To listen you must install Flash Player.

Monday, 29 July 2013

പിസിയെ സുരക്ഷിതമാക്കാം സൗജന്യമായിപണമൊന്നും ചെലവാക്കാതെ തന്നെ കമ്പ്യൂട്ടറുകള്‍ക്ക് സുരക്ഷ നല്‍കുന്ന ധാരാളം സംവിധാനങ്ങള്‍ ഇന്നുണ്ട്. ഇവ എങ്ങനെയെന്ന് മനസ്സിലാക്കിയാല്‍ പിസി സുരക്ഷയെക്കുറിച്ച് വേവലാതിയും വേണ്ട അനാവശ്യ ചെലവുകള്‍ ഉണ്ടാകുകയുമില്ല. ഇന്നത്തെ കാലത്ത് ഒരു പിസി പൂര്‍ണ്ണമായും സുരക്ഷിതമാകണമെങ്കില്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം പോര, ഇന്റര്‍നെറ്റ്, നെറ്റ്‌വര്‍ക്ക് ഭീഷണികളെക്കുറിച്ചുള്ള അവബോധവും ബ്രൗസിംഗില്‍ ജാഗ്രത പുലര്‍ത്തുന്നതും ആവശ്യമാണ്. പറഞ്ഞുവന്നത് മറ്റൊന്നാണ്, പിസി സുരക്ഷയ്ക്കായി നമുക്കിടയില്‍ ഇപ്പോള്‍ സൗജന്യ ടൂളുകള്‍ അഥവാ സംവിധാനങ്ങള്‍ ഉണ്ടെന്നാണ്.


വിന്‍ഡോസ് ഫയല്‍ ഷെയറിംഗ് ചെയ്യാതിരിക്കുക

നെറ്റ്‌വര്‍ക്കുകളില്‍ കൂടിയാണ് പല മാല്‍വെയറുകളും ഓരോ പിസികളിലും കടന്നുകൂടുന്നത്. നിങ്ങളില്‍ ഒരു വലിയൊരുവിഭാഗവും വിന്‍ഡോസ് ഫയല്‍ ഷെയറിംഗ് സംവിധാനം ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടാകില്ലേ. എന്നാല്‍ അത് അപകടമാണ്. വേംസ്, വൈറസ് ഉള്‍പ്പടെയുള്ള ഭീഷണികള്‍ക്ക് സിസ്റ്റം കീഴടങ്ങാന്‍ ഇത് കാരണമാകുന്നുണ്ട്. ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് നെറ്റ്‌വര്‍ക്ക് വഴി ഫയലുകള്‍ ഷെയര്‍ ചെയ്യുന്നതാണ് ഫയല്‍ ഷെയറിംഗ്. വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ പല രീതികളിലുള്ള ഫയല്‍ ഷെയറിംഗ് ഉണ്ട്. ലോക്കല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചും വെര്‍ച്വല്‍ സര്‍വ്വറിലേക്കും അങ്ങനെ ധാരാളം. നിങ്ങളുടെ വീട്ടില്‍ ഒന്നിലേറെ കമ്പ്യൂട്ടറില്ലെങ്കില്‍ അവ ഒരേ നെറ്റ്‌വര്‍ക്കിലല്ലെങ്കില്‍ ഫയല്‍ ഷെയറിംഗ് ഓപ്ഷന്‍ ടേണ്‍ ഓഫ് ചെയ്യുന്നതാണ് ഉത്തമം. 

ടേണ്‍ ഓഫ് ചെയ്യുന്ന വിധം: കണ്‍ട്രോള്‍ പാനലില്‍ പോയി നെറ്റ്‌വര്‍ക്ക് കണക്ഷന്‍ വിന്‍ഡോ എടുക്കുക. അവിടെ കാണുന്ന നെറ്റ്‌വര്‍ക്ക് അഡാപ്റ്റര്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപെര്‍ട്ടീസില്‍ ക്ലിക്ക് ചെയ്യുക. വിന്‍ഡോസ് ഫയല്‍ ഷെയറിംഗിന് നേരെയുള്ള ചെക്ക്‌ബോക്‌സ് അണ്‍ചെക്ക് ചെയ്താല്‍ മതി. ഇനി അഥവാ നിങ്ങള്‍ക്ക് നെറ്റ്‌വര്‍ക്ക് ഷെയറിംഗ് ആവശ്യമുള്ളതാണെങ്കില്‍ എപ്പോഴും സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. 

നെറ്റ്‌വര്‍ക്ക് കണക്ഷന്‍ നിരീക്ഷിക്കുക 

ഫയലുകളെ കറപ്റ്റ് ആക്കുകയും സിസ്റ്റം പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ചെയ്യുന്ന വൈറസുകള്‍ ഇന്നുണ്ട്. വൈറസ് ബാധയുണ്ടായാല്‍ ഇന്റര്‍നെറ്റിലൂടെ അത് മറ്റുള്ള സിസ്റ്റങ്ങളിലേക്കും വൈറസുകളെ സ്പാം രൂപത്തിലും മറ്റും എത്തിക്കുന്നു. ഒരു നെറ്റ്‌വര്‍ക്ക് ബാന്‍ഡ്‌വിഡ്ത്ത് മോണിറ്ററുണ്ടെങ്കില്‍ ഇത്തരം ഭീഷണികളെ ഒരു പരിധി വരെ തടയാനാകും. വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റം ഇത്തരത്തില്‍ റിസോഴ്‌സ് മോണിറ്ററെന്ന നെറ്റ്‌വര്‍ക്ക് മോണിറ്റര്‍ ബില്‍റ്റ് ഇന്‍ ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷിതമായ ബ്രൗസിംഗ്

വെബ് ബ്രൗസറുകളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ വേണം എപ്പോഴും ബ്രൗസിംഗിന് ഉപയോഗിക്കാന്‍. ഫയര്‍ഫോക്‌സ്, ക്രോം, ഒപേറ, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്നിവയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.


സൗജന്യ മാല്‍വെയര്‍ റിമൂവല്‍ ടൂള്‍

ഇന്ന് ധാരാളം മാല്‍വെയര്‍ റിമൂവല്‍ ടൂളുകള്‍ സൗജന്യമായി ലഭിക്കുന്നുണ്ട്. സ്‌പൈബോട്ട്, ഹൈജാക്ക്ദിസ്, സിമാന്‍ടെകിന്റെ പവര്‍ ഇറേസര്‍ എന്നിവയാണ് ഇതില്‍ ചിലത്. ഇവ ഓരോന്നും ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് വേണം സ്വീകരിക്കാന്‍ എന്ന് കൂടി ശ്രദ്ധിക്കുക. കാരണം ഇത്തരം പേരുകള്‍ അനുകരിച്ച് സ്പാമുകളും ധാരാളമാണ്. ആന്റിവൈറസ് കമ്പനികളും ഇത്തരം ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്.

വെബ് അധിഷ്ഠിത സ്‌കാനറുകള്‍
 
ആന്റിവൈറസുകള്‍ നമ്മുടെ സിസ്റ്റത്തിന്റെ സുരക്ഷാമതിലാണ്. എന്നാല്‍ ഇവ വേണമെന്നില്ല അല്ലെങ്കില്‍ അവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മടിയോ ഉള്ളവര്‍ക്കായി ഒരു മാര്‍ഗ്ഗം പറയാം. ഓണ്‍ലൈന്‍ ആന്റിവൈറസ് സ്‌കാനറുകള്‍ ഉപയോഗിക്കാം. ഇവ സൗജന്യമാണ്. ജാവ ആപ്ലിക്കേഷനോ ആക്റ്റീവ് എക്‌സ് എന്ന പ്രോഗ്രാമിംഗ് ലാംഗ്വേജോ ഉപയോഗിച്ചാണ് ഈ സ്‌കാനറുകള്‍ സിസ്റ്റം സ്‌കാന്‍ ചെയ്യുന്നത്. ഇവയെല്ലാം ഉപയോഗിക്കാമെങ്കിലും സിസ്റ്റത്തെ അടിസ്ഥാനമായി സുരക്ഷിതമാക്കുന്നതിന് ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.

സൗജന്യ ഓണ്‍ലൈന്‍ വൈറസ് സ്‌കാനര്‍

ഇഎസ്ഇടി, ട്രന്‍ഡ്‌മൈക്രോ എന്നീ സെക്യൂരിറ്റി കമ്പനികള്‍ സൗജന്യ ഓണ്‍ലൈന്‍ വൈറസ് സ്‌കാനര്‍ ലഭ്യമാക്കുന്നുണ്ട്. ഇവ പൂര്‍ണ്ണമായും സിസ്റ്റത്തെ സംരക്ഷിക്കില്ലെങ്കിലും സിസ്റ്റം വലിയ മാല്‍വെയറുകളുടെ പിടിയിലാകുമോ എന്ന ആശങ്ക ഇവ ഉപയോഗിച്ച് മാറ്റാം.

അണ്‍ലോക്കര്‍ ഉപയോഗിക്കുക

സിസ്റ്റത്തില്‍ മാല്‍വെയര്‍ സ്ഥിതി ചെയ്യുക ഏതെങ്കിലും ഫോള്‍ഡറില്‍ ഫയലിന്റെ രൂപത്തിലാകും. അവ ഏത് സമയത്തും പ്രവര്‍ത്തിക്കുന്നത് കാരണം സിസ്റ്റത്തില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുകയുമില്ല. കാരണം ഒരു ഫയല്‍ ഓപണ്‍ ചെയ്ത് വെച്ച് അവ ഡിലീറ്റ് ചെയ്യാന്‍ സാധ്യമല്ലല്ലോ. ഇത്തരം മാല്‍വെയറുകളെ ചെറുക്കാന്‍ അണ്‍ലോക്കര്‍ എന്ന ടൂളിന് സാധിക്കും. ഇത്തരം ഫയലുകള്‍ തുറക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. ഈ അപകടകരമായ ആപ്ലിക്കേഷനെ നശിപ്പിക്കാനും ഉപയോക്താക്കള്‍ ഫയലിന്റെ പ്രവര്‍ത്തനം കണ്ടെത്തുന്നതിന് വേണ്ടി അത് റീനെയിം ചെയ്യാനും അണ്‍ലോക്കര്‍ സഹായിക്കുന്നു.

ഓട്ടോറണ്‍ ഡിസേബിള്‍ ചെയ്യുക

വിന്‍ഡോസിലെ ഓട്ടോറണ്‍ സൗകര്യം ആക്റ്റീവ് ചെയ്യാതിരിക്കുക. ഒരു ഡിവിഡി ഇന്‍സേര്‍ട്ട് ചെയ്യുമ്പോഴോ അല്ലെങ്കില്‍ ഫ്ലാഷ് ഡ്രൈവ് കണക്റ്റ് ചെയ്യുമ്പോഴോ ആണ് ഓട്ടോറണ്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഡീഫോള്‍ട്ട് മീഡിയ പ്ലെയര്‍ ഉപയോഗിച്ച് ആ ഡിവിഡിയോ സിഡിയോ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യാന്‍ ഉപഭോക്താവിന് സൗകര്യമൊരുക്കുകയാണ് ഓട്ടോറണ്‍ ചെയ്യുന്നത്. ഫ്ലാഷ്ഡ്രൈവുകളുടെ കാര്യത്തില്‍ Autorun.inf ഫയല്‍ സുരക്ഷിതമല്ല. ഓട്ടോറണ്‍ ഫങ്ഷന്‍ ഉപയോഗിക്കുന്ന പിസികളില്‍ ഫ്ലാഷ് ഡ്രൈവ് ഇന്‍സെര്‍ട്ട് ചെയ്യുകയാണെങ്കില്‍ വൈറസ് ഡ്രൈവിലെ ഏതെങ്കിലും ഫോള്‍ഡറില്‍ ഒളിഞ്ഞിരുന്ന് പ്രവര്‍ത്തനം തുടങ്ങുന്നതാണ്.

ഫ്ലാഷ് ഡ്രൈവുകള്‍ പരിശോധിക്കുക 

ഡോസ് (ഡിഒഎസ്) കമാന്റുകള്‍ നല്‍കി ഫ്ലാഷ് ഡ്രൈവുകള്‍ സ്‌കാന്‍ ചെയ്യാവുന്നതാണ്. വൈറസ് സാന്നിധ്യം അറിയുന്നതിന് വേണ്ടിയാണിത്. അതിന് Start > Run വിന്‍ഡോയില്‍ cmd എന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് (ഉദാഹരണത്തിന്) എച്ച് ഡ്രൈവെന്നാണ് ഫ്ലാഷ് ഡ്രൈവ് കാണിക്കുന്നതെങ്കില്‍ H: എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് DIR/ah എന്ന് ടൈപ്പ് ചെയ്താല്‍ എല്ലാ ഒളിഞ്ഞിരിക്കുന്ന ഫയലുകളും കാണാനാകും. Autorun.inf എന്ന ഫയല്‍ ഹൈഡ് ആയി കാണുകയാണെങ്കില്‍ ഡ്രൈവിന് വൈറസ് ബാധയുണ്ടെന്നാണ് പൊതുവായ അര്‍ത്ഥം. അവ ഡിലീറ്റ് ചെയ്യണമെങ്കില്‍ ആദ്യം (ഉദാഹരണത്തിന്) ATTRIB -r -s -h AUTORUN.INF എന്ന് ടൈപ്പ് ചെയ്ത് പിന്നീട് DEL AUTORUN.INF എന്നും ടൈപ്പ് ചെയ്യുക.

0 comments:

Post a Comment