോകണമെങ്കിൽ അങ്ങനെയാകാം. അതല്ലെങ്കിൽ ആശുപത്രിയിൽക്കിടന്ന് ചികിത്സ തുടരാം. ദിവസവും ഡ്രസ് ചെയ്യണം. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഡോക്ടർ രോഗിയെ പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും വേണം. ഒറ്റദിവസത്തെ ക്ഷാരസൂത്രപ്രയോഗംകൊണ്ട് രോഗം മാറണമെന്നില്ല. ഇരിക്കുവാനോ നടക്കുവാനോവയ്യാത്ത ദുരിതമയമായ അവസ്ഥയിൽ നിന്ന് ഭഗന്ദരരോഗിയെ ഏതാണ്ട് പൂർണമായും രക്ഷിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.

സവിശേഷതകൾ

*കിടത്തി ചികിത്സ തന്നെ വേണമെന്ന നിർബന്ധമില്ല
*
മയക്കുമരുന്നുകളുടെയോ വേദനസംഹാരികളുടെയോ ആവശ്യം വേണ്ടിവരുന്നില്ല
*
രോഗം ആവർത്തിക്കാനുള്ള സാദ്ധ്യത തീരെയില്ല
*
പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗാവസ്ഥകളിലും ഈചികിത്സ നടത്താം.
*
മലവിസർജ്ജനത്തിനുള്ള നിയന്ത്രണത്തെ തെല്ലും ബാധിക്കില്ല
*
പാർശ്വഫലങ്ങൾ ഇല്ല

തയ്യാറാക്കിയത്: ഡോ. കെ. താജുദ്ദീൻകുട്ടി,
റിട്ട. പ്രൊഫസർ ഗവ. ആയുർവേദ കോളേജ്, തിരുവനന്തപുരം

0 comments:

Post a Comment