To listen you must install Flash Player.

Thursday 25 July 2013



എല്ലുകളെ സംരക്ഷിക്കൂ, ജീവിതം സുരക്ഷിതമാക്കാം 




ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്നും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് പിടിപെടാന്‍ സാദ്ധ്യതയുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്ന രോഗമാണ് ഓസ്റ്റിയോപോറോസിസ് അഥവാ എല്ലിന്റെ കട്ടി കുറയല്‍. ഗ്രീക്കില്‍ ഓസ്റ്റിയോ എന്നതിന് എല്ല് എന്നും പോറോസിസ് എന്നാൽ ദ്രവിച്ച് കട്ടി കുറയുക എന്നുമാണ് അര്‍ത്ഥം.

കൊളോജന്‍ എന്ന പ്രോട്ടീനും കാത്സ്യം, ഫോസ്ഫറസ് എന്നീ ലവണങ്ങളും കൂടിയ ഒരു മിശ്രിതമാണ് എല്ലുകള്‍ക്ക് ബലവും രൂപവും നല്‍കുന്നത്. കാത്സ്യം മാറ്റപ്പെടുന്നതോടെ എല്ലിന്റെ ഉള്ളിലെ കട്ടി കുറഞ്ഞ് ബലക്ഷയം ഉണ്ടായി ഓസ്റ്റിയോപോറോസിസ് എന്ന അവസ്ഥയില്‍ എത്തിച്ചേരുന്നു.

സാധാരണ ഗതിയില്‍ ആര്‍ത്തവവിരാമത്തിനോട് അടുത്തുള്ള (നാല്‍പ്പത്തിയഞ്ചു വയസിനു മുകളില്‍) സ്ത്രീകളിലാണ് കണ്ടുവരുന്നതെങ്കിലും എഴുപതു വയസിനു മുകളിലുള്ള പുരുഷന്മാര്‍ക്കും ഇതു പിടിപെടാന്‍ സാധ്യതയുണ്ട്. പ്രായത്തിന് മുന്‍പ് സ്ത്രീ ഹോര്‍മോണായ ഈസ്ട്രൊജനും പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണും എല്ലിന്റെ കട്ടി നിലനിറുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തില്‍ കാത്സ്യത്തിന്റെ ഏറ്റവും വലിയ ശ്രോതസ് എല്ലുകളായതിനാല്‍, രക്തത്തിലെ കാത്സ്യത്തിന്റെ അളവു നിലനിറുത്തുന്നതിനായി ശരീരം എല്ലുകളെ ആശ്രയിക്കുന്നത് സ്വാഭാവികം മാത്രമാണ്.

ഒരു കാലത്ത് പാശ്ചാത്യലോകത്തെ അസുഖം എന്നു കരുതിയിരുന്ന ഓസ്റ്റിയോപോറോസിസ് എന്ന രോഗം ഇന്ന് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നതിനു കാരണം ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും വര്‍ദ്ധിച്ചുവരുന്ന ആയുര്‍ദൈര്‍ഘ്യവുമാണ്. മറ്റു ലക്ഷണങ്ങളൊന്നും പ്രാരംഭദിശയില്‍ കാണാത്ത ഈ രോഗം പലപ്പോഴും കലശലായ നടുവേദന, നട്ടെല്ലിന്റെ കൂനല്‍, അസ്ഥി ഒടിയല്‍ മുതലായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ നിശബ്ദ രോഗത്തെ കാലേക്കൂട്ടി കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ മാരകമായ പല ഭവിഷ്യത്തുക്കളും ഒഴിവാക്കാന്‍ സാധിക്കും.

എല്ലുകളിലെ ധാതു സാന്ദ്രതയുടെ അളവ് കൃത്യമായി അപഗ്രഥനം ചെയ്ത് ഓസ്റ്റിയോപോറോസിസ് തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുവാന്‍ സഹായകരമായ ഡെക്സാ സ്കാനിന്റെ ലഭ്യത ഈ രംഗത്തെ നിര്‍ണ്ണായകമായ മുന്നേറ്റമാണ്. ശരീരത്തിനു ദോഷം ചെയ്യാത്ത അളവില്‍ എക്സ് റേ ഉപയോഗിച്ച് പ്രത്യേക രീതിയില്‍ ക്രമപ്പെടുത്തിയിരിക്കുന്നതാണ് ഡെക്സാ സ്കാന്‍. ഏകദേശം പതിനഞ്ചു മിനിറ്റു കൊണ്ട് വേദനരഹിതമായ രീതിയില്‍ മറ്റു പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാത്ത സ്കാന്‍ ഇപ്പോള്‍ കേരളത്തിലും ലഭ്യമാണ്.

ചെറുപ്പകാലത്ത് വേണ്ടത്ര വ്യായാമത്തിന്റെ കുറവും ആഹാരത്തില്‍ കാത്സ്യം, വിറ്റാമിന്‍-ഡി എന്നിവയുടെ അഭാവവും, പ്രായമാകുമ്പോള്‍ ഓസ്റ്റിയോപോറോസിസ് ഉണ്ടാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ശരിയായ ജീവിത ശൈലിയെക്കുറിച്ചും ആഹാരരീതിയെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുക വഴി ഭാവി തലമുറയെ ഈ വിപത്തില്‍ നിന്ന് രക്ഷിച്ചെടുക്കാം.

ചില രോഗങ്ങളുടെ ഭാഗമായി ചെറുപ്പക്കാര്‍ക്കും ഓസ്റ്റിയോപോറോസിസ് കണ്ടു വരുന്നുണ്ട്. സ്റ്റിറോയിഡ് പോലെയുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍, അര്‍ബുദരോഗത്തിനു ചികിത്സ എടുക്കുന്നവര്‍, നേരത്തെ ആര്‍ത്തവവിരാമമുണ്ടാകുന്ന സ്ത്രീകള്‍, ഗര്‍ഭാശയം നേരത്തെ നീക്കം ചെയ്ത സ്ത്രീകള്‍, ഹോര്‍മോണ്‍ രോഗങ്ങള്‍ ഉള്ളവര്‍, കരള്‍, കിഡ്നി രോഗങ്ങര്‍ ഉള്ളവര്‍, അമിത മദ്യപാവും പുകവലിയും ശീലമാക്കിയവര്‍ തുടങ്ങിയവർ എല്ലുകളിലെ ധാതു സാന്ദ്രത ഇടയ്‌ക്കു പരിശോധിക്കുന്നത് ഓസ്റ്റിയോപോറോസിസ് തുടക്കത്തിലെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു.

ഡോ. കെ.ആർ പ്രതാപ് കുമാർ
എം.ബി.ബി.എസ്, എഫ്.ആർ.സി.എസ് (ഓർത്തോ)
ഓർത്തോ കൺസൾട്ടന്റ് (ഷോൾഡർ ആൻഡ് അപ്പർലിന്പ് സർജൻ)
സൺറൈസ് ഹോസ്പിറ്റൽ, കൊച്ചി 

0 comments:

Post a Comment