To listen you must install Flash Player.

Saturday 27 July 2013



സിം കാര്‍ഡ് വേണമെങ്കില്‍ വിരലടയാളവും നല്‍കണം

sim-cardsന്യൂഡല്‍ഹി: പുതിയ സിം കാര്‍ഡ് ലഭിക്കണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കു പുറമെ  വിരലടയാളം കൂടി നല്‍കേണ്ടി വരും. വ്യാജ സിം കാര്‍ഡുകളുടെ ദുരുപയോഗം വര്‍ധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സിം നല്‍കുന്നതിന് മുന്‍പ് സേവന ദാതാക്കള്‍ വ്യക്തിയുടെ വിരലടയാളമോ മറ്റെന്തെങ്കിലും ബയോമെട്രിക് ഫീച്ചറോ നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ടെലി കോം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
ഇതിന് ആധാര്‍ കാര്‍ഡിന്‍റെ  രീതി മാതൃകയാക്കാമെന്നും നിര്‍ദേശത്തിലുണ്ട്.
ദേശീയ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം. സിം ഉപയോക്താക്കളുടെയെല്ലാം ബയോമെട്രിക് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഡാറ്റാബെയ്‌സ് തയ്യാറാക്കാനും ആഭ്യന്തര മന്ത്രാലയത്തിന് ആലോചനയുണ്ട്. എന്നാല്‍ വിവിധ മൊബൈല്‍ സേവന ദാതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന കിട മത്സരം കാരണം പലപ്പോഴും ആവശ്യത്തിനുള്ള രേഖകള്‍ പോലും സ്വീകരിക്കാതെയാണ് സിം നല്‍കാറുള്ളത്.
ഇതിന്റെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ വ്യക്തിക്കു തന്നെയാണോ സിം നല്‍കുന്നതെന്ന് ഉറപ്പു വരുത്താന്‍ റീട്ടെയ്‌ലര്‍മാര്‍ക്ക് നിര്‍ദശം നല്‍കണമെന്ന് സംബന്ധിച്ച് സേവന ദാതാക്കളുമായി ചര്‍ച്ച നടത്താനും ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നുണ്ട്.
2011ലെ മുംബൈ ആക്രമണത്തെ തുടര്‍ന്നാണ് സിം കാര്‍ഡ് നല്‍കുന്നത് ആഭ്യന്തര മന്ത്രാലയം കര്‍ശനമാക്കിയത്. അന്ന് ആക്രമണം നടത്തിയ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ ഉപയോഗിച്ചത് ഇന്ത്യന്‍ സിമ്മുകളായിരുന്നു ഉപയോഗിച്ചത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് സ്വന്തമാക്കിയ സിം കാര്‍ഡുകളായിരുന്നു ലഷ്‌കര്‍ ഭീകരുടെ കൈവശം ഉണ്ടായിരുന്നത്.
അപേക്ഷകന്‍ നിര്‍ബന്ധമായും ഹാജരായാല്‍ മാത്രമെ സിം നല്‍കാവൂ എന്ന് സേവന ദാതാക്കള്‍ക്ക് കഴിഞ്ഞ വര്‍ഷം ടെലികോം മന്ത്രാലയം ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ സേവന ദാതാക്കളില്‍ നിന്നും റീട്ടെയ്‌ലേഴ്‌സിന് കര്‍ക്കശ നിര്‍ദേശം ലഭിക്കാത്തതിനാല്‍ ഇത് ഇപ്പോഴും പലയിടങ്ങളിലും നടപ്പിലാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിം കാര്‍ഡ് നല്‍കുന്നതിന് മുന്‍പ് കൃത്യമായ രേഖകള്‍ ഹാജരാക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ആഭ്യന്തര മന്ത്രാലയത്തിന് അടുത്തിടെ കത്തയച്ചിരുന്നു. റീട്ടെയ്‌ലര്‍മാര്‍ വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി വന്‍ തോതില്‍ ക്രിമിനലുകള്‍ക്കടക്കം സിം നല്‍കുന്നുണ്ടെന്നും ഇത് ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. അടുത്തിടെ ഒരു റീട്ടെയ്‌ലര്‍ വ്യാജ രേഖകള്‍ സ്വീകരിച്ച് 450 സിം കാര്‍ഡുകള്‍ നല്‍കിയതും കമ്മീഷണര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.


0 comments:

Post a Comment