നിര്‍മ്മാണമേഖലയിലെ നവതരംഗം
കൺസ്ട്രക്ഷൻ ഇൻഡസ്ട്രിയിൽ Computer Aided Drawing (CAD) വഹിച്ച പങ്ക്, ഇതരവ്യവസായങ്ങളുടെയും ത്വരിത വളർച്ചയ്ക്ക് അനുഗുണമായിട്ടുണ്ട് എന്ന് കാണാം. മാത്രവുമല്ല, ക്വാളിറ്റി, കോസ്റ്റ്, ടൈം എന്നീ മാനദണ്ഡങ്ങളെ അത്യധികം സ്വാധീനിച്ചിട്ടുമുണ്ട്. നിർമ്മാണ മേഖല, ഇനി മറ്റൊരു തലത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുകയാണ്. അതുപയോഗിക്കുന്ന നാച്വറൽ റിസോഴ്സിന്റെ തോത് വളരെയധികമായതിനാലും ഉൽപ്പാദിപ്പിക്കപ്പെടുന്ന വേസ്റ്റിന്റെ അളവ് കൂടുന്നതിനാലും മാറ്റത്തിന് വേണ്ടിയുള്ള മുറവിളി തുടങ്ങിയിട്ട് നാളേറെ ആയിരിക്കുന്നു. അതുകൊണ്ട് തന്നെ, ശൂഭോതർക്കമായൊരു മാറ്റം പ്രകടമാകുന്നത്, പതിവ് പോലെ യു കെയിൽ നിന്നാകുന്നു. അവിടെ 2016 മുതൽ ഗവണ്മെന്റ് ഫണ്ട് ചെയ്യുന്ന നിർമ്മാണ പ്രവർത്തികളിൽ Building Information Modelling (BIM) നിർബന്ധമാക്കിയിരിക്കുന്നു.
എന്താണ് Building Information Modelling (BIM)?
"A building information model contains not only the design of a building but data concerning the properties of its components, its construction and ongoing maintenance.":
ഇതാണ് BIM ന് നൽകാവുന്ന മികച്ച ഡെഫിനിഷൻ. ഇത് വരെയുണ്ടായിരുന്ന CAD Drawing കൺസെപ്റ്റിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് BIM-ൽ സ്വീകരിച്ചിരിക്കുന്നത്. ദ്വിമാന (2 Dimensional) രൂപത്തിൽ നിന്നും ത്രിമാന (3D) രൂപത്തിലേക്ക് മാറ്റുമ്പോൾ ഓരോ ബിൽഡിംഗ് എലമെന്റിന്റെ തനത് സ്വഭാവം കൂടെ പരിഗണിച്ചായിരിക്കും രൂപവൽക്കരിക്കുന്നത്.
അതായത് ഒരു ചുമർ, ദ്വിമാന രൂപത്തിൽ രണ്ട് വരകൾ മാത്രമായേ പരിഗണിക്കുന്നുള്ളൂ, അത് ത്രിമാന രൂപത്തിലേക്ക് മാറ്റുമ്പോൾ നിലവിൽ അത് ഒരു സോളിഡ് ഒബ്ജക്റ്റ് ആയിട്ടാണ് പരിഗണിക്കുന്നത്. അതൊരു ചുമരാണെന്നോ, ഇഷ്ടിക കൊണ്ടോ ചെങ്കല്ല് കൊണ്ടോ പണിതതാണെന്നോ പരിഗണിക്കുന്നില്ല.
എന്നാൽ BIM-ൽ ഇത് ചുമരായും അതിൽ ചെയ്തിരിക്കുന്ന വോൾ പെയിന്റിങ്ങിനേയും മറ്റും അതുപോലെ പരിഗണിക്കുകയും കെട്ടിടത്തിന്റെ ഇത്തരം ഘടകങ്ങളെ പറ്റിയുള്ള എല്ലാ വിവരങ്ങളും പ്രൊജക്ടുമായി ബന്ധപ്പെട്ട വിവിധ ടീമംഗങ്ങളുമായി പങ്കു വെയ്ക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ പങ്കുവെയ്ക്കുന്നതിന് .ifc എന്ന ഫയൽ എക്സ്റ്റെൻഷനോടുകൂടിയ പുതിയ ഫോർമാറ്റ് ആണ് ഉപയോഗിക്കുന്നത്.
ഈ ഫയൽ ഫോർമാറ്റ് (.IFC) ഇന്റര്‍ ഓപ്പറബിളായ ഒരു ഓപൺ സ്റ്റാന്‍ഡേര്‍ഡ് ഫയൽ ഫോർമാറ്റ് ആണ്. ഇത് ഒരു വെൻഡറോ ഡെവലപ്പറോ നിയന്ത്രിക്കുന്നതല്ല, മറിച്ച് തൊണ്ണൂറ്റിയഞ്ചോളം വരുന്ന ഡെവലപ്പിംഗ് കമ്പനികളും നൂറ്റിനാല്പത്തഞ്ചോളം വ്യക്തിഗത BIM അപ്പ്ളിക്കേഷന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്നതാണ്. കൃത്യമായ അളവുകൾ വളരെ പ്രാധാന്യമേറിയതായതിനാൽ തയ്യാറായ BIM മോഡലുകൾ വെക്ടർ ബേസ്ഡ് .IFC ഫോർമാറ്റിലും .pdf ഫോർമാറ്റിലും ആണ് പങ്കുവെയ്ക്കപ്പെടുന്നത്. ഒരൊറ്റ സോഫ്റ്റ്വെയർ അപ്ളിക്കേഷനിൽ ബന്ധിതമല്ലാത്തതിനാൽ, ഇങ്ങിനെ കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ, .IFC ഫോർമാറ്റ് പിന്തുണയ്ക്കുന്ന സോഫ്റ്റ്വെയറുകളിലെല്ലാം തന്നെ തുറക്കുവാനാകും. കൂടാതെ, ലഭ്യമായ ഫയലില്‍ കൂടുതൽ വിവരങ്ങൾ ചേർക്കുവാൻ ടീമിലെ ഇതര വിഭാഗങ്ങൾക്ക് സാധിക്കുകയും ചെയ്യുന്നു.
കെട്ടിടനിർമ്മാണത്തിലെ, വിവിധ വിഭാഗങ്ങളായ സ്ട്രക്ചറൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ വിഭാഗങ്ങൾക്ക് അവരവരുടെ ഭാഗം കൂട്ടിച്ചേർക്കുവാനും ഒരു BIM കോർഡിനേറ്റർ ഈ മാറ്റങ്ങളെ അംഗീകരിച്ച് പുതുക്കിയ BIM മോഡൽ ടീമംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്യുന്നു. ചുരുക്കത്തിൽ നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് തന്നെ, യഥാർത്ഥ നിർമ്മിതിയുടെ ഡിജിറ്റൽ രൂപം അതിന്റെ തനത് രൂപത്തോടെ തയ്യാറാക്കുകയും, അത് വഴി നിർമ്മാണ വേളയിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങളെ മുൻകൂട്ടി പരിഹരിക്കാനും അത് വഴി നിർമ്മാണചെലവും സമയവും കുറയ്ക്കുവാനും ഗുണമേന്മ വർദ്ധിപ്പിയ്ക്കാനും കഴിയുന്നു.
വിവിധ എഞ്ചിനീയറിംഗ് ശാഖകളുടെ ഏകോപനം
കെട്ടിട നിർമ്മാണത്തിൽ വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ സമന്വയം അത്യന്താപേക്ഷിതമാണ്. Building Information Modelling-ൽ BIM Coordinator വിവിധ വകുപ്പുകളെ Solibri Model Checker പോലെയുള്ള സോഫ്റ്റ്വെയര് പ്രോഗ്രാമുകളുടെ സഹായത്താൽ ഏകോപിപ്പിക്കുന്നു. ഈ സമയത്ത് ബീമുകളുടെയും സ്ളാബുകളുടേയും ക്ളാഷുകൾ, അധികമായി വരുന്ന സ്ളാബ് ഭാഗങ്ങൾ, തൂണുകൾ എന്നിവ തിരിച്ചറിയാനും അവ തിരുത്താനും സാധിക്കുന്നു.
ഊർജ്ജ ഉപഭോഗത്തിന്റെയും നിയന്ത്രണത്തിന്റെയും ഡാറ്റ പരിശോധിക്കുവാനും വേണ്ട തിരുത്തലുകൾ വരുത്തുവാനും ഇലക്ട്രിക്കൽ, മെക്കാനിക്കൽ, HVAC വിഭാഗങ്ങൾക്ക് BIM Model വഴി സാധ്യമാകുകയും ആവശ്യമായ മുൻകരുതലുകളെടുക്കാനും കഴിയുന്നു. സ്ട്രക്ചറൽ എഞ്ചിനീയർ, ബീമുകളുടേയും സ്ളാബിന്റെയും Schematic level plan & section, material analysis ഒക്കെ നടത്തിയിട്ട് BIM review ചെയ്യാനായി .IFC ഫോർമാറ്റിൽ Coordinating software-ലേക്ക് അപ്ലോഡ് ചെയ്യുന്നു. ഇങ്ങിനെ വിവിധ ശാഖകളുടെ പ്രവർത്തനത്തിലൂടെ ഉരുത്തിരിയുന്ന BIM മോഡലിലേയ്ക്ക്, പ്രൊജക്ട് മാനേജർമാർ സമയക്രമം Schedule of activites അനുസരിച്ച് ക്രമപ്പെടുത്തി കൺസ്ട്രക്ഷൻ പ്രോഗ്രാം തയ്യാറാക്കുന്നു.
പദ്ധതി നടത്തിപ്പ് സമയത്ത്, പുരോഗതി കൃത്യമായി മോണിറ്റർ ചെയ്യുവാനും അതിനനുസൃതമായി ഫണ്ട് വിനിയോഗിക്കാനും കഴിയുമെന്നത് കരാറുകാരുടെ മേലുള്ള അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ സഹായിക്കും.
BIM വഴി രൂപപ്പെടുത്തിയ പദ്ധതികൾ നടപ്പിൽ വരുത്തുമ്പോൾ, നിർമ്മാണസമയത്തുണ്ടായേക്കാവുന്ന അധിക ചിലവും സമയവും ലാഭിക്കാൻ പദ്ധതികളുടെ തുടക്കത്തിൽ തന്നെ സാധിക്കുന്നുവെന്നതാണ് വലിയ നേട്ടം. ഇത് നേരത്തെയുള്ള മറ്റീരിയൽ വാങ്ങലുകൾക്കും മറ്റും വലിയ തോതിൽ സഹായകരമാകുകയും ചെയ്യുന്നു.
Building Information modelling ന്റെ കേരള സാധ്യതകൾ
കേരളത്തിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ BIM ന്റെ സാധ്യതകൾ എത്ര കണ്ട് പ്രയോഗിയ്ക്കാൻ സാധിക്കുമെന്നത് പഠനവിധേയമാക്കേണ്ട വസ്തുതയാണ്. Computer Aided Drawing ൽ നാം കൈവരിച്ച നേട്ടവും നമ്മുടെ സങ്കേതിക മാനുഷികവിഭവവും കണക്കിലെടുക്കുമ്പോൾ വിദേശരാജ്യങ്ങളിലെ പദ്ധതികളുടെ BIM Modelling കേരളത്തിലെ ഐ ടി ഇൻഫ്രാസ്ട്രക്ചറിന്റെ സഹായത്താൽ നിർവ്വഹിച്ച് കയറ്റുമതി ചെയ്യുകയാകും ഉചിതമെന്ന് നിരീക്ഷിക്കുന്നു. ഭാവിയിൽ വരാനിരിക്കുന്ന വർദ്ധിച്ച സാധ്യത കണക്കിലെടുത്ത് നോൺ പ്രൊഫിറ്റ് സംഘടനയായ BuildingSMART നടപ്പിൽ വരുത്തിയ പദ്ധതിയാണ് The Open BIM programme. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുമായി ചേർന്ന് കൃത്യമായ പാഠ്യപദ്ധതി തയ്യാറാക്കി വിദ്യാർത്ഥികളെ ഈ പുതിയ വെല്ലുവിളി സ്വീകരിക്കാൻ സജ്ജരാക്കിയാൽ പുതിയൊരു തരംഗം നമ്മുടെ വിദ്യാഭ്യാസ രംഗത്തും വ്യവസായിക രംഗത്തും കൊണ്ടുവരാൻ കഴിയും.
(ചിത്രങ്ങള്‍ക്കു കടപ്പാട്:buildipedia)
0 comments:
Post a Comment