To listen you must install Flash Player.

Sunday, 7 July 2013   

തലമുടി തഴച്ചുവളരാന്‍... തലയോട്ടിയില്‍ നല്കുന്ന മൃദുവായ മസാജിങ് മുടിയിഴകള്‍ക്ക് ഭംഗിയും ബലവും നല്‍കും...


സ്‌ട്രെയിറ്റനിങ്ങും ലെയറിങ്ങുമൊക്കെ ചെയ്ത തലമുടി കാണാന്‍ നല്ല സ്‌റ്റൈലാണ്. പക്ഷേ, മുടിയുടെ അഴക് ദീര്‍ഘകാലം നിലനില്ക്കാന്‍ യോജിച്ച ആരോഗ്യപരിചരണങ്ങള്‍ കൂടിവേണം. പലതരം ഹെയര്‍ സ്റ്റൈലിങ്ങുകള്‍ മാറിമാറി ചെയ്യുമ്പോള്‍ മുടിയുടെ ആരോഗ്യത്തെ അത് മോശമായി ബാധിക്കാനിടയുണ്ട്.

മുടിയ്ക്ക് തിളക്കവുംഭംഗിയും                  

തിളക്കമില്ലാത്ത പരുക്കന്‍ മുടിയിഴകള്‍ക്ക് ഭംഗി കിട്ടാന്‍ ഉള്ള പരിചരണമാണ് ഹെയര്‍ സ്​പാ ട്രീറ്റ്‌മെന്റ്, മുടികൊഴിച്ചില്‍, പൊട്ടിയ മുടി, താരന്‍, മുടിയിഴയുടെ അറ്റം പിളരുന്നത് തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്ക് 'ഹെയര്‍ സ്​പാ' പരിഹാരമാണ്. വീട്ടില്‍ സാധാരണയായി എണ്ണയിട്ട് തലയോട്ടിയില്‍ മസാജ് ചെയ്ത ശേഷം ഷാംപൂ ഇട്ട് ഇത് ചെയ്യാം. പക്ഷേ, പൂര്‍ണഫലം കിട്ടണമെങ്കില്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ലഭ്യമായ വിദഗ്ധ പരിചരണം തന്നെ വേണം. വെളിച്ചെണ്ണയോ ഒലീവ് ഓയിലോ അല്ലെങ്കില്‍ പലതരം എണ്ണകളുടെ കൂട്ട് ഇതിനായി ഉപയോഗിക്കാം.

തലയോട്ടിയില്‍ എണ്ണ ഉപയോഗിച്ചുള്ള മസാജിങ് ആണ് 'ഹെയര്‍ സ്​പാ'യുടെ ആദ്യഘട്ടം. ഒരു മണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നു. തുടര്‍ന്ന് മുടിക്ക് കണ്ടീഷനിങ് ട്രീറ്റുമെന്റ് നല്‍കുന്നു. ഒടുവില്‍ തണുത്ത വെള്ളത്തില്‍ തലമുടി നന്നായി കഴുകി എടുക്കണം. മുടിയുടെ സ്വഭാവം അനുസരിച്ചാണ് ഒരാള്‍ക്ക് ആവശ്യമായ ഹെയര്‍ സ്​പാ ഏതെന്ന് തീരുമാനിക്കുന്നത്. ലോറിയല്‍, മാട്രിക്‌സ് തുടങ്ങിയ കമ്പനികളുടെ 'ഹെയര്‍ സ്​പാ' പാക്കുകള്‍ ഉപയോഗിക്കാം. ഹെയര്‍ സ്​പായുടെ ട്രീറ്റുമെന്റ് കഴിഞ്ഞ ഉടന്‍തന്നെ മുടിയില്‍ അതിന്റെ ഫലം കാണാം. ഒരു മാസത്തോളം തിളക്കവും ഭംഗിയും നീണ്ടുനില്‍ക്കും.

ഹെന്ന

വളരെയധികം വരണ്ട്, കാണാന്‍ സൗന്ദര്യമില്ലാത്ത മുടിക്ക് പെട്ടെന്ന് ഫ്രഷ് ലുക്ക് കിട്ടാന്‍ ഹെന്ന ട്രീറ്റുമെന്റ് നല്ലതാണ്. പക്ഷേ, ഹെന്ന സ്ഥിരമായി ഉപയോഗിച്ചാല്‍ മുടിയുടെ സ്വാഭാവികത നഷ്ടമായേക്കും. മുടി കമ്പിപോലെയായി പൊട്ടിപ്പോവാം. ഹെന്ന ഇട്ട് ശീലിച്ചവര്‍ സ്‌ട്രെയിറ്റനിങ് ചെയ്യുമ്പോള്‍ പൂര്‍ണ ഫലം കിട്ടാറില്ല. 45 ദിവസത്തെ ഇടവേള നല്‍കിയേ ഹെന്ന ചെയ്യാവൂ.

പ്രോട്ടീന്‍ പരിചരണം           

ശരീരത്തിലെ പ്രോട്ടീനിന്റെ കുറവും മാനസിക സമ്മര്‍ദ്ദവും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഘടകങ്ങളാണ്. സൗന്ദര്യപരിചരണത്തിന്റെ ഭാഗമായി കെമിക്കല്‍ ട്രീറ്റുമെന്റ് സ്ഥിരമായി ചെയ്തവരില്‍ പലപ്പോഴും മുടിയുടെ ദൃഢത നഷ്ടമായി കാണാറുണ്ട്. കൂടാതെ കളറിങ് ചെയ്തവരിലും ഇങ്ങനെ കാണാം. മു ടിക്ക് ആരോഗ്യം കുറയുമ്പോഴാണ് പലവിധ തകരാറുകള്‍ വരുന്നത്.

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഗോതമ്പ്, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ കഴിച്ചാല്‍ ഈ കുറവ് പരിഹരിക്കാം. മറ്റൊന്നാണ് മുടിക്ക് നേരിട്ട് നല്‍കുന്ന പ്രോട്ടീന്‍ ട്രീറ്റുമെന്റ്. ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ചിട്ടും മുടിയുടെ പരുക്കന്‍ സ്വഭാവം മാറാത്തവര്‍ക്കാണ് ഈ പരിചരണം യോജിക്കുക.

താരന്‍ ഇല്ലാതാക്കാം   

താരന്‍ പലരുടെയും നീറുന്ന പ്രശ്‌നമാണ്. മുടിയുടെ സൗന്ദര്യപരിചരണത്തില്‍ താരന് പല പ്രതിവിധികളുമുണ്ട്. എണ്ണ നന്നായി തേച്ച മുടിയില്‍ പൊടിയും അഴുക്കും എളുപ്പം പിടിക്കു ന്നു. ഇത് താരന്‍ ഉണ്ടാവാന്‍ കാരണമാവുന്നു. ദിവസവും ഏതെങ്കിലും 'മൈല്‍ഡ് ഷാംപൂ' ഉപയോഗിച്ചാല്‍ താരന്‍ വരാതെ സൂക്ഷിക്കാം. അതും വാട്ടര്‍ ബെയ്‌സ്ഡ് ഷാംപൂ തന്നെ ഉപയോഗിക്കണം. ചെമ്പരുത്തി, വെള്ളില എന്നിവയിലേതെങ്കിലും ഒന്ന് താളിയാക്കി ഉപയോഗിക്കുന്നതും നന്ന്.

തലയോട്ടിയില്‍ അഴുക്ക് അടിയുന്നതാണ് താരന് ഒരു പ്രധാന കാരണം. അതിനാല്‍ കുളിക്കുമ്പോള്‍ തലയോട്ടിയില്‍ വിരലുകള്‍കൊണ്ട് മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക.

എണ്ണതേപ്പ് പണ്ടേ ഉള്ള ശീലമായതിനാല്‍ അതൊഴിവാക്കാന്‍ പലര്‍ക്കും പ്രയാസം കാണും. എണ്ണ തലയ്ക്ക് തണുപ്പ് നല്‍കുന്നതാണ്. കുളിക്കുമ്പോള്‍ മുടിയിലെ എണ്ണ നന്നായി കഴുകിക്കളയുവാന്‍ ശ്രദ്ധിക്കണം. ഹെയര്‍ സിറം ഉപയോഗിച്ചാല്‍ എണ്ണ തേച്ചതുപോലെ തോന്നിക്കും. എന്നാല്‍ പൊടിയും മറ്റും മുടിയിഴകളില്‍ നില്‍ക്കുകയുമില്ല. നോര്‍മല്‍ ഷാംപൂ ഉപയോഗിച്ച് കഴുകിയ മുടി തുവര്‍ത്തിയശേഷം 4-5 തുള്ളി ഹെയര്‍സിറം പുരട്ടുക.

കുട്ടികളുടെ തലമുടി        

എപ്പോഴും കളിച്ച് നടക്കുന്നതിനാല്‍ കുട്ടികളുടെ തലമുടിയില്‍ അഴുക്ക് അടിയാന്‍ ഇടയുണ്ട്. പേന്‍ ആണ് കുട്ടികളുടെ പ്രധാന പ്രശ്‌നം. പ്രത്യേകിച്ചും നല്ല തഴച്ച് വളര്‍ന്ന മുടിയാണെങ്കില്‍. കര്‍പ്പൂരം എണ്ണയില്‍ അലിയിച്ച് മുടിയില്‍ തേയ്ക്കുക. കര്‍പ്പൂരത്തിന്റെ മണം പേന്‍ ശല്യം കുറയ്ക്കാന്‍ സഹായിക്കും. രാത്രി എണ്ണ പുരട്ടി ഒരു വെള്ളത്തുണികൊണ്ട് മുടി മൂടിക്കെട്ടുക. പിറ്റേന്ന് കെട്ട് അഴിച്ചാല്‍ പേന്‍ തുണിയില്‍ കാണാം. നീം ഓയിലും ഇതേ ഫലം തരും.

മുടിയ്ക്ക് കട്ടി കൂടാം               

നല്ല സമൃദ്ധമായ മുടി എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. നേരിയ മുടിയിഴകള്‍ ഉളളവര്‍ക്ക് 'വോള്യമൈസിങ്' എന്ന 'ഹെയര്‍കെയര്‍' രീതി സഹായകമാണ്. സ്‌ട്രെയിറ്റനിങ്ങിന് ഉപയോഗിക്കുന്ന അതേ ഉത്പന്നങ്ങള്‍ വെച്ച് വോള്യമൈസിങ് ചെയ്യാം. പരിചരണത്തിന് ശേഷം മുടിക്ക് കട്ടി കൂടിയതായി കാണാം.

ചുരുളന്‍ മുടി സ്‌ട്രെയിറ്റനിങ് ചെയ്യുമ്പോള്‍ അതിന്റെ ഫലം 6-8 മാസം ലഭിക്കും. അത് കഴിഞ്ഞാല്‍ സ്‌ട്രെയിറ്റനിങ്ങിന്റെ ഗുണം പോയിത്തുടങ്ങും. എന്നാല്‍ മുടി പഴയപടി ആയിരിക്കില്ല. അപ്പോള്‍ വീണ്ടും സ്‌ട്രെയിറ്റനിങ്ങ് നല്‍കേണ്ടിവരും. ഇതിന് ആദ്യഘട്ടത്തിലെ സ്‌ട്രെയിറ്റനിങ് ക്രീം അല്ല ഉപയോഗിക്കേണ്ടത്. നീണ്ട മുടി ചുരുളനാക്കുന്നവര്‍ക്കും ഈ പ്രശ്‌നമുണ്ടാവും. 6-8 മാസങ്ങള്‍ക്കു ശേഷം മുടിയുടെ ചുരുളന്‍ പ്രകൃതം മാറുന്നു. അത് പഴയപോലെ നീണ്ട മുടിയാവണമെങ്കില്‍ കുറേക്കാലമെടുക്കും. പുതിയ മുടി വളര്‍ന്നാലേ സ്വാഭാവികമായ പ്രകൃതം തിരിച്ചുകിട്ടുകയുള്ളൂ.    

0 comments:

Post a Comment