To listen you must install Flash Player.

Monday 22 July 2013


അലര്‍ജി



ശരീരത്തില്‍ കടന്നു കൂടുന്ന പുറത്തു നിന്നുള്ള എന്തെങ്കിലും പദാര്‍ത്ഥങ്ങളോട് ശരീരത്തിലെ പ്രതിരോധ സംവിധാനം അസാധാരണമായ വിധത്തില്‍ പ്രതികരിക്കുന്ന അവസ്ഥയാണ് അലര്‍ജി എന്നറിയപ്പെടുന്നത്. അസാധാരണമായി പ്രതികരിക്കുക എന്നു പറയാനുള്ള കാരണം അലര്‍ജി ഇല്ലാത്ത ആളുകളില്‍ പുറത്തു നിന്നുള്ള ഇത്തരം പദാര്‍ത്ഥങ്ങള്‍ ഉണ്ടെങ്കിലും അവ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. അലര്‍ജി ഉള്ള ആളുകള്‍ ഇത്തരം പുറത്തു നിന്നുള്ള പദാര്‍ത്ഥങ്ങളുമായി എന്തെങ്കിലും സമ്പര്‍ക്കമുണ്ടാവുമ്പോള്‍ തന്നെ ശരീരത്തിലെ പ്രതിരോധ സംവിധാനം അതുമായി പ്രതികരിക്കുന്നു. അലര്‍ജി ഉണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍ അലര്‍ജന്‍സ് എന്നറിയപ്പെടുന്നു. ഏതു പ്രായത്തിലും വരാവുന്ന ഒരു അസുഖമാണ് അലര്‍ജി. അതു പോലെ അലര്‍ജി ഉണ്ടാവാനുള്ള സാദ്ധ്യത നിങ്ങളുടെ കുടുംബ പശ്ചാത്തലം അനുസരിച്ച് ഇരിക്കും. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് അലര്‍ജി ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും അതുണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. മൂക്ക്, ശ്വാസ കോശം, ത്വക്ക് എന്നിവയെ ആണ് അലര്‍ജി കൂടുതലായി ബാധിക്കുന്നത്. പൊടി, പൂമ്പൊടി, പൂപ്പല്‍ എന്നിവയില്‍ നിന്നെല്ലാം അലര്‍ജി ഉണ്ടാവാം. അതു പോലെ വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങളും, ചിലയിനം മരുന്നുകളും, ചിലരില്‍ അലര്‍ജി സൃഷ്ടിക്കാറുണ്ട്. കണക്കുകള്‍ സൂചിപ്പിക്കുന്നത് ജനസംഖ്യയിലെ 10 മുതല്‍ 15 ശതമാനത്തോളം ആളുകളില്‍ അലര്‍ജി കണ്ടു വരുന്നു എന്നാണ്.
അലര്‍ജിയുടെ ലക്ഷണങ്ങള്‍

അലര്‍ജിയുടെ ലക്ഷണങ്ങളെ പൊതുവേ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. തീവ്രമല്ലാത്ത അലര്‍ജി, മിതമായ അലര്‍ജി,; കാഠിന്യമേറിയ അലര്‍ജി എന്നിങ്ങനെയാണവ.

തീവ്രമല്ലാത്ത അലര്‍ജി (Mild Allergy)

തീവ്രമല്ലാത്ത അലര്‍ജി പൊതുവേ ആളുകള്‍ തിരിച്ചറിയാറില്ല. ചെറിയ ജലദോഷമോ തുമ്മലോ ഒക്കെ വരുമ്പോള്‍ അത് സ്വാഭാവികമാണ് എന്ന് കരുതി ആളുകള്‍ ശ്രദ്ധിക്കാറില്ല. ആ ഒരു അവസ്ഥയുമായി ആളുകള്‍ ഒത്തു പോവുന്ന ഒരു സ്ഥിതി വിശേഷമാണ് കണ്ടു വരുന്നത്. തീവ്രമല്ലാത്ത അലര്‍ജി പൊതുവേ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് പടരാറില്ല.

ലക്ഷണങ്ങള്‍
ശരീരത്തില്‍ കാണുന്ന ചെറിയ തടിപ്പുകള്‍
കണ്ണുകള്‍ ചൊറിയുക, കണ്ണില്‍ എപ്പോഴും വെള്ളം നിറഞ്ഞിരിക്കുക
തുമ്മല്‍
മൂക്കിനകത്ത് എന്തൊക്കെയോ ഉണ്ടെന്ന തോന്നല്‍ അനുഭവപ്പെടുക

മിതമായ അലര്‍ജി (Moderate Allergy)
മിതമായ അലര്‍ജി പൊതുവേ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും പടരാറുണ്ട്.
ലക്ഷണങ്ങള്‍
ചൊറിച്ചില്‍
ശ്വാസം വിടാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക

കാഠിന്യമേറിയ അലര്‍ജി (Severe Allergy)
ഈ തരത്തിലുള്ള അലര്‍ജി അനഫ്ളാക്സിസ് എന്നും അറിയപ്പെടുന്നു. ഈ അവസ്ഥയില്‍ അലര്‍ജനുകളോട് ശരീരം പെട്ടെന്ന് പ്രതികരിക്കുകയും, ഇത് ശരീരത്തില്‍ പെട്ടെന്ന് ദൃശ്യമാവുകയും ചെയ്യുന്നു. ഇതിന്റെ ആദ്യ പടിയായി കണ്ണുകളോ, മുഖമോ ചൊറിഞ്ഞ് തുടങ്ങുന്നു. ഇതിനെ തുടര്‍ന്നുണ്ടാവുന്ന മറ്റ് ലക്ഷണങ്ങള്‍

നീര് വെക്കുകയും ശ്വാസം വിടാന്‍ പോലും ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യുന്നു.

വയര്‍ വേദന

ഛര്‍ദ്ദി

വയറിളക്കം

മാനസിക പിരിമുറുക്കം

വിവിധ തരം അലര്‍ജി രോഗങ്ങള്‍
അലര്‍ജിക് റൈനൈറ്റിസ് (Allergic Rhinitis)
അലര്‍ജി രോഗങ്ങളില്‍ പൊതുവായി കാണപ്പെടുന്ന ഒരു രോഗമാണ് അലര്‍ജിക് റൈനൈറ്റിസ്. ഇത് മൂക്കിനെയാണ് ബാധിക്കുന്നത്. പൂമ്പൊടിയുടെയും, മൃഗങ്ങളില്‍ നിന്നും, വീട്ടിനകത്തെ പൊടിയില്‍ നിന്നും ഒക്കെയുള്ള അലര്‍ജി കാരണം ഈ രോഗം വരാം. മൂക്കിനകത്ത് എന്തോ പുകയുന്ന പോലെ ഒക്കെ തോന്നിയേക്കാം. അതു പോലെ ചെവിയിലും, സൈനസ് ഭാഗങ്ങളിലും, തൊണ്ടയിലും ഒക്കെ ഇത് ബാധിച്ചേക്കാം. മൂക്കിന് മുകളിലും, വശങ്ങളിലുമായി കാണുന്ന സൈനസുകളേയും, മൂക്കിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാളികള്‍ അടയുന്നത് മൂലം സൈസസൈറ്റിസ് ബാധിക്കാനും സാദ്ധ്യത ഉണ്ട്.  

ലക്ഷണങ്ങള്‍
മൂക്കൊലിപ്പ്

തുമ്മല്‍

മൂക്ക് എപ്പോളും തിരുമ്മാന്‍ ഉള്ള ഒരു പ്രവണത ഉണ്ടാവുക

ചെവിയും തൊണ്ടയും ചൊറിയുക

ആന്റി ഹിസ്റ്റമിനുകള്‍, സ്റ്റിറോയിഡുകള്‍ എന്നീ മരുന്നുകളടങ്ങിയ മൂക്കിലടിക്കുന്ന സ്പ്രേയാണ് അലര്‍ജിക് റൈനൈറ്റിസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ദീര്‍ഘ കാലം മരുന്ന് കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ ഇതു വഴി കുറക്കാം.

ആസ്തമ (Asthma)
അലര്‍ജി കാരണമാണ് എല്ലാവര്‍ക്കും ആസ്തമ ഉണ്ടാവുന്നത് എന്ന് പറയാന്‍ പറ്റില്ലെങ്കിലും, ഭൂരി പക്ഷം ആളുകളിലും അങ്ങനെയാണ് സംഭവിക്കുന്നത്. ലോകത്താകെ മുപ്പത് കോടിയിലധികം ആസ്തമ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. ആസ്തമ രോഗമുള്ളവര്‍ക്ക് പൊതുവേ ചില വേദന സംഹാരികള്‍ കഴിച്ചാല്‍ രോഗം കൂടും. അത് ഏതൊക്കെയാണ് എന്നൊക്കെ മനസ്സിലാക്കി ചികിത്സ ആവശ്യമാണ്.

അലര്‍ജിക് കണ്‍ജങ്ക്റ്റിവൈറ്റിസ് (Allergic Conjunctivitis)
കണ്ണിനെ ബാധിക്കുന്ന അലര്‍ജിയാണിത്. കണ്ണിലെ കൃഷ്ണ മണിയിലും, കണ്ണിന്റെ അകത്തും എല്ലാം പുകച്ചില്‍ അനുഭവപ്പെടുന്നു. എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുടെ ഭാഗമായാണ് ഇത്തരം പുകച്ചില്‍ കണ്ണിന് അനുഭവപ്പെടുന്നത്.

ലക്ഷണങ്ങള്‍
കണ്ണിനുള്ളില്‍ ചുവപ്പ് അനുഭവപ്പെടുക

കണ്ണില്‍ എപ്പോളും വെള്ളം നിറഞ്ഞിരിക്കുക

കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക

അലര്‍ജിക് എക്സിമ (Allergic Eczema)
തൊലിക്ക് പുറമേ കാണുന്ന അലര്‍ജിയാണിത്. എതെങ്കിലും അലര്‍ജനുകളുമായി ത്വക്ക് സംവദിക്കുമ്പോളാണ് ഇത്തരം അലര്‍ജി ഉണ്ടാവുന്നത്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. മുഖത്തും കൈകാലുകളിലും മറ്റും ചൊറിഞ്ഞ് പൊട്ടി കരപ്പന്‍ പോലെ കാണും. അതു പോലെ കുട്ടിക്കാലത്ത് എക്സിമ വന്നിട്ടുള്ള കുട്ടികളില്‍ ഭാവിയില്‍ ആസ്തമ ഉണ്ടാവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ചില ആളുകളില്‍ ആസ്തമയും എക്സിമയും മാറി മാറി കണ്ടു വരുന്നുണ്ട്.





അര്‍ട്ടിക്കേറിയ (Urticaria)
ശരീരത്തിന്റെ എവിടെ വേണമെങ്കിലും ഈ അലര്‍ജി വരാം. തൊലിയുടെ പുറമേ കാണുന്ന പാടുകളാണ് അള്‍ട്ടിക്കേറിയ. കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടുമെങ്കിലും എക്സിമയെ പോലെ തൊലി പൊട്ടുകയോ, വ്രണമാവുകയോ ഒന്നും ചെയ്യാറില്ല. ആഹാര സാധനങ്ങളോടും, ചില മരുന്നുകളോടും ഒക്കെയുള്ള അലര്‍ജി കാരണം അള്‍ട്ടിക്കേറിയ വരാം. ചിലപ്പോള്‍ അലര്‍ജി ഇല്ലാത്ത ആളുകളിലും അള്‍ട്ടിക്കേരിയ കണ്ടു വരുന്നു.
അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍
പാല്‍, മുട്ട, ഗോതമ്പ്, കശുവണ്ടി, നാളികേരം, പയര്‍, കടല, മാംസം, മത്സ്യ വിഭാഗത്തില്‍ പെടുന്ന കൊഞ്ച്, ഞണ്ട്, കക്ക മുതലായവ ചിലരില്‍ അലര്‍ജി ഉണ്ടാക്കുന്നു. അതു പോലെ പ്രിസര്‍വേറ്റീവ്സ്, നിറം നല്‍കുന്ന രാസ വസ്തുക്കള്‍, അച്ചാറുകള്‍, ടിന്നിലടച്ച ഭക്ഷ്യ വസ്തുക്കള്‍, ചോക്കളേറ്റുകള്‍, ഐസ് ക്രീം എന്നിവയും ചിലപ്പോള്‍ വില്ലന്‍മാരാവാറുണ്ട്.
അലര്‍ജിയുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അലര്‍ജിയുള്ളവര്‍ അലര്‍ജനുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം.
വീടിനകം പൊടിയൊന്നുമില്ലാതെ വൃത്തിയായി സൂക്ഷിക്കണം
മുറികളില്‍ ആവശ്യത്തിന് ശുദ്ധ വായു കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം
ബെഡ് ഷീറ്റും, തലയിണയുറയും രണ്ടാഴ്ച കൂടുമ്പോള്‍ തിളച്ച വെള്ളത്തില്‍ കഴുകണം
അലര്‍ജിയുള്ളവര്‍ പുക വലിക്കരുത്
മൃഗങ്ങളെയും പക്ഷികളെയും വീട്ടിനുള്ളില്‍ വളര്‍ത്താതിരിക്കുക
ചന്ദനത്തിരി, കൊതുകു തിരി, റൂം ഫ്രഷ്നറുകള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കുക

ചികിത്സ
ചികിത്സയിലൂടെ പൂര്‍ണ്ണമായി മാറ്റാവുന്ന ഒരു അസുഖമല്ല അലര്‍ജി. എന്നാല്‍ ചികിത്സിക്കുകയും, മുന്‍കരുതലുകള്‍ എടുക്കുകയും വഴി അലര്‍ജിയെ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. അലര്‍ജിയുള്ളവരില്‍ ചെയ്യുന്ന ഒരു ചികിത്സാ രീതിയാണ് ഇമ്മ്യൂണോ തെറാപ്പി. രോഗം രൂക്ഷമായവരിലാണ് സാധാരണയായി ഇമ്മ്യൂണോ തെറാപ്പി ചെയ്യുന്നത്. അലര്‍ജി ടെസ്റ്റിംഗിലൂടെ രോഗത്തിന് കാരണമെന്ന് കണ്ടെത്തിയ അലര്‍ജനുകള്‍ക്കെതിരേയുള്ള ശരീരത്തിന്റെ അമിത പ്രതികരണം ഇല്ലാതാക്കുകയാണ് ഇമ്മ്യൂണോ തെറാപ്പി വഴി ചെയ്യുന്നത്. അതിനായി അലര്‍ജനുകളെ വളരെ ചെറിയ അളവില്‍ നിശ്ചിത ഇടവേളയില്‍ ശരീരത്ത് കുത്തി വെക്കും. അലര്‍ജനുകളുമായുള്ള തുടരെ തുടരെയുള്ള സമ്പര്‍ക്കം മൂലം ഒടുവില്‍ ശരീരം മേല്‍പ്പറഞ്ഞ അലര്‍ജനുകളോട് പ്രതികരിക്കാതാവും. സബ് ലിംഗ്വല്‍ ഇമ്മ്യൂണോ തെറാപ്പി എന്ന ആധുനിക ചികിത്സാ രീതിയാണ് ഇപ്പോ മിക്കവരും അവലംബിക്കുന്നത്. ഈ ചികിത്സാ രീതിയില്‍ കുത്തി വെക്കുന്നതിന് പകരം മരുന്ന് നാവിനടിയില്‍ വെച്ച് അലിയിക്കുകയാണ് ചെയ്യുന്നത്. കുത്തി വെപ്പിനായി എവിടെയും പോവണ്ട, വേദനയില്ല എന്നിവയാണ് ഇതിന്റെ മേന്‍മ. അതു പോലെ കുത്തി വെപ്പിനുണ്ടാവുന്നത് പോലെ റിയാക്ഷനും ഉണ്ടാവാറില്ല.

കുട്ടികളിലെ അലര്‍ജി
വലിയവര്‍ക്ക് തന്നെ അലര്‍ജി എന്ന അസുഖം തലവേദന സൃഷ്ടിക്കാറുണ്ട്. അപ്പോ പിന്നെ കുട്ടികളുടെ സ്ഥിതി പറയേണ്ടല്ലോ. കുട്ടികളില്‍ അലര്‍ജിയുണ്ടാവുമ്പോള്‍ അതൊരു കുടുംബ പ്രശ്നമായി തന്നെ മാറുന്നു എന്ന് വേണമെങ്കില്‍ പറയാം. കാരണം കുട്ടികളോടൊപ്പം തന്നെ മാതാപിതാക്കളുടെ ശ്രദ്ധയും ആവശ്യമാണ്. കാരണം കുട്ടികള്‍ അങ്ങനെ അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളോട് വിട്ട് നില്ക്കുകയൊന്നുമില്ല. അപ്പോള്‍ വീട്ടിലെ മുതിര്‍ന്നവര്‍ തന്നെ എല്ലാം ശ്രദ്ധിക്കണം. ഒന്നു ശ്രദ്ധിച്ചാല്‍ കൂട്ടിക്ക് അലര്‍ജി ഉണ്ടാക്കുന്ന ഘടകം ഏതെന്ന് അമ്മയ്ക്ക് തന്നെ മനസ്സിലാവും. ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴാണ് അലര്‍ജി ഉണ്ടാവുന്നതെങ്കില്‍ അത് ഒഴിവാക്കിയാല്‍ മതി. അതു പോലെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും അലര്‍ജിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജി ഉണ്ടാവാനുള്ള സാദ്ധ്യത പതിന്‍മടങ്ങാണ്. കൂട്ടികളില്‍ സാധാരണ കണ്ടു വരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്. അതു കൊണ്ട് അലര്‍ജിയുള്ള കുട്ടികള്‍ പൊടിയുമായി എന്തെങ്കിലും സമ്പര്‍ക്കമുണ്ടാവാനുള്ള സാദ്ധ്യത ഒഴിവാക്കണം. കുട്ടിയുടെ മുറി എപ്പോഴും വൃത്തിയുള്ളതായി സൂക്ഷിക്കുക. ഭിത്തിയില്‍ കലണ്ടര്‍ പെയിന്റിംഗുകള്‍ എന്നിവ തൂക്കിയിടുന്നത് ഒഴിവാക്കുക. വളര്‍ത്തു മൃഗങ്ങളുമായി കുട്ടികള്‍ അധികം ഇടപെടാതെ നോക്കണം. ചര്‍മ്മത്തില്‍ ചൊറിച്ചിലോ, തടിപ്പോ കണ്ടാല്‍ ചര്‍മ്മ രോഗ വിദഗ്ദ്ധനെ കാണിച്ച് ആന്റി അലര്‍ജിക്ക് മരുന്നുകള്‍ നല്‍കേണ്ടതാണ്. കുട്ടികളുടെ ഭക്ഷണത്തില്‍ പ്രതിരോധത്തിനായി വൈറ്റമിന്‍ സി ധാരാളമടങ്ങിയ പഴങ്ങളും മറ്റും ഉള്‍പ്പെടുത്തുക.




0 comments:

Post a Comment