കുട്ടികളെ ശാസ്ത്രീയമായി വളര്‍ത്തുന്നത് എങ്ങിനെ?
ഒരു നല്ല രക്ഷിതാവ് ആയി മാറിയെങ്കില്‍ മാത്രമേ നമ്മുടെ കുട്ടികളും നല്ലവരായി മാറുകയുള്ളൂ. കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുവാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്. പക്ഷെ സയന്‍സിന്റെ പിന്‍ബലത്തോടെ അവരെ വളര്‍ത്തുവാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ആണ് താഴെ പറയുന്നത്. ഇവ റിസര്‍ച്ചിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ആണ്.
കളി തമാശകള്‍ വളരെ നല്ലതാണ്
കുട്ടികളോട് കളിക്കുന്നതും തമാശ പറയുന്നതുമെല്ലാം വളരെ നല്ലത് തന്നെയാണ്. അങ്ങിനെ ചെയ്യുമ്പോള്‍ അത് കുട്ടികളുടെ ക്രിയാത്മകതയെ നല്ല രീതിയില്‍ സ്വാധീനിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ അവര്‍ക്ക് അത് കൂട്ടുകാരെ കണ്ടെത്തുന്നതിനും ഇന്നത്തെ ജീവിതത്തിലെ മാനസിക പിരിമുറുക്കങ്ങള്‍ സ്വയം കൈകാര്യം ചെയ്യുന്നതിനും ഒരുപാട് സഹായിക്കും.
പോസിറ്റീവ് ചിന്താഗതിയോടെയുള്ള സമീപനം
കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ തുടങ്ങി ഒരിക്കലും അവരോടെ ദേഷ്യ പൂര്‍വം പെരുമാറരുത്. അങ്ങിനെ പെരുമാറുന്നവരുടെ കുട്ടികള്‍ക്ക് ഭാവിയില്‍ പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതല്‍ ആയിരിക്കും. നമ്മുടെ കുട്ടിക്ക് ചെറുപ്പത്തില്‍ അഗ്രസ്സീവ് ബിഹേവിയര്‍ ഉണ്ടെങ്കില്‍ അവനു അത് ചിലപ്പോള്‍ വലുതാകുംപോഴും ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ദേഷ്യപ്പെടുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ ദേഷ്യം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. അവരുടെ ഭാവിയെ അത് സാരമായി ബാധിക്കും എന്ന കാര്യം ഓര്‍ക്കുക. അതിനാല്‍ ദേഷ്യം അടക്കുക.
കരുണയോടെയുള്ള പെരുമാറ്റം.
കരുണയോടെ മറ്റുള്ളവരോട് പുലര്‍ത്തുന്ന രക്ഷിതാവിന്റെ സമീപനം കുട്ടികളെയും നല്ലവരാക്കും. ജീവിതത്തിലെ പ്രശ്നങ്ങളെ മാതാപിതാക്കള്‍ എങ്ങിനെ നേരിടുന്നു എന്നത് കുട്ടികള്‍ക്കുമൊരു പാഠം ആണ്. അന്യ മനുഷ്യരെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ കുട്ടികളും അങ്ങിനെ തന്നെ ചെയ്യും. മാതാപിതാക്കള്‍ നല്ലവരല്ലെങ്കില്‍ മക്കള്‍ നല്ലവര്‍ ആവണം എന്നില്ല. മാതാപിതാക്കള്‍ എന്നും കുട്ടികളുടെ മുന്നില്‍ ഒരു മാതൃക തന്നെയാണ്.
ദാമ്പത്യ ബന്ധം കാത്തു സൂക്ഷിക്കുക
മാതാപിതാക്കള്‍ തങ്ങളുടെ സ്നേഹബന്ധം നിലനിറുത്തുക എന്നത് വളരെ പ്രാധാന്യം ഉള്ള കാര്യം തന്നെയാണ്. വേര്‍പിരിയുന്ന മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സ്വഭാവ വൈകല്യങ്ങള്‍ വരുത്തുമെന്ന കാര്യം മറക്കാതെയിരിക്കുക. അവരുടെ ജീവിതത്തെ മാതാപിതാക്കളുടെ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ സാരമായിതന്നെ ബാധിക്കും.
സ്വന്തം മനസ്സിന്റെ ആരോഗ്യം
എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം ആണിത്. നമ്മുടെ മനസ്സിന്റെ താളപ്പിഴകള്‍ കുട്ടികളെയും ബാധിക്കും എന്നതിനാല്‍ അതിനു ഊന്നല്‍ കൊടുക്കണം. നമുക്ക് വിഷാദ രോഗമോ മറ്റോ ഉണ്ടെങ്കില്‍ അതിനു ചികിത്സ ചെയ്യണം. നമ്മുടെ മനസ്സിന്റെ വിഷമതകളും മറ്റും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കരുത്.
വിഷമതകള്‍ വരുമ്പോള്‍ കുട്ടികള്‍ നമ്മുടെ അടുത്ത് വേണം വരേണ്ടുന്നത്
നമ്മുടെ കുട്ടികള്‍ക്ക് ജീവിതത്തില്‍ എന്ത് തരാം വിഷമതകള്‍ വന്നു എന്നിരുന്നാലും അവര്‍ നമ്മുടെ അടുത്ത് വന്ന് അത് പറയേണ്ടുന്ന ഒരു സാഹചര്യം നമ്മള്‍ തന്നെ ഉണ്ടാക്കണം. സൈക്കോളജിയില്‍ അത് സെക്യുര്‍ ബേസ് എന്ന് പറയും. ചുരുക്കത്തില്‍ അത് വിഷമതകള്‍ വരുമ്പോള്‍ ആശ്രയിക്കുവാനുള്ള ഒരു അത്താണി എന്ന് കരുതിയാല്‍ മതി. കുട്ടികള്‍ക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ അവരെ കടിച്ചു കീറാന്‍ നില്‍ക്കുന്ന മാതാപിതാക്കള്‍ക്ക് അങ്ങിനെ ആകുവാന്‍ കഴിയുകയില്ല. നമ്മളും കുട്ടികളും ആയി ഉണ്ടാവുന്ന സ്നേഹ ബന്ധങ്ങള്‍ ആണ് അവരെ ജീവിതത്തില്‍ നല്ല ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ പര്യാപ്തര്‍ ആക്കി മാറ്റുന്നത്.
കുട്ടികളെ പഴി ചാരരുത്
ജീവിതത്തില്‍ ആരും പെര്‍ഫെക്റ്റ് അല്ല. നമ്മുടെ കുട്ടികള്‍ക്ക് എന്തെങ്കലും ചെയ്യുവാന്‍ കഴിഞ്ഞില്ല എന്ന് കരുതി അവരെ ഒരിക്കലും മോശക്കാരായി കരുതരുത്. ഒരു തുറന്ന സമീപനം വേണം.
നമ്മുടെ സ്വന്തം കുട്ടികളെ അറിയുക
നമ്മുടെ കുട്ടികളെ അറിഞ്ഞു വേണം അവരോടു നമ്മള്‍ പ്രതികരിക്കുവാന്‍. അവര്‍ക്ക് വിഷാദ രോഗം, ആകാരണമായ പേടികള്‍ തുടങ്ങിയ ഒരുപാടുകാര്യങ്ങള്‍ അങ്ങിനെ നമുക്ക് തടയുവാന്‍ കഴിയും. കുട്ടിക്ക് നമ്മുടെ സ്നേഹപൂര്‍വ്വമായ പെരുമാറ്റം ആണ് വേണ്ടത് എന്ന കാര്യം മറക്കാതെയിരിക്കുക.
0 comments:
Post a Comment