To listen you must install Flash Player.

Wednesday 24 July 2013



കുടുംബം ഒരു ആത്മവിദ്യാലയം

Decrease Font Size
580498_537469589654029_2080526176_n
കുടുംബം എന്നും എല്ലാ ഗുണപാഠങ്ങളുടെയും സന്മാര്ഗ പരിശീലനത്തിന്റെയും കളരി ആയിരിക്കണം. നമ്മുടെ വീട് നമുക്ക് ഒരു നല്ല വിദ്യാലയം അല്ലെങ്കില്‍ ദേവാലയം ആക്കാന്‍ സാധിക്കണം.
വീട് ഒരു വിദ്യാലയം

എത്ര തന്നെ നാം ദേവാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പോയാലും ഒരു കുട്ടിയുടെ വ്യക്തിത്വരൂപീകരണത്തിലും, സ്വഭാവ രൂപീകരണത്തിലും കൂടുതല്‍ സ്വാധീനം കൊടുക്കുന്നത് സ്വന്തം വീട് തന്നെ. ശൈശവത്തിലും ബാല്യത്തിലും ഈ സ്വാധീനം അടിത്തറ ഇടുന്നു. മാതാപിതാക്കളുടെ പ്രവര്‍ത്തികളാണ് ഇതില്‍ പ്രധാനം. ഓരോ പ്രവൃത്തിയും ഓരോ സംസാരവും അവനില്‍/അവളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. മാതാപിതാക്കളുടെ ഓരോ നീക്കവും നന്മയുടെതാണെങ്കില്‍, അത് കാണുന്ന കുട്ടിയുടെ ചിന്തയില്‍ ചലനങ്ങളുണ്ടാകുകയും, ചെറു തലച്ചോറിലെ ന്യൂറോണുകളില്‍, അതിനു തുല്യമായ വൈദ്യുതകാന്തികതരങ്കങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. നന്മയുടെതല്ല എങ്കില്‍ മറിച്ചും ആയിരിക്കും ഫലം. ഇവിടെ പരോക്ഷമായ ഒരു മാതൃക നേരിട്ടുള്ള സ്വാധീനത്തിനു മാറ്റു കൂട്ടുന്നു. ഉദാ: ഒരു പിതാവ് തന്റെ കടമകളെല്ലാം നന്നായി ചെയ്യുകയും, കുടുംബത്തെ സ്‌നേഹിക്കുകയും, പരോപകാര പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു എന്ന് വിചാരിക്കുക, ഇവിടെ ഒരു സാരോപദേശം ഇല്ലെങ്കിലും ഇത് കണ്ടു വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് പിതാവിന്റെ പാതയില്‍ ചലിക്കാനുള്ള ഉള്‍പ്രേരണ ഉണ്ടാകുകയും, അവര്‍ നല്ല വ്യക്തികളായിത്തീരുകയും ചെയ്യുന്നു. ഇവിടെ അവരുടെ മനസ്സില്‍ സൂപ്പര്‍ ഈഗോയുടെ പ്രവര്‍ത്തനം നന്നായി നടക്കുന്നു. എന്നാല്‍ ഒരു പിതാവ് തന്റെ കടമകള്‍ ഒന്നും ചെയ്യാതെയും, കുടുംബത്തെ മറന്നു തന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കുകയും ചെയ്താല്‍, തീര്‍ച്ചയായും മക്കളും ആ പാത പിന്തുടര്‍ന്നു എന്ന് വരാം. ഇവിടെ ഈദിന്റെ സ്വാധീനം കൂടി, തനിക്കും അങ്ങിനെയായാല്‍ എന്താണ് തെറ്റ് എന്നുള്ള ചോദ്യം വളര്‍ന്നു വരുന്ന കുട്ടിയില്‍ ഉണ്ടാകുന്നു. നേരെമറിച്ച്, സ്വയം നല്ല രീതിയിലേക്ക് തിരിഞ്ഞ് ഒരു മാതൃക ആകുകയും തന്റെ പ്രവൃത്തികളുടെ ഫലം താന്‍ അനുഭവിച്ചു, ഇനി കുട്ടികളും ഇതനുഭവിക്കാതിരിക്കാന്‍ സ്വയം തിരുത്തിയാല്‍ അത് കുട്ടികള്ക്ക് നന്മയുടെ സ്വാധീനം നല്കാം.
സ്‌നേഹം പ്രകടിപ്പിക്കുക
ഇന്ന് അര മണിക്കൂറെങ്കിലും കുട്ടികളുടെ ഒപ്പം ചിലവഴിക്കാന്‍ മാതാപിതാക്കള്‍ക്ക് സമയം ഇല്ല. വളരുന്ന സാഹചര്യത്തില്‍ സ്‌നേഹം പ്രകടിപ്പിച്ചു കാണാന്‍ കുട്ടികള്‍ ആഗ്രഹിക്കുന്നു. അവരെ മനസിലാക്കാന്‍ അവരുടെ ചെറിയ മനസിലേക്ക് ഇറങ്ങി ചെല്ലണം. ഇന്ന് അല്പം തമാശയും കഥകളും ഒക്കെ പറഞ്ഞു അവരോടൊപ്പം കളിക്കുകയും മറ്റും ചെയ്യാന്‍ ആര്‍ക്കാണ് നേരം. ടീ വി സീരിയലുകളാണ് ഒന്നിനും സമയം കൊടുക്കാത്ത ഒന്ന്. ഇന്ന് കുട്ടികളുടെ സ്വഭാവത്തിനു കൂടുതല്‍ സ്വാധീനം നല്കുന്നത് ടീ വി സീരിയലുകളാണ്. അര മണിക്കൂറെങ്കിലും കുടുംബത്തില്‍ ടീ വി പരിപാടി നിരത്തി അവരോടു കുശലം പറയുകയും, അവരോടൊപ്പം ചിലവഴിക്കുകയും ചെയ്യുന്ന എത്ര രക്ഷിതാക്കള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ഉണ്ടെങ്കില്‍ വളരെ ചുരുക്കം. ബിസിനസ്സ് ചെയ്യുന്നവരുടെ കാര്യം പിന്നെ ചോദിക്കേണ്ടല്ലോ. സ്‌നേഹം പ്രകടിപ്പിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സ്‌നേഹം മനസ്സിലാകില്ല. അവര്ക്ക് സ്‌നേഹം ഉണ്ടെങ്കിലും കുട്ടികള്‍ അത് മനസിലാക്കണമെങ്കില്‍ അത് പ്രകടിപ്പിക്കുക തന്നെ ചെയ്യണം. ഇവിടെ മനസ്സുകള്‍ രണ്ടു ദ്രുവങ്ങളില്‍ ആണ്. കുട്ടികള്‍ കരുതുന്നു മാതാപിതാക്കള്‍ക്ക് സ്‌നേഹം ഇല്ലെന്ന്, അവര്‍ കരുതുന്നു എത്ര സ്‌നേഹിച്ചിട്ടും കുട്ടികള്‍ എന്തേ ഞങ്ങളെ മനസിലാക്കാത്തത് എന്ന്. ധാരാളം പണവും, എല്ലാ സൌകര്യങ്ങളും കുട്ടികള്ക്ക് ചെയ്തു കൊടുക്കുന്നതാണ് സ്‌നേഹം എന്നാണു ചില രക്ഷിതാക്കള്‍ കരുതുന്നത്. എന്നാല്‍ അല്‍പനേരം അവരോടൊപ്പം ചിലവഴിക്കുകയും ഒപ്പം സ്‌നേഹത്തോടുള്ള ഒരു വിളി, ഒരു തലോടല്‍, ഒരു സ്പര്‍ശം, ഒരു ചിരി ഇത്ര മാത്രം മതി, കുഞ്ഞുങ്ങള്‍ക്ക് വലിയ സന്തോഷം ഉണ്ടാകാന്‍. തങ്ങളെ മാതാപിതാക്കള്‍ സ്‌നേഹിക്കുന്നു എന്ന് അപ്പോള്‍ മാത്രമേ അവര്ക്ക് മനസിലാകൂ.

വീട്ടിലെ മുതിര്‍ന്നവര്‍ മാതൃക ആകുക

കുടുംബം എന്നും നന്മയുടെ ഉറവിടമാണെങ്കില്‍ അവിടെ കുട്ടികളും നല്ല വ്യക്തികളായിത്തീരും, വ്യക്തിത്വമുള്ളവരായിത്തീരും. പിതാവ്, മാതാവ്, മുതിര്‍ന്ന സഹോദരങ്ങള്‍ തുടങ്ങി എല്ലാവരുടെയും പ്രവൃത്തികള്‍ അവര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കും. മുതിര്‍ന്നവരെല്ലാം തെറ്റായ മാതൃക കാണിച്ചാല്‍, അവര്‍ക്കെന്തു ചെയ്യാന്‍ സാധിക്കും. കുടുംബം ഇങ്ങിനെയായാല്‍ ഇവരും ഭാവിയില്‍ ഇങ്ങിനെയാകും. തെറ്റിലൂടെ ജീവിക്കുന്ന കുടുംബത്തിനു പ്രശ്‌നമൊന്നും ഇല്ലെങ്കില്‍ എനിക്കും ഇങ്ങിനെ ജീവിച്ചാല്‍ എന്ത് പ്രശ്‌നം എന്നുള്ള ചിന്ത അവരില്‍ വളരും. എങ്കിലും ഇതില്‍ നിന്നൊക്കെ സ്വയം പാഠം പഠിച്ച് നന്മയുടെ പാതയിലേക്ക് തിരിയുന്നവരും ചുരുക്കമായി നമ്മുടെ സമൂഹത്തിലുണ്ട്. ഉദാ: അമ്മ കൂലിവേല ചെയ്യുന്നു, അച്ഛനും കൂലി വേല ചെയ്യുന്നു, പക്ഷെ അമ്മ സമ്പാദിക്കുന്നത് കൂടി അച്ഛന്‍ കുടിച്ചു കുടിച്ചു കുടുംബം മുടിക്കുന്നു, ഇവിടെ അമ്മയുടെ ദുഃഖം കാണുന്ന മകന്‍ അച്ഛന്റെ പാത പിന്തുടര്‍ന്നു എന്ന് വരില്ല. പകരം അവന്‍ നല്ല ഒരു വ്യക്തിയായിത്തീരുന്നു.

രക്ഷിതാക്കള്‍ റോള്‍ മോഡല്‍ ആകുക

വീട്ടില്‍ മാതാപിതാക്കള്‍ വഴക്കുണ്ടാക്കാതിരിക്കുകയും സ്‌നേഹത്തോട് ജീവിക്കുന്നതും കുട്ടികള്ക്ക് നല്ല ഒരു പ്രേരണ ആണ്. എങ്ങിനെയായാലും എല്ലാം നിരീക്ഷിക്കുന്ന കുട്ടികളില്‍ അനുകരണം ആദ്യം ഉണ്ടാകുന്നത് വീട്ടിലായിരിക്കും. പിന്നെ സ്‌കൂള്‍, സമൂഹം എന്നിവടങ്ങളില്‍ നിന്നും. ഹിപ്പോക്കാമ്പസ്, ഫ്രന്ടല്‍ കൊര്‍റ്റെക്‌സ് മുതലായ തലച്ചോറിന്റെ ഭാഗങ്ങളില്‍ ചില ഞരമ്പുകള്‍ (mirror neurons) കണ്മുന്നില്‍ കാണുന്ന കാര്യങ്ങള്‍ കണ്ണാടി പോലെ പകര്‍ത്തുന്നു, പതിനൊന്നു വയസ്സ് വരെ ഇത് നടക്കുന്നു, അത് കൊണ്ട് ഈ പ്രായത്തില്‍ കുട്ടികള്ക്ക് നന്മ കാണിച്ചു കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം .
ഇന്ന് ഈശ്വര പ്രാര്‍ത്ഥന ഒരിടത്തും അധികം കേള്‍ക്കാറില്ല (ഒരു മതത്തിലും), ചിലര്‍ കരുതും അതുകൊണ്ടാണ് കുട്ടികള്‍ വഴി തെറ്റുന്നത് എന്ന് പലരും. എന്നാല്‍ പ്രാര്‍ത്ഥന കൊണ്ടോ ആരാധനാലയങ്ങളില്‍ പോകുന്നത് കൊണ്ടോ മാത്രം കുട്ടികള്‍ നല്ല വ്യക്തികളാകുമോ? അവയൊക്കെ നല്ലതാണെങ്കിലും, ഏറ്റവും വലിയ ആത്മവിദ്യാലയം സ്വന്തം കുടുംബം തന്നെ. ദൈവത്തെ സ്‌നേഹിക്കൂ, നമുക്ക് അനുഗ്രഹങ്ങള്‍ കിട്ടും എന്ന് എല്ലാവരും പറയുന്നു എന്നാല്‍ തന്നെ പോലെ തന്നെ എല്ലാവരെയും സ്‌നേഹിക്കൂ എന്ന് എത്ര പേര്‍ പറഞ്ഞു കൊടുക്കുന്നു. പരസ്പര സ്‌നേഹം, സംരക്ഷണം, ക്ഷമ, സഹനം, പങ്കുവെയ്ക്കല്‍ ഇവയൊക്കെ മാതാപിതാക്കളുടെ വീട്ടിലെ പ്രവൃത്തികളിലൂടെ യാണ് അവര്ക്ക് ലഭിക്കുന്നത്.

നല്ല പുസ്തകങ്ങള്‍, വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ ഇവ വായിക്കാനോ ഇന്ന് കുട്ടികള്ക്ക് നേരമില്ല. പക്വതയിലേക്ക് കടക്കുന്ന കൗമാരകാലത്ത് അപക്വമായ ചിന്തകളുടെ (ദുഃഖം, ഭയം, നിരാശ, വൈരാഗ്യം മുതലായവ ) അനാവശ്യ വേരുകള പിഴുതെറിയുന്ന സമയം (dendrites pruning time)(പതിമൂന്നു മുതല്‍ പത്തൊമ്പത് വയസ് വരെ) ആകുമ്പോള്‍, കുടുംബത്തിലെ വളര്‍ന്ന സാഹചര്യങ്ങളുടെ സ്വാധീനം കൂടുതല്‍ തലച്ചോറില്‍ നില നില്‍ക്കുന്നു. സ്വയം നല്ല ചിന്തകള്‍ വളരുകയും ക്രിയാത്മക പ്രവൃത്തികളില്‍ ഏര്‌പ്പെടുകയും ചെയ്യേണ്ട സമയമാണ് അത്. സ്വയം നന്നായി മാതൃക കാണിക്കുന്നവരായിത്തീര്‍ന്നാല്‍ നമ്മുടെ വീട് തന്നെ സ്വര്‍ഗ്ഗ തുല്യമായിത്തീരും. ശാന്തപ്രശാന്തമായ നന്മയുടെ ദേവാലയം നമുക്ക് തന്നെ സൃഷ്ടിക്കാം.

0 comments:

Post a Comment