To listen you must install Flash Player.

Wednesday, 10 July 2013


വെബ്സൈറ്റ് എന്നാൽ എന്ത്?


ഒരു വെബ്സൈറ്റ് എന്നാൽ എന്താണെന്ന് നിങ്ങൾക്ക് അറിയുമോ? എന്ത് മണ്ടൻ ചോദ്യം അല്ലേ, ‘വെബ്സൈറ്റ് എന്താണെന്നും, അത് എങ്ങനെ ആക്സസ്സ് ചെയ്യമെന്നും അറിയില്ലെങ്കിൽ ഞങ്ങൾ ഇപ്പോൾ ഇത് വായിക്കുമോ’ എന്നല്ലേ നിങ്ങൾ ഇപ്പോൾ മനസ്സിൽ ഓർത്തത്. ലേഖകൻ ഉദ്ദേശിച്ചത് അതല്ല. വെബ്സൈറ്റിന്റെ സാങ്കേതിക വശങ്ങളെകുറിച്ച് നിങ്ങൾക്ക് എത്ര അറിവുണ്ടെന്നാണ് ഞാൻ ചോദിച്ചത്. ഏതായാലും നമുക്ക് അവ ഒന്ന് പരിശോധിക്കാം.
ഒരു പ്രത്യേക ഇന്റർനെറ്റ് അഡ്രസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന വിവിധ വെബ്പേജുകളൂടെ ഒരു കൂട്ടത്തെയാണ് ഒരു വെബ്സൈറ്റ് എന്ന് വിളിക്കുന്നത്. ഈ വെബ് പേജുകളിൽ ചിത്രങ്ങൾ, നിറങ്ങൾ, മ്യൂസിക്, വീഡിയോ, ടെക്സ്റ്റ്, ആനിമേഷനുകൾ എന്നിവ അടങ്ങിയിട്ടുണ്ടാകും. ഇത് മുഴുവൻ സമയവും ഇന്റർനെറ്റുമായി കണക്ട് ചെയ്തിരിക്കുന്ന സെർവർ എന്ന് പേരുള്ള ഒന്നോ അതിലധികമോ കമ്പ്യൂട്ടറുകളിൽ ആയിരിക്കും സൂക്ഷിച്ചിരിക്കുന്നത്. HTML എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗേജിൽ ക്രോഡീകരിച്ചിരിക്കുന്ന ഈ വെബ്പേജുകളെ വെബ് ബ്രൌസർ എന്നറിയപ്പെടുന്ന സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ നമ്മുടെ കമ്പ്യൂട്ടറിൽ കാണുവാൻ സാധിക്കുന്നതാണ്. ഇതിന് നമ്മുടെ കമ്പ്യൂട്ടറും സെർവർ കമ്പ്യൂട്ടറുമായി ഒരു നെറ്റ് വർക്ക് ബന്ധം സ്ഥാപിക്കേണ്ടതായിട്ടുണ്ട്. ഈ കണക്ഷനെ ഇന്റർനെറ്റ് എന്ന് വിളിക്കുന്നു. ഈ ഇന്റർനെറ്റ് നെറ്റ് വർക്കുമായി ബന്ധപ്പെട്ട് കിടക്കുന്ന കോടിക്കണക്കിന് വെബ്സൈറ്റുകളുടെ കൂട്ടത്തെ വേൾഡ് വൈഡ് വെബ് (World Wide Web)എന്ന് വിളിക്കുന്നു.
എല്ലാ വെബ്സൈറ്റിനും വ്യത്യസ്തമായ ഒരു URL അഥവാ യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ എന്ന ഒരു വെബ് അഡ്രസ്സ് ഉണ്ടായിരിക്കും. ഇത് വഴിയാണ് നാം ഒരു വെബ്സൈറ്റിൽ പ്രവേശിക്കുന്നത്. അവിടെ HTML ലാങ്ഗേജിൽ ഡിസൈൻ ചെയ്തിരിക്കുന്ന ചിത്രങ്ങളും, നിറങ്ങളും മറ്റ് ഡാറ്റയുമാണ് നമുക്ക് ദൃശ്യമാവുക. ഇങ്ങനെ HTML ഡാറ്റയെ നമുക്ക് കാണിച്ചു തരുന്ന സോഫ്റ്റ് വെയറുകളെ പൊതുവിൽ വിളിക്കുന്ന പേരാണ് വെബ് ബ്രൌസറുകൾ എന്നത്. ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, ഒപ്പേറ, ഗൂഗിൾ ക്രോം, സഫാരി എന്നിവ മികച്ച വെബ് ബ്രൌസറുകളാണ്.  ഒരു വെബ് അഡ്രസ്സ് വഴി നാം ആദ്യം പ്രവേശിക്കുന്ന പേജിനെ ആ സൈറ്റിന്റെ ഹോ പേജ് എന്ന് വിളിക്കുന്നു. ഒരു വെബ്സൈറ്റിൽ ഒന്നുമുതൽ ആയിരക്കണക്കിന് വരെ വ്യത്യസ്തങ്ങളായ വെബ്പേജുകൾ കണ്ടേക്കാം. ഹൈപ്പർലിങ്കിങ്ങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ വിവിധ പേജുകൾക്കിടയിലൂടെയുള്ള നാവിഗേഷൻ സാധ്യമാകുന്നത്. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഏത് കമ്പ്യൂട്ടർ വഴിയും, ലോകത്തിന്റെ ഏത് കോണിൽ നിന്നും നിങ്ങൾക്ക് ഈ വെബ്പേജുകൾ കാണാ‍ൻ സാധിക്കുന്നതാണ്. വെബ് പേജുകൾ കാണുന്നതിന് കമ്പ്യൂട്ടറിന്റെ തന്നെ ആവശ്യമില്ല. HTML പിന്തുണക്കുന്ന മൊബൈൽ ഫോണുകൾ, ടാബ് ലെറ്റുകൾ, PDA, ടെലിവിഷൻ എന്നിവ വഴിയും വെബ് പേജുകൾ കാണാവുന്നതാണ്.
ബ്ലോഗ്ഗ്, കോർപ്പറേറ്റ് സൈറ്റുകൾ, ഇ-കൊമേഴ്സ് സൈറ്റുകൾ, സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകൾ, വെബ് പോർട്ടലുകൾ, വിക്കി സൈറ്റുകൾ എന്നിങ്ങനെ വിവിധ തരത്തിൽ വെബ്സൈറ്റുകളെ അവയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. സ്റ്റാറ്റിക് സൈറ്റുകൾ, ഡൈനാമിക് സൈറ്റുകൾ എന്നും വെബ്സൈറ്റുകളെ തരം തിരിക്കാവുന്നതാണ്. സ്റ്റാറ്റിക് വെബ്സൈറ്റുകളിൽ ആര് പ്രവേശിച്ചാലും ഒരേ ഡാ‍റ്റ തന്നെയായിരിക്കും കാണുന്നത്. എന്നാൽ ഡൈനാമിക് സൈറ്റുകൾ അത്തരത്തിൽ ആയിരിക്കില്ല്ല. ദിവസവും അപ്ഡേറ്റ് ചെയ്യുന്ന ബ്ലോഗുകൾ ഇത്തരം ഡൈനാമിക് സൈറ്റുകൾക്ക് ഉദാഹരണമാണ്. മൌസ് പോയന്റിന്റെ സ്ഥാനം അനുസരിച്ചും, കാണുന്ന യൂസറിനു അനുസരിച്ചും കണ്ടന്റിൽ മാറ്റം വരുന്ന സൈറ്റുകളും ഡൈനാമിക് സൈറ്റുകൾക്ക് ഉദാ‍ഹരണമാണ്. സ്റ്റോക്ക് നിലവാരം കാണിക്കുന്ന സൈറ്റുകളും, കറൻസി കൺ വെർഷൻ സാധ്യമാക്കുന്ന സൈറ്റുകളും ഡൈനാമിക് ആയി അപ്ഡേറ്റ് ചെയ്യപ്പെടുന്ന സൈറ്റിന് ഉദാഹരണങ്ങളാണ്.
എല്ലാ വെബ്സൈറ്റുകളും എല്ലാവർക്കും കാണുവാൻ സാധിക്കണം എന്നില്ല. ചില വെബ്സൈറ്റുകൾ കാണുന്നതിന് നമ്മൾ രെജിസ്റ്റർ ചെയ്യേണ്ടതായി വരും. ഉദാഹരണം ജിമെയിൽ, ഫേസ്ബുക്ക്, ഫയൽ ഷെയറിങ്ങ് സൈറ്റുകൾ എന്നിവ. മറ്റു ചില വെബ്സൈറ്റുകൾ അവരുടെ ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടാകും. ഉദാഹരണം ബാങ്കിങ്ങ് സൈറ്റുകളും, വിദ്യാലയങ്ങളുടെയും, ചില കമ്പനി സൈറ്റുകളും.


0 comments:

Post a Comment